65–ാം ദിവസം മുതൽ വിളവെടുപ്പ്; 10 സെന്റിൽ മൂന്നു ടൺ വിളവ്: ഇത് തണ്ണിമത്തൻ കൃഷിയുടെ കാലം
Mail This Article
സമ്മർ സീസണിൽ കേരളത്തിൽ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഒരു വിളയാണ് തണ്ണിമത്തൻ. നവംബറിൽ കൃഷി തുടങ്ങിയാൽ ജനുവരിയിൽ വിളവെടുക്കാം. ഏകദേശം 65 ദിവസമായാൽ വിളവെടുപ്പിന് പാകമാകും. നവംബറിൽ തുടങ്ങി തുടർന്നു വരുന്ന ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസം വരെ പുതുതായി എല്ലാ മാസവും വിളകൾ ഇടുകയാണെങ്കിൽ ജനുവരി തൊട്ട് മേയ് വരെയും ശേഷവും സമ്മർ സീസൺ മുഴുവനായി വിളവ് എടുക്കാം.
തുറന്ന സ്ഥലത്ത് കൃത്യത കൃഷിരീതിയിൽ ചെടികളുടെ സാന്ദ്രത കൂട്ടി ചെയ്യുകയാണെങ്കിൽ ഓരോ 10 സെന്റിലും 300 ചെടി വീതം നടാൻ പറ്റും. അതിൽ നിന്നും 3 ടണ്ണിലധികം ഉൽപാദനം സാധ്യമാകാറുണ്ട്. അതിലൂടെ കർഷകനു സാമാന്യം നല്ല സാമ്പത്തിക ലാഭം ലഭിക്കുന്നു.
ബെഡ് തയാറാക്കുമ്പോൾ തന്നെ മണ്ണിന്റെ പിഎച്ച് കൃത്യമാക്കി ആവശ്യത്തിനുള്ള ജൈവ വളം അടിവളമായി ചേർക്കണം. അതാത് പ്രദേശത്തിനനുസരിച്ച് അത്യുൽപാദനശേഷിയും രോഗപ്രതിരോധശേഷിയും കുടുതലുള്ള ഹൈബ്രിഡ് ഇനം വിത്തുകളാണ് തിരഞ്ഞെടുക്കേണ്ടത്. കൃത്യമായ പരിപാലനം നിർബന്ധമാണ്. പ്രഥമ മൂലകങ്ങളും ദ്വതീയ മൂലകങ്ങളും സൂഷ്മ മൂലകങ്ങളും കൃത്യമായ അളവിൽ കൃത്യസമയത്ത് ചെടികൾക്ക് ലഭ്യമാക്കണം. അങ്ങിനെ ചെയ്യുമ്പോൾ തണ്ണിമത്തന് നല്ല മധുരവും ക്രിസ്പിനസ്സും കൂടുന്നു. വിളവെടുപ്പ് അടുക്കുന്നതോടെ ചെടികൾക്ക് ജലസേചനം കുറയ്ക്കണം. അല്ലാത്ത പക്ഷം തണ്ണിമത്തങ്ങയ്ക്ക് മധുരക്കുറവ് അനുഭവപ്പെടും. ഷമാമും ഇതേ രീതിയിൽ കൃഷി ചെയ്യാം.
ശ്രദ്ധിക്കേണ്ടത്
കഴിഞ്ഞ വേനൽക്കാലത്ത് തണ്ണിമത്തൻ കൃഷി ചെയ്ത പലരും അമിത ചൂടിനാൽ പൊള്ളലേറ്റ് ചെടികൾ നശിച്ച് സാമ്പത്തിക നഷ്ടം ഉണ്ടായി എന്ന് പറയുകയും പത്രമാധ്യമങ്ങളിൽ അത് വാർത്തയായി വരികയും ചെയ്തിരുന്നു. ചെടികൾക്ക് വരൾച്ചയെ പ്രതിരോധിക്കാൻ പൊട്ടാഷും ചൂടിനെ അതിജീവിക്കാൻ കാത്സ്യവും ആവശ്യമാണ്. ഇതിനായി സൾഫേറ്റ് ഓഫ് പൊട്ടാഷും കാത്സ്യം നൈട്രേറ്റും വിദഗ്ധ ഉപദേശത്തോടെ മാത്രം ആവശ്യം കണ്ടറിഞ്ഞ് സ്പ്രേ രൂപത്തിൽ കൊടുക്കാം.