ഒൻപതു മാസവും വിളവ്; ഇവിടെ തക്കാളിയൊക്കെ വേറെ ലെവൽ: സംഗതി ഡച്ചാ ഡച്ച്...
Mail This Article
കേരളത്തിനു യോജിച്ച രീതിയിൽ എങ്ങനെ ഹൈടെക് കൃഷി ചെയ്യാം? ഇതിനുള്ള ഉത്തരമാണ് വയനാട് അമ്പലവയലിലുള്ള സെന്റർ ഓഫ് എക്സലൻസ് ഫോർ വെജിറ്റബിൾസ് ആൻഡ് ഫ്ലവേഴ്സ്. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം ക്യാംപസിൽ 17.02 കോടി രൂപ മുടക്കി 14 ഏക്കറിലാണ് ഇന്തോ-ഡച്ച് സംയുക്ത പദ്ധതിയായി 2023ൽ ഹൈടെക് കൃഷിക്കു വേണ്ടി മികവിന്റെ കേന്ദ്രം സ്ഥാപിച്ചത്. ഡച്ച് മാതൃകയിലും ഇന്ത്യൻ മാതൃകയിലും നാലു വീതം പോളിഹൗസ് സംവിധാനങ്ങൾ, തൈ ഉൽപാദനത്തിന് 5 പോളിഹൗസുകൾ, 4 ഷേഡ്നെറ്റ് ഹൗസുകൾ, 5 ഏക്കറിൽ കൃത്യത കൃഷി, ആധുനിക സംവിധാനങ്ങളോടെ ഓട്ടമേഷൻ കൺട്രോൾ യൂണിറ്റ്, ന്യൂട്രിഗേഷൻ യൂണിറ്റ്, സംസ്കരണ യൂണിറ്റുകൾ, പച്ചക്കറിത്തൈ ഉൽപാദന യൂണിറ്റുകൾ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. നെതർലൻഡ്‌സിൽനിന്നു പരിശീലനം നേടിയ കൃഷി ഓഫിസർമാരും കാർഷിക സർവകലാശാല അസിസ്‌റ്റന്റ് പ്രഫസർമാരുമാണ് സെന്റർ ഓഫ് എക്‌സലൻസ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.
ഹൈടെക് കൃഷി പരീക്ഷണങ്ങൾ
കാർഷിക രംഗത്തു നെതർലൻഡ്‌സ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളിൽ കേരളത്തിന് അനുയോജ്യമായവയാണ് ഇവിടെ പഠനവിധേയമാക്കുന്നത്. ഹൈടെക് കൃഷിയിൽ കേരളത്തിനു യോജിച്ച വിളകൾ, നടീൽ മാധ്യമങ്ങൾ, വള ശുപാർശകൾ, വിളപരിപാലന മാർഗങ്ങൾ എന്നിവയിലേക്കെത്തുകയാണു ലക്ഷ്യം. സാധാരണ പോളിഹൗസ് വിളകളായ വെള്ളരി, തക്കാളി, ഇല വിളകൾ എന്നിവയ്ക്കു പുറമേ കേരളത്തിൽ വാണിജ്യ സാധ്യതയുള്ള പാവൽ, പടവലം, പയർ എന്നിവയുടെ പോളിഹൗസ് കൃഷി, തുടങ്ങിയ പരീക്ഷണങ്ങൾ ഇവിടെ നടക്കുന്നു. കൂടാതെ വളക്കൂട്ടുകളുടെ അനുപാതം, സമയക്രമം, നടീൽ മാധ്യമം, കാലാവസ്ഥാ ഘടകങ്ങൾ, വിവിധ വിളകളുടെ വിവിധ ഇനങ്ങൾ തുടങ്ങി ഹൈടെക് കൃഷിയുടെ വ്യത്യസ്ത വശങ്ങളും പരീക്ഷണ വിധേയമാക്കുന്നു.
മികച്ച വിളവു നൽകുന്ന പോളിഹൗസുകൾ
പോളിഹൗസുകളിൽ മികച്ച വിളവാണു ലഭിക്കുന്നത്. സീസണിൽ 50 ടണ്ണോളം പച്ചക്കറികൾ ഉൽപാദിപ്പിക്കാനും വിള കാലാവധി ദീർഘിപ്പിച്ചു സീസണല്ലാത്ത സമയങ്ങളിൽ മികച്ച വിപണി ലഭ്യമാക്കാനും ഹൈടെക് കൃഷിയിലൂടെ സാധിക്കുന്നു. ചെറി ടൊമാറ്റോ ഉൾപ്പെടെ തക്കാളിയുടെ വിവിധ ഇനങ്ങൾ, സാലഡ് കുക്കുമ്പർ, കാപ്‌സിക്കം തുടങ്ങിയ വിളകൾക്കു മികച്ച വിളവു ലഭിച്ചു.
ഇന്ത്യൻ പോളിഹൗസുകളെക്കാൾ 3-4 മീറ്റർ ഉയരം കൂടിയ ഡച്ച് പോളിഹൗസിൽ കൂടുതൽ വായു നിലനിർത്താനുള്ള വ്യാപ്‌തിയുണ്ട്. താപനിലയും ആർദ്രതയും എളുപ്പത്തിൽ ക്രമീകരിക്കാനും കഴിയും. ഡച്ച് പോളിഹൗസിൽ വള്ളി പോലെ വളരുന്ന തക്കാളിയിനമായ 'നന്ദ' വളർത്തിയെടുത്തപ്പോൾ വിളവു പതിന്മടങ്ങായി. സാധാരണ 3 മാസമുള്ള വിളക്കാലാവധി 9 മാസമായി ദീർഘിപ്പിക്കുവാനും കഴിഞ്ഞു.
ന്യൂട്രിഗേഷൻ; ഫുള്ളി ഓട്ടമേറ്റഡ്!
പോളിഹൗസുകളിലും ഓപ്പൺ കൃത്യത കൃഷിയിലും വിള പരിപാലനത്തിനായി കംപ്യൂട്ടർ നിയന്ത്രിത ന്യൂട്രിഗേഷനാണ് അനുവർത്തിക്കുന്നത്. നെതർലൻഡ്‌സിൽനിന്ന് ഇറക്കുമതി ചെയ്‌ത ഫെർട്ടിഗേഷൻ യൂണിറ്റ്, ഓട്ടമേഷൻ സംവിധാനം എന്നിവയിലൂടെ വിളകൾക്ക് ഓരോ വളർച്ചാഘട്ടത്തിലും ആവശ്യമായ പോഷകങ്ങളും നിശ്ചിത സമയക്രമത്തിൽ നൽകാൻ കഴിയുന്നു. താപനില, ആപേക്ഷിക ആർദ്രത, കാറ്റ്, സൂര്യപ്രകാശം എന്നിവ സെൻസർ സഹായത്തോടെ നിയന്ത്രിക്കാനുള്ള സജ്ജീകരണങ്ങളും പോളിഹൗസിലുണ്ട്.
സംസ്‌കരണം
ഹൈടെക് കൃഷിയിലൂടെ മികച്ച വിളവു മാത്രമല്ല മികച്ച സംസ്‌കരണം എങ്ങനെ ചെയ്യാമെന്നും ഈ കേന്ദ്രത്തിൽ നിന്നും മനസ്സിലാക്കാം. പഴം പച്ചക്കറികളിൽ അടങ്ങിയിട്ടുള്ള ഫംഗസ്, വൈറസ്, കീടനാശിനി സാന്നിധ്യം ഒഴിവാക്കാൻ സഹായിക്കുന്ന ഓസോൺ വാഷിങ് സംവിധാനവുമുണ്ട്.
പരിശീലനം
ഹൈടെക് കൃഷിരീതികൾ, പോളിഹൗസ് കൃ ഷി, ഓപ്പൺ പ്രിസിഷൻ കൃഷി, നഴ്സറി പരിപാലനം എന്നിവ പഠിക്കാനും പരിശീലിക്കാനും ഹൈടെക് കേന്ദ്രം അവസരം നൽകുന്നു. കർഷകർ, കൃഷി ഉദ്യോഗസ്ഥർ എന്നിവർക്കു പുറമേ വിഎച്ച്എസ്ഇ, പോളിടെക്നിക്, എൻജിനീയറിങ്, കാർഷിക ബിരുദ വിദ്യാർഥികൾ ഉൾപ്പെടെയുളളവർക്ക് ഇവിടെ പരിശീലനം നേടാം.
ഒരു വർഷം ഒരു കോടിത്തൈകൾ
മികവിന്റെ കേന്ദ്രത്തിലെ ഒരു യൂണിറ്റിൽ 2 ലക്ഷം പച്ചക്കറിത്തൈകൾ ഉൽപാദിപ്പിക്കാൻ കഴിയും. അത്തരം 5 യൂണിറ്റുകൾ ഉണ്ട്. ഓർഡർ നൽകിയാൽ 35 ദിവസത്തിനുള്ളിൽ 10 ലക്ഷം പച്ചക്കറിത്തൈകൾ വരെ നൽകാൻ കഴിയും. ഒരു വർഷം ഒരു കോടി തൈകൾ വരെ ഉൽപാദിപ്പിക്കാനുള്ള സ്ഥാപിത ശേഷിയുണ്ട്.
2 ലക്ഷം തൈകൾ അനായാസം നനയ്ക്കാൻ സഹായിക്കുന്ന ബൂമർ ഇറിഗേഷൻ സംവിധാനം, തൈകൾ യഥേഷ്‌ടം എടുക്കാനും വയ്ക്കാനും സഹായിക്കുന്ന മൂവബിൾ ബെഞ്ച് സിസ്‌റ്റം എന്നീ സൗകര്യങ്ങളുമുണ്ട്. വാണിജ്യ കൃഷിക്ക് ആവശ്യമായ വ്യത്യസ്‌ത ഇനം തൈകൾ ബുക്ക് ചെയ്യുന്നതിനനുസരിച്ചു ലഭ്യമാക്കും.