ADVERTISEMENT

ജീവിതത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒത്തുചേരുന്ന ഒരു ഇടമുണ്ടെങ്കിൽ അവിടം സ്വർഗമാണെന്ന് പറയാം. ഇക്കാരണം കൊണ്ടുതന്നെയാണ് അത്യാധുനിക സൗകര്യങ്ങൾ എല്ലാം ഉൾക്കൊള്ളിക്കാൻ പദ്ധതിയിട്ട് ഇറാനിൽ ഒരുക്കിയ മെഗാനഗരത്തിന് 'പാരഡൈസ്' എന്ന പേര് നൽകിയത്. തലസ്ഥാന നഗരമായ ടെഹ്റാനിലെ തിരക്കുകൾ ഒഴിവാക്കാൻ ഒരു സാറ്റലൈറ്റ് സിറ്റി എന്ന രീതിയിൽ വിഭാവനം ചെയ്ത ഈ നഗരം പക്ഷേ ഇപ്പോൾ ആൾപ്പാർപ്പില്ലാത്ത നരകമാണ്. പ്രേതനഗരം എന്ന് പോലും വിശേഷിപ്പിക്കാവുന്ന വിധത്തിൽ വിജനമായി കിടക്കുകയാണ് ഇവിടം.

പത്തും പതിനഞ്ചും നിലകളുള്ള ധാരാളം കെട്ടിടങ്ങൾ ഇവിടെ കാണാം. പൊതുഗതാഗതത്തിനുള്ള സൗകര്യങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പാർക്കുകൾ എന്നുവേണ്ട ഇവിടെ താമസിക്കുന്നവർക്ക് എന്തും ഏതും കയ്യെത്തുന്ന അകലത്തിൽ പ്രാപ്യമാക്കിക്കൊണ്ടാണ് നഗരം ഒരുക്കാൻ നിർമാതാക്കൾ  പദ്ധതിയിട്ടത്. 2001 നും 2011നും ഇടയിലുള്ള കാലയളവിൽ നിർമാണ പ്രവർത്തനങ്ങൾ സജീവമായി നടക്കുകയും ചെയ്തു. എന്നാൽ അതിനു ശേഷം നിർമാണം  തടസ്സപ്പെട്ടതോടെ അപൂർണമായി, എന്നെങ്കിലും ജീവൻ വയ്ക്കുമെന്ന് പ്രതീക്ഷയിൽ ഉപേക്ഷിക്കപ്പെട്ടു കിടക്കുകയാണ് പാരഡൈസ്.

ടെഹ്റാനിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് പാരഡൈസ് സ്ഥിതി ചെയ്യുന്നത്. ഈ നഗരത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ഒന്നിലധികം കാരണങ്ങളുണ്ട്. പദ്ധതിക്കായി തിരഞ്ഞെടുത്ത സ്ഥലം തന്നെയാണ് അവയിൽ പ്രധാനം. മരുഭൂമിക്ക് നടുവിലാണ് നഗരം നിർമിക്കപ്പെട്ടിരിക്കുന്നത്. ഒരു മരം പോലും ഇവിടെ കാണാനില്ല. മലിനജലം നിർമാർജനം ചെയ്യാനുള്ള സംവിധാനങ്ങൾ കൃത്യമായി സൃഷ്ടിക്കാൻ നിർമാതാക്കൾക്ക് സാധിച്ചിരുന്നില്ല. അപ്പാർട്ട്മെന്റുകൾക്കുള്ളിൽ താപനില ക്രമപ്പെടുത്താനാകാത്ത സാഹചര്യവും തിരിച്ചടിയായി. ശുദ്ധജലവും വൈദ്യുതിയും ഇടതടവില്ലാതെ എത്തിക്കാനുള്ള സംവിധാനങ്ങൾ  ഒരുക്കാനാകാതെകൂടി വന്നതോടെ നിർമാണ പ്രവർത്തനങ്ങൾ  ഉപേക്ഷിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല.

എന്നാൽ പാതിവഴിയിൽ നഗരത്തിന്റെ നിർമാണം ഉപേക്ഷിച്ചത് ശരിയായ തീരുമാനമായിരുന്നു എന്ന് വെളിവാക്കുന്ന സംഭവങ്ങളും പിന്നീട് നടന്നു. 2017ലെ ഭൂകമ്പത്തിൽ പാരഡൈസിലെ പല കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. അതായത്  നഗരത്തിൽ ജനവാസം ആരംഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ആളപായം അടക്കം നിരവധി ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നേനെ. പാരഡൈസിനെയും ടെഹ്റാനെയും ബന്ധിപ്പിക്കാൻ കൃത്യമായി ഗതാഗത സംവിധാനങ്ങൾ ഇല്ലാത്തതാണ് പദ്ധതിക്ക് തിരിച്ചടിയായതെന്ന് പൊതുജനങ്ങൾ അഭിപ്രായപ്പെടുന്നു. ഇതുമൂലം  നിർമാണം പൂർത്തിയായ കെട്ടിടങ്ങൾ പോലും ഏറ്റെടുക്കാൻ ആളുകൾ മടിക്കുന്ന സാഹചര്യമുണ്ടായി.

കാറുകളും പാർക്കുകളും ജനത്തിരക്കുമൊക്കെ മുന്നിൽക്കണ്ട് പണിതുയർത്തിയ നഗരത്തിൽ ഇന്ന് അവശേഷിക്കുന്നത് ഉപേക്ഷിക്കപ്പെട്ട നിർമാണ സാമഗ്രികളുടെ വലിയ കൂമ്പാരങ്ങൾ മാത്രമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അന്തിയുറങ്ങാൻ മറ്റ് ഇടമില്ലാത്തതു മൂലം രാത്രികാലങ്ങളിൽ മാത്രം ഇവിടേക്ക് എത്തുന്ന ചുരുക്കം ചില ആളുകളുമുണ്ട്.  അവധി ദിനങ്ങളിൽ പോലും ഇവിടെ അവർ സമയം ചിലവഴിക്കാറില്ല. മറ്റു നഗരങ്ങളിൽ ജോലി ചെയ്ത് രാത്രി ഏറെ വൈകി അപ്പാർട്ട്മെന്റുകളിൽ എത്തുന്ന ഇവർ പുലർച്ചെ തന്നെ ഉറക്കമുണർന്ന് ജോലി സ്ഥലത്തേക്കുള്ള യാത്രയാരംഭിക്കും. സ്വർഗം എന്ന് പേരിട്ടു നിർമിച്ച നഗരത്തിൽ ഒരു പകൽ പോലും തങ്ങാനാകില്ലെന്ന് താമസക്കാർ തന്നെ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com