ADVERTISEMENT

ജനിച്ചു വളർന്ന ചില വീടുകൾ പലപ്പോഴും നമുക്കൊരു പ്രതിസന്ധിയുണ്ടാക്കാറുണ്ട്. വീടുവിട്ട് നമുക്ക് എവിടേക്കും പോകാനാകാത്തത്, കാലപ്പഴക്കം വന്നെങ്കിലും പൊളിച്ച് തൽസ്ഥാനത്ത് മറ്റൊന്ന് പണിയാനാകാത്തത്, അകലെ ജോലി ചെയ്യുകയാണെങ്കിൽ തന്റെ വീടിന്റെ പടംനോക്കി കഷ്ടപ്പെട്ട് സായൂജ്യമടയുന്നത്, വീട്ടിൽ താമസിക്കാനാവാത്തതിനെപ്പറ്റി സങ്കടപ്പെടുന്നത്... ഒക്കെ സാധാരണക്കാരന്റെ വിഷയങ്ങളാണ്.

നമ്മുടെ വേണ്ടപ്പെട്ടവരുടെ ഓർമകൾ നിറഞ്ഞ ഇടങ്ങളായിരിക്കുമല്ലോ ഓരോ വീടും. അച്ഛനമ്മമാരുടെ കഠിനമായ അധ്വാനത്തിന്റെയും വിയർപ്പിന്റെയും സ്നേഹത്തിന്റെയും ഓർമകൾ സമൃദ്ധമായിരിക്കുന്ന ഇടങ്ങളായിരിക്കും നമ്മുടെ മിക്ക വീടുകളും.

എന്റെയൊരു സുഹൃത്ത് അഭിമുഖീകരിച്ച പ്രതിസന്ധി മറ്റൊന്നാണ്.

ഗൾഫിൽ നിന്ന് ലീവിന് വന്നതാണ്. കല്യാണാലോചന നടക്കുന്ന സമയം. അവന്റെ വീട് ഓടിട്ടതാണ്. 

പെണ്ണുകാണാൻ പോയ അവന് പെണ്ണിനെ ഇഷ്ടപ്പെട്ടു. നല്ല വിദ്യാഭ്യാസമുള്ളവൾ. മാത്രമല്ല നല്ല നാൾപൊരുത്തവും. സ്വാഭാവികമായി പെൺവീട്ടുകാർ അച്ഛൻ, അമ്മാവൻ, ചെറിയച്ഛൻ, വല്യച്ഛൻ എന്നിവരൊക്കെയായി ചെറുക്കന്റെ വീടുകാണാനെത്തിയത് വൻസംഘം. എല്ലാവരും വീടും പറമ്പും ചുറ്റി നടന്ന് കണ്ടു. ചായ കുടിച്ച് യാത്ര പറഞ്ഞു.

വൈകുന്നേരം ബ്രോക്കറുടെ ഫോൺ വന്നു. പെൺവീട്ടുകാർക്ക് പ്രത്യേകിച്ച് പെണ്ണിന്റെ അമ്മാവന് ചെറുക്കന്റെ വീടിഷ്ടപ്പെട്ടില്ല. അതുകാരണം അവർ പിൻമാറി.

പെണ്ണിന്റെ വീട് അത്ര വലുതൊന്നുമല്ല. ഏതാണ്ട് മുപ്പത് കൊല്ലം പഴക്കമുള്ള, ചെറിയ ചോർച്ചയുള്ള, പലയിടത്തും തേപ്പ് പോലും മുഴുമിപ്പിച്ചിട്ടില്ലാത്തതാണ്- പക്ഷേ കോൺക്രീറ്റ് വീടാണ്. ചുറ്റും ഓടിട്ട വീടുകളുള്ള നാട്ടിൽ അതിന്റെ ഗമയൊന്ന് വേറെയാണ്.

ഇനിയാണ് കഥയുടെ രണ്ടാം ഭാഗം.

'പെണ്ണിനോട് നേരിട്ട് സംസാരിച്ചു നോക്കിയാൽ ഒരുപക്ഷേ സമ്മതിക്കുമായിരിക്കും' എന്ന വിചാരത്തിലെത്തി അവന്റെ ചങ്ങാതിമാർ.

അവർ പെണ്ണിനെ രഹസ്യമായി നേരിട്ട് വിളിച്ച് സംസാരിച്ചു. പെണ്ണാണെങ്കിൽ അമ്മാവൻ പറയുന്നതിൽ കാര്യമുണ്ടെന്ന നിലപാടിലാണ്.

'അച്ഛനും അമ്മാവനും പറയുന്നത് അനുസരിക്കലാണ് മര്യാദയെന്നും തന്റെ ക്ഷേമമായിരിക്കുമല്ലോ അവരുടെ ആശങ്കയെന്നും തന്റെ ഭാവി നശിച്ചു കാണാൻ അവർ ആഗ്രഹിക്കില്ലല്ലോ' എന്ന് പെണ്ണും പറഞ്ഞു.

ഒടുവിൽ സ്ഥലത്തെ പ്രധാന ദിവ്യനും മനഃശാസ്ത്രത്തിൽ ഇത്തിരി പിടിപാടുള്ള ഒരാളെ ശട്ടം കെട്ടി. പെൺവീട്ടുകാരുടെ അവസ്ഥയൊക്കെ മനസിലാക്കി അയാൾ പെണ്ണിനെ വിളിച്ചു.

ദിവ്യന്റെ മൂന്നാല് ചോദ്യത്തിൽ തന്നെ പെണ്ണിന്റെ മനസ്സുമാറി. ഒടുവിൽ ആ കല്യാണം നടന്നു.

ഇനി കഥയുടെ മൂന്നാം ഭാഗം.

കല്യാണം കഴിഞ്ഞതും പെണ്ണിന്റെ അമ്മാവന്റെ വീടിനേക്കാൾ വലുപ്പമുള്ള ഒരു കോൺക്രീറ്റ് വീടുവാങ്ങി പകരം വീട്ടിയപ്പോഴാണ് ഗൾഫുകാരന്റെ പക അടങ്ങിയത്. പെണ്ണിന്റെ അമ്മാവൻമൂലം അവൻ ജനിച്ചുവളർന്ന ഓടിട്ട വീട് അനാഥമായി. ഓർമകളെ അവിടെ തന്നെ കുഴിച്ചുമൂടി അവനും ഭാര്യയും അവന്റെ മാതാപിതാക്കളും പുതിയ വീട്ടിൽ താമസമാക്കി, കഥ കഴിഞ്ഞു! നമുക്ക് വേണ്ടത് നല്ല തിളക്കമുള്ള അഭിമാനം മാത്രം.

കഥയുടെ നാലാം ഭാഗം- Flashback

പ്രധാന ദിവ്യൻ പെൺകുട്ടിയോട് ചോദിച്ച ചോദ്യമിതായിരുന്നു:

"കുട്ടീ വീടിന്റെ രൂപത്തിലൊന്നും വലിയ കാര്യമില്ല. കുട്ടീടെ ചേച്ചിയെ കല്യാണം കഴിച്ചയച്ചത് കോൺക്രീറ്റ് വീട്ടിലേക്കല്ലേ? എന്നിട്ടെന്തായി ചേച്ചീടെ ജീവിതം? ഡിവോഴ്സ് ആയില്ലേ?"

ഒടുക്കം:

ഒരുകാലത്ത് കേരളത്തിലെ വീടുകളുടെ കാര്യത്തിൽ മേച്ചിലോട് Vs കോൺക്രീറ്റ് മല്ലയുദ്ധത്തിൽ എത്രയോ മനുഷ്യരുടെ കണ്ണീർ വീണുകാണും. അപമാനഭാരത്താൽ എത്രയോ ഓട് വീടുകൾ തകർന്നുവീണിട്ടുണ്ടാകും.

എന്റെ വകയായി ഒരു താത്വിക വാചകം ഫിറ്റുചെയ്ത് ഞാനീ കുറിപ്പ് അവസാനിപ്പിക്കട്ടെ.

"വീടിന്റെ മേൽക്കൂര ഓടിട്ടതാണെങ്കിൽ സന്തോഷം ഓടിളക്കി അകത്തോട്ട് കേറിവരില്ല.  കോൺക്രീറ്റ് വീടുള്ളതുകൊണ്ടു മാത്രം ദാമ്പത്യത്തിൽ ഡിവോഴ്സ് സംഭവിക്കാതിരിക്കുകയുമില്ല"...

English Summary:

House as a status syumbol and matrimony alliance- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com