ഇത് സാദാ പടവലങ്ങ അല്ല ‘മീറ്റർ പടവലങ്ങ’, നീളം 2.06 മീറ്റർ
Mail This Article
‘പടവലങ്ങ പോലെയാണ് വളർച്ച’ എന്നു പറഞ്ഞ് ഇനി ആരേയും കളിയാക്കാൻ നിൽക്കണ്ട, ഇങ്ങനെ അങ്ങു വളർന്നാൽ കളിയാക്കുന്നവരും ഞെട്ടും. 2.06 മീറ്റർ നീളത്തിലാണ് കർമലീത്ത സഭയിലെ വൈദികക്കൂട്ടായ്മയുടെ കൃഷിഭൂമിയിൽ പടവലം വിളഞ്ഞത്. ലോക്‌ഡൗൺ മൂലം ആശ്രമത്തിൽ ഒതുങ്ങിക്കൂടേണ്ടി വന്നപ്പോഴായിരുന്നു കൃഷി തീരുമാനം. സഭയുടെ കളമശേരിയിലെ പത്താംപിയൂസ് പള്ളിക്കു സമീപമുള്ള ആശ്രമത്തിലാണ് ഈ അത്ഭുതവും ആഹ്ലാദവും വിളഞ്ഞത്.
കാക്കനാട്ടെ വിഎഫ്പിസികെയിൽ നിന്ന് ലഭിച്ച വിത്തുകളാണ് നട്ടത്. ജൈവ രീതിയിലായിരുന്നു വളപ്രയോഗം. ഫാ. വിന്നി ഫെർണാണ്ടസിന്റെയും ഫാ. ഹിപ്പോലിറ്റസിന്റെയും നേതൃത്വത്തിൽ 6 വൈദികരാണ് കൃഷി നടത്തിയത്. ചീര, വെണ്ട, വഴുതന, പയർ, പടവലം ഇവയെല്ലാം നല്ല വിളവു നൽകി. 6 അടി നീളമുള്ള മറ്റൊരു പടവലങ്ങ നേരത്തെ ഉണ്ടായിരുന്നു. ഇപ്പോഴുണ്ടായ പടവലങ്ങ വിത്തിനായി ഉപയോഗപ്പെടുത്താനാണ് തീരുമാനം.
ഫാ. ഹിപ്പോലിറ്റസ് മുളവുകാട് പഞ്ചായത്തിന്റെ കർഷകശ്രീ അവാർഡ് നേടിയിട്ടുണ്ട്. മുളവുകാട്ടിൽ സർവീസിലിരിക്കെ 900 ഏത്തവാഴ കൃഷി നടത്തി വിജയം വരിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് പ്രചോദനമാകട്ടെയെന്നു കരുതി ഫാ. ഹിപ്പോലിറ്റസ് ആണ് പടവലങ്ങ സമ്മാനിച്ച സന്തോഷം പുറം ലോകവുമായി പങ്കുവച്ചത്.
English summary: 2.06 meter long snake gourd harvested