രണ്ടാം വർഷം മുതൽ ഉൽപാദനം, നാലാം വർഷത്തോടെ സ്ഥിരവിളവ്: നേട്ടമാണ് കശുമാവ്
Mail This Article
ഉഷ്ണമേഖലാപ്രദേശങ്ങളിൽ മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിക്കു യോജിച്ച വൃക്ഷവിളയാണ് കശുമാവ്.
നടീൽവസ്തു
മുൻപ് വിത്തണ്ടി ശേഖരിച്ച് 20–25 അടി അകലത്തിൽ പാകിപ്പോകുന്ന രീതിയിലായിരുന്നു നടീൽ. എന്നാൽ, ഇന്ന് ഒട്ടുതൈകളാണ് ലോകമെങ്ങും നടീൽവസ്തു.
ഒട്ടുതൈ–നേട്ടങ്ങൾ
നട്ട് രണ്ടാം വർഷം മുതൽ ഉൽപാദനം, നാലാം വർഷത്തോടെ സ്ഥായിയായ വിളവ്, മരങ്ങൾ അധികം ഉയരത്തിൽ വളരാതെ പടർന്നു പന്തലിച്ചു നിൽക്കും, വേരുപടലം മണ്ണിൽ ആഴത്തിൽ വളരാതെ ഉപരിതലത്തിൽ വ്യാപിച്ചു കിടക്കും, അതതു പ്രദേശത്തെ ഉൽപാദനക്ഷമതയുള്ള മികച്ച നാടൻമരങ്ങൾ കണ്ടെത്തി അവയിൽനിന്നുള്ള ഒട്ടുതൈകൾ തയാറാക്കി നടാം.
നടീൽരീതി
നന്നായി സൂര്യപ്രകാശമുള്ള ഇടങ്ങളാണ് കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. മേയ്–ജൂൺ മാസങ്ങളിലോ സെപ്റ്റംബർ– ഒക്ടോബർ മാസങ്ങളിലോ തൈ നടാം. സാധാരണയായി ഏഴര–എട്ട് മീറ്റർ അകലത്തിൽ നടുന്ന രീതിയാണ് (കുറഞ്ഞ സ്ഥലത്ത് കൂടുതൾ തൈകൾ നട്ട് അതുവഴി ഉൽപാദനം വർധിപ്പിക്കുന്ന അതിസാന്ദ്രതാരീതികളും പരീക്ഷിക്കാം. പരമ്പരാഗത രീതിയിൽ ഏക്കറിൽ 80–100 തൈ നടുമ്പോൾ അതിസാന്ദ്രതാരീതിയിൽ ഏക്കറിന് 160–200 തൈ നടാം).
5–6 മാസം പ്രായമായ ഒട്ടുതൈകൾ നടാം. ഒന്നരടി ആഴത്തിലും നീളത്തിലും വീതിയിലും കുഴികൾ എടുത്ത് അതിൽ മേൽമണ്ണും ചാണകപ്പൊടി പോലുള്ള ജൈവവളവും ചേർത്തു പാതി മൂടി അതിലാണ് നടേണ്ടത്. കൂടത്തൈ നടുമ്പോൾ പ്ലാസ്റ്റിക് കവർ ശ്രദ്ധയോടെ കീറി മാറ്റിയശേഷം വേണം നടാൻ. നഴ്സറിയിൽനിന്നു വാങ്ങുന്ന ഒട്ടുതൈകളുടെ കാര്യത്തിൽ, വളർച്ചയനുസരിച്ച് ഒട്ടുസന്ധിയിലെ പ്ലാസ്റ്റിക് നാട അഴിച്ചു മാറ്റേണ്ടതാണ്. തൈകളുടെ വളർച്ച കുറവെങ്കിൽ തോട്ടത്തിൽ നട്ട് നന്നായി പിടിച്ചതിനുശേഷം മാത്രം ഒട്ടുസന്ധിയിലെ പ്ലാസ്റ്റിക് നാട അഴിച്ചു മാറ്റിയാൽ മതി. നട്ടശേഷം ഒട്ടുതൈകൾക്കു താങ്ങു നൽകണം.
വന്യമൃഗശല്യമുള്ള പ്രദേശങ്ങളിൽ കമ്പിവല അല്ലെങ്കിൽ പ്ലാന്റ് ഗാർഡ് സ്ഥാപിച്ച് തൈ ആദ്യ വർഷം പരിചരിക്കാം. തൈകൾ വളർന്നു വരുമ്പോൾ വള്ളിച്ചെടികളായ കളകൾ ഒട്ടുതൈകളിൽ കയറാതിരിക്കാൻ ശ്രദ്ധിക്കണം. മഴ നീങ്ങുന്നതോടെ മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനായി തടങ്ങളിൽ കരിയിലകൊണ്ട് പുത നൽകാൻ ശ്രദ്ധിക്കണം.
ഏതിനം നടണം
കശുമാവിൽ സീസണിന്റെ ആദ്യഘട്ടത്തിൽ പുഷ്പിക്കുന്ന ഇനങ്ങളും ഇടക്കാലം പുഷ്പിക്കുന്ന ഇനങ്ങളും വൈകി പുഷ്പിക്കുന്ന ഇനങ്ങളുമുണ്ട്. ചിട്ടയായ പരിചരണമുള്ള തോട്ടങ്ങളിലേക്ക് മധ്യകാല പുഷ്പിണികളാണ് യോജ്യം. ഇവ ഡിസംബർ–ജനുവരി മാസത്തോടെ പൂവിടും. മാർച്ച്–ഏപ്രിൽ മാസത്തോടെ, മഴയ്ക്കു മുൻപായി വിളവെടുപ്പും പൂർത്തിയാകും. എന്നാൽ, കുറഞ്ഞ പരിചരണം മാത്രം ലഭിക്കുന്ന തോട്ടങ്ങളിൽ നേരത്തേ പുഷ്പിക്കുന്ന ഇനങ്ങളും വൈകി പുഷ്പിക്കുന്ന ഇനങ്ങളും ഇടക്കാലത്തു പുഷ്പിക്കുന്ന ഇനങ്ങളും ഇടകലർത്തി നടുന്നതാണു നല്ലത്. നീണ്ട വിളവെടുപ്പുകാലം ഇത്തരം കൃഷിയിൽനിന്നു പ്രതീക്ഷിക്കാം.
മികച്ച ഇനങ്ങള്‍
കാർഷിക സർവകലാശാല പുറത്തിറക്കിയ, മഞ്ഞ കശുമാമ്പഴമുള്ള ഇനങ്ങളാണ് ധന, അമൃത, രാ ഘവ്, കനക, പൂർണിമ, അക്ഷയ എന്നിവ. കടും ചുവപ്പ് നിറത്തിലുള്ള കശുമാമ്പഴമുള്ള ഇനങ്ങളാണ് മാടക്കത്തറ–2, അനഘ, കൊട്ടാരക്കര എന്നിവ. ചുവപ്പു കലർന്ന ഓറഞ്ച്, റോസ് നിറങ്ങളിലു ള്ള കശുമാമ്പഴം കാണുന്ന ഇനങ്ങളാണ് സുലഭ, പ്രിയങ്ക, ധരശ്രീ എന്നീ സങ്കരയിനങ്ങളും വൃഥാചലം 3 എന്ന ഇനവും. വലുപ്പം കൂടിയ കശുവണ്ടിയുള്ള ഇനങ്ങളാണ് ഇവയെല്ലാം. 8–10 ഗ്രാം തൂക്കം. 10 വർഷം പ്രായമായ മരത്തിൽനിന്ന് 10 മുതൽ 20 കിലോവരെ വിളവു പ്രതീക്ഷിക്കാം. കർണാടക പുത്തൂരിൽനിന്നു പുറത്തിറക്കിയ, വലുപ്പമേറിയ കശുവണ്ടി ലഭിക്കുന്ന ഇനമാണ് H130. 10-15 ഗ്രാം തൂക്കമുള്ള കശുവണ്ടി ലഭിക്കുന്ന ഈ ഇനം കുലകളായി കായ്ക്കും.
വിലാസം
ഡോ. ജലജ എസ്. മേനോൻ, അസിസ്റ്റന്റ് പ്രഫസർ & ഹെഡ്, കശുമാവ് ഗവേഷണകേന്ദ്രം, മാടക്കത്തറ, കേരള കാർഷിക സർവകലാശാല, ഫോൺ: 9446141724