ADVERTISEMENT

വാഴ

നിലവിൽ 3 മാസത്തിനുമേൽ പ്രായമുള്ള വാഴകളിൽ കൂമ്പ് പകുതി മാത്രംവിരിയുക, വെള്ളക്കൂമ്പ് വരിക, കൂമ്പില വളഞ്ഞു നിൽക്കുക തുടങ്ങിയ ലക്ഷണങ്ങൾ വ്യാപകം. ചൂടിനെ പ്രതിരോധിക്കുന്നതിനു സഹായിക്കുന്ന കാത്സ്യം മതിയാകുന്നില്ലെന്ന വിവരം വാഴ ഈ ലക്ഷണങ്ങളിലൂടെ അറിയിക്കുകയാണ്. പരിഹാരമായി കാത്സ്യം നൈട്രേറ്റ്  5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി വാഴ മുഴുവൻ നന്നായി വീഴത്തക്കവിധം തളിക്കുക.  പുതുതലമുറയിൽപ്പെട്ട ഏതെങ്കിലും ‘നോൺ അയോണിക് അഡ്ജുവന്റ്സ് ’ (ലായനി ഇലകളിൽ നന്നായി പരക്കുന്നതിനായി ചേർക്കുന്ന അയോൺ രഹിത ചേരുവ) ഒരു മില്ലി വീതം 4 ലീറ്റർ വളം ലായനിയിൽ ചേർത്ത് വാഴ മുഴുവൻ നന്നായി നനയുന്ന വിധമാണ്  സ്പ്രേ ചെയ്യേണ്ടത്.

അടുത്ത ഓണക്കൃഷിക്കു വിത്തിനായി മാതൃവാഴകള്‍ തിരഞ്ഞെടുക്കല്‍ ആരംഭിക്കാം. വൈറസ് രോഗലക്ഷണ മൊന്നുമില്ലാത്ത, കാളാമുണ്ടന് അധികം നീളമില്ലാത്ത,  6–8 പടല കായ്കളോടു കൂടിയ കുലകളുണ്ടായ വാഴയുടെ സൂചിക്കന്നുകൾ നടുന്നതിനായി എടുക്കാം.

മഞ്ഞൾ

കള നീക്കിയ ശേഷം നാനോ DAP 2 മില്ലിയും സൾഫേറ്റ് ഓഫ് പൊട്ടാഷ് 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിലും നൽകുന്നത് വളർച്ചയ്ക്കു നന്ന്. 

black-pepper

കുരുമുളക്

ദ്രുതവാട്ടമുള്ള  പ്രദേശങ്ങളിൽ മുൻകരുതലായി ചുവടുഭാഗത്തെ മണ്ണിന്റെ അമ്ലത പിഎച്ച് 6.5–7ന് അടുത്ത് എത്തിക്കുക. അമ്ലത പരിശോധിച്ചശേഷം  ഇതിനായി ആവശ്യമായ അളവിൽ കുമ്മായവസ്തു ചേർക്കുക. പല സ്ഥലങ്ങളിലും സിങ്കിന്റെ കുറവു കാണുന്നുണ്ട്. ഇരുമ്പ് ഇല്ലാത്ത സിങ്ക്, മഗ്നീഷ്യം മിശ്രിതം സ്പ്രേ ചെയ്യുന്നത് പരിഹാരമാണ്.

mangosteen-1

മാംഗോസ്റ്റിൻ

ഈ വർഷം ഇപ്പോൾ മാംഗോസ്റ്റിനിൽ സൂക്ഷ്മമൂലകമായ സിങ്കിന്റെ കുറവ് വ്യാപകമായി കാണുന്നുണ്ട്. ഇതു പരിഹരിക്കുന്നതിനു നടപടിയെടുക്കാത്ത എല്ലാ തോട്ടങ്ങളിലും തന്നെ ഈ കുറവു കാണുന്നു. ഇതു പരിഹരിക്കുന്നതിനുള്ള സ്പ്രേ മാസാദ്യം തന്നെ നൽകുക.

കായ്കളിൽ കറ പുറത്തേക്കു വരിക, കല്ലിപ്പ് തുടങ്ങിയവ കണ്ടാല്‍ ഈ മാസം കാത്സ്യം നൈട്രേറ്റ്  3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി സ്പ്രേ ചെയ്യുക. 6 ദിവസത്തിനുശേഷം  സൾഫേറ്റ് ഓഫ് പൊട്ടാഷ്( എസ്ഒപി)  4 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി സ്പ്രേ ചെയ്യുക.

rambutan-1

റംബൂട്ടാൻ, പുലോസാൻ

മിക്ക തോട്ടങ്ങളിലും ശൽക്കകീട ആക്രമണം കാണുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് വെർട്ടിസീലിയം ലായനിയിൽ ‘നോൺ അയോണിക് അഡ്ജുവന്റ്സ്’ഏതെങ്കിലും ചേർത്ത് ഉച്ചകഴിഞ്ഞ് 3നുശേഷം ചെടി മുഴുവൻ  (വിശേഷിച്ച് ഇളം തണ്ട്, ഇലയുടെ അടിഭാഗം) വീഴത്തക്കവിധത്തിൽ സ്പ്രേ ചെയ്യുക.

വിളവെടുപ്പിനുശേഷം ശിഖരങ്ങളുടെ ക്രമീകരണം നടത്തിയ മരങ്ങൾക്ക് നാനോ DAP–3 മില്ലി  ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ സ്പ്രേ ചെയ്യുന്നത് പുതിയ തളിരുണ്ടാകുന്നതിനു സഹായിക്കും. ഈ വർഷത്തെ രണ്ടാമത്തെ തളിര് മൂത്തതിനുശേഷം പുഷ്പിക്കൽ നന്നാകുമെന്നാണ് അനുഭവം.

നെൽകൃഷി (ചിത്രം: കർഷകശ്രീ)
നെൽകൃഷി (ചിത്രം: കർഷകശ്രീ)

നെല്ല്

മഴക്കുറവു കാരണം  കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ  ജലലഭ്യതക്കുറവ്, അമ്ലത്വവർധന എന്നിവ മുതൽ ലവണാംശം വർധിക്കൽവരെ ഒട്ടേറെ പ്രശ്നങ്ങളാണ്. അമ്ലത കുറയ്ക്കുന്നതിന് പൊതുശുപാർശയായി വിത കഴിഞ്ഞ ഉടൻ ഹെക്ടറിനു കുറഞ്ഞത് 500 കിലോ ഡോളമൈറ്റ് ചേർക്കണം. പുളിയിളക്കം (അമ്ലത) കൊണ്ട് വിത്ത് ഉരുകിപ്പോകുന്നത് (മുള നശിച്ചുപോകുന്നത്) കുറയ്ക്കാനിതു സഹായിക്കും.

നനസൗകര്യമുള്ള പാടങ്ങളിൽ വാച്ചാൽ നിർമാണം ഒഴിവാക്കാനാവില്ല. ഇതിനു ചെലവു കുറഞ്ഞതും ഫലപ്രദവുമായ ഒരു  പ്രായോഗികരീതി ചില സ്ഥലങ്ങളിൽ കാണാം. കമുകിൻപാളയിൽ ഭാരം കയറ്റിവച്ചശേഷം അതു വലിച്ചു നടക്കുക.  വാച്ചാൽ രൂപപ്പെട്ടുകൊള്ളും.  

നിലം ഒരുക്കുന്ന സമയത്ത് അമ്ലത ക്രമീകരിച്ചാൽ മാത്രമേ ആരംഭഘട്ടത്തിലെ വിളനാശം ഒഴിവാക്കാനാവുകയുള്ളൂ. അതിനാല്‍ വിത/നടീലിനു മുൻപ് അതു ചെയ്യുക. 

ഓഗസ്റ്റ് മാസം പകുതിവരെ വളരെക്കുറച്ചു  മഴ ലഭിച്ചത്  നെൽച്ചെടികളുടെ ആരോഗ്യത്തെ ബാധിച്ചതിനാൽ വിവിധ രോഗങ്ങൾ ബാധിക്കുന്നതായി കാണുന്നു. രോഗം തിരിച്ചറിഞ്ഞു  യോജ്യമായ നിയന്ത്രണമാർഗം സ്വീകരി ക്കുക. ഓഗസ്റ്റ് രണ്ടാം പകുതിയിലെ  കാലാവസ്ഥയിൽ മുഞ്ഞവളർച്ച കൂടാറുണ്ട്. ഇമിഡാക്ലോർപിഡ്, അസഫേറ്റ് പോലുള്ള കീടനാശിനികൾ ഒഴിവാക്കുന്നത് മുഞ്ഞയുടെ ആക്രമണം കുറയ്ക്കുന്നതിനു സഹായകരമാണ്.

പുഞ്ചക്കൃഷിക്കു നടീൽ നടക്കുന്ന പാടശേഖരങ്ങളിൽ ഞാറ്റടിയൊരുക്കല്‍ ആരംഭിക്കാം. നിലം ഉഴുതൊരുക്കുന്ന മുറയ്ക്കാവണം ഞാറ്റടി തയാറാക്കല്‍.  പായ ഞാറ്റടിയാണെങ്കിൽ 8–12 ദിവസം പ്രായമുള്ള ഞാറും സാധാരണ ഞാറ്റടിയില്‍ 15 ദിവസം മൂപ്പുള്ള ഞാറുമാണ് പാടത്തേക്കു പറിച്ചു നടേണ്ടത്. അതനുസരിച്ചു വേണം ഞാറ്റടിയൊരുക്കാൻ. സാധാരണ ഞാറ്റടിയെങ്കിൽ കൃഷിയിടത്തിന്റെ പത്തിലൊന്നു സ്ഥലം വേണ്ടിവരും. ഞാറ്റടിയിലെ അമ്ലത ക്രമീകരണം പ്രധാനം. ഏറ്റവും നല്ല മാർഗം വെള്ളം കയറ്റിയിറക്കുകയാണ്. 2 ദിവസം ഇങ്ങനെ ചെയ്ത ശേഷം ഒരു ചതുരശ്ര മീറ്ററിന് ഒരു കിലോ എന്ന നിരക്കിൽ ജൈവവളം വിതറണം. ഞാറ്റടിയിൽ വിതയ്ക്കുന്നതിന് മുൻപ് ഒരു കിലോ വിത്തിന് 20 ഗ്രാം സ്യൂഡോമോണാസും 10 ഗ്രാം അസോസ്പെറില്ലവും ചേർത്ത് വിത്തുപചാരം നടത്താം. വിത്ത് കുതിർക്കുന്ന വെള്ളത്തിൽ ലീറ്ററിന് 20 ഗ്രാം എന്ന തോതിൽ  ഇവ ചേർക്കുന്നത് മുളയ്ക്കൽ ശതമാനവും ശക്തിയും കൂട്ടും. 

cabbage

ശീതകാല പച്ചക്കറികൾ

മാസാവസാനത്തോടെ ശീതകാല പച്ചക്കറിത്തൈ തയാറാക്കല്‍ തുടങ്ങാം. ഇതിനായി തയാറാക്കുന്ന പോട്ടിങ് മി ശ്രിതത്തിൽ ബാസില്ലസ് സബ്ടിലീസ് ചേർക്കുന്നത് തൈകളുടെ കടചീയൽ നിയന്ത്രിക്കുന്നതിനു സഹായകം. ശീ തകാല പച്ചക്കറിവിളകളിൽ കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി ഇവയുടെ 25 ദിവസം പ്രായമായ തൈകളാണു നടുന്നത്. കാബേജ്, കോളിഫ്ലവർ തൈകളുടെ തളിരിലയിൽ ചെറിയ തോതിൽ വയലറ്റ് നിറം ബാധിക്കുന്നതായി കണ്ടാലുടൻതന്നെ ബോറിക് ആസിഡ് ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി സ്പ്രേ ചെയ്തു നൽകുക. ഈ നിറം പടർന്നിട്ടുള്ള തൈകളിൽ കാബേജിന് ഹെഡ് ഉണ്ടാവുകയില്ല. കോളിഫ്ലവർ പൂക്കുന്നതിനു മടി കാണിക്കുകയും ചെയ്യും.

നാടൻ പച്ചക്കറികൾ

ഓണക്കാല വിളവെടുപ്പിനുശേഷം പരിചരണം നൽകിയാൽ വിളവെടുപ്പു തുടരാം. മുളക്, പയർ, വെള്ളരിവർഗ വിളകൾക്കും പൊട്ടാസ്യം സിലിക്കേറ്റ് 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുക. തുടർന്ന് 5 ദിവസമെങ്കിലും കഴിയുമ്പോൾ 2 മില്ലി നാനോ DAP ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി സ്പ്രേ ചെയ്യുക. ഒരാഴ്ചയ്ക്കുശേഷം കാത്സ്യം നൈട്രേറ്റ് രണ്ട് ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി സ്പ്രേ ചെയ്യുക. മഴ ഇല്ലാത്ത നിലവിലെ  അവസ്ഥയിൽ തടം പിടിക്കുക. തടത്തിൽ അഴുകിപ്പൊടിഞ്ഞ ജൈവവളം ചുവട്ടിൽ നിന്നു 2 മുതൽ 4 സെ.മീ. അകറ്റി ഇട്ടുകൊടുക്കുക.

തയാറാക്കിയ തടങ്ങളിൽ പുതിയ കൃഷിക്കുള്ള തൈകൾ നട്ടതിനുശേഷം ചുവട്ടിൽ മണ്ണ് കൂട്ടിക്കൊടുക്കണം. ഒരു കാരണവശാലും തണ്ടിന്റെ വശങ്ങളിൽ അമർത്തി തൈകൾ ഉറപ്പിക്കാൻ പാടില്ല. ഇങ്ങനെ ചെയ്താൽ തൈയുടെ വേര് വിട്ടുപോകുന്നതിനു സാധ്യത ഏറെയാണ്.

വേനലിനെ കരുതാം.

കാലവർഷത്തിൽ ഗണ്യമായ കുറവുണ്ടായ സ്ഥിതിക്ക് വിളകളെ ചൂടിൽനിന്നും വരൾച്ചയിൽനിന്നും സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഇപ്പോൾത്തന്നെ ആരംഭിക്കുന്നതാണു നല്ലത്. വേനലിൽ വിവിധ പോഷകങ്ങളുടെ പ്രസക്തി പരിശോധിക്കാം.

പൊട്ടാസ്യവും സിലിക്കയും: വരൾച്ചയെ അതിജീവിക്കാന്‍  ചെടികൾക്കു കഴിവു കൊടുക്കുന്നത് പൊട്ടാഷും സിലിക്കയും ആണ്. വരൾച്ച അതിജീവിക്കുന്നതിന് പൊട്ടാസ്യം സിലിക്കേറ്റ് ലായനി സ്പ്രേ ചെയ്യുന്നതുവഴി സാധിക്കും. വെള്ളത്തിന്റെ കുറവ് വിളകൾ പ്രകടമാക്കുന്നതിനു മുൻപുതന്നെ പൊട്ടാസ്യം സിലിക്കേറ്റ് സ്പ്രേ നൽകണം.

കാത്സ്യം: കോശഭിത്തിയിലെ പ്രധാനി. തണ്ടിനു ബലം കൊടുക്കുന്നതോടൊപ്പം കാത്സ്യം സ്പ്രേ വഴി പുതിയ ഒട്ടേറെ വേരുകൾ ഉണ്ടാകുന്നതായി കണ്ടുവരുന്നു. (ഇത് ഏറ്റവും പെട്ടെന്നു നിരീക്ഷിക്കുവാൻ സാധിക്കുന്നത് ഓർക്കിഡുകളിൽ ആണ്. ഒട്ടേറെ പഠനങ്ങളിൽ ചൂടിനെ അതിജീവിക്കാനുള്ള വിളകളുടെ കഴിവിനെ കാത്സ്യം വർധിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. ചൂടു കൂടിത്തുടങ്ങുമ്പോൾത്തന്നെ കാത്സ്യം സ്പ്രേ വിളകൾക്കു നൽകേണ്ടതുണ്ട്. ചെടികളിൽ കാത്സ്യത്തിന്റെ നീക്കം വളരെ ചെറിയ വേഗത്തിൽ ആയതിനാൽ വിളകൾ മുഴുവൻ കുളിർപ്പിച്ച് കാത്സ്യം ലായനിയുടെ സ്പ്രേ നൽകണം.

ഒഴിവാക്കേണ്ട പോഷണങ്ങൾ

നൈട്രജൻ വളങ്ങൾ വരൾച്ചയെയും ചൂടിനെയും അതിജീവിക്കുന്നതിനുള്ള ചെടിയുടെ കഴിവ് ഇത് ഇല്ലാതാക്കും. ക്രമേണ വിളയുടെ നാശത്തിനുതന്നെ ഇത് വഴി തെളിയിക്കും. അതുകൊണ്ടുതന്നെ നൈട്രജൻ വളങ്ങൾ വരൾച്ച ആരംഭിക്കുന്നതിനു മുൻപു മാത്രമേ നൽകാവൂ. കാത്സ്യം നൈട്രേറ്റ് നൽകുകയാണെങ്കിൽ ഡിസംബർ തീരുന്നതിനു മുൻപു പൂർത്തിയാക്കണം. ഡിസംബർ മാസം ആരംഭിച്ചതിനുശേഷം നനസൗകര്യമില്ലാത്ത ഇടങ്ങളിൽ  നൈട്രജൻ  പൂർണമായും ഒഴിവാക്കുക.

മഗ്നീഷ്യം: പൊട്ടാഷിനോടുള്ള വിരുദ്ധപ്രവർത്തനം കാരണം മഗ്നീഷ്യം, പൊട്ടാഷ് നൽകുന്ന ഗുണസ്വഭാവങ്ങളെ ഇല്ലാതാക്കുന്നു. പൊട്ടാഷ് നൽകുന്ന വരൾച്ചപ്രതിരോധക്കഴിവ് ഇക്കാരണത്താൽ നന്നായി കുറയും. അതിനാല്‍ അവസാന വളപ്രയോഗത്തിൽ മഗ്നീഷ്യം  ഒഴിവാക്കുക തന്നെ വേണം.

സൂക്ഷ്മമൂലകങ്ങൾ: ഇരുമ്പ് അടങ്ങുന്ന സൂക്ഷ്മമൂലകങ്ങളുടെ കൂട്ട് കേരളത്തിലെ മണ്ണിൽ വളരുന്ന  ചെടികൾക്ക് ഒട്ടും അനുയോജ്യമല്ല. കേരളത്തിലെ മണ്ണിൽ (മണൽമണ്ണ് പ്രദേശത്തും ചിറ്റൂർഭാഗത്തുള്ള കറുത്ത മണ്ണ് ഒഴികെ) ഇരുമ്പിന്റെ അംശം കൂടുതലാണ്. ഇരുമ്പ് അടങ്ങിയ സൂക്ഷ്മമൂലകങ്ങളുടെ പോഷണം വേരിന്റെ വളർച്ചയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു.

നന

ജലം ചെടിയുടെ വേരുഭാഗത്ത് എത്തണം. മണ്ണിന്റെ മുകളിൽ വെള്ളം വീണാൽ അതിന്റെ 60%  വരെ ബാഷ്പീകരിച്ചു നഷ്ടമാകും.  പച്ചക്കറികൾക്ക് 10 സെന്റിമീറ്ററും  വൃക്ഷവിളകൾക്ക് 40 സെന്റിമീറ്ററും എങ്കിലും മേൽ മണ്ണിൽനിന്നു താഴ്ത്തി വെള്ളം നൽകുന്നത് ബാഷ്പീകരണ നഷ്ടം കുറയ്ക്കും. നനയ്ക്കുന്നിടത്ത് ജൈവ പുത, ഷീറ്റ് മൾചിങ്  എന്നിവ നൽകുന്നത് മണ്ണിൽനിന്നുള്ള ജലനഷ്ടം കുറയ്ക്കും. ഇവ ഇടുമ്പോൾ ചുവട്ടിൽനിന്നു 2 സെമീ മുതൽ 4 സെമീ വരെ അകലം ചുറ്റും ഉണ്ടായിരിക്കണം.

English summary: Crop care in September

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com