ADVERTISEMENT

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് ഭവന പ്രതിസന്ധി രൂക്ഷമാണ്.  ചെറുതും വലുതുമായ താമസ സ്ഥലങ്ങൾ എല്ലായിടത്തും ലഭ്യമാണെങ്കിലും വരുമാനത്തിനും ആവശ്യത്തിനും ചേർന്നു പോകുന്ന ഒരു വീട് കണ്ടെത്തുക എന്നതാണ് പ്രയാസകരം. മുംബൈ, ബെംഗളൂരു പോലെയുള്ള ഇന്ത്യയിലെ വൻകിട നഗരങ്ങളിൽ യോജിച്ച ഒരു വീട് കണ്ടെത്തുന്നത് കോളേജ് അഡ്മിഷനോ ഉയർന്ന ജോലിയോ സമ്പാദിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്. എന്നാൽ ഇന്ത്യയിൽ മാത്രമല്ല താങ്ങാനാവുന്ന വിലയിൽ ഒരു വീട് കണ്ടെത്തുന്നതിൽ ലോകത്ത് എല്ലായിടത്തും ഇതേ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ഇത്തരത്തിൽ ഉയർന്ന ഭവന വില മൂലം ജീവിക്കാനാകാത്ത സാഹചര്യമുള്ള ലോകത്തിലെ പ്രധാന പത്ത് നഗരങ്ങളുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ആഗോളതലത്തിൽ ഭവന വില നിരീക്ഷിക്കുന്ന ഡെമോഗ്രാഫിക് ഇൻ്റർനാഷണൽ ഹൗസിങ് അഫോർഡബിലിറ്റി റിപ്പോർട്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 2023 ന്റെ അവസാന പാദത്തിൽ ശേഖരിച്ച ഡാറ്റകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടാണിത്. ഓസ്ട്രേലിയ, കാനഡ, ചൈന, അയർലൻഡ്, ന്യൂസിലൻഡ്, സിംഗപ്പൂർ, യുകെ, യുഎസ് എന്നിവിടങ്ങളിലെ 94 പ്രധാന പ്രദേശങ്ങളാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. ജനങ്ങളുടെ ശരാശരി വരുമാനവും ശരാശരി ഭവന വിലയും താരതമ്യപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ഈ റിപ്പോർട്ട് പ്രകാരം താങ്ങാനാവാത്ത ഭവന വിലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഹോങ്കോങ് നഗരമാണ്. ഓസ്ട്രേലിയയിലെ സിഡ്നിയാണ് രണ്ടാം സ്ഥാനത്തുള്ളത്. കാനഡയിലെ വാൻകൂവർ മൂന്നാം സ്ഥാനത്തും കലിഫോർണിയയിലെ സാൻഹൊസേ നാലാം സ്ഥാനത്തുമുണ്ട്. ലൊസാഞ്ചലസ്, ഹവായിലെ ഹോനോലുലു , ഓസ്ട്രേലിയയിലെ മെൽബൺ, സൻഫ്രാൻസിസ്കോ , ഓസ്ട്രേലിയയിലെ അഡിലേഡ്, സാൻഡിയാഗോ, ടൊറന്റോ എന്നിവയാണ് പട്ടികയിൽ ആദ്യപത്തിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റു നഗരങ്ങൾ.

വിലയുടെ കാര്യത്തിൽ ഈ പ്രതിസന്ധി നിലനിൽക്കുന്നതിന് ഒട്ടേറെ ഘടകങ്ങൾ ഉണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൊറോണ വ്യാപനത്തോടെ റിമോട്ട് വർക്കുകൾക്ക് പ്രാധാന്യം ഏറിയതോടെ വീട് സ്വന്തമാക്കുന്നവരുടെ എണ്ണം വർധിച്ചു. നഗര മേഖലകളിൽ മാത്രമല്ല പ്രാന്ത പ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും വരെ വീടുകൾക്ക് ആവശ്യക്കാർ ഏറി. അതിനനുസരിച്ച് വീടുകൾ ലഭ്യമല്ലാത്തതുമൂലം ഭവന വിലയും വർദ്ധിച്ചു. വൻലാഭം മുന്നിൽക്കണ്ട് നിക്ഷേപകർ റിയൽ എസ്റ്റേറ്റ് വിപണിയിലേക്ക് കൂടുതലായി എത്തിയതാണ് ഭവന വില വർധിച്ചതിൻ്റെ മറ്റൊരു കാരണം.

ചുരുങ്ങിയ കാലംകൊണ്ട് ഭവന വിലയിൽ കുത്തനെയുണ്ടായ ഈ വർധന മധ്യവർഗ്ഗക്കാരായ ജനങ്ങളെയാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടിൽ എടുത്തു പറയുന്നു. മുൻകാലങ്ങളിൽ വരുമാനത്തിൽ ഉണ്ടാകുന്ന വർധനയ്ക്ക് ആനുപാതികമായി ഭവന വിലയിൽ ക്രമാനുഗതമായ വ്യത്യാസമാണ് വന്നിരുന്നത്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ന്യൂസിലൻഡ് മോഡൽ പിന്തുടരണം എന്ന നിർദ്ദേശമാണ് പഠനസമിതി മുന്നോട്ടുവയ്ക്കുന്നത്. വർദ്ധിച്ചുവരുന്ന ഡിമാന്റിന് അനുസരിച്ച് ഭൂമി ലഭ്യത ഉറപ്പാക്കുന്നതിനുള്ള നയങ്ങളാണ് ന്യൂസിലൻഡ് സ്വീകരിച്ചിരിക്കുന്നത്. ഇതേ പാത പിന്തുടരാത്ത പക്ഷം ഭവന പ്രതിസന്ധി കൂടുതൽ രൂക്ഷമാകും എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അതേസമയം അമേരിക്കയിലെ പിറ്റ്സ്ബർഗ്, റോചസ്റ്റർ, സെൻ്റ് ലൂയിസ് നഗരങ്ങളും, കാനഡയിലെ എഡ്മൻ്റൺ, കാൽഗരി നഗരങ്ങളും,  യുകെയിലെ ബ്ലാക്ക്പൂൾ , ലങ്കാഷയർ ഗ്ലാസ്ഗൗ എന്നിവിടങ്ങളും, ഓസ്ട്രേലിയയിലെ പെർത്ത്, ബ്രിസ്ബേ ൻനഗരങ്ങളുമാണ് ആഗോളതലത്തിലെ കണക്കുകളിൽ താങ്ങാവുന്ന വിലയിൽ വീടുകൾ ലഭിക്കുന്ന പ്രധാന നഗരങ്ങൾ എന്നും പഠനത്തിൽ കണ്ടെത്തി. ചാപ്പ്മാൻ സർവ്വകലാശാലയിലെ സെൻ്റർ ഫോർ ഡെമോഗ്രാഫിക്സിലെ ഗവേഷകരും കാനഡയിലെ ഫ്രണ്ടിയർ സെന്റർ ഫോർ പബ്ലിക് പോളിസിയിലെ പ്രതിനിധികളും ചേർന്നാണ് ഗവേഷണം നടത്തിയത്.

English Summary:

Unaffordable real estate-high cost of living

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com