ADVERTISEMENT

ജപ്പാനിലെ ഏറെ വൃത്തിഹീനമായ ഒരു വീട് വൃത്തിയാക്കാനായി ഉടമ വിളിച്ചതിനെത്തുടർന്ന് എത്തിയതായിരുന്നു ഒരു സംഘം ക്ലീനിങ് പ്രൊഫഷനലുകൾ. ദുർഗന്ധം വമിക്കുന്ന അവസ്ഥയിലുള്ള വീട് വൃത്തിയാക്കുന്നതിനിടെ  ഇവർ കണ്ടെത്തിയതാകട്ടെ കുടുംബാംഗങ്ങളിൽ ഒരാളുടെ അസ്ഥികൂടവും. ജപ്പാനിലെ ക്യോട്ടോയിലാണ് സംഭവം. 

നാലു കിടപ്പുമുറികളുള്ള വീട്ടിൽ തനിച്ചു താമസിക്കുന്ന യുവാവാണ് അത് വൃത്തിയാക്കാനായി പ്രൊഫഷനലുകളുടെ സഹായം തേടിയത്. യുവാവും മാതാപിതാക്കളും സഹോദരിയും കാലങ്ങളായി ഇവിടെയാണ് കഴിഞ്ഞിരുന്നത്. എന്നാൽ പത്തു വർഷങ്ങൾക്കു മുൻപ് ഈ വീട്ടിലെ  ഗൃഹനാഥയെ കാണാതായിരുന്നു. ഏതാനും വർഷങ്ങൾക്കു ശേഷം യുവാവിന്റെ പിതാവും മരണപ്പെട്ടു. കുറച്ചുകാലങ്ങൾക്കു മുൻപ് ജോലി ആവശ്യത്തിനായി സഹോദരിയും വീടുവിട്ടു പോയതിനു ശേഷം യുവാവ് തനിച്ചായിരുന്നു ഇവിടെ താമസം.

എന്നാലിപ്പോൾ ജോലി ലഭിച്ചതോടെ മറ്റൊരിടത്തേക്ക് മാറി താമസിക്കേണ്ട സാഹചര്യത്തിലാണ് വീട് വൃത്തിയാക്കാൻ പ്രൊഫഷനലുകളെ സമീപിക്കാം എന്ന് യുവാവ് തീരുമാനിച്ചത്. എട്ട് ജോലിക്കാർ ക്ലീനിങിനായി വീട്ടിൽ എത്തുകയും ചെയ്തു. ഏഴുമണിക്കൂർകൊണ്ട് ജോലി പൂർത്തിയാക്കാം എന്നായിരുന്നു ഇവരുടെ ധാരണ. വൃത്തിയാക്കലിനിറങ്ങി മൂന്നാം മണിക്കൂറിലാണ് ഭയാനകമായ കാഴ്ച അവർ കണ്ടത്. വീടിന്റെ ഒരു ഭാഗത്ത് കിടന്നിരുന്ന പഴയ ബ്ലാങ്കറ്റുകളും കിടക്കകളും എടുത്തുമാറ്റുന്നതിനിടെ അതിനടിയിൽ മനുഷ്യന്റെ എല്ലുകൾ കണ്ടെത്തുകയായിരുന്നു. തുടക്കത്തിൽ കൃത്രിമ വസ്തുക്കളാണെന്ന് കരുതിയെങ്കിലും ഒടുവിൽ അത് യഥാർത്ഥ എല്ലുകളാണെന്ന് മനസ്സിലായതോടെ ജോലിക്കാർ ഇക്കാര്യം വീട്ടുടമയെ അറിയിച്ചു.

ഇത്രയും കാലം താൻ കഴിഞ്ഞ വീടിനുള്ളിൽ ഇത്തരമൊരു അസ്ഥികൂടം ഉണ്ടായിരുന്നു എന്നറിഞ്ഞ യുവാവ് അമ്പരന്നുപോയി. ഒരുപക്ഷേ തന്റെ അമ്മയുടെ അസ്ഥികൂടമായിരിക്കാം അതെന്ന് കരുതിയ യുവാവ് ഉടൻതന്നെ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അത് യുവാവിന്റെ അമ്മ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. പൊതുവേ ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു അമ്മയ്ക്കെന്നും വീടുവിട്ടു പോവുകയും രണ്ടോ മൂന്നോ ദിവസത്തിനു ശേഷം മടങ്ങിയെത്തുകയും ചെയ്യുന്നത് പതിവായിരുന്നു എന്നും യുവാവ് പറയുന്നു. എന്നാൽ അവസാന തവണ കാണാതായ ശേഷം ഇവർ മടങ്ങിയെത്തിയത് ഭർത്താവും മക്കളും അറിഞ്ഞിരുന്നില്ല.

വീടിനുള്ളിൽ അത്രയധികം മാലിന്യങ്ങൾ ഉണ്ടായിരുന്നതിനാൽ ജഡം അഴുകുന്ന മണവും തിരിച്ചറിയാൻ സാധിച്ചില്ല. എന്നാൽ സ്ത്രീയുടെ മരണകാരണം എന്തായിരുന്നു എന്നോ ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ എന്തൊക്കെയാണെന്നോ വെളിപ്പെടുത്തിയിട്ടില്ല. ഈ വാർത്ത പുറത്തുവന്നതോടെ പത്തുവർഷമായി വീട്ടിൽ ജഡമുണ്ടെന്നറിയാതെ യുവാവ് അവിടെ ജീവിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ല എന്നാണ് പൊതുജനങ്ങളുടെ പ്രതികരണം.

English Summary:

House cleaning workers found skelton in closet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com