മണിച്ചിത്രത്താഴിലെ തെക്കിനി പോലെ ഹോം തിയറ്ററുകളുള്ള കേരളത്തിലെ ആഡംബരവീടുകൾ; അനുഭവം
Mail This Article
നഗരത്തിലെ തിരക്കുള്ള ഡോക്ടർ ദമ്പതികൾ. വീടുപണി നടക്കുകയാണ്. പ്ലാനിങ് സമയത്ത് ഹോംതിയറ്റർ ഉണ്ടായിരുന്നില്ല. ട്രാഫിക്കിൽ വണ്ടിയോടിച്ച് തിയറ്ററിൽ പോയി കാണാതെ ഒടിടി സിനിമകൾ വീട്ടിൽ കാണാമല്ലോ എന്ന ഡിസൈനറുടെ ബ്രെയിൻവാഷിങ്ങിൽ ഡോക്ടർ ദമ്പതികൾ വീണു.
ഗുണനിലവാരം ഒട്ടും കുറയ്‌ക്കേണ്ട, ഡോൾബി അറ്റ്‌മോസ്, 4K പ്രൊജക്‌ഷൻ, അക്വോസ്റ്റിക് പാനലിങ്, പുഷ് ബാക്ക് സീറ്റുകൾ, ഡിസ്കോ ലൈറ്റുകൾ എല്ലാം ഇരിക്കട്ടെ, ശരിക്കും തിയറ്ററിൽ ഇരിക്കുന്ന ഫീൽ കിട്ടും. എന്റെ സുഹൃത്തുണ്ട്. അടിപൊളിയായി ചെയ്തുതരും. അങ്ങനെ പത്തുപന്ത്രണ്ടു ലക്ഷം രൂപ ഹോം തിയറ്ററിൽ മുടക്കി.
നിലവിലെ സ്ഥിതി- മണിച്ചിത്രത്താഴിലെ തെക്കിനി പോലെ ആരും പ്രവേശിക്കാതെ ശ്മശാനമൂകമായി ആ തിയറ്റർ കിടക്കുന്നു. ദിവസം മുഴുവൻ ഓട്ടപാച്ചിൽ കഴിഞ്ഞു വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞു കട്ടിലിൽ കിടക്കുമ്പോൾ സ്മാർട്ഫോണിലാണ് വിഡിയോ കാണൽ. സിനിമ പോലും ഒറ്റയടിക്ക് കാണാൻ കഴിയാതെ മൂന്നാല് ദിവസമെടുത്ത് സീരിസ് പോലെയാണ് കണ്ടുതീർക്കുന്നത്. ധനനഷ്ടം, സ്ഥലനഷ്ടം ഫലം.
***
ഗൾഫിലുള്ള പ്രവാസി കുടുംബം. നാട്ടിൽ വീടുപണി നടക്കുന്നു. വർഷത്തിൽ ഒന്നോ രണ്ടോ തവണയാണ് നാട്ടിലെത്തുക. ബാഹ്യപ്രേരണയിൽ ഒരാവേശത്തിന്റെ പുറത്ത് ഹോം തിയറ്റർ കുത്തിത്തിരുകുന്നു. അഞ്ചെട്ടു ലക്ഷം പൊടിച്ചു.
നിലവിലെ സ്ഥിതി- പൂട്ടിപോയ സിനിമാകൊട്ടക പോലെ വർഷം മുഴുവൻ ആരും പ്രവേശിക്കാതെ ഹോംതിയറ്റർ കിടക്കുന്നു. ഇടയ്ക്കിടെ ഉപയോഗിക്കാതെ ഇലക്ട്രോണിക് ഭാഗങ്ങൾ കേടായി. സാധനങ്ങൾ കൂട്ടിയിടാനുള്ള സ്ഥലമായി അവിടം മാറി. നാട്ടിലെത്തിയാൽ മറ്റിടങ്ങളെക്കാൾ വൃത്തിയാക്കാൻ ഇരട്ടിപ്പണിയായി...നാട്ടിലെത്തുമ്പോൾ ഒഴിവുവേളകളിൽ സ്മാർട്ട് ഫോണിലാണ് സിനിമ കാണലടക്കമുള്ള കലാപരിപാടികൾ.
***
നാട്ടിലെ വ്യവസായി വീടുപണിയുന്നു. പ്ലസ്‌ടുവിന് പഠിക്കുന്ന ഏകമകന്റെ വാശിപ്പുറത്ത് ഹോം തിയറ്റർ ഉൾകൊള്ളിക്കുന്നു. ആള് സ്പോർട്സ്- സിനിമ ആരാധകനാണ്. ആറേഴ് ലക്ഷം പൊടിച്ചു.
നിലവിലെ അവസ്ഥ- ഒരു വർഷത്തിനുശേഷം മകൻ ഉപരിപഠനത്തിനായി നാടുവിട്ടു. ഗൃഹനാഥൻ ബിസിനസ് തിരക്കുകളുമായി നടക്കുന്നു. വീട്ടിലുള്ള ഭാര്യയ്ക്ക് ഇതൊന്നും പ്രവർത്തിപ്പിക്കാനറിയില്ല. പല ഭാഗങ്ങളും കേടായി. അലർജിയുടെ പ്രശ്നമുള്ളതുകൊണ്ട് ആ ഭാഗത്തേക്ക് വീട്ടുകാർ പോകാറില്ല. ഒഴിവുവേളകളിൽ സ്മാർട്ട് ഫോണിലാണ് സിനിമ കാണലടക്കമുള്ള കലാപരിപാടികൾ.
ഗുണപാഠം- നമ്മൾ വീട്ടിൽ ഒരിടം ഉൾപെടുത്തുമ്പോൾ ആ ഇടം നമുക്ക് ആവശ്യമുണ്ടോ ജീവിതരീതിയുമായി ഒത്തുപോകുമോ എന്ന് രണ്ടുവട്ടം ചിന്തിക്കുക. കേരളത്തിലെ നിരവധി ആഡംബരവീടുകളിൽ മണിച്ചിത്രത്താഴിലെ തെക്കിനി പോലെ ആരും കടന്നുചെല്ലാത്ത, തുറക്കാത്ത ഹോം തിയറ്ററുകളുണ്ട്.