ADVERTISEMENT

രാജസ്ഥാനിലെ ഭരത്പുർ ജില്ലയിൽ നാഗ്ലബന്ദ് എന്നൊരു ഗ്രാമമുണ്ട്. ഈ ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം പൂർവിക പാരമ്പര്യം കാത്തുസൂക്ഷിക്കുക എന്നത് ഇവരുടെ ജീവിതചര്യയുടെ ഭാഗമാണ്. മുൻതലമുറക്കാരുടെ ഓർമയ്ക്കായി പലതും ഇവർ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് മറ്റെങ്ങും കാണാനാവാത്ത പ്രത്യേകതരം കട്ടിലുകൾ.

പരമ്പരാഗത ശൈലിയിൽ നെയ്തെടുത്ത ഈ കട്ടിലുകൾ ഗ്രാമവാസികൾക്കിടയിൽ 'ചാർപോയ്' എന്നാണ് അറിയപ്പെടുന്നത്. അസാധാരണമായ വലുപ്പമാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. ഒരേസമയം എട്ടുപേർക്ക് കിടക്കാവുന്നത്ര വിശാലമാണ് ഇവ.

നാഗ്ലബന്ദ് ഗ്രാമത്തിൽ ആകെ 125 വീടുകളാണുള്ളത്. എന്നാൽ ഗ്രാമത്തിലെ എല്ലാ ആളുകളും ഒരേകുടുംബത്തിലെ അംഗങ്ങളാണ് എന്നതാണ് മറ്റൊരു കൗതുകം. ഇവരുടെ പൂർവികരിൽ ഒരാളായ ചന്ദേ കസനയാണ് ഈ കട്ടിലുകൾ നിർമിച്ചത്. ഈ കുടുംബം യഥാർഥത്തിൽ ബായന എന്ന പ്രദേശത്തു നിന്നുള്ളവരാണ്. വലിയ കുടുംബമായതിനാൽ അതിലെ അംഗങ്ങളെല്ലാം സാഹോദര്യത്തോടെ കഴിയണമെന്നത് ചന്ദേ കസനയ്ക്ക്  നിർബന്ധമായിരുന്നു. ഈ ലക്ഷ്യവുമായാണ് കുടുംബാംഗങ്ങൾ എല്ലാം ഉൾപ്പെടുന്ന ഒരു ഗ്രാമം നിർമിക്കാനായി അദ്ദേഹം നാഗ്ല ബന്ദിലെത്തിയത്. ഇവിടെ താമസം ആരംഭിച്ചതോടെ ഗ്രാമവാസികൾ അദ്ദേഹത്തെ പ്രദേശത്തിന്റെ നേതാവാക്കുകയും ചെയ്തിരുന്നു. 

1920 ൽ തന്റെ ആറുമക്കൾക്കും ചന്ദേ കസന ഓരോ ചാർപോയകൾ  സമ്മാനമായി നൽകി. 300 കിലോഗ്രാമായിരുന്നു ഭാരം. നൂറു വർഷങ്ങൾക്ക് ശേഷവും അദ്ദേഹത്തിൻ്റെ മക്കളുടെ വീട്ടിൽ അവ അതേപോലെ നിലനിൽക്കുന്നു. പൂർവികരുടെ ഓർമ നിലനിർത്താനായി വീട്ടുകാർ അവ നിധി പോലെ സൂക്ഷിച്ചുപോരുകയാണ്. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും യാതൊരുവിധത്തിലുള്ള ബലക്ഷയവും കട്ടിലുകൾക്ക് സംഭവിച്ചിട്ടില്ല എന്നതാണ് പ്രത്യേകത. ഏഴോ എട്ടോ പേർക്ക് സുഖമായി ഇപ്പോഴും അവയിൽ കിടക്കാം.

കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരസ്നേഹം നിലനിർത്തണമെന്ന ചന്ദേയുടെ ആഗ്രഹം അദ്ദേഹം മൺമറഞ്ഞിട്ടും പിൻതലമുറക്കാർ മറന്നിട്ടില്ല. അദ്ദേഹത്തിന്റെ മക്കളുടെയും ബന്ധുക്കളുടെയും കുടുംബങ്ങൾ അങ്ങേയറ്റം സ്നേഹത്തോടെ ഒരുനൂറ്റാണ്ടിലേറെയായി ഇവിടെ കഴിയുന്നു. ചന്ദേ കസന നിർമിച്ച കിടക്കകൾ തന്നെയാണ് ഇന്ന് ഈ ഗ്രാമത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയിരിക്കുന്നത്. ഇവ കാണാനായി മാത്രം ദൂരെ ദിക്കുകളിൽ നിന്നുപോലും ആളുകൾ ഗ്രാമത്തിലെത്തുന്നു. ഇത്ര കാലംകഴിഞ്ഞിട്ടും  പല തലമുറ മാറിമാറി ഉപയോഗിച്ചിട്ടും യാതൊരുവിധ കേടുപാടുകളുമില്ലാതെ കട്ടിലുകൾ അതേപടി നിലനിൽക്കുന്നതിലെ ആശ്ചര്യമാണ് സന്ദർശകർ  പങ്കുവയ്ക്കുന്നത്.

English Summary:

Rajasthan Village Preserve Huge Charpoys as Tradition- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com