ഇത് പോലീസിന്റെ മാത്രമല്ല പച്ചക്കറികളുടെകൂടി സ്റ്റേഷനാണ്
Mail This Article
ബോർഡ് വായിക്കാതെയാണു വളപ്പിലേക്കു കയറുന്നതെങ്കിൽ കൃഷി ഗവേഷണ കേന്ദ്രത്തിന്റെ മാതൃകാ തോട്ടമാണെന്നു തോന്നും. പച്ചക്കറിയും ഇടവിളയും ഫലവർഗങ്ങളുമായി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസ് വളപ്പിൽ വേരോടുന്ന സങ്കരകൃഷിയെ ആരും സല്യൂട്ട് ചെയ്യും. പി.കെ. മധു കമ്മിഷണർ ആയതോടെയാണു കൃഷി സജീവമായത്. 2 പതിറ്റാണ്ടായി കാടുമൂടിക്കിടന്ന സ്ഥലംവരെ വൃത്തിയാക്കി വിത്തിട്ടു. തക്കാളി, മുളക്, അമര, വെണ്ട, വഴുതന, കാബേജ്, കോളിഫ്ലവർ, കൂർക്ക, സോയാബിൻ തുടങ്ങി കടലയും റാഡിഷും വരെയുണ്ട്.
ഓഫിസ് കെട്ടിടങ്ങളുടെ പുറംചുവരുകളിൽ പയറും പാവലും കോവലും പടർത്തുന്നു. രണ്ടര ഏക്കറുള്ള ഓഫിസ് വളപ്പിലെ എല്ലാ വൃക്ഷത്തിലും പാഷൻ ഫ്രൂട്ടുണ്ട്; ക്രൈം റെക്കോർഡ്സ് ബ്യൂറോ കെട്ടിടത്തിലുൾപ്പെടെ. ഇടവിളകൃഷിയായി ചേനയും ചേമ്പും പപ്പായയും വാഴയും. കിന്റൽ ഏത്തൻ വാഴയിൽ 50 കിലോയുടെ കൂറ്റൻ കുലയും വിളഞ്ഞു. ജോലിക്കാരനായി ചാത്തന്നൂർ ഉളിയനാട് സ്വദേശി ഗോപാലകൃഷ്ണനും മാർഗനിർദേശവുമായി എസ്ഐ ബി.എസ്. അനിൽകുമാറുമുണ്ട്. കമ്മിഷണർ തന്നെയാണു മേൽനോട്ടം.
ദിവസവും രാവിലെ എട്ടിന് ഓഫിസിൽ എത്തുന്ന കമ്മീഷണർ രാവിലെയും വൈകിട്ടും തോട്ടത്തിലെത്തും. ദിവസവും വിളവെടുക്കും. ജീവനക്കാരാണ് ഉപഭോക്താക്കൾ. വിപണിവിലയേക്കാൾ കിലോഗ്രാമിന് 10 രൂപ കുറച്ചാണു വിൽപന. ഒരു വർഷത്തിലെ ലാഭവിഹിതമായി 40,000 രൂപയിലേറെ അക്കൗണ്ടിലുണ്ട്. പൊലീസ് ക്ലബ്, കമ്മിഷണറുടെ വസതി എന്നിവിടങ്ങളും കൃഷി സമൃദ്ധമാണ്. പൊലീസ് ക്ലബ്ബിൽ ഡ്രാഗൺ ഫ്രൂട്ട് വരെയുണ്ട്. ചാത്തന്നൂർ എസിപി ഓഫിസ് ഉൾപ്പെടെ സിറ്റി പൊലീസിന്റെ കീഴിലുള്ള മിക്ക സ്റ്റേഷനുകളിലും കൃഷി ആരംഭിച്ചുകഴിഞ്ഞു.