ദുരിതപ്പേമാരി: വെള്ളവും ചെളിയും കയറിയ വീടുകളിലേക്ക് തിരികെയെത്തുമ്പോൾ ഇവ ശ്രദ്ധിക്കുക
Mail This Article
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിന്റെ ഭീതിയിൽനിന്ന് ആളുകൾ ഇതുവരെ മുക്തമായിട്ടില്ല. നിരവധി മനുഷ്യജീവനുകൾ, വീടുകൾ എല്ലാം നഷ്ടമായി. രക്ഷാപ്രവർത്തനം അതിന്റെ അവസാനഘട്ടത്തിലാണ്. അതേസമയം പെരുമഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തുടനീളം നാശംവിതയ്ക്കുന്നുണ്ട്. താഴ്ന്ന പ്രദേശത്തുള്ള നിരവധി വീടുകളിൽ വെള്ളംകയറി. നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നു. വെള്ളം ഇറങ്ങിത്തുടങ്ങുമ്പോൾത്തന്നെ വീട്ടിലേക്ക് മടങ്ങാനുള്ള വെപ്രാളത്തിലാണ് പലരും.എന്നാൽ വെള്ളവും ചെളിയും കയറിയ വീടുകളിലേക്ക് തിരികെയെത്തുമ്പോൾ ശ്രദ്ധിക്കാനേറെയുണ്ട്.
∙വൈദ്യുതഷോക്ക്, പാമ്പുകൾ മറ്റ് ഇഴജന്തുക്കൾ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ചെരിപ്പു ധരിച്ചു കയറുക.
∙അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കിയ ശേഷം മാത്രം താമസിക്കുക.
∙വെള്ളം കയറിയ കിണറുകളും മറ്റും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു ശുദ്ധീകരിക്കുക.
∙ശുചിമുറി മാലിന്യ ടാങ്ക് വെള്ളപ്പൊക്കത്തിൽ തകർന്നിട്ടില്ലെന്നും മാലിന്യം വെള്ളത്തിൽ കലർന്നിട്ടില്ലെന്നും ഉറപ്പുവരുത്തുക.
∙പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ, ഗ്ലാസുകൾ എന്നിവ തിളപ്പിച്ച വെള്ളത്തിലോ 1% ക്ലോറിൻ ലായനിയിലോ 20–30 മിനിറ്റ് കഴുകിയ ശേഷം ഉപയോഗിക്കുക.
∙കൊതുക് പെരുകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
∙തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
കിണറ്റിലെ വെള്ളം ശുചീകരിക്കാൻ
സാധാരണ ക്ലോറിനേഷൻ നടത്താൻ 1000 ലീറ്ററിന് 2.5 ഗ്രാം ബ്ലീച്ചിങ് പൗഡർ വേണ്ടിവരും. ഇതു കുറച്ചു വെള്ളത്തിൽ കലക്കി കുഴമ്പു പരുവത്തിലാക്കിയ ശേഷം ഈ കുഴമ്പ് ബക്കറ്റിൽ നിറയെ വെള്ളത്തോടൊപ്പം കലക്കുക. 10 മിനിറ്റ് അനക്കാതെ വയ്ക്കുക. അപ്പോൾ ലായനിയിലെ അടിത്തട്ടിൽ ചുണ്ണാമ്പ് അടിയുകയും മുകളിലെ വെള്ളത്തിൽ ക്ലോറിൻ നന്നായി കലരുകയും ചെയ്യും. ഈ ബക്കറ്റ് കിണറിന്റെ അടിത്തട്ടു വരെ ഇറക്കി, തുടരെ പൊക്കുകയും താഴ്ത്തുകയും ചെയ്യുക. ഒരു മണിക്കൂർ കഴിഞ്ഞ ശേഷം മാത്രമേ വെള്ളം ഉപയോഗിക്കാവൂ.
വെള്ളത്തിനു ക്ലോറിന്റെ നേരിയ ഗന്ധം വേണം. അതാണു ശരിയായ അളവ്. ഗന്ധമില്ലെങ്കിൽ അൽപം കൂടി ബ്ലീച്ചിങ് പൗഡർ ഒഴിക്കുക. ക്ലോറിൻ മണം ഒരു ദിവസത്തിനു ശേഷം കുറയും. വെള്ളത്തിന്റെ അരുചി അൽപനേരം തുറന്നു വച്ചാൽ മാറും. കലക്കുവെള്ളം സാവധാനം തെളിയാനായി കാത്തിരിക്കുന്നതാണു നല്ലത്.
വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ
∙മീറ്റർ, സ്വിച്ച്, പ്ലഗ് എന്നിവയിലൊക്കെ വെള്ളവും ചെളിയും കയറിയിരിക്കുന്നതിനാൽ വൈദ്യുതി പ്രവഹിക്കുമ്പോൾ ഷോർട്സർക്യൂട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്.
∙വീടിന്റെ പരിസരത്തു സർവീസ് വയർ, ലൈൻ കമ്പി, എർത്ത് കമ്പി എന്നിവ പൊട്ടിയ നിലയിൽ കണ്ടാൽ സ്പർശിക്കരുത്. ഉടൻ വൈദ്യുതി ബോർഡ് ഓഫിസിൽ അറിയിക്കണം.
∙മീറ്ററിനോടു ചേര്‍ന്നുള്ള ഫ്യൂസ് ഊരിമാറ്റി മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷമേ വീടു ശുചിയാക്കി തുടങ്ങാവൂ.
∙ഇൻവെര്‍ട്ടർ, സോളർ പാനൽ എന്നിവ ഉള്ളവർ അത് ഓഫ് ചെയ്ത് ബാറ്ററിയുമായി കണക്ഷൻ വേർപെടുത്തണം.
∙എർത്ത് ഇലക്ട്രോഡിന്റെ സ്ഥിതി പരിശോധിച്ചു സുരക്ഷിതത്വം ഉറപ്പാക്കണം.
∙വെള്ളം ഇറങ്ങിയാലും വയറിങ് പൈപ്പിനുള്ളിൽ വെള്ളം നിൽക്കാൻ സാധ്യതയുണ്ട്. ഇതും ഷോർട് സർക്യൂട്ടിനു കാരണമായേക്കാം.