കുതിച്ചുകയറി പച്ചത്തേങ്ങ; നിർണായക താങ്ങ് നഷ്‌ടപ്പെട്ട് റബർ: ഇന്നത്തെ (11-10-2024) അന്തിമ വില ഇങ്ങനെ
Mail This Article
സംസ്ഥാനത്ത് പച്ചത്തേങ്ങ വില പുതിയ ഉയരങ്ങളിലേക്കു ചുവടുവയ്ക്കുന്നു. പ്രതികൂല കാലാവസ്ഥയിൽ ഉൽപാദനം ചുരുങ്ങിയതിനാൽ വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉൽപ്പന്നം വിൽപ്പനയ്‌ക്ക് എത്താത്തത് വിലക്കയറ്റത്തിനു വേഗം പകർന്നു. കിലോ 75 രൂപയിലേക്കും അതിന് മുകളിലേക്കും പച്ചത്തേങ്ങ സഞ്ചരിച്ചത് നാളികേര കർഷകരെ ആവേശം കൊള്ളിച്ചതോടെ പല ഭാഗങ്ങളിലും വിളവെടുപ്പ് ഊർജിതമായി. ഓണത്തിനുശേഷം പച്ചത്തേങ്ങ കാഴ്‌ച്ചവച്ച മുന്നേറ്റം കണ്ട് പലരും കൊപ്രയാക്കാതെ ചരക്കു വിറ്റുമാറുകയാണ്. ഉൽപാദകകേന്ദ്രങ്ങളിലെ ഈ മാറ്റം വരും ദിനങ്ങളിൽ കൊപ്ര ക്ഷാമത്തിന് ഇടയാക്കാം. കൊപ്ര 13,000 രൂപയിൽ നീങ്ങുമ്പോൾ ഉണ്ട കൊപ്ര 14,750ലേക്കും രാജാപുർ കൊപ്ര 19,250ലേക്കും ഉയർന്നു. ലഭ്യത ചുരുങ്ങിയതിനാൽ വിപണി ദീപാവലി വരെ മികവ് നിലനിർത്താം.
ഏലക്ക വാങ്ങലുകാർക്ക് ആശ്വാസം പകരും ഉൽപാദന കേന്ദ്രങ്ങളിൽനിന്നും പുതിയ ചരക്ക് വിൽപ്പനയ്‌ക്ക് ഇറങ്ങി. രാവിലെ നടന്ന ലേലത്തിൽ മുക്കാൽ ലക്ഷം കിലോഗ്രാം ചരക്ക് വന്നതിൽ 71,145 കിലോയുടെ ഇടപാടുകൾ നടന്നു. ഇന്നലെ ഉൽപാദകമേഖലയിൽ നടന്ന ലേലത്തിനു വന്ന ചരക്ക് പൂർണമായി വിറ്റഴിഞ്ഞിരുന്നു. ദീപാവലി മുന്നിലുള്ളതിനാൽ ആഭ്യന്തര വാങ്ങലുകാരിൽനിന്ന് ഉൽപ്പന്നത്തിന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. ഗൾഫ് ഓർഡറുകൾ മുന്നിൽക്കണ്ട് കയറ്റുമതി സമൂഹവും ഏലക്ക സംഭരിക്കുന്നുണ്ട്. വലുപ്പം കൂടിയ ഇനങ്ങൾ കിലോ 2482 രൂപയിലും ശരാശരി ഇനങ്ങൾ 2215 രൂപയിലും കൈമാറി.
വിദേശ വിപണിക്കൊപ്പം ഇന്ത്യൻ റബറും തളർന്നു. ജപ്പാനിലും സിംഗപ്പൂരിലും അലയടിച്ച വിൽപ്പന സമ്മർദ്ദ ഫലമായി പ്രമുഖ ഉൽപാദകരാജ്യങ്ങളിൽ റബറിന് കാലിടറി. ബാങ്കോക്കിൽ ഷീറ്റ് വില കിലോ 230 രൂപയിൽനിന്നും 225 രൂപയിലേലേക്ക് ഇടിഞ്ഞതോടെ ഇന്ത്യൻ മാർക്കറ്റിൽ നാലാം ഗ്രേഡിന് 200 രൂപയുടെ നിർണായക താങ്ങ് നഷ്‌ടപ്പെട്ട് 195 രൂപയായി. ഉത്തരേന്ത്യൻ വ്യവസായികൾ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി രംഗത്തുനിന്ന് അകന്നതും ഡിമാൻഡ് മങ്ങാൻ ഇടയാക്കി.
നാളികേരം
- വെളിച്ചെണ്ണ: 19400
- മില്ലിങ്: 19900
- കൊപ്ര: 13,000‐13,200
കുരുമുളക്
- ഗാർബിൾഡ്: 65,800
- അൺഗാർബിൾഡ് : 63,800
- പുതിയ കുരുമുളക് : 62,800
ചുക്ക്
- മീഡിയം: 30,000
- ബെസ്റ്റ്: 35,000
അടയ്ക്ക
- പുതിയത്: 33,000
ജാതിക്ക
- തൊണ്ടൻ (കിലോ): 200-270
- തൊണ്ടില്ലാത്ത്: 500 - 525
- ജാതിപത്രി ചുവപ്പ്‐മഞ്ഞ : 900-1200
- ജാതി ഫ്ലവർ ചുവപ്പ്: 1300-1600
- ജാതി ഫ്ലവർ മഞ്ഞ: 1200-1700
റബർ
- ആർഎസ് എസ് 5 ഗ്രേഡ്: 18,600-19,100
- ആർഎസ് എസ് 4 ഗ്രേഡ്: 19,500
- ഒട്ടുപാൽ: 12,600
- ലാറ്റക്‌സ്: 12,600