ADVERTISEMENT

അതിരും മതിലും വഴിയുമെല്ലാം എല്ലാക്കാലത്തും മനുഷ്യർ തമ്മിലുള്ള  വഴക്കുകൾക്കും തർക്കങ്ങൾക്കുമുള്ള പ്രധാനവിഷയമാണ്. വാക്കേറ്റത്തിൽ തുടങ്ങി കൊലപാതകത്തിൽ ചെന്നവസാനിച്ച സംഭവങ്ങൾ നിരവധിയുണ്ട്.  കേരളത്തിലാണെങ്കിലും മഹാരാഷ്ട്രയിലാണെങ്കിലും സ്ഥിതി വ്യത്യസ്തമല്ല.

പുണെയിലെ രണ്ട് റസിഡൻഷ്യൽ സൊസൈറ്റികളിൽ താമസിക്കുന്നവർ ചേരിതിരിഞ്ഞ് നടത്തിയ അത്തരം ഒരു വഴക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പൊതുമതിലിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് ഇരുകൂട്ടരും പരസ്പരം കല്ലേറ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

ദാൽവി നഗറിലുള്ള പ്രിസ്റ്റൈൻ പസഫിക് സൊസൈറ്റിയിലാണ് സംഭവം. രണ്ട് റസിഡൻഷ്യൽ സൊസൈറ്റികൾക്കും ഇടയിലുള്ള മതിലിനെ ചൊല്ലിയുള്ള തർക്കമാണ് പരസ്പരമുള്ള കല്ലെറിയലിൽ കലാശിച്ചതെന്നാണ് വിവരം. സംഘം തിരിഞ്ഞ് തുടങ്ങിയ വാക്പോര് ചുരുങ്ങിയ സമയത്തിനുള്ളിൽ കല്ലേറിൽ കലാശിക്കുകയായിരുന്നു.  ഒരുകെട്ടിടത്തിലെ ആളുകൾ അതിനുള്ളിൽ നിന്നുകൊണ്ടും മറ്റൊരു വിഭാഗം മതിലിനു വെളിയിൽ നിന്നുകൊണ്ടും പരസ്പരം കല്ലെറിയുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരുഘട്ടത്തിൽ കയ്യിൽ കിട്ടിയ പാഴ്വസ്തുക്കളും  എതിർപക്ഷത്തുള്ളവർക്ക് നേർക്ക് ഇവർ എറിഞ്ഞു തുടങ്ങി. 

എക്സിലൂടെ പുറത്തുവന്ന ദൃശ്യങ്ങൾ ഒരുലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടത്.  സാമാന്യബോധമില്ലാതെ പെരുമാറുന്ന ഇരുഹൗസിങ് സൊസൈറ്റികളിലെയും ആളുകളെ വിമർശിച്ചുകൊണ്ടാണ് പൊതുജനങ്ങൾ കമന്റ് ബോക്സിലൂടെ പ്രതികരണങ്ങൾ അറിയിക്കുന്നത്. പുരോഗമിച്ച ഒരു സമൂഹത്തിൽ ജീവിക്കുന്ന ആളുകൾക്ക് എങ്ങനെ ഇത്തരത്തിൽ പെരുമാറാൻ സാധിക്കുന്നു എന്ന അദ്‌ഭുതം  ഭൂരിഭാഗം ആളുകളും പ്രകടിപ്പിക്കുന്നു. 

ഒരു മതിലിനെ ചൊല്ലി ഇരുവിഭാഗങ്ങൾ  തമ്മിൽ ഇത്രയധികം ശത്രുത ഉണ്ടെങ്കിൽ അത് പൊളിച്ചു നീക്കി പരിഹാരം കാണാൻ ആരും ശ്രമിക്കാത്തതെന്താണെന്ന് ചിന്തിക്കുന്നവരും കുറവല്ല. ഇവർക്കിടയിൽ വെറുമൊരു മതിൽ നിർമിച്ചാൽ പോരെന്നും ചൈന വൻമതിൽ പോലെ ഒന്നെങ്കിലും നിർമിക്കേണ്ടി വരുമെന്നുമാണ് രസകരമായ മറ്റൊരു കമന്റ്.

English Summary:

Residents stone pelting over compound wall- video viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com