ADVERTISEMENT

പച്ചപുല്ല്, ധാന്യവിളകള്‍ എന്നിവ ധാരാളമായി ലഭിക്കുന്ന സമയത്ത് വായു കടക്കാത്ത അറയിലോ കുഴികളിലോ ബാഗുകളിലോ ആക്കി ചില മിശ്രിതം ചേര്‍ത്ത് സൂക്ഷിച്ച്, സംരക്ഷിച്ച് പച്ചപുല്ലുകളുടെ ക്ഷാമം നേരിടുന്ന അവസരങ്ങളില്‍ കന്നുകാലികള്‍ക്ക് നിശ്ചിത അളവില്‍ നല്‍കാവുന്ന ഭക്ഷണത്തെയാണ് 'സൈലേജ്' അഥവാ 'പച്ചപുല്ല് അച്ചാര്‍' എന്ന് വിശേഷിപ്പിക്കുന്നതും അറിയപ്പെടുന്നതും.

കന്നുകാലികള്‍ക്ക് സ്വാദിഷ്ടവും എളുപ്പത്തില്‍ ദഹിക്കുന്നതുമായ തീറ്റയാണ് സൈലേജ്. മക്കച്ചോളം, ഹൈബ്രിഡ് നേപ്പിയര്‍, ഗിനി, കോംഗോ സിഗ്‌നല്‍, പാരഗ്രാസ് തുടങ്ങിയ മുന്തിയ ഇനം പുല്ലുകള്‍ കൃഷി ചെയ്ത് യഥാസമയത്ത് മുറിച്ചെടുത്ത് ഇവ ഉണ്ടാക്കിയെടുക്കാം.

വിളവെടുപ്പ് ഘട്ടം

തിരെഞ്ഞെടുക്കുന്ന വിളകള്‍ ഏതു തരത്തിലുള്ളതായാലും അത് പൂവിടുന്നതിനും പാല്‍ഘട്ടത്തിനും ഇടയില്‍ പ്രായമുള്ളപ്പോഴായിരിക്കണം മുറിച്ചെടുക്കേണ്ടത്.

സൈലേജ് നിര്‍മ്മാണം - രീതികള്‍

ബാഗുകളില്‍ ഉണ്ടാക്കിയെടുക്കുന്ന സൈലേജ് കൂടാതെ അറകള്‍ കുഴികള്‍ ചാലുകള്‍ ഗോപുരങ്ങള്‍ എന്നിവയ്ക്കകത്തോ ഇത് ഉണ്ടാക്കിയെടുക്കാം. ഇത് കൊറിഡോര്‍സൈലോ, പിറ്റ് സൈലോ, ട്രഞ്ച് സൈലോ, ടണല്‍സൈലോ, ടവര്‍സൈലോ എന്നിങ്ങനെ അറിയപെടുന്നു.

അളവുകള്‍ : ഒരു മീറ്റര്‍ നീളവും വീതിയും ആഴവും ഉള്ള (ഒരു ക്യൂബിക് മീറ്റര്‍ അളവ് ) ഒരു സ്ഥലത്ത് 500 കിലോഗ്രാം സൈലേജ് സംഭരിക്കാന്‍ പറ്റും.

തയാറാക്കുന്ന വിധം

100 കിലോഗ്രാം പച്ചപുല്ല് വെയിലത്തോ കാറ്റിലോ വാട്ടിയെടുത്തത്. 4 കിലോഗ്രാം മോളാസസ് (ശര്‍ക്കാര മാവ് ) 100 ലീറ്റര്‍ വെള്ളത്തില്‍ കലക്കിവയ്ക്കണം.

ഏകദേശം 2 - 3 സെന്റിമീറ്റര്‍ നീളത്തില്‍ മുറിച്ചെടുത്ത (കത്തി കൊണ്ടോ യന്ത്രം ഉപയോഗിച്ചോ ആകാം) 10 കിലോഗ്രാം പുല്ല് ( ചെറിയ തണ്ടോടുകൂടിയതോ, ധാന്യം അടങ്ങുന്നതോ ആകാം ) ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ 15 സെന്റിമീറ്റര്‍ കനത്തില്‍ വിതറിവയ്ക്കണം. അതിന് മുകളില്‍ 15 സെന്റിമീറ്റര്‍ കനത്തില്‍ ആറര ലീറ്റര്‍ ശര്‍ക്കരമാവ് മിശ്രിതം പതിയെ തളിക്കണം. ഇതിനായി പൂന്തോട്ടം നനയ്ക്കാനായി ഉപയോഗിക്കുന്ന 'റോസ്‌കാന്‍' ഉപയോഗപ്പെടുത്താം. വീണ്ടും 15 സെന്റിമീറ്റര്‍ കനത്തില്‍ അരിഞ്ഞുവെച്ച പുല്ലും തയാറാക്കി വെച്ച ആറര ലിറ്റര്‍ മോളാസസും ക്രമമായി മാറി - മാറി ചേര്‍ക്കണം. അപ്പോഴപ്പോള്‍ ഇളക്കിക്കൊടുക്കുകയും നന്നായി അമര്‍ത്തി വായു നിബിഢമാക്കുകയും ചെയ്യണം. 100 കിലോഗ്രാം പുല്ല് കഴിയുന്നത് വരെ ഇതുപോലെ ചെയ്തുകൊണ്ടിരിക്കണം. നല്ലത് പോലെ അമര്‍ത്തി വായു നിബിഡമാക്കിയാല്‍ സൈലേജിന്റെ ഗുണവും സ്വാദും കൂടും.

'ബാഗ് സൈലേജ്' ആയി മാറ്റണമെങ്കില്‍ ഇവയെ 5 കിലോഗ്രാം ഉള്‍കൊള്ളുന്ന കട്ടിയുള്ള പ്ലാസ്റ്റിക് സഞ്ചിയില്‍ അമര്‍ത്തി നിറച്ച് വായു കടക്കാത്ത രീതിയില്‍ ഒരു ചരടുകൊണ്ട് ബലമായി കെട്ടിവയ്ക്കണം. ഇത് തലകീഴായി രണ്ടാമത്തെ സഞ്ചിയില്‍ ഇട്ട് വീണ്ടും ബലമായി കെട്ടിവയ്ക്കണം. ഇതും മൂന്നാമത്തെ സഞ്ചിയില്‍ തല കീഴായി വീണ്ടും ഇട്ട് വായു കടക്കാത്ത രീതിയില്‍ കെട്ടിവെക്കണം. ഇത് സുരക്ഷിതമായി എലി, തുരപ്പന്‍ മറ്റു ജീവികള്‍ എന്നിവ കടിച്ച് സുഷിരങ്ങള്‍ ഉണ്ടാകാത്ത വിധത്തില്‍ അടച്ചുറപ്പുള്ള ഒരു മുറിയില്‍ സൂക്ഷിക്കണം. ഒരു മാസം മുതല്‍ 45 ദിവസമാകുമ്പോള്‍ കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കാന്‍ പറ്റും. ഇത് ഏറെ കാലം സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കും. വേനല്‍കാലത്ത് പച്ചപുല്ലിന്റെ ദൗര്‍ലഭ്യം നേരിടുന്ന കാലങ്ങളില്‍ ഇത് വളരെയധികം ഉപയോഗപ്പെടും. ഇതുപോലെയുള്ള സഞ്ചികള്‍ എത്ര എണ്ണം വേണമെങ്കിലും തയ്യാറാക്കി വെക്കാം.

ഉപയോഗത്തിനായി എടുക്കുമ്പോള്‍ ഏറ്റവും പുറമെയുള്ള മൂന്നാമത്തേയും മധ്യത്തില്‍ ഉള്ള രണ്ടാമത്തെയും ചാക്ക് (സഞ്ചി) വീണ്ടും പച്ചപുല്‍ മിശ്രിതം നിറയ്ക്കാന്‍ ഉപയോഗപ്പെടുത്താം. മിശ്രിതം നിറച്ച ആദ്യത്തെ സഞ്ചി മാത്രം ഒഴിവാക്കാം. ഇത് ആവശ്യം കഴിഞ്ഞാല്‍ കത്തിച്ചുകളയണം.

വൈക്കോലും സ്വാദിഷ്ട്ടമാക്കാം

വൈക്കോല്‍ സ്വാതിഷ്ടമാക്കാനും പോഷക ഗുണം കൂട്ടാനും എളുപ്പം ദഹിക്കാനുമായി യൂറിയയും മോളാസസും ചേര്‍ത്ത് കൊടുക്കാവുന്നതാണ്. കാലിത്തീറ്റയില്‍ യൂറിയ അടങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ ശതമാനം നിരീക്ഷിച്ചിട്ടുവേണം നാം കൊടുക്കുന്ന യൂറിയയുടെ അളവ് തിട്ടപ്പെടുത്തേണ്ടത്. യൂറിയ കൂടുതലായാല്‍ കന്നുകാലികള്‍ക്ക് ദോഷകരമാണ്. ഇത് തയാറാക്കുന്നതിന് മേല്‍പ്പറഞ്ഞവയില്‍ ഏതെങ്കിലും ഒരു രീതി തെരെഞ്ഞെടുക്കാം.

400 കിലോഗ്രാം ഭാരമുള്ള ഒരു പശുവിന് 30 മുതല്‍ 40 ഗ്രാം ( 0.1 ഗ്രാം / കിലോഗ്രാം ) വരെ യൂറിയ തീറ്റയില്‍ അനുവദിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

  • പച്ചപ്പുല്ലിനെ സൈലേജ് ആക്കിയെടുക്കാന്‍ 30-45 ദിവസം കാത്തിരിക്കണം.
  • നിലവില്‍ കൊടുത്തുകൊണ്ടിരിക്കുന്ന മൊത്തം ഭക്ഷണത്തിന്റെ 10-20 ശതമാനം സൈലേജ് ആദ്യ രണ്ട് - മൂന്ന് ആഴ്ച്ചകളില്‍ നല്‍കിയാല്‍ മതി. ബാക്കി 80 ശതമാനം ഇപ്പോള്‍ നല്‍കിവരുന്ന തീറ്റ തന്നെ നല്‍കണം.
  • ഇപ്പോള്‍ നല്‍കിവരുന്ന തീറ്റ പെട്ടെന്ന് നിര്‍ത്തി സൈലേജ് കൊടുത്തു തുടങ്ങരുത്. പതിയെ സൈലേജിലേക്ക് മാറ്റുന്നതാണ് പശുവിന്റെ ആരോഗ്യത്തിന് നല്ലത്. അല്ലെങ്കില്‍ ദഹനക്കേട് വന്നേക്കാം.
  • ഒരു പശുവിന് ദിവസം 20 കിലോഗ്രാം സൈലേജ് ( 4 ബാഗ് ) രണ്ട്, മൂന്ന് തവണയായി നല്‍കാം
  • ബാഗില്‍നിന്ന് സൈലേജ് എടുത്ത് ബാക്കി ഉണ്ടെങ്കില്‍ പഴയതുപോലെ വായു നിബിഢമായി കെട്ടിവയ്ക്കണം. അല്ലെങ്കില്‍ ഗുണം നശിച്ചുപോകാനും രോഗാണുക്കള്‍ പകരാനും സാധ്യതയുണ്ട്.
  • കറക്കുന്നതിന് അര മണിക്കൂറോ ഒരു മണിക്കൂറോ മുമ്പ് സൈലേജ് നല്‍കുന്നതാണ് നല്ലത്.
  • സൈലേജ് കൊടുക്കുന്നത് വഴി 250-300 കിലോഗ്രാം ഭാരമുള്ള ഒരു പശുവിന് ഏകദേശം ഒന്നര കിലോഗ്രാം കാലിത്തീറ്റ ഒഴിവാക്കാം.

ലിറ്റില്‍ ബാഗ് സൈലേജ് മേക്കിങ് മെത്തേട് ( Little bag silege making method) ആണ് മുകളില്‍ പറഞ്ഞുതന്നത്. ഇത് ക്ഷീരകര്‍ഷകര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു രീതിയാണ്.

മൃഗസംരക്ഷണ വകുപ്പ് മുന്‍ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍. 

ഫോണ്‍: 9947452708

English summary: Little bag silege making method

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com