അനുമതിയില്ലാതെ കെട്ടിടംപണിതു; കെട്ടിട നമ്പർ/ ഓക്കുപ്പൻസി ലഭ്യമാക്കാൻ എന്തുചെയ്യണം?
Mail This Article
വീടുപണിയുടെ നിയമവശങ്ങളെ കുറിച്ചുള്ള സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും..
• കെട്ടിടം പണി പൂർത്തിയായ ശേഷം ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ എന്തു ചെയ്യണം?
കെട്ടിട നിർമാണ പെർമിറ്റ് പ്രകാരം നിർമാണം പൂർത്തിയാക്കിയ ശേഷം ഓക്കുപ്പന്‍സി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ ചട്ടം 20(1) ൽ പ്രതിപാദിച്ചിട്ടുണ്ട്. സമർപ്പിക്കേണ്ടുന്ന രേഖകൾ– 1. പൂർത്തിയാക്കിയ പ്രകാരമുള്ള പ്ലാനുകൾ ഉടമയും ലൈസൻസിയും സാക്ഷ്യപ്പെടുത്തിയത്. 2. പൂർത്തീകരണ റിപ്പോർട്ട്.
കെട്ടിട നിർമാണം പൂർത്തീകരിക്കുന്നതിനു മുമ്പ് കെട്ടിടം വിനിയോഗിക്കുന്നതിന് ഉടമ ഉദ്ദേശിക്കുന്നുവെങ്കിൽ, ചട്ടം 20(4) പ്രകാരം പൂർത്തീകരിച്ച ഭാഗത്തിനായി (Partial Occupancy) ഭാഗിക പൂർത്തീകരണ റിപ്പോർട്ട് യഥാക്രമം കെട്ടിട ഉടമയും ലൈസൻസിയും സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.
150 ച.മീ വിസ്തീർണത്തിൽ കവിയാത്ത 2 നിലവരെയുള്ള വാസഗൃഹങ്ങൾക്ക് കെട്ടിട ഉടമയുടെ പൂർത്തീകരണ റിപ്പോർട്ട് മതിയാകുന്നതാണ്.
• ഓക്കുപ്പൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ കെട്ടിടത്തിന്റെ ഏതൊക്കെ ജോലികൾ പൂർത്തീകരിച്ചിരിക്കണം?
ഓക്കുപ്പൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ കെട്ടിടത്തിന്റെ structure, toilets, lifts, plumbing, electrical wiring, shutter/ door/ window, staircase with hand rails, കെട്ടിടത്തിലേക്കുള്ള access, അഗ്നിസുരക്ഷാ സംവിധാനങ്ങൾ (ആവശ്യമെങ്കിൽ) എന്നിവ പൂർത്തീകരിച്ചിരിക്കേണ്ടതാണ്. പാർഷ്യൽ ഓക്കുപ്പൻസി സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ കെട്ടിടത്തിന്റെ ഏതു ഭാഗമാണോ ഉപയോഗിക്കുവാൻ ഉദ്ദേശിക്കുന്നത് ആ ഭാഗത്തിന്റെ മേൽപറഞ്ഞ കാര്യങ്ങൾ പൂർത്തിയാക്കിയിരിക്കേണ്ടതാണ്.
• അനുമതിയില്ലാതെ കെട്ടിടം പണി പൂർത്തിയാക്കിയാൽ കെട്ടിട നമ്പർ/ ഓക്കുപ്പൻസി ലഭ്യമാക്കാൻ എന്തു ചെയ്യണം?
അനുമതിയില്ലാതെ നിര്‍മാണം പൂർത്തിയാക്കിയ കെട്ടിടം കെട്ടിടനിർമാണ ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കുന്നുവെങ്കിൽ, അധ്യായം XX പ്രകാരം ഇരട്ടി പെർമിറ്റ് ഫീസ് ഈടാക്കിക്കൊണ്ട് സെക്രട്ടറിക്ക് ക്രമവത്കരിക്കാവുന്നതാണ്. ഇപ്രകാരം കെട്ടിടം ക്രമവത്കരിക്കുന്നതിന് പുതിയ പെർമിറ്റ് ലഭ്യമാക്കുന്നതിനാവശ്യമായ രേഖകൾ സഹിതം അപേക്ഷ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. പ്ലാനിൽ നിന്നും വ്യതിചലിച്ച് നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് ചട്ടലംഘനങ്ങൾ ഉണ്ടെങ്കിൽ അത്തരം കെട്ടിടങ്ങൾക്ക് ചട്ടം 3(5) ല്‍ പ്രതിപാദിക്കുന്ന തരത്തിൽ വ്യവസ്ഥകൾക്കു വിധേയമായി സർക്കാരിൽ നിന്നുള്ള ഇളവിനായി അപേക്ഷിക്കാവുന്നതാണ്.
***വിവരങ്ങൾക്ക് കടപ്പാട്- കെട്ടിടനിർമാണ ചട്ടങ്ങൾ (KMBR-2019, KPBR-2019)
English Summary- How to get Occupancy Certificate- Kerala Building Rules