മതിലിടിഞ്ഞു വീണ് അപകടം; മാറണ്ടേ നമ്മുടെ മതിൽ സംസ്കാരം?
Mail This Article
വാസ്തവത്തിൽ ഈ മതിലുകൾക്ക് ബലമുണ്ടോ?
സത്യം പറഞ്ഞാൽ ഇല്ല.
എന്താണ് കാരണം?
മതിലുകൾ അതിന്റെ ദൗത്യം കൊണ്ടുതന്നെ ഒരുതരം സമാധാനത്തിനുവേണ്ടിയുള്ള നിർമിതിയാണ്.
എന്താണ് ആ സമാധാനം?
അതിർത്തി നിർണയനിർമിതി എന്ന അർഥത്തിൽ മാത്രമാണ് മതിലിന്റെ പ്രസക്തി. അതാണതിന്റെ സമാധാനവും. കാലാന്തരത്തിൽ പറഞ്ഞ് പറഞ്ഞാണ് മതിലിന് 'ബലം' വന്നത്.
അതിർത്തിക്കപ്പുറമിപ്പുറംനിന്ന് മതിലിൽതൊട്ട് തലമാത്രം പരസ്പരം കണ്ട് വർത്തമാനം പറയാം.പക്ഷേ ഒരു കാര്യമുണ്ട്. മതിലിൽ ചാരിനിന്ന് ഒരിക്കലും വർത്തമാനം പറയരുത്.എന്തുകൊണ്ട് ? ഒരാൾ മതിലിൽ ചാരിയാൽ അതിന് തുല്യമായ ബലം മറുഭാഗത്തു നിന്ന് എതിർദിശയിലേക്ക് പ്രയോഗിച്ചില്ലെങ്കിൽ ആ മതിൽ അപ്പുറത്തുള്ള താരതമ്യേന ദുർബലനായ ആളുടെ ഭാഗത്തേക്ക് വീഴാം.
ഇനി അഥവാ മതിലിൽ ചാരിയാലും മറുഭാഗത്ത് തുല്യമായ ബലം പ്രയോഗിച്ചില്ലെങ്കിലും എന്തുകൊണ്ടായിരിക്കാം മതിലുകൾ വീഴാത്തത് ?
കാരണം ലളിതം; മതിലിന്റെ തനത് ഭാരം നമ്മൾ പ്രയോഗിക്കുന്ന ബലത്തേക്കാൾ കൂടുതലായതുകൊണ്ടും കട്ടകൾ പരസ്പരം ഒട്ടിച്ച് നീളത്തിലുള്ള ഒറ്റ വസ്തുവായി മാറിയതിനാലും ഇടവിട്ട് തൂണുകൾ നിർമിക്കുന്നതിനാലുമാണ് മതിലുകൾ സുരക്ഷിതമായി തൽക്കാലം നിൽക്കുന്നത്.
ഇനി ഏത് സമയത്തും മതിലിന്റെ തനത് ഭാരം നമ്മൾ കൊടുക്കുന്ന ഭാരത്തേക്കാൾ അധികമായി സുരക്ഷിതമായി പ്രവൃത്തിക്കുമോ?
ഇല്ല. ഏത് മതിലും കാലാന്തരത്തിൽ അതിന്റെ കട്ടകൾക്കിടയിൽ പരസ്പരം ബന്ധിപ്പിക്കാൻ തേച്ചിരിക്കുന്ന ചാന്ത് അഥവാ മോർട്ടർ ദുർബലമാവാം. മതിലിന് വിള്ളലുകൾ വരാം. ആ സമയം ഏറ്റവും ദുർബലമായ ബലംപോലും അതായത് കാറ്റ്, തൊട്ടടുത്ത പാതയിലൂടെ പോകുന്ന വാഹനങ്ങൾ, ഭൂമിയിലുണ്ടാക്കുന്ന കമ്പനം, വെള്ളപ്പൊക്കത്തിൽ നിന്നുള്ള ശക്തമായ ഒഴുക്ക്, ഇതൊന്നും താങ്ങാനാവാതെ മതിലുകൾ നിലംപതിച്ചെന്നുവരാം.
എന്തിന് വലിയൊരു ശബ്ദം പോലും താങ്ങാൻ ചിലനേരം മതിലിന് കഴിയണമെന്നില്ല. വസ്തുത ഇതായിരിക്കെ എന്തുകൊണ്ടായിരിക്കാം നാം മതിലിനെ ഇത്രകണ്ട് അകമഴിഞ്ഞ് വിശ്വസിക്കുന്നത് ?
അതിന്റെ കാരണമറിയാൻ ലേശം മതിൽ ചരിത്രം അറിയണം.
നമ്മുടെ മിക്കവരുടെയും മനസ്സിലെ മതിൽചിത്രം, വലിയ വീടുകൾക്ക് ചുറ്റുമുള്ള വൻമതിലുകളുടേതാണ്. കൊട്ടാരം, മന, നാലുകെട്ട് തുടങ്ങിയവക്ക് ചുറ്റുമുള്ള മതിലുകൾ, ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ പണിത ചക്രവർത്തിമാരുടെ കോട്ട മതിലുകൾ, ക്ഷേത്രങ്ങൾക്കുചുറ്റും സ്ഥാപിച്ചിരിക്കുന്ന മതിലുകൾ, ചൈനയിലെ വൻമതിൽ, ജർമനിയെ ഏകദേശം അമ്പതു വർഷം വിഭജിച്ച് വേർതിരിച്ച ജർമൻ മതിൽ, ഇസ്രായേൽ അതിർത്തിയിൽ പണിതിരിക്കുന്ന മതിൽ... ഇങ്ങനെ നമ്മെ സ്വാധീനിച്ച മതിലുകളുടെ പട്ടിക നീളും.
സാധാരണ മനുഷ്യർ അവരുടെ വീടുകൾക്ക് ചുറ്റും കാലങ്ങളായി നിർമിച്ചിരുന്നത് വേലികളായിരുന്നുവല്ലോ. ഇത്തരം ജൈവസമൃദ്ധിയുള്ള വേലികൾ കേരളത്തിൽ നിന്ന് എന്നോ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇന്നുള്ളത് കൂറ്റൻ മതിലുകളുടെ ചെറുപതിപ്പുകളാണ്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ ചെറുമാതൃകയാണെന്ന തെറ്റിദ്ധാരണയിലാണ് നാം നമ്മുടെ വീടിന് ചുറ്റും മതിലുകൾ പണിതുവയ്ക്കുന്നത്. ശതുക്കളിൽ നിന്ന് അയൽപക്ക നോട്ടങ്ങളിൽ നിന്ന് കള്ളൻമാരിൽ നിന്ന് അതിർത്തി തർക്കങ്ങളിൽ നിന്ന് ഇഴജന്തുക്കളിൽ നിന്ന് രക്ഷനേടുക എന്നതാണ് ഉദേശ്യമെങ്കിലും ചിലർ ആഢംബരമായും അഭിമാനമായും മതിലിനെ കാണുന്നുമുണ്ട്.
എങ്കിലും പല കാരണങ്ങളാൽ അബദ്ധ നിർമിതിയാണ് മതിലുകൾ. കാരണം അതിന്റെ നിർമിതിതന്നെ ശാസ്ത്രീയമല്ല. അടിത്തറക്ക് മുകളിൽ 4, 6, 8 ഇഞ്ച് വീതിയിലാണ് നമ്മുടെ മിക്ക മതിൽ നിർമാണവും. ഏകദേശം നാലടി പൊക്കംവരെ പത്തടി ഇടവിട്ട് തൂണുകളോടുംകൂടി പണിതാൽ ഇത്തരം മതിലുകൾ സുരക്ഷിതമാണെന്ന് തീർത്തങ്ങ് പറയാനാവില്ലെങ്കിലും കേവല സുരക്ഷിതത്വം അവകാശപ്പെടാവുന്നതാണ്.
ഉയരം കൂടുന്തോറും മതിലിന്റെ ബലം കുറഞ്ഞ് വരും. കാരണം മതിലിന്റെ പാദം ആവശ്യത്തിന് വീതിയില്ലാതിരിക്കുകയും മുകളിലേക്ക് അതേ വീതിയിൽ കെട്ടിപൊക്കുകയും ചെയ്തെങ്കിൽ ഏത് മതിലിനും ഉറപ്പുണ്ടാവില്ല. അതായത് മതിൽ നിർമാണ സാമഗ്രികളുടെ ഭാരവും വീതിയും കൂടുന്തോറും മതിലിന് ബലം കൂടുമെന്നർഥം. പക്ഷേ നമ്മുടെ വീടുകൾക്ക് ചുറ്റുമുള്ള ഇപ്പോഴത്തെ നാലിഞ്ച് കനമുള്ള മതിലുകൾ തിരശ്ചീനമായ ബലങ്ങളെ പ്രതിരോധിക്കാൻ ആവതില്ലാത്തതാണ്. കാരണം കേരളത്തിലെ മതിലുകളുടെ വീതി അത്രയും നേർത്തുപോയിട്ടുണ്ട്. ഇത്രയും നേർത്ത മതിലുകൾ ബ്രിക്കുപയോഗിച്ച് ചെയ്യുന്നതും സുരക്ഷിതത്വത്തിന് ഭീഷണിയാണ്.
അങ്ങനെയെങ്കിൽ മതിൽ ഭിത്തി ഉറപ്പില്ലാത്തിരിക്കുകയും നമ്മുടെ വീടുകൾക്ക് പണിയുന്ന ഭിത്തി ഉറപ്പോടെ നിൽക്കുകയും ചെയ്യുന്നത് എന്ത് കൊണ്ടാവും?
വീടിന്റെ ഭിത്തികളുടെ നീളം കുറഞ്ഞിരിക്കുന്നതും അതിൽ കോർണറുകളുണ്ടാവുന്നതും ജംഗ്ഷനുകളുണ്ടാവുന്നതും അതിനൊക്കെ ഉപരിയായി ഭിത്തിക്കുമുകളിൽ കോൺക്രീറ്റ് സ്ലാബുണ്ടാവുന്നതും ഓരോ ഭിത്തികളുടെയും തീരശ്ചീനമായ ബലപ്രതിരോധം കൂട്ടുന്നുണ്ട്. അടിത്തറക്ക് മുകളിൽ സ്വതന്ത്രമായി നിൽക്കുന്ന സാമ്പ്രദായിക മതിലുകളിൽ മേൽപറഞ്ഞ ഘടകങ്ങളൊന്നുമില്ലല്ലോ.വാഹനങ്ങളുടെ ധാരാളിത്തമുള്ളതിനാലും ശക്തമായ മഴ പെയ്യുന്നതിനാലും വെള്ളപൊക്കമുണ്ടാവുന്നതിനാലും പരമ്പരാഗത മതിലുകൾക്ക് അപകട സാധ്യത ഏറെയാണ്.
എന്താണ് പോംവഴി?
മതിലുകൾ നിർമിക്കുന്ന രീതി മാറ്റണം. ഫ്രെയിം സ്ട്രക്ചർ രീതിയിൽ കോൺക്രീറ്റ് തൂണുകളും പരസ്പരം ബന്ധിപ്പിക്കുന്ന ബീമുകളും നിർമിക്കുക. ശേഷം തൂണുകൾക്കിടയിലുള്ള ഭാഗത്ത് കട്ടകൾ കൊണ്ടോ മറ്റെന്തെങ്കിലും വസ്തുക്കൾ ഉപയോഗിച്ചോ തൂണുകളെ ബന്ധിപ്പിക്കുക. കോൺക്രീറ്റ് ഫ്രെയിം സ്ട്രക്ചർ രീതിയിലായിരിക്കണം ഇനി കേരളത്തിലെ ഏതൊരു മതിലും പണിയേണ്ടത് എന്നാണ് പറഞ്ഞുവരുന്നത്. കാരണം ഇത്തരം മതിലുകൾ ഒരിക്കലും മറിഞ്ഞ് വീണ് അപകടങ്ങളുണ്ടാക്കില്ല. ചെലവ് ലേശം കൂടുമെങ്കിലും കൂടുതൽ കാലം ഈട് നിൽക്കും എന്നതാണ് മെച്ചം.
മതിലുകൾ ഇല്ലാതിരിക്കലാണ് മറ്റെന്തിനേക്കാളും മെച്ചം എന്ന് മനസിലാവാൻ കുറച്ചുസമയം നമുക്ക് കാത്തിരിക്കേണ്ടിവരുമെന്നതിനാൽ ഇപ്പോളത് പറഞ്ഞിട്ട് കാര്യമൊന്നുമില്ലല്ലോ.കാരണം ഇത്രയും മതിലുകളുണ്ടാവുന്നത് മലയാളിയുടെ അരക്ഷിത മനസിന്റെ സൂചനയാണെന്ന് പറഞ്ഞാലും അത് തെറ്റാവില്ലെന്ന് തോന്നുന്നു.