ADVERTISEMENT

പ്രവാസ ജീവിതം ആരംഭിക്കുന്നതിനു തൊട്ടു മുൻപാണ് ഒരു ദിവസം വിനോദ് എന്നെ അയാളുടെ വീട്ടിലേക്കു വിളിക്കുന്നത്. വിനോദ് എന്റെ ബാല്യകാല സുഹൃത്താണ്, അയാളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നു, അതോടനുബന്ധിച്ചു വീട്ടിൽ പുതുതായി ഒരു റൂം എടുക്കണം, അതേക്കുറിച്ചു അഭിപ്രായം പറയാനാണ് എന്നെ വിളിച്ചിരിക്കുന്നത്. എന്നാൽ എന്നെ അതിശയിപ്പിച്ച കാര്യം അതല്ല.

വിനോദിന്റെ വീട് നല്ല കെട്ടുറപ്പുള്ള, എനിക്ക് നന്നായി അറിയുന്ന  ഒരു തറവാടാണ്, ആവശ്യത്തിൽ അധികം റൂമുകളും അതിലുണ്ട്. മാത്രമല്ല നല്ലൊരു തറവാടിനോട് ചേർന്ന് ഒരു കോൺക്രീറ്റ് റൂം നിർമ്മിച്ച് അതിന്റെ പഴമയെ നശിപ്പിക്കുന്ന ഒരു പരിപാടിയോട് മാനസികമായി എനിക്ക് യോജിക്കാനും കഴിയുന്നില്ല.

അതുകൊണ്ടുതന്നെ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒന്നാം നിലയിലായി ഉള്ള ഒരു റൂമിനോട് ചേർന്ന് ഒരു ടോയ്‌ലെറ്റ് പണിത് സൗകര്യം ഒരുക്കി  പ്രശ്നം സോൾവ് ചെയ്യാൻ നിർദ്ദേശിച്ചു ഞാൻ സ്ഥലം വിടാനൊരുങ്ങി.

അപ്പോഴാണ് കള്ളി വെളിച്ചത്താവുന്നത്.

ആ റൂം ഉപയോഗിക്കാൻ കൊള്ളില്ല, ചില പ്രശ്നങ്ങൾ ആ റൂമിലുണ്ട്. പ്രശ്നങ്ങൾ എന്ന് വച്ചാൽ ആ റൂമിനു പുറകിലായി ഒരു അരളി മരമുണ്ട്, ആ മരത്തിനു ചുവട്ടിലായി രണ്ട് പ്രാദേശിക ദൈവങ്ങളെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. പ്രസ്തുത റൂമിൽ കിടന്നുറങ്ങുന്നവർ രാത്രി ദുഃസ്വപ്നം കണ്ട് ഞെട്ടിയുണരും, മൂന്നു തരം.

ഇക്കാരണത്താൽ വർഷങ്ങളായി ആരും ആ റൂമിൽ കിടക്കാറില്ല. കരിങ്കുട്ടി, പറക്കുട്ടി, എന്നീ പേരുകളിൽ വള്ളുവനാട്ടിൽ  അറിയപ്പെടുന്ന ഈ പ്രാദേശിക ദൈവങ്ങൾ വായിൽ കയ്യിട്ടാൽ കടിക്കാത്ത സാധുക്കളാണ്, എന്റെ തറവാട്ടിലും ഈ രണ്ടുപേരും ഉണ്ട്. രാത്രി ചുമ്മാ വീട്ടിനകത്തു കയറിവന്നു ആളുകളെ പേടിപ്പിക്കേണ്ട കാര്യം അവർക്കില്ല, അവർ ആ ടൈപ്പല്ല.

കേട്ടിടത്തോളം സംഗതിയുടെ ഗുട്ടൻസ് എനിക്ക് പിടികിട്ടി, രണ്ടുവശത്തും ജനാലകളുള്ള ആ ചെറിയ റൂമിലെ ദൈവങ്ങൾക്ക് നേരെയുള്ള ജനൽ ആരും പേടി കാരണം തുറക്കാറില്ല, ഒരു ദിശയിലെ ജനാല മാത്രമാണ് തുറന്നിടുന്നത്.

ഇക്കാരണത്താൽ ഒരു വായു പ്രവാഹം റൂമിനുള്ളിൽ നടക്കില്ല,റൂമിനുള്ളിൽ കിടന്നുറങ്ങുന്ന ആളുടെ തുടർച്ചയായ ശ്വസനം മൂലം കുറെ കഴിയുമ്പോൾ റൂമിനുള്ളിൽ കാർബൺ ഡയോക്സൈഡ് അധികരിക്കും, അപ്പോൾ ഉറങ്ങിക്കിടക്കുന്നവനെ തട്ടിയുണർത്താനായി തലച്ചോറ് നല്ല ഒന്നാംതരം പേടി സ്വപ്നം കാണിക്കും, ഇതാണ് നടക്കുന്നത്.

ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള റൂമുകൾ ഒരു പ്ലാൻ പരിശോധിക്കുമ്പോൾ തന്നെ ഏതാണ്ട് മനസ്സിലാക്കാൻ കഴിയും. ഒരു ചെറിയ ജനലിനു പോലും ഒരു വീടിന്റെ വെന്റിലേഷനെ എത്രമാത്രം സ്വാധീനിക്കാൻ കഴിയും എന്നതിന്റെ ഉദാഹരണമാണ് ഞാൻ ഈ പറഞ്ഞത്.

ഒന്നുകൂടി വിശദമാക്കിയാൽ വീടിന്റെ നിർമാണവേളയിൽ അതിൽ ഘടിപ്പിക്കുന്ന ജനലുകളുടെയും വെന്റിലേറ്ററുകളുടെയും സ്ഥാനം, വലുപ്പം, ഇവയ്ക്ക് ആ വീടിനകത്തെ ചൂട്, തണുപ്പ്, വായുവിന്റെ പരിശുദ്ധി എന്നീ കാര്യങ്ങളിൽ വലിയ റോൾ ഉണ്ട്, അല്ലാതെ ചുമ്മാ വെളിച്ചം കിട്ടാൻ വേണ്ടി മാത്രം വയ്ക്കുന്ന ഒന്നല്ല ഈ ജനലുകൾ.

നിലവിൽ നമ്മുടെ പ്രശ്നം ചൂടാണ്, അതിഭയങ്കര ചൂട്. ഈ ചൂടിനെ എങ്ങനെ നിയന്ത്രിക്കാം എന്നതാണ് വിഷയം. ഏതു തരം വീടുകളിൽ ആയാലും അതിനകത്തെ ചൂടിനെ നിയന്ത്രിക്കാനായി രണ്ട് അടിസ്ഥാന വസ്തുതകളാണ് നാം അറിയേണ്ടത്.

ഒന്ന് - വീടിനകത്തേക്കുള്ള ചൂടിന്റെ വരവിനെ തടയുക, അഥവാ നിയന്ത്രിക്കുക.

രണ്ട് - ഈ നിയന്ത്രണത്തെ മറികടന്നു വീട്ടിലേക്കു നുഴഞ്ഞു കയറുന്ന ചൂടിനോട് "കടക്ക് പുറത്ത്" എന്ന് പറയുക, അഥവാ അതിനെ പുറം തള്ളുക.

വലിയ വിഷയം ആയതിനാൽ ഒന്നിച്ചു പറയുന്നില്ല.

ഇന്ന് നമുക്ക് എങ്ങനെയാണ് വീടിനകത്ത് ചൂട് എത്തുന്നത് എന്ന് മാത്രം പരിശോധിക്കാം, ബാക്കി പിന്നെ. നിലവിലെ നമ്മുടെ കോൺക്രീറ്റ് വീടുകളിലേക്ക് ചൂട് എത്തുന്നത് മുഖ്യമായും മൂന്നു വഴികളിലൂടെ ആണ്.

ഒന്നാം പ്രതി - ഗ്ളാസ് ജനാലകൾ.

രണ്ടാം പ്രതി - കോൺക്രീറ്റ് മേൽക്കൂര. 

മൂന്നാം പ്രതി - ചുവരുകൾ.   

ഓരോന്നായി നോക്കാം, ബോറടിക്കരുത്.

ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും ഗ്ലാസ്സിന്റെ ഉപയോഗം ആരംഭിക്കുന്നത് പാശ്ചാത്യരുടെ വരവോടെയാണ്  ആദികാലങ്ങളിൽ സമ്പന്ന കോവിലകങ്ങളിലും കൊട്ടാരങ്ങളിലും മനകളിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഗ്ളാസ് പതിയെ സമൂഹത്തിന്റെ സകല മേഖലകളിലേക്കും വ്യാപിച്ചു.

ഈ ഗ്ളാസിനു ഒരു കുഴപ്പമുണ്ട്. ഗ്ലാസിലൂടെ വെളിച്ചം അകത്തു കയറുമ്പോൾ ഒപ്പം ചൂടും കയറും, അത് അവിടെ ലോക്ക് ആവും, പിന്നെ അതിനൊരു മടക്കം ല്ല്യ.

ഒന്നുകൂടി വിശദമാക്കിയാൽ ഗ്ലാസിലൂടെ ഇങ്ങോട്ടു കയറി വരാൻ മാത്രമേ ചൂടിന് അറിയൂ, തിരിച്ചു പോകാനുള്ള കഴിവ് അതിനില്ല. ഫലം, എത്ര നേരം ഗ്ലാസിൽ വെയിൽ അടിക്കുന്നുവോ, അത്രയും ചൂട് വീടിനകത്ത് കൂടിക്കൊണ്ടേ ഇരിക്കും. കാറുകൾ വെയിലത്തു നിർത്തി ഗ്ലാസ് പൊക്കി വയ്ക്കുമ്പോൾ അതിനകത്തു ചൂട് ഭീകരമായി വർധിക്കുന്നത് ഈ സവിശേഷത മൂലം മാത്രമാണ്.

വർഷത്തിൽ ഏതാനും മാസം മാത്രം മര്യാദയ്ക്ക് സൂര്യനെ കാണുന്ന യൂറോപ്പിൽ ഗ്ലാസിന്റെ ഈ സവിശേഷത ഉപയോഗിച്ച് വീടിനകത്തെ ചൂട് സ്വാഭാവിക രീതിയിൽ അവർ നിലനിർത്താറുണ്ട്, വർധിപ്പിക്കാറുണ്ട്‌.

ഇതൊന്നും അറിയാതെ ചുമ്മാ വീടിന്റെ ബാഹ്യ ഭംഗി മാത്രം നോക്കി വീട് പണിയാൻ പോയാൽ പൊള്ളും, മൂന്നു തരം. എന്നുകരുതി വീടിന്റെ ജനാലകളിൽ ഗ്ലാസ് ഉപയോഗിക്കാതെ വീണ്ടും പഴമയിലേക്കു തിരിച്ചു പോകണം എന്നാണോ പറയുന്നത് എന്ന് ചോദിച്ചാൽ അല്ല.

ഗ്ലാസിന്റെ ഉപയോഗം വളരെ സൂക്ഷ്മതയോടെ നിയന്ത്രിക്കണം, ഓരോ ജനാല പ്ലാനിൽ മാർക്ക് ചെയ്യുമ്പോഴും പത്തുവട്ടം ചിന്തിക്കണം. ഗ്ളാസ് ജനാലകളും വലുപ്പം വീടിന്റെ ബാഹ്യ ഭംഗിയെ ബാധിക്കാത്ത വിധം കുറയ്ക്കാം.

ഗ്ലാസിലേക്കു നേരിട്ട്  വീഴുന്ന വെയിലിന്റെ അളവിനെ ഡിസൈൻ ടെക്നിക്കുകൾ ഉപയോഗിച്ച് കുറയ്ക്കാം, വേണ്ടിവന്നാൽ  പ്രതിഫലിച്ചു വീഴുന്ന വെളിച്ചത്തെ മാത്രം അകത്തു കയറ്റാം. അകത്തു കയറിപ്പറ്റിയ ചൂടിനെ കയ്യോടെ പിടിച്ചു പുറത്താക്കും വിധം ഉള്ള ജനാലകൾ ഘടിപ്പിക്കാം. ജനലിന്റെ താഴ്ഭാഗത്തുകൂടി തണുത്ത വായുവിന് അകത്തു കയറാനുള്ള ലൂവറുകൾ ഘടിപ്പിക്കാം, പഴയ മലപ്പുറം കലക്ടറേറ്റിൽ ഒക്കെ ഇത്തരം ജനാലകൾ കണ്ടിട്ടുണ്ട്.

അതായത് സായിപ്പന്മാർ ചൂട് അകത്തേക്ക് കൊണ്ടുവരുന്ന ഗ്ളാസ് മാത്രമല്ല, അതിനെ ബാലൻസ് ചെയ്യുന്ന ശൈലിയിൽ ഉള്ള ജനാലകളൂം ഇവിടേക്ക് കൊണ്ടുവന്നിട്ടുണ്ട്.

അത് പോട്ടെ, പോയ ബസ്സിന്‌ കൈ കാണിച്ചിട്ട് കാര്യമില്ല.

ഇനി കോൺക്രീറ്റ് മേൽക്കൂരയിലേക്കു വരാം.

ചൂട് അകത്തേക്ക് പ്രസരിപ്പിക്കാനുള്ള ഗ്ലാസ്സിന്റെ ഈ സവിശേഷത കുറച്ചൊക്കെ കോൺക്രീറ്റിനും ഉണ്ട്, അൽപം കുറവാണ് എന്നുമാത്രം.

പക്ഷേ വേറൊരു ഗുലുമാൽ ഉണ്ട്. പകൽ സമയത്തു ചൂടാകുന്ന സ്ളാബ്, ഈ ചൂടിനെ രാത്രിയിലേക്ക് സംഭരിച്ചു വയ്ക്കും, രാത്രി അത് നമുക്ക് വിതരണം ചെയ്യും. എന്നുവച്ച് കോൺക്രീറ്റ് മേൽക്കൂര വേണ്ടെന്നു വയ്ക്കാൻ കഴിയുമോ ..?

 വേണം എന്ന് പറയുന്നുമില്ല. എന്നാൽ മേൽക്കൂര പണിയുമ്പോൾ ഈ ഘടകങ്ങൾ ചിന്തിക്കണം, അതിനനുസരിച്ചു നിർമിക്കണം എന്ന് മാത്രം.

മേൽക്കൂരയിൽ വീഴുന്ന വെയിലിനെ ഒഴിവാക്കാം. ചെരിഞ്ഞ മേൽക്കൂരകളിൽ ഓട് പതിക്കാം, മേയുന്നതാണ് നല്ലത്, ഒരു എയർ ഗ്യാപ്പ് കിട്ടും. പരന്ന മേൽക്കൂരയ്ക്ക് മുകളിൽ ആയി ട്രസ് നിർമിക്കാം. റിഫ്‌ളക്‌റീവ് പെയിന്റുകൾ അടിക്കാം. വേറെയും വഴികൾ ഉണ്ട്, ഇത് രൂപകൽപനാവേളയിൽ ചെയ്യേണ്ട കാര്യങ്ങളാണ്.

അല്ലാതെ ഒരു കാരണവശാലും സ്ളാബിലേക്കു വെള്ളം സ്പ്രിങ്കിൾ ചെയ്യാനോ അല്ലാതെ ചകിരിച്ചോറ് തിരുകി കയറ്റാനോ ശ്രമിക്കരുത്.

ഇനി, ഭിത്തികൾ.

നിലവിൽ കേരളത്തിലെ വീടുപണിയിൽ മലയാളി പുലർത്തുന്ന ഏറ്റവും വലിയ അലംഭാവം ഭിത്തികളോടുള്ള മനോഭാവമാണ്. ഓരോ വർഷം കഴിയുംതോറും ലോഡ് ബെയറിങ് അഥവാ ഭാരം വഹിക്കുന്ന ഭിത്തികളും കനം കുറയുകയാണ്. തകർന്നു വീഴുന്ന വീടുകളുടെ വലിയൊരു ശതമാനത്തിലും ഭിത്തിയിലെ ഈ അശാസ്ത്രീയത കാണാം.

അത് പോട്ടെ, നമുക്കിപ്പോൾ ചൂടിലേക്ക് വരാം.

ഭിത്തിയുടെ കനം കുറയും തോറും അത് കൂടുതൽ ചൂടിനെ ഉള്ളിലേക്ക് പ്രസരിപ്പിക്കും. സൺ ഷെയിഡിനോടുള്ള മലയാളിയുടെ പരമ്പരാഗത ശത്രുതാ മനോഭാവം കൂടി ആകുമ്പോൾ കാര്യങ്ങൾ ഒന്നുകൂടി കുഴയും, പകൽ സമയം മുഴുവൻ ചുവരിൽ വെയിൽ അടിക്കും, അത് രാത്രി നമുക്ക് വീതിച്ചു കിട്ടും.

തീർന്നില്ല, ഇനിയും ഉണ്ട്.

ഇത്രയും വെയിലും ചൂടും ഉള്ള നമ്മുടെ നാട്ടിൽ പുറം ഭിത്തികൾക്ക് കടുത്ത ചായം അടിക്കുന്നതും കണ്ടിട്ടുണ്ട്. ഫലം, വഴിയേ പോകുന്ന ചൂടിനെ ഓട്ടോറിക്ഷ വിളിച്ചു വീട്ടിലോട്ടു കൊണ്ടുവരും, എന്നിട്ട് ആഗോള താപനത്തെ തെറി വിളിക്കും. ഗൾഫ് നാടുകളിൽ എല്ലാം വീടുകളിൽ മിക്കവാറും ഇളം നിറങ്ങൾ മാത്രം ഉപയോഗിക്കുന്നതിന്റെ ഗുട്ടൻസ് അവരുടെ കയ്യിൽ കാശില്ലാഞ്ഞിട്ടല്ല, ഇതാണ്. കൂടാതെ ഗ്ലാസ്സിന്റെ അമിതോപയോഗത്തിലും അവിടെ സർക്കാർ നിയന്ത്രണങ്ങൾ വന്നുകഴിഞ്ഞു.

നിലവിൽ സമൂഹ മാധ്യമങ്ങളിൽ കയ്യടി നേടുന്ന പല വീടുകളിലും, ഡിസൈനുകളിലും ഈ പ്രശ്നങ്ങൾ സജീവമായി ഉണ്ട്. കാരണം ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് കോൺട്രാക്ടർമാരും ത്രീഡി നിർമിക്കുന്നവരും, വാസ്തുവിദ്യക്കാരും, ജെസിബി ഓടിക്കാൻ വരുന്നവരും ഒക്കെ ചേർന്നാണ്. എത്ര ബാഹ്യഭംഗിയുള്ള പ്ലാനുകളും ത്രീഡികളും ആയാലും ഇക്കാര്യം അവലോകനം ചെയ്തില്ലെങ്കിൽ 'പണി' കിട്ടും, മൂന്നു തരം.

എന്തായാലും സ്ഥിരമായി അടച്ചിടുന്ന ജനലിന്റെ മുകളിലായി ഒരു എക്സ്ഹോസ്റ്റ് ഫാൻ പിടിപ്പിച്ചതോടെ വിനോദിന്റെ റൂമിലെ ദുഃസ്വപ്നങ്ങൾ എന്നെന്നേക്കുമായി അവസാനിച്ചു. ഇനിയുള്ളത് വീടിനകത്ത് കയറിയ ചൂടിനെ പുറം തള്ളാനുള്ള വഴികളാണ്, പ്ളാനിൽ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളാണ്. അവ പിന്നെ ...

***

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ, വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.‌ email- naalukettu123@gmail.com

***

English Summary:

Summer heat inside house- Designer Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com