ADVERTISEMENT

യുകെയിലെ ഡഡ്‌ലി നഗരത്തിലാണ് മറ്റെങ്ങും കേട്ടിട്ടില്ലാത്ത പ്രത്യേകതകളുമായി ഒരു ഫ്ലാറ്റ്  വാടകക്കാരെ കാത്തിരിക്കുന്നത്. സ്വന്തമായി ഒരു ജയിലറയുള്ള വീടാണ് ഇത്. ഫ്ലാറ്റിന്റെ  ചിത്രങ്ങളും പരസ്യവും ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

ഒരു വെറൈറ്റിക്ക് വേണ്ടി പണിതിട്ട ജയിലല്ല ഇത്. നേരെമറിച്ച് മുൻപ് പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന സ്ഥലം ഫ്ലാറ്റായി മാറ്റിയെടുത്തതാണ്. 2017ൽ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം നിലച്ചു. തുടർന്ന് അത് ഫ്ലാറ്റായി  നവീകരിച്ചെടുക്കുന്നതിനിടെ കൗതുകത്തിന്റെ പേരിലാണ് ആർക്കിടെക്ട് ഒരു സെൽ അതേപടി നിലനിർത്തിയത്. തടവറയുടെ സാന്നിധ്യം ഉണ്ടെങ്കിലും അത് മാറ്റിനിർത്തിയാൽ എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഫ്ലാറ്റ് ഒരുക്കിയെടുത്തിരിക്കുന്നത്.

അത്യാധുനിക രീതിയിലുള്ള ഫ്ലോറിങും മറ്റു സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ സ്ഥിതിചെയ്യുന്ന ഫ്ലാറ്റിന്റെ ലിവിങ് റൂമിലാണ് ജയിൽ. എന്നാൽ ധാരാളം സ്ഥല വിസ്തൃതിയുള്ളതിനാൽ കമ്പി അഴികൾ അകത്തളത്തിന്റെ ഭംഗി നശിപ്പിക്കുന്നുമില്ല. ഓപ്പൺ പ്ലാനിൽ ആധുനിക ശൈലിയിൽ നിർമ്മിച്ച അടുക്കള, ഷവർ റൂം സ്യൂട്ട്, ഇൻ്റർകോം സംവിധാനം എന്നിവയെല്ലാം വീട്ടിലുണ്ട്. അൺ ഫർണിഷ്ഡായാണ് വീട് കൈമാറ്റം ചെയ്യുന്നത്. 750 പൗണ്ടാണ് (78000 രൂപ) പ്രതിമാസ വാടക. 

ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ള ഫ്ലാറ്റ് ശ്രദ്ധിക്കപ്പെട്ടു. കുസൃതിക്കാരായ കുട്ടികളുള്ളവർക്ക് ഈ വീട് ഏറെ ഉപകാരപ്പെടുമെന്നാണ് പലരുടെയും പ്രതികരണം. 

ചിലരാകട്ടെ ഈ വ്യത്യസ്തതയെ എങ്ങനെ ഏറ്റവും ആകർഷകമായ രീതിയിൽ ഉപയോഗപ്പെടുത്താം എന്നതിന്റെ സാധ്യതകളും ചികഞ്ഞു പോകുന്നുണ്ട്. വീടിനുള്ളിൽ ഒരു ഓഫിസ്  സ്പേസാക്കി, ജയിൽ മാറ്റാം, ഒന്നിലധികം നായകളെ വളർത്തുന്നവർക്ക് ഈ മുറി പ്രയോജനപ്പെടുത്താം എന്നാണ്  മറ്റൊരാളുടെ കണ്ടെത്തൽ. ഏതെങ്കിലും കാരണവശാൽ വീടിനുള്ളിൽ കള്ളൻ കയറിയാൽ ആദ്യം ജയിലിൽ അടച്ച ശേഷം പൊലീസിനെ വിളിക്കാനുള്ള ഓപ്ഷൻ ഈ ഒരു വീട്ടിൽ മാത്രമായിരിക്കുമുള്ളതെന്ന് രസകരമായ കമന്റുകളും കാണാം.

English Summary:

Old Police Station converted to studio flat with prison cell- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com