ADVERTISEMENT

2018 ലെ മഹാപ്രളയത്തോടെ തുടങ്ങിയതാണ് കേരളത്തിന്റെ ദുർവിധി. പിന്നീടങ്ങോട്ടുള്ള വർഷങ്ങളിൽ മുറതെറ്റാതെ പെരുമഴയും വെള്ളപ്പൊക്കവും കേരളത്തെ ദുരിതത്തിലാഴ്ത്തി. കാലം തെറ്റിപ്പെയ്യുന്ന മഴയും ക്രമം തെറ്റിയെത്തുന്ന കാലാവസ്ഥയും സ്ഥിരമാകുമ്പോൾ വീടുകളുടെ നിർമാണവും സംരക്ഷണവും എങ്ങനെയാകണം? ഈ ഒരവസ്ഥയിൽ എന്താണു കേരളത്തിലെ വീടുകളുടെ ഭാവി? ഇനി സ്വന്തം ഭവനം എന്ന സ്വപ്നവുമായി നടക്കുന്നവർ എന്തൊക്കെയാണ് ചിന്തിക്കേണ്ടത്?

കാലംതെറ്റി പെയ്യുന്ന മഴയെ ഭയക്കണം

കേരളത്തിന്റെ കാലാവസ്ഥ പ്രകാരം ജൂൺ, ജൂലൈ മാസങ്ങളാണ് മഴക്കാലം. നവംബറിൽ തുലാപ്പെയ്ത്തും ഉണ്ടാകാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി മഴയ്ക്കു കൃത്യമായ ഒരു സീസണില്ല. മഴ എപ്പോൾ വരും, എത്രനാൾ നിൽക്കും എന്നൊന്നും പറയാനാവാത്ത അവസ്ഥയാണ്. കാലാവസ്ഥയിലുണ്ടായ പ്രകടമായ ഈ വ്യത്യാസം കടുത്ത ആശങ്ക ജനിപ്പിക്കുന്ന ഒന്നാണെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. 

ഈ അവസ്ഥയിൽ ആയുസ്സിന്റെ മുഴുവൻ സമ്പാദ്യവും ചെലവഴിച്ചുകൊണ്ട് വീടുപണിയുന്നതിൽ അർഥമില്ല. അല്ലെങ്കിൽ പ്രളയം ബാധിക്കില്ലെന്ന് അത്രമേൽ ഉറപ്പുള്ള സ്ഥലങ്ങളിൽ പണിയുന്ന വീടുകളാകണം. എന്നാൽ, ഇത് എല്ലാവർക്കും ഒരേപോലെ സാധ്യമല്ല. അതുകൊണ്ടാണ് ചെലവ് പരമാവധി കുറച്ച് പ്രളയത്തെ പ്രതിരോധിക്കുന്ന വീടുകൾക്കു പ്രചാരം വർധിക്കുന്നത്. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഭൂകമ്പം എന്നിവയെ ചെറുക്കുന്നതുമായ ഒട്ടേറെ വിദേശ മാതൃകകൾ ലഭ്യമാണെങ്കിലും കേരളത്തിലെ കാലാവസ്ഥയ്ക്കും ആളുകളുടെ സമീപനത്തിനും യോജിച്ച രീതിയിൽ നിർമാണത്തിൽ മാറ്റം വരുത്തുന്നതായിരിക്കും ഉചിതം. 

ബലക്ഷയം ഒരു വിഷയമാണ്

2018, 19 ൽ പ്രളയത്തിൽ ഒട്ടെറെ ജില്ലകളിലെ വീടുകൾ ഭാഗികമായും പൂർണമായും വെള്ളത്തിനടിയിലായി. എന്നാൽ, അന്നു പ്രളയം ബാക്കിവച്ച ചെളിയും മണ്ണും കഴുകിക്കളഞ്ഞു വീടുകൾ വാസയോഗ്യമാക്കിയവർ അഞ്ചുവർഷങ്ങൾക്കിപ്പുറം വീടുകളിൽ പ്രളയം ബാക്കി വച്ച ബലക്ഷയം നേരിട്ടറിയുകയാണ്. പല വീടുകളിലും ഭിത്തികൾ മറിഞ്ഞു വീഴുന്ന അവസ്ഥയായി. ഈ സാഹചര്യത്തിൽ പുതുതായി വീട് നിർമിക്കുന്നവർക്കു രണ്ടു മാർഗങ്ങളാണുള്ളത്. ഒന്നുകിൽ പ്രളയം വന്നാലും വെള്ളത്തിൽ മുങ്ങിയാലും പ്രശ്നമില്ലാത്ത മെറ്റീരിയലുകൾ ഉപയോഗിച്ചു വീടു പണിയുക. അല്ലെങ്കിൽ പ്രളയത്തെ അതിജീവിക്കുന്ന രീതിയിൽ വിദേശമാതൃകയിലുള്ള ഫ്ലോട്ടിങ് വീടുകൾ പണിയുക. ശരാശരി 30 വർഷമാണ് കല്ലും മണ്ണും സിമന്റും ഉപയോഗിച്ചു നിർമിക്കുന്ന ഒരു കോൺക്രീറ്റ് വീടിന്റെ ആയുസ്സ് എന്നിരിക്കെ പ്രളയത്തെ മുൻനിർത്തി ചില കാര്യങ്ങൾക്കു മുൻതൂക്കം നൽകാം. 

അടിത്തറ പരമാവധി ഉയർത്തി പണിയാം

അടിത്തറ ബലമുള്ളതായാൽ മാത്രം പോരാ. താഴ്ന്ന പ്രദേശങ്ങളിലാണ് വീടു നിർമിക്കുന്നത് എങ്കിൽ അടിത്തറ പരമാവധി ഉയർത്തി എടുക്കാൻ നോക്കണം. വീട് വയ്ക്കുന്നതിനു സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ഉറച്ച മണ്ണാണോ വയൽ നികത്തിയതാണോ ചതുപ്പു നിറഞ്ഞ വെള്ളക്കെട്ടുള്ളതാണോ മണ്ണിനടിയിൽ നീരൊഴുക്കു സാധ്യത ഉണ്ടോ എന്നൊക്കെ ശ്രദ്ധിക്കണം. വെള്ളക്കെട്ടിനു സാധ്യതയുള്ള പ്രദേശത്താണ് വീട് നിർമിക്കുന്നതെങ്കിൽ ഭൂമിക്കടിയിലേക്കു താഴ്ന്നുപോകാനിടയുണ്ട്. അതിനാൽ, ബെൽറ്റിട്ടു വാർത്ത ശേഷം വേണം അടിത്തറ കെട്ടിപ്പൊക്കാൻ. എത്ര നിലയുള്ള കെട്ടിടമാണു പണിയുന്നത് എന്നത് അടിസ്ഥാനമാക്കി വേണം അടിത്തറയുടെ ബലം നിശ്ചയിക്കാൻ. കഴിയുമെങ്കിൽ വയൽ നികത്തിയ ഭൂമിയിൽ വീട് വയ്ക്കരുത്.  ഭൂമിയുടെ സ്വഭാവം കണ്ടറിഞ്ഞ് അടിത്തറ നിർണയിക്കാൻ മികച്ച ഒരു എൻജിനീയർക്കു മാത്രമേ കഴിയൂ. 

സ്വാഗതം ചെയ്യാം പ്രീഫാബ് വീടുകളെ

പ്രീഫാബ് വീടുകൾ പൂർണമായും വിദേശമാതൃകയാണ്. എന്നാൽ, 2018 ലെ പ്രളയത്തിനു ശേഷം ഈ മാതൃക ജനപ്രീതിയാർജിച്ചു വരുന്നുണ്ട്. എൻജിനീയറിങ് പാനലുകൾ ഉപയോഗിച്ചാണ് ഇത്തരം വീടുകളുടെ നിർമാണം. കാരണം, മേൽമണ്ണിന് ഇളക്കം തട്ടിയാൽ ഇവ നിലംപൊത്താനുള്ള സാധ്യതയേറെയാണ്. വീടിന്റെ ഭാരം എട്ടോ പത്തോ തൂണുകളിലൂടെ താഴേക്കു കൊണ്ടുവരുമ്പോൾ അതിനെ താങ്ങാനുള്ള കെൽപ് മണ്ണിനുണ്ടാകണം. കുട്ടനാട് ഉൾപ്പെടെ കേരളത്തിന്റെ തീരപ്രദേശങ്ങളിലുള്ള മണ്ണിന്റെ ഭാരം താങ്ങാനുള്ള കഴിവ് ഇടനാട്ടിലെക്കാൾ കുറവാണ്. ഒരു കോൺക്രീറ്റ് വീടിന്റെ എല്ലാവിധ സൗകര്യങ്ങളോടും കൂടി തന്നെ ഇത്തരം വീടുകൾ നിർമിക്കാവുന്നതാണ്. 

വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. വികസിത രാജ്യങ്ങളിൽ വീടുകൾക്ക് ഇൻഷുറൻസ് നിർബന്ധമാണ്. ഈ നയം കേരളത്തിലും പിന്തുടരണം.

English Summary:

Rain Havoc- House construction style need to be changed- Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com