ADVERTISEMENT

പൂവുകൾ കരിഞ്ഞ ഇലത്തലപ്പുപോലെ വാടിനിന്ന കശുവണ്ടിമേഖലയെ പതിയെ വളർത്തിയെടുക്കുക; ആ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ കഥയാണിത്. വിവിധ ജില്ലകളിൽ ഇപ്പോൾ സർക്കാരിന്റെ നേതൃത്വത്തിൽ കശുമാവിന്റെ മാതൃകാതോട്ടങ്ങളുണ്ട്. ആഭ്യന്തര ഉൽപാദനം വഴി സ്വന്തം കാലിൽ നിൽക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ടുള്ള കൃഷിവ്യാപനശ്രമം പാഴായില്ല. 4 വർഷത്തിനിടെ സംസ്ഥാനത്തു കശുവണ്ടി ഉൽപാദനം ഇരട്ടിയിലേറെ ആയി.  35,000 ടൺ ആയിരുന്നതു നിലവിൽ 85,000 ടണ്‍.  സംസ്ഥാന കശുവണ്ടി വികസന കോർപറേഷനാണ് ഈ മുന്നേറ്റത്തിനു ചുക്കാന്‍ പിടിക്കുന്നത്. 

പ്രതിസന്ധികൾ കടന്ന് 

അസംസ്കൃതവസ്തുവായ തോട്ടണ്ടി ലഭിക്കാതെ വന്നതോടെയാണു കശുവണ്ടി വ്യവസായം കടുത്ത പ്രതിസന്ധിയിലായത്.  ഉൽപാദകരാജ്യങ്ങളില്‍ വിളവെടുക്കുന്ന കശുവണ്ടി അവിടെത്തന്നെ ഉൽപന്നങ്ങളാക്കി അവരുടെ കമ്പോളത്തിൽ ഇറക്കാൻ തുടങ്ങിയതോടെ ഇവിടേക്കുള്ള കയറ്റുമതി കുറഞ്ഞു. വില കൂടുകയും ചെയ്തു. 8 ലക്ഷം മെട്രിക് ടൺ ആണു കേരളത്തിൽ ഒരു വർഷം ആവശ്യമുള്ള തോട്ടണ്ടി. 

ആഭ്യന്തര ഉൽപാദനം എന്ന ആശയം ഉയർന്നപ്പോള്‍ ഏറ്റവും  വലിയ  തടസ്സമായത്, ഗുണമേന്മയും അത്യുല്‍പാദനശേഷിയുമുള്ള നടീല്‍വസ്തുക്കളുടെ അഭാവവും. തുടര്‍ന്നാണ് ഗുണമേന്മയുള്ള തൈകള്‍ ഉല്‍പാദിപ്പിച്ചും പ്രചരിപ്പിച്ചും കൃഷി വ്യാപകമാക്കാന്‍ 2007ൽ കേരള സംസ്ഥാന കശുമാവുകൃഷി വികസന ഏജൻസി(കെഎസ്‌സിസിഡിഎ) രൂപീകരിച്ചത്. 

കശുമാവുകൃഷിവ്യാപനമെന്ന ലക്ഷ്യം നേടാൻ ഏജൻസിയെ സഹായിക്കുകയാണു കാഷ്യു കോർപറേഷന്‍  ചെയ്യുന്നത്.   അത്യുൽപാദനശേഷിയുള്ള തൈകൾ കോർപറേഷൻ ഏജൻസിക്കു കൈമാറുന്നു. ഏജൻസി അതു കർഷകർക്കു നൽകുന്നു.  കര്‍ഷകരില്‍നിന്നു വിളവ് മികച്ച  വില നൽകി കോർപറേഷൻ വാങ്ങുന്നു.    

നാലു വര്‍ഷം; വലിയ നേട്ടം

കശുവണ്ടി വികസന കോർപറേഷന്റെ പദ്ധതിപ്രകാരം അത്യുൽപാദനശേഷിയുള്ള 20 ലക്ഷം ഗ്രാഫ്റ്റ് തൈകളാണ് കശുമാവു കൃഷിവികസന ഏജൻസി കഴിഞ്ഞ 4 വർഷത്തിനിടയിൽ കർഷകർക്കു വിതരണം ചെയ്തത്; അതും സൗജന്യമായി.  ഒന്നാം വർഷം തന്നെ ഇവ കായ്ച്ചുതുടങ്ങും. പക്ഷേ, ആദ്യവർഷം വിളവെടുക്കുന്നതു വളർച്ച മുരടിപ്പിച്ചേക്കാം. അതിനാൽ ആദ്യ രണ്ടു കൊല്ലങ്ങളിൽ പൂവു നുള്ളിക്കളയുകയാണു ചെയ്യുക. മൂന്നാം വർഷം മുതൽ മികച്ച വിളവു ലഭിക്കും.

വളര്‍ന്നു പന്തലിക്കാത്ത മരങ്ങളായതിനാൽ പരിമിതമായ സ്ഥലം  മതിയെന്നതാണ് ഇവയുടെ മറ്റൊരു മെച്ചം. വിളവെടുപ്പു വളരെയെളുപ്പം. ഏക്കറിൽ 160 തൈകൾ നടാനാകും. കിലോയ്ക്ക് 10 രൂപ മാത്രമാണ് ഉല്‍പാദനച്ചെലവ്. കശുവണ്ടിയിൽനിന്നു മാത്രം ഒരു വർഷം ഒരേക്കറിൽനിന്ന് ഒന്നര ലക്ഷംരൂപവരെ വരുമാനവും ലഭിക്കും.  കശുവണ്ടി വികസന കോർപറേഷൻ വിളവു സംഭരിക്കുന്നു.  കശുമാങ്ങയും സംഭരിക്കാന്‍ കോർപറേഷന്‍ ആലോചിക്കുന്നുണ്ട്. അതും കൂടിയാകുന്നതോടെ കര്‍ഷകര്‍ക്കു വരുമാനമേറുമെന്നു ചെയര്‍മാന്‍ എസ്. ജയമോഹന്‍ ചൂണ്ടിക്കാട്ടുന്നു.  

കശുമാങ്ങയിൽനിന്ന് ഗോവൻ മാതൃകയിൽ ഫെനി എന്ന പാനീയം ഉൽപാദിപ്പിക്കുന്നതിനുള്ള പദ്ധതിക്കും കോർപറേഷൻ രൂപം കൊടുത്തിട്ടുണ്ട്. ഇത്  സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.  കേരള കാർഷിക സർവകലാശാലയുടെ മാടക്കത്തറ ഗവേഷണകേന്ദ്രവും  മംഗലാപുരത്തെ ഐസിഎആർ   ഗവേഷണകേന്ദ്രവും   വികസിപ്പിച്ചെടുത്ത അത്യുല്‍പാദന ശേഷിയുള്ള ഇനങ്ങളുടെ തൈകള്‍  അവര്‍ ഉല്‍പാദിപ്പിച്ചു നല്‍കുന്നതിനു പുറമെ, കോർപറേഷന്റെ  സ്വന്തം നഴ്സറികളിലും ഉല്‍പാദിപ്പിക്കുന്നു. 

കശുമാവുകൃഷി വ്യാപനം

വ്യക്തികളുടെ കൃഷിയിടങ്ങളിലും പൊതുമേഖലാസ്ഥാപനങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ, വനംവകുപ്പ്, കുടുംബശ്രീ, സ്കൂൾ, കോളജ്, എൻജിഒ, അഗ്രിക്ലബുകൾ എന്നിവ വഴിയുമാണ് കോര്‍പറേഷന്‍ കൃഷിവ്യാപനപദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളും കശുമാവുകൃഷിയിലേക്കു വരുന്നുണ്ടെന്നു  ജയമോഹൻ പറയുന്നു.  സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി നട്ടുവളര്‍ത്തുന്ന അക്കേഷ്യ, യൂക്കാലിപ്റ്റ്സ് മരങ്ങൾ മുറിച്ചുമാറ്റി പകരം കശുമാവ് നടണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടതായും ഇതു പരിഗണിക്കാമെന്നു സർക്കാർ ഉറപ്പു നൽകിയതായും ജയമോഹൻ അറിയിച്ചു. 

ഉൽപാദന വർധന

കശുമാവുകൃഷി വികസന ഏജൻസി  2007 മുതൽ 40,330 ഹെക്ടർ സ്ഥലത്തേക്ക്  81,47,856 ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്തതായി ചെയർമാനും കാഷ്യു സ്പെഷൽ ഓഫിസറുമായ കെ. ഷിരീഷ് പറഞ്ഞു.  അവയിൽ 25,004 ഹെക്ടർ സ്ഥലത്തു കശുമാവ് നിലവിലുണ്ട്. 2020–21ൽ 10 ലക്ഷം തൈകളാണു കർഷകർക്കു വിതരണം ചെയ്തത്. കഴിഞ്ഞ 2 വർഷങ്ങളിൽ പ്രളയവും കോവിഡും കൃഷിവ്യാപനത്തെ ബാധിച്ചിട്ടുണ്ട്. ഇതു മറികടക്കാനാണു ശ്രമം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com