സാമ്പത്തിക ഞെരുക്കത്തിൽ വീടുപണിയുന്നവരാണോ? ഇത് ഉറപ്പായും ശ്രദ്ധിക്കുക
Mail This Article
പാതി-മുക്കാൽ ഭാഗം പണികഴിഞ്ഞ്, സാമ്പത്തിക പ്രയാസം കാരണം ബാക്കി പണികൾ പൂർത്തീകരിക്കാൻ കഴിയാതെ, വർഷങ്ങളോളം ഉപയോഗയോഗ്യമല്ലാതെ കിടക്കുന്ന, സാധാരണക്കാരായ ചിലരുടെ വീടുകൾ കണ്ടിട്ടുണ്ട്.
അത്തരം വീടുകൾ കാണുമ്പോൾ വീടുപണിയിൽ അവർക്ക് പറ്റിപ്പോയ പ്ലാനിങ് പിഴവോർത്ത് വലിയ ദുഃഖവും തോന്നാറുണ്ട്. സാമ്പത്തിക പ്രയാസമുളളവർ വീടു പണിയുമ്പോൾ ബുദ്ധിപരമായ പ്ലാനിങ് നിർബന്ധമാണ്. അതിൽ പ്രധാനം മുൻഗണനാ ക്രമമനുസരിച്ച് പണികൾ തീർക്കുക എന്നതാണ്.
ഉദാഹരണമായി, കഴിഞ്ഞ ദിവസം ഞാൻ സന്ദർശിച്ച പണി തീരാതെ കിടക്കുന്ന ഒരു വീടിന്റെ കാര്യം പറയാം.
വീടിന്റെ സ്ട്രക്ചർ പണികൾ കഴിഞ്ഞിരിക്കുന്നു. നിലം കോൺക്രീറ്റ് ചെയ്തിരിക്കുന്നു. അകവും പുറവും പ്ലാസ്റ്ററിങ് (തേപ്പ്) ചെയ്തശേഷം അതിനുമുകളിൽ ഒരു കോട്ട് വൈറ്റ് സിമന്റ് അടിച്ചിരിക്കുന്നു. വയറിങ്, പ്ലമിങ് പ്രാഥമികഘട്ടം കഴിഞ്ഞിരിക്കുന്നു.
പക്ഷേ, വാതിലുകളും ജനലുകളും വച്ചിട്ടില്ല. ബാത്റൂമിന്റെയും അടുക്കളയിൽ അടുപ്പിന്റെയും പണി കഴിഞ്ഞിട്ടില്ല. അങ്ങനെ പ്രധാന പണികൾ പലതും ബാക്കിയാണ്.
ഇത്രയും ചെയ്യുമ്പോഴേക്കും കൈയിലുളള പണവും ലോൺ എടുത്ത പണവുമെല്ലാം തീർന്നു. പണിയും നിന്നുപോയി എന്നാണ് വീട്ടുടമ പറഞ്ഞത്. ഇതുവരെയുള്ള പണികൾ ചെയ്യിപ്പിച്ചതിന്റെ രീതിയും മറ്റും ഞാനദ്ദേഹത്തോട് ചോദിച്ചറിഞ്ഞു.
- തറപ്പണി മുതൽ വാർപ്പ് വരെ ഒറ്റ കരാർ.
- തേപ്പ്, നിലം കോൺക്രീറ്റ് വേറെ കരാർ.
- വയറിങ്, പ്ലമിങ് മറ്റൊരു കരാർ.
- വൈറ്റ് സിമന്റ് അടിക്കുന്നത് വേറെ....
അങ്ങനെ നാല് ഭാഗം നാല് കരാറിലാണ് തീർത്തത്. തേപ്പിനുമാത്രം മൂന്ന് ലക്ഷത്തിനുമുകളിൽ ചെലവ് വന്നിട്ടുണ്ട്. വൈറ്റ് സിമന്റ് വേറേയും..
ഇനി ഈ പണികൾ മുൻഗണനാക്രമത്തിൽ അൽപം അവധാനതയോടെ ചെയ്തിരുന്നങ്കിൽ അവർക്ക് ആ വീട്ടിൽ താമസമാക്കാമായിരുന്നു.
മുൻഗണനാക്രമം എന്നാൽ എന്താണ് ?
ഈ വീടിനെ വച്ചുതന്നെ പ്ലാൻചെയ്തുനോക്കാം...
പുറമെയുളള തേപ്പും കുമ്മായമടിയും മറ്റുപണികൾക്ക് ശേഷം ചെയ്യാം എന്ന് തീരുമാനിച്ചിരുന്നങ്കിൽ ആ പണംകൊണ്ട് വീടിന് വാതിലുകളും ജനലുകളും വയ്ക്കാമായിരുന്നു. രണ്ട് ചെറിയ കുട്ടികളടക്കം നാലുപേർ മാത്രമുള്ള ആ കുടുംബത്തിന്, ഒരു കിടപ്പുമുറിയും അതിന്റെ ബാത്റൂമും പണി തീർത്തിരുന്നങ്കിൽ ആ വീട്ടിൽ സുഖമായി താമസിക്കാമായിരുന്നു. വീടിന്റെ ബാക്കി പണികൾ തീർക്കാൻ പണം കണ്ടെത്താൻ മാർഗമില്ലാതെ മാസം 6000 രൂപ വാടക കൊടുത്തിട്ടാണ് അവരിപ്പോൾ താമസിക്കുന്നത്.
ശ്രദ്ധിക്കുക:
കയ്യിൽ വേണ്ടത്ര പണമില്ലാതെയാണ് വീടുപണി ചെയ്യുന്നത് എങ്കിൽ ഒരോ ഭാഗവും മുൻഗണനാക്രമത്തിൽ ചെയ്യാൻ ശ്രദ്ധിക്കുക. ഇടയ്ക്കുവച്ച് പണി നിന്നുപോയാൽപ്പോലും ചെയ്തു തീർത്ത പണികൾ ഉപകാരപ്രദമായിരിക്കണം. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള പലർക്കും പറ്റുന്ന ഒരബദ്ധമാണ് ഇവിടെ സൂചിപ്പിച്ചത്. ഗൗരവമായി തന്നെ കാണുക.