സങ്കരയിനം പശുവിന് ജനിച്ചത് വെച്ചൂർകുട്ടി: ആദ്യത്തെ വെച്ചൂർ ടെസ്റ്റ്ട്യൂബ് കുട്ടിക്ക് ജന്മമേകി മാട്ടുപ്പെട്ടി ഫാം
Mail This Article
രാജ്യത്തെ ആദ്യ ടെസ്റ്റ് ട്യൂബ് വെച്ചൂർ കിടാവിന് മാട്ടുപ്പെട്ടിയിൽ ജനനം. കേരള കന്നുകാലി വികസന ബോർഡിന്റെ മാട്ടുപ്പെട്ടിയിലുള്ള ഫാമിൽ ഐവിഎഫ് (IN VITRO FERTILIZATION) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വെച്ചൂർ മൂരിക്കുട്ടി കഴിഞ്ഞ ദിവസം ജനിച്ചത്.
വലുപ്പം കുറവും അതുപോലെതന്നെ നിയന്തിക്കാൻ ബുദ്ധിമുട്ടുമുള്ള വെച്ചൂർപ്പശുക്കളിൽനിന്ന് അണ്ഡം പുറത്തെടുക്കുന്നത് ശ്രമകരമായ ജോലിയായിരുന്നുവെന്ന് ടെസ്റ്റ് ട്യൂബ് പരീക്ഷണത്തിന് നേതൃത്വംകൊടുത്ത ഡോ. കെ.കെ. പ്രവീൺ. മാട്ടുപ്പെട്ടിയിലെ ഫാമിൽ വെച്ചൂർപ്പുശുക്കൾക്കായി പ്രത്യേകം തയാറാക്കിയ കൂടിന്റെ സഹായത്തോടെയായിരുന്നു പശുവിൽനിന്ന് അണ്ഡം സൂക്ഷമതയോടെ പുറത്തെടുത്തത്.
വെച്ചൂർ പശുവിന്റെ അണ്ഡാശയത്തിൽനിന്നു പുറത്തെടുത്ത അണ്ഡങ്ങൾ ഉപയോഗിച്ച് ഐവിഎഫിലൂടെ ലബോറട്ടറിയിൽ കൃത്രിമമായി ഭ്രൂണങ്ങളെ ഉൽപാദിപ്പിച്ചു. ഇങ്ങനെ ഉൽപാദിപ്പിച്ച ഭ്രൂണങ്ങളെ ദ്രവനൈട്രജനിൽ ഗാഢ ശീതീകരിച്ച് സൂക്ഷിച്ചു. ഇത്തരത്തിലൊരു ഭ്രൂണം സ്വീകരിച്ച് ഗർഭിണിയായ സങ്കരയിനം പശുവാണ് കഴിഞ്ഞ ദിവസം മൂരിക്കുട്ടിക്ക് ജന്മമേകിയത്.
ഏഴു ദിവസം വളർച്ചയെത്തിയ ഭ്രൂണങ്ങളെ അതേ ദിവസം തന്നെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയോ അല്ലെങ്കിൽ ദ്രവനൈട്രജിന്ൽ സൂക്ഷിക്കുകയോ ചെയ്യാം. ഇതു പിന്നീട് ആവശ്യമനുസരിച്ച് വാടക ഗർഭപാത്രങ്ങളിൽ നിക്ഷേപിക്കാം.
English summary: In vitro Fertilization in Dairy Cattle