ADVERTISEMENT

വിലയിടിവും വന്യജീവി ശല്യവുമായി കേരളത്തിൽ കൃഷി ഇല്ലാതാകുമ്പോൾ അയൽ സംസ്ഥാനങ്ങളിൽ മികച്ച രീതിയിൽ കൃഷി നടക്കുന്നു. എങ്ങനെയാണ് അവിടുത്തെ കർഷകർക്ക് അതു സാധ്യമാകുന്നതെന്ന് അറിയാൻ കേരളത്തിൽനിന്നുള്ള ഏതാനും കർഷകർ കർണാടകയിലേക്കൊരു യാത്ര നടത്തി. അവിടെ അവർ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ കിഫയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ബിനോയ് പെരിഞ്ചല്ലൂർ പങ്കുവയ്ക്കുന്നു.

കേരളത്തിൽ കർഷകർ ഇല്ലാതാവുന്നതിന്റെയും മറ്റ് സംസ്ഥാനങ്ങളിൽ  കാർഷികവൃത്തിയിൽ ആളുകൾ ഉള്ളതിന്റെയും വ്യത്യാസം പഠിക്കാനാണ് ഞങ്ങൾ പോയത്. കേരള സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ  കൃഷി പഠിക്കാൻ പോയപ്പോൾ കിഫ കോഴിക്കോട് ജില്ലാ കമ്മിറ്റിക്കു തോന്നിയ ഒരു ആശയം ആയിരുന്നു തൊട്ടടുത്ത സംസ്ഥാനങ്ങളിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പഠിക്കുക എന്നത്. അങ്ങനെ ഞങ്ങൾ കിഫ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിലേക്ക് യാത്രയായി. കേരളത്തിൽ സുലഭമായിരുന്ന വാഴ, ഇഞ്ചി, കപ്പ മുതലായവ കർണാടകയിലേക്ക് പറിച്ചുമാറ്റപ്പെട്ടതും കേരളം തരിശായി മാറുന്നതും ഞങ്ങൾക്കൊരു നേർക്കാഴ്ചയായി. രണ്ടുദിവസത്തെ പഠന യാത്രയിൽ കർണാടകയിലെ മലയാളികളായ കർഷകരെയും മറ്റാളുകളെയും കാണാൻ സാധിച്ചു. അവരുമായി നടന്ന ചർച്ചകളും ഞങ്ങൾ വീഡിയോയിൽ പകർത്തിയിട്ടുണ്ട്.

അവിടെ വനാതിർത്തിയിൽ റെയിൽ ഫെൻസിങ്, സോളാർ ഫെൻസിങ്, കൂടാതെ കിടങ് കുഴിച്ചതും ഞങ്ങൾ കണ്ടു. അവിടുത്തെ സർക്കാർ കർഷകരെ എത്ര നല്ല രീതിയിൽ, അവരുടെ കൃഷിയിടങ്ങളെയും ജീവനോപാധിയെയും എന്തിന് ജീവനെ തന്നെയും സംരക്ഷിക്കുന്നുണ്ട് എന്ന് വ്യക്തമാകുന്നതായിരുന്നു വനാതിർത്തിയിൽ ഞങ്ങൾ കണ്ട വന്യജീവി പ്രതിരോധ മാർഗങ്ങളും മികച്ച രീതിയിൽ വിളകൾ നിൽക്കുന്ന കൃഷിയിടങ്ങളും. അവിടെ ഒരാൾ കൃഷിക്ക് ചെല്ലുകയാണെങ്കിൽ അവിടുത്തെ ഭരണ-ഉദ്യോഗസ്ഥ സംവിധാനം കൃഷിയിടങ്ങളിൽ ചെന്ന് അവർക്കു വേണ്ടുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുക എന്ന ഉദ്ദേശത്തോടെ കൃത്യമായി പ്രവർത്തിക്കുന്ന സംവിധാനമായി ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. ജല ദൗർലഭ്യമുള്ള സംസ്ഥാനമായ കർണാടകയിൽ കേരളത്തിൽനിന്നുള്ള ജലം സംഭരിച്ച്, അതുപോലെ എവിടെ വെള്ളത്തിന്റെ അംശം ഉണ്ടോ അവിടെ ചിറകൾ ഉണ്ടാക്കി കൃഷി ആവശ്യത്തിനും മറ്റുമുള്ള കുഴൽക്കിണറുകളിൽ വെള്ളം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിരിക്കുന്നു. ഇത് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ കർഷക-കൃഷിസൌഹൃദ നടപടിയാണ്. അതുപോലെ കൃഷിയിടങ്ങളിൽ ഇലക്ട്രിക് ലൈൻ വലിച്ച് ദിവസം ഏഴു മണിക്കൂർ നേരം പമ്പ് ചെയ്യാനുള്ള വൈദ്യുതി സൌജന്യമായി കൊടുക്കുന്നു. പകൽ നാലു മണിക്കൂറും രാത്രി മൂന്നു മണിക്കൂറുമാണ് വൈദ്യുതി ലഭിക്കുകയെന്ന് കർഷകർ പറഞ്ഞു. നേരെമറിച്ച് കേരളത്തിലെ സ്ഥിതിയോ?

വനാതിർത്തിയോടു ചേർന്ന കൃഷിയിടങ്ങളിൽ വാഴയും ഇഞ്ചിയുമൊക്കെ കൃഷി ചെയ്തിരിക്കുന്നത് ഞങ്ങൾ കണ്ടു. കൃഷിയിടങ്ങളിൽ വന്യജീവികൾ എത്തില്ല എന്നതിന്റെ ഉറപ്പ് ഓരോ കർഷകന്റെയും മുഖത്തും കൃഷിയിടത്തിലും കാണാൻ സാധിച്ചു. വിശാലമായ രീതിയിൽ കൃഷി ചെയ്തിരിക്കുന്ന ഇഞ്ചിത്തോട്ടങ്ങളൊക്കെ കണ്ടപ്പോൾ കേരളത്തിൽ സ്വന്തം കൃഷിയിടത്തിൽ ധൈര്യപൂർവം കൃഷിയിറക്കാൻ കഴിയുന്നില്ലല്ലോ എന്നതായിരുന്നു വേദന.

കർഷകരെ മാത്രമല്ല ഞങ്ങൾ കണ്ടത്. ആലപ്പുഴയിൽനിന്നും കർണാടകയിൽ താമസമാക്കിയ രണ്ടു യുവാക്കളെ കണ്ടു. അവർ ബിസിനസ് ചെയ്യുകയാണ്. അവർ പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ, പുതിയ തലമുറ എന്തുകൊണ്ട് കേരളം വിടുന്നു എന്നതിന് ഉത്തരം ലഭിച്ചു. വിദ്യാഭ്യാസമായിക്കോട്ടെ, ജോലിയായിക്കൊട്ടെ, ബിസിനസ് ആയിക്കോട്ടെ എന്തിനും സർക്കാരിന്റെ വിവിധ ഓഫീസുകളിൽ നിന്നുള്ള സഹായം അവിടെ ലഭ്യമാണ്. കേരളത്തിൽ സ്വന്തം നാട്ടിൽ ബിസിനസ് ചെയ്യുക എന്നത് ആഗ്രഹമില്ലാഞ്ഞിട്ടല്ല അവർ കേരളം വിട്ടത്, എന്തെങ്കിലും ചെയ്താൽ അതിന് റിട്ടേൺ കിട്ടണം എന്നുള്ള ആഗ്രഹം കൊണ്ടാണ്.

കേരളത്തിൽ നേരിടുന്ന വന്യമൃഗ ശല്യത്തിനൊരു അറുതി വരുത്താൻ ഇതുവരെയും മാറിമാറി വരുന്ന സർക്കാരുകൾക്ക് സാധിച്ചിട്ടില്ല. എന്നിട്ട് കോടികൾ മുടക്കി ഇസ്രയേലിൽ പോയി കൃഷി പഠിച്ചു. നല്ല കാലാവസ്ഥയും നല്ല ജലവും ലഭ്യമായ കേരളത്തിൽ കൃഷി ചെയ്യാൻ പറ്റാത്തതിന് കാരണം കൃഷിയിൽനിന്നും വരുമാനം ഇല്ലാത്തതുകൊണ്ട് മാത്രമാണ്. അതുപോലെ വന്യമൃഗ ശല്യം കൂടി ആയപ്പോൾ ഒരുതരത്തിലും ജീവിക്കാൻ പറ്റാത്ത സാഹചര്യമായി മാറി. ഇന്നലലെ രാവിലെ കണ്ണൂർ ജില്ലയിലെ ഉളിക്കൽ പ്രദേശത്ത് കാട്ടാന ഇറങ്ങിയപ്പോൾ ജനങ്ങളെ മുഴുവൻ ബന്ധനസ്ഥരാക്കി വനംവകുപ്പ് കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ നമ്മൾ ചാനലിലൂടെ കാണ്ടു. കൃഷി പോയിട്ട് ഇവിടെ ജീവിക്കാൻ പോലും ആളുകൾ മടിക്കുന്ന കാലമാണ് ഇപ്പോൾ കടന്നു പോകുന്നത്.

കേരം തിങ്ങും കേരള നാട്ടിലെ നാളികേരത്തിന്റെ വില ഇടിഞ്ഞിട്ട് നാളുകൾ ഏറെയായി. കേരളത്തിന്റെ കാർഷിക മേഖലകളിൽ, താഴെ പന്നി, മയിൽ, കാട്ടുപോത്ത്, ആന, കടുവ, മുകളിൽ കൂടി കുരങ്ങും ആയപ്പോൾ കൃഷി ഉപേക്ഷിച്ച് നാടുവിടേണ്ട ഗതിയിലാണ് കർഷകർ. അവരുടെ മക്കൾ ആകട്ടെ  ഇസ്രയേൽ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് ചേക്കേറുന്ന തിരക്കിലും.

ജീവിതം വഴിമുട്ടിയ കാർഷിക കർഷകർ ഇല്ലാതായാൽ നാട്ടിലെ സമ്പത്ത് വ്യവസ്ഥ താറുമാറാകും എന്നത് ഇത്രയും കാലമായി ഇവിടെയുള്ള ഭരണകൂടത്തിനു മനസ്സിലായിട്ടില്ല. കേരളത്തിൽ കാർഷിക മേഖല എപ്പോൾ  തകർന്നിട്ടുണ്ടോ, അപ്പോഴൊക്കെ അതിന്റെ പ്രതിഫലനം എന്നോണം വ്യാവസായിക മേഖലയും തകർന്നിട്ടുണ്ട്.

കേരളത്തിലെ വിളകളുടെ വിലത്തകർച്ചയ്ക്ക് പിന്നിൽ ഭരണ ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ വികലമായ കാഴ്ചപ്പാട് ഒന്നുകൊണ്ടു മാത്രമാണ്. റബറിനെന്നപോലെ നാളികേരത്തിനു വിലസ്ഥിരത ഫണ്ട് ഏർപ്പെടുത്തുകയാണെങ്കിൽ, കർഷകർക്ക് അവരവരുടെ നാടുകളിലുള്ള കച്ചവട സ്ഥാപനങ്ങളിൽ വിൽക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ അങ്ങാടികൾ സജീവമാകും അങ്ങാടികളിലെ ചുമട്ടുതൊഴിലാളികൾക്കും ചരക്ക് വാഹനങ്ങൾക്കും ആവശ്യത്തിന് വരുമാനം കിട്ടുന്നു. കർഷകർക്ക് കിട്ടുന്ന തുകയിൽ നിന്നും അവനവൻറെ ആവശ്യത്തിനുള്ള വസ്തുക്കൾ വാങ്ങുവാൻ അങ്ങാടിയിലുള്ള മറ്റു കടകളിലും പണം ചെലവഴിക്കുന്നു. അങ്ങനെ നാടിന്റെ എക്കണോമി തന്നെ ചലിപ്പിക്കാൻ സാധിക്കുന്നു. ഇതും മൂലം സർക്കാരിനും വരുമാനം ഉണ്ടാകുന്നു അത് മനസ്സിലാക്കാനുള്ള ശേഷിയുള്ള ആളുകൾ നമ്മുടെ ഭരണ തലപ്പത്ത് വരാത്തതാണ് നമ്മുടെ നാടിന്റെ ശാപം.

ലോകം മുഴുവൻ അംഗീകരിച്ച ഫെയർ ട്രേഡ് സംവിധാനം-[അതായത് ഉൽപാദന ചെലവ്+അതിന്റെ 50%] കേരളത്തിലും നടപ്പിലാക്കേണ്ടത് അത്യാവശ്യമായി കഴിഞ്ഞിരിക്കുന്നു. ഏകദേശം 52 രൂപ ഒരു കിലോ നാളികേരത്തിന് ഉൽപാദനച്ചെലവുണ്ടെന്നിരിക്കെ, കേവലം 34 രൂപ സംഭരണ വിലയായി പ്രഖ്യാപിക്കുകയും അത് വേണ്ടത്ര രീതിയിൽ ചെയ്യാതിരിക്കുകയും ചെയ്യുമ്പോൾ കേരളത്തിന് നഷ്ടമാകുന്നത് കോടികളാണ്.

അതിർത്തികളിൽ കൂടി കടത്തിക്കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കൾ കൃത്യമായി പരിശോധിച്ചു മായം കലർന്നിട്ടുള്ളതാണെങ്കിൽ തിരികെ വിട്ട് കേരളത്തിലെ ജനതയുടെ ആരോഗ്യം സംരക്ഷിക്കുവാൻ ഒരു വകുപ്പ് ഉണ്ടായിട്ടും ആ വകുപ്പിന് മന്ത്രി ഉണ്ടായിട്ടും നടപടി എടുക്കാത്തത് ഇതിന് പിന്നിലുള്ള ഗൂഢ ഉദ്ദേശങ്ങൾ ജനം മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.

ഇതിനൊരു അറുതി വരുത്താൻ ഇവിടെയുള്ള ഭരണകൂടം ശ്രമിച്ചില്ലെങ്കിൽ ഇത്ര നല്ല കാലാവസ്ഥ ഉണ്ടായിട്ടും മരുഭൂമിയായി പോകേണ്ട അവസ്ഥയിലേക്ക് കേരളം കടന്നുകൊണ്ടിരിക്കുകയാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സർക്കാർ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി കേരളത്തിൽ ആവിഷ്കരിച്ചത്. കേരളത്തിൽ കൃഷി ചെയ്യാൻ ആരെയും പഠിപ്പിക്കേണ്ടതില്ല. അതിനു വേണ്ടുന്ന സാഹചര്യങ്ങൾ ഒരുക്കി കൊടുത്താൽ മാത്രം മതി. അതുപോലെ കർഷകൻ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുകയും ചെയ്താൽ കേരളത്തിൽ കൃഷി പൂർവസ്ഥിതിയിൽ ആവുക മാത്രമല്ല, സമ്പൽസമൃദ്ധമായ ഒരു കേരളം പടുത്തുയർത്താൻ സാധിക്കും എന്നുള്ളത് ഞങ്ങൾക്ക് തീർച്ചയായി. കാരണം കേരളത്തിൽ നിന്നും പോയ ആളുകളാണ് കർണാടകയിലും തമിഴ്നാട്ടിലും എന്തിനേറെ ചത്തീസ്ഗഡിലും ഉത്തരാഖണ്ഡിലും കൃഷി ചെയ്യുന്നത്. റബർ കൃഷി കേരളത്തിൽ നിന്നും ഒറീസയിലേക്ക് പറിച്ചുമാറ്റപ്പെടുന്ന സ്ഥിതി കണ്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ സ്വന്തം തെങ്ങ് മറ്റു സംസ്ഥാനങ്ങളിൽ സുലഭമായി കൃഷി ചെയ്യുന്നു. കപ്പ ഇഞ്ചി തുടങ്ങിയ ഇനങ്ങൾ കേരളം വിട്ടു കഴിഞ്ഞു. എന്തിനേറെ ഇവിടെ ഉൽപാദിപ്പിക്കുന്ന നെല്ലിന് കൃത്യമായ വില ഉറപ്പുവരുത്താതെയും സംഭരിക്കാതെയും സ്വകാര്യ കമ്പനികൾക്ക് മറിച്ചു കൊടുത്തും കേരളത്തിലെ ആളുകൾ അരിക്കുവേണ്ടി ആന്ധ്രയെ കാത്തിരിക്കുന്നതും നമ്മൾ കാണുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com