സഹോദരങ്ങൾ ഒരുമിച്ച് വീടുകൾ പണിതു: വിവാഹശേഷം ആരോ ഒരാൾ 'പാലംവലിച്ചു'; കാര്യങ്ങൾ തകിടംമറിഞ്ഞു; അനുഭവം
Mail This Article
അടുത്തിടെ സമൂഹമാധ്യമഗ്രൂപ്പിൽ വന്ന ഒരു ചോദ്യം (പോസ്റ്റ്) ഇങ്ങനെ:
മുകളിൽ ജ്യേഷ്ഠന് താമസിക്കാനും, താഴെ തനിക്കുമായി രണ്ടു വീടുകൾ ഒരുമിച്ച് പണിയുന്നതിൽ അപാകതയുണ്ടോ...?
ഈ പോസ്റ്റിന് താഴെ വന്ന അനേകം കമന്റുകളിൽ ഒന്നിങ്ങനെ:
നിങ്ങൾ രണ്ടുപേരും ജീവിതകാലം മുഴുവൻ അവിവാഹിതരായി കഴിയാനാണ് ഉദ്ദേശ്യമെങ്കിൽ ഈ തീരുമാനം ബെസ്റ്റ്. അല്ലാ എങ്കിൽ...
***
ഇനി വിഷയത്തിലേക്ക് വരാം:
എൻ്റെ അടുത്ത പ്രദേശത്ത് ഒരു പ്ലോട്ടിൽ രണ്ടു സഹോദരൻമാർ അടുത്തടുത്ത് ഒരേപോലുള്ള രണ്ടു വീടുകൾ പണിതിട്ടുണ്ട്. വീട്ടിൽ നിന്നും അങ്ങോട്ടുമിങ്ങോട്ടും വീട്ടുകാർക്ക് പാസ് ചെയ്യാൻ (റോഡ് ക്രോസ് ചെയ്യുന്ന ഓവർപാസ് ഫുട്ബ്രിഡ്ജ് പോലെ) മനോഹരമായ ഒരു പാലവും പണിതിട്ടുണ്ട്. ഈ വീട് ഞങ്ങൾ പ്രദേശവാസികൾകെല്ലാം ഒരു കൗതുകമായിരുന്നു. ദുബായിൽ ജോലി ചെയ്യുന്ന സഹോദരങ്ങളുടെ വിവാഹവും ഈ വീടുകളിൽ വച്ച് ഒന്നിച്ചാണ് നടന്നത്.
പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ഈ വീടിൻ്റെ പരിസരത്തുകൂടെ യാത്ര ചെയ്തത്. അപ്പോൾ കണ്ടത് രണ്ട് വീടുകളിലെ ഒരു വീട് പൊളിച്ചു കളഞ്ഞ് തൊട്ടപ്പുറത്ത് മനോഹരമായ മറ്റൊരു വീട് പണിതതാണ്. മറ്റേ വീട് ആകെപ്പാടെ പായലും പൂപ്പലും വന്ന് വൃത്തികേടായി കിടക്കുന്നു.
കാര്യമന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് വിവാഹശേഷം അധികം വൈകാതെ സഹോദരങ്ങൾക്കിടയിൽ എന്തൊ പ്രശ്നമുണ്ടായി എന്നും, അവർ തമ്മിൽ തെറ്റിയപ്പോൾ വാശിപ്പുറത്ത് അതിലൊരാൾ അയാളുടെ വീട് പൊളിച്ചുമാറ്റി പുതിയതൊരണ്ണം പണിതു എന്നുമാണ്.
നോക്കൂ:
അവർ വീടു പണിയുമ്പോൾ പലരും ഉപദേശിച്ചിരുന്നുവത്രെ; ഇത് വേണ്ട, ഭാവിയിൽ പ്രശ്നമാകും എന്ന്. സഹോദര ബന്ധത്തിൻ്റെ ആഴംകൊണ്ടായിരിക്കാം തൊട്ടുരുമ്മി ഒരുപോലുള്ള രണ്ടു വീടുകൾ അവർ പണിതതും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും എളുപ്പത്തിൽ പോയി വരാനായി രണ്ട് വീടുകളേയും ബന്ധിപ്പിക്കുന്ന ഒരു പാലം തന്നെ പണിതതും.
നിർഭാഗ്യവശാൽ ഇതിലാരോ ഒരാൾ (അല്ലെങ്കിൽ ആരോ ഒരാളുടെ ഭാര്യ) പാലം വലിച്ചപ്പോൾ സഹോദര ബന്ധവും വീടും പൊളിഞ്ഞു വീണു.
പുതിയകാലത്ത് ബന്ധങ്ങൾ നിലനിൽക്കാൻ ഒരു കയ്യകലം നല്ലതാണ്. ഇതുപോലുള്ള വീടുകൾ പണിയാൻ ഉദ്ദേശിക്കുന്നവർക്ക് ഈ സംഭവം നല്ലൊരു പാഠമാണ്!
വാൽകഷ്ണം- അടുത്തടുത്ത് വീടുകൾ വച്ച് നല്ല സഹകരണത്തിൽ ജീവിക്കുന്ന സഹോദരങ്ങളെയും എനിക്കറിയാം. പുതിയകാലത്ത് ഇതിലെ റിസ്ക് എലമെന്റ് പറഞ്ഞുവെന്ന് മാത്രം.