ADVERTISEMENT

വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം വർധിക്കുന്ന കാലമാണിത്. പ്രത്യേകിച്ച് ചെറുപ്പക്കാരുടെ കുടിയേറ്റം രാജ്യത്ത് ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്. ഒന്നോ രണ്ടോ വർഷത്തിനിടയിൽ എത്തുന്ന അതിഥികളാണെങ്കിലും 'നാട്ടിൽ സ്വന്തമായി ഒരുവീട്' എന്നത് മിക്കവരുടെയും സ്വപ്നമാണ്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമാണ് പൂജയുടെ കഥ. പ്രവാസിയായി ചെന്നെത്തിയ നാട്ടിൽ വിരലിലെണ്ണാവുന്ന വർഷങ്ങൾകൊണ്ട് കോടികൾ വിലമതിക്കുന്ന ഗംഭീരവീട് സഫലമാക്കിയിരിക്കുകയാണ് ഇന്ത്യക്കാരായ പൂജാ രുദ്ര-നിഹിത് ദമ്പതികൾ.

2015ലാണ് പൂജ അമേരിക്കയിൽ എത്തിയത്. ബ്ലോഗറും ക്ലൗഡ് എൻജിനീയറുമായ പൂജ ഏഴുവർഷംകൊണ്ട് ആഗ്രഹിച്ച നിലയിൽ ഒരുവീട് അമേരിക്കയിൽ സ്വന്തമാക്കി. എന്നാൽ ഇത് മായാജാലമൊന്നുമല്ല, കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് പോസ്റ്റിൽ പൂജ വ്യക്തമാക്കുന്നുണ്ട്. ഒരു മില്യൻ ഡോളർ (8.33 കോടി രൂപ) വിലമതിപ്പുള്ള വീടാണ് ഇവർ ടെക്സസിലെ ഷുഗർലാൻഡിൽ നിർമിച്ചത്. 2022ലാണ് വീട് പൂർത്തിയാക്കിയത്. വീട് കാണാൻ തന്റെ മാതാപിതാക്കൾ ആദ്യമായി എത്തുന്നതിന്റെ ദൃശ്യങ്ങൾ പൂജ ഇൻസ്റ്റഗ്രാമിൽ വൈകാരികമായി പങ്കുവച്ചത് കയ്യടി നേടി. 

വീടിനു മുന്നിൽ മാതാപിതാക്കളെ ചേർത്തുപിടിച്ചുനിൽക്കുന്ന അഭിമാനകരമായ മുഹൂർത്തത്തിന്റെ ദൃശ്യങ്ങളാണ് പൂജ പങ്കുവച്ചത്. മകൾ വിദേശരാജ്യത്ത് സ്വന്തമാക്കിയ വീട്, ആദ്യമായി നേരിൽക്കാണുമ്പോൾ മാതാപിതാക്കൾക്കുണ്ടാകുന്ന സന്തോഷം വിഡിയോയിൽ കാണാം. മകളുടെ നേട്ടംകണ്ടു അഭിമാനത്തോടെ അവർ അവളെ ആലിംഗനം ചെയ്യുന്നുണ്ട്. യുഎസിൽ എത്തിയപ്പോൾ ആദ്യമായി താമസിച്ചിരുന്ന ചെറിയ വാടകവീട് മാതാപിതാക്കളെ കാണിച്ചശേഷമാണ് താൻ സ്വന്തമാക്കിയ സ്വപ്നവീട്ടിലേക്ക് മകൾ അവരെ എത്തിക്കുന്നത്. പൂജയുടെ നേട്ടത്തിന്റെ വലുപ്പം അതിൽനിന്ന് വ്യക്തമാണ്.

സമകാലിക ശൈലിയിലൊരുക്കിയ 3450 ചതുരശ്രഅടി വീടാണിത്. ഡബിൾ ഹൈറ്റിലുള്ള ലിവിങ് റൂമും ഇളംനിറത്തിലുള്ള പെയിന്റിങ്ങും വീടിന്റെ അകത്തളങ്ങൾ വിശാലമായി തോന്നിപ്പിക്കുന്നു. ഇൻഡോർ പ്ലാൻ്റുകൾ അകത്തളത്തിൽ ഹരിതാഭ നിറയ്ക്കുന്നു. കാറ്റും വെളിച്ചവും ലഭിക്കത്തക്ക വിധത്തിൽ ധാരാളം ഗ്ലാസ് ജനാലകൾ ഇവിടെയുണ്ട്.

ഇന്ത്യൻ ശൈലിയിലുള്ള പൂജാമുറി, ഹോം തിയറ്റർ, ഔട്ട്ഡോർ സിറ്റിങ് ഏരിയ എന്നിവയെല്ലാം ഇവിടെ കാണാം. കിടപ്പുമുറികൾ മിനിമലിസ്റ്റിക്കായാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഓപ്പൺ സ്‌പേസുകളാണ് വീടിനുള്ളിലെ ആകർഷണം. ഡ്രൈവ് വേയ്ക്ക് ഇരുവശത്തും വീടിന്റെ പിൻഭാഗത്തും മനോഹരമായ ലാൻഡ്സ്കേപ്പും ഒരുക്കിയിട്ടുണ്ട്. മാതാപിതാക്കൾ എത്തുന്നത് പ്രമാണിച്ച് വീടിന്റെ അകത്തളങ്ങൾ പെയിന്റ് ചെയ്ത് പുത്തനാക്കിയതും പൂജതന്നെയാണ്.

ഭർത്താവിന്റെ പൂർണപിന്തുണയാണ് നേട്ടങ്ങൾക്ക് പിന്നിലെന്നും കൃത്യമായ ലക്ഷ്യബോധവും അധ്വാനവുംകൊണ്ട് മാതാപിതാക്കൾക്ക് അഭിമാനമായി മാറണമെന്നും പോസ്റ്റിൽ പൂജ കുറിക്കുന്നു.  

'പൂജയുടെ മാതാപിതാക്കൾക്ക് ഇതിൽപരം അഭിമാനകരമായ ഒരു നിമിഷം ജീവിതത്തിൽ ഉണ്ടായിരിക്കില്ല' എന്നാണ് പലരുടെയും കമൻ്റുകൾ. ചെറുപ്രായത്തിൽ ഇങ്ങനെയൊരു നേട്ടം കൈവരിക്കാനായ പൂജ പ്രചോദനമാണെന്ന് ചിലർ കുറിക്കുന്നു. പൂജയും പങ്കാളിയും എടുത്ത പരിശ്രമങ്ങൾക്കും കഠിനാധ്വാനത്തിനും അഭിനന്ദനങ്ങൾ അറിയിക്കുന്നവരും കുറവല്ല.

English Summary:

Lady Own Luxury House in America, gave surprise to parents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com