ADVERTISEMENT

ഇരുപത്തഞ്ചിലധികം പശുക്കളുണ്ടായിരുന്ന തൊഴുത്തിൽ ഇപ്പോൾ എണ്ണം 7. ഏഴു വർഷം മുൻപ് ഒരു പശുവിൽ തുടങ്ങിയ കന്നുകാലി പരിപാലനം ഘട്ടം ഘട്ടമായി ഉയർത്തി 27 പശുക്കളിലേക്ക് എത്തിച്ച കർഷകനാണ് ഇടുക്കി ജില്ലയിലെ പൊട്ടൻകാട് സ്വദേശി മലയിൽ എം.എസ്.സിനോജ്. എന്നാൽ, സമീപകാലത്ത് ഉൽപാദനച്ചെലവ് വർധിച്ചതിനൊപ്പം മറ്റു കൃഷികളിലേക്ക് ശ്രദ്ധിക്കാനുള്ള സമയക്കുറവും അനുഭവപ്പെട്ടതോടെയാണ് പശുക്കളുടെ എണ്ണം ഏഴിലേക്കു കുറയ്ക്കാൻ നിർബന്ധിതനായതെന്നും അദ്ദേഹം പറയുന്നു. 

ഫാമിൽ ജനിച്ചു വള‍ർന്ന കിടാരിക്കൊപ്പം സിനോജ്
ഫാമിൽ ജനിച്ചു വള‍ർന്ന കിടാരിക്കൊപ്പം സിനോജ്

തുടക്കം ഒരു പശുവിൽനിന്ന്

ഏഴു വർഷം മുൻപ് ഒരു പശുവിനെ വാങ്ങിയായിരുന്നു സിനോജ് പശുപരിപാലനത്തിലേക്ക് തിരിഞ്ഞത്. ആദ്യ പശുവിനെ വീടിനോടു ചേർന്നുള്ള ചെറിയ തൊഴുത്തിൽ പാർപ്പിച്ചു. ആ പശു മികച്ച പാലുൽപാദനം കാഴ്ചവച്ചതോടെ പശുപരിപാലനം മുൻപോട്ടു കൊണ്ടുപോകാമെന്ന് ആത്മവിശ്വാസമായി. പഴയ തൊഴുത്തിനു പിന്നിലെ ചാണകക്കുഴി മൂടി വലിയൊരു ഷെഡ്ഡ് പണിതു. ഒരു പശുവിൽനിന്ന് ഘട്ടം ഘട്ടമായുള്ള വളർച്ചയായതിനാൽ തൊഴിലാളികളുടെ ആവശ്യം തോന്നിയില്ലെന്ന് സിനോജ്. പശുക്കളുടെ എണ്ണം കൂടിയപ്പോൾ കറവ ബുദ്ധിമുട്ടായെങ്കിലും കറവയന്ത്രം വാങ്ങിയതോടെ ആ ബുദ്ധിമുട്ട് മാറി. തീറ്റ ചെത്തിക്കൊടുക്കുന്നതിനു പകരം ആദ്യം ചോളത്തണ്ടും അതിനു വില ഉയർന്നതോടെ കൈതപ്പോളയും എത്തിച്ച് അരിഞ്ഞു കൊടുക്കാൻ തുടങ്ങിയതോടെ വലിയ അധ്വാനം കുറഞ്ഞു.

കോവിഡ് കാലം പിന്നിട്ടപ്പോൾ വർധിച്ച തീറ്റച്ചെലവ് പ്രതിസന്ധി സൃഷ്ടിച്ചെന്ന് സിനോജ്. ഉൽപാദനച്ചെലവും വരവും തമ്മിൽ തിട്ടപ്പെടുത്തുമ്പോൾ മുൻപോട്ടു കൊണ്ടുപോവുക വലിയ പ്രതിസന്ധിയായി മാറി. ഒരുകാലത്ത് എല്ലാ വീട്ടിലും പശുക്കളുണ്ടായിരുന്ന തന്റെ നാട്ടിൽ ഇന്ന് പശുക്കളുള്ള വീടുകൾ വളരെ വിരളമാണെന്ന് സിനോജ്. അതുകൊണ്ടുതന്നെ റീട്ടെയിൽ രീതിയിൽ പാൽവിൽപനയ്ക്ക് സാധ്യതയുണ്ടെങ്കിലും കൂടിയ അളവിൽ വിൽക്കാൻ സാധിക്കില്ല. ക്ഷീര സംഘം വഴി വിൽക്കാൻ ശ്രമിച്ചാൽ മുൻപോട്ടു പോകാനും പാടാണ്. അതുകൊണ്ടുതന്നെ പ്രദേശത്തെ ഡിമാൻഡ് അനുസരിച്ച് വിൽക്കാൻ കഴിയുന്ന അളവിലുള്ള പാൽ മാത്രമേ ഇപ്പോൾ ഉൽപാദിപ്പിക്കുന്നുള്ളു. പശുക്കളുടെ എണ്ണം ഏഴായി ചുരുക്കി. ഒരു ദിവസത്തെ ആകെ പാലുൽപാദനം ശരാശരി 80 ലീറ്ററായി ക്രമീകരിക്കുകയും ചെയ്തു. തൊഴിലാളികളില്ലാതെ കുടുംബാംഗങ്ങളുടെ സഹായത്തോടെ പശുപരിപാലനം മുൻപോട്ടു കൊണ്ടുപോകുന്ന തനിക്ക് വീടിനു ചുറ്റുമുള്ള കൃഷിയിടത്തിലെ വിളകൾകൂടി ശ്രദ്ധിക്കാനുള്ള സമയത്തിനുവേണ്ടിയാണ് പശുക്കളുടെ എണ്ണം കുറച്ചതെന്നും സിനോജ്. ഏലമാണ് ഇവിടുത്തെ പ്രധാന വിള. പശുവളർത്തലിൽക്കൂടി മാത്രം മുൻപോട്ടു പോവുക പ്രയാസമാണ്. ഒരു വരുമാന വഴികൂടെ ആവശ്യമാണ്. അതുകൊണ്ടുതന്നെ രണ്ടിൽനിന്നുമുള്ള വരുമാനം ഒരുപോലെ ലഭിക്കത്തക്കവിധം മുൻപോട്ടു പോകാനാണ് ക്ഷീരമേഖലയിൽനിന്നുള്ള തന്റെ പിൻവാങ്ങലെന്നും സിനോജ്.

sinoj-2

കുട്ടികളാണ് മുതൽക്കൂട്ട്

ആദ്യകാലങ്ങളിൽ കേരളത്തിനു പുറത്തുള്ള പശുക്കളെ വാങ്ങുന്നതായിരുന്നു തന്റെ രീതിയെന്നു സിനോജ്. എന്നാൽ, അത്തരത്തിൽ എത്തിക്കുന്ന പശുക്കൾക്ക് അസുഖങ്ങൾ കൂടുതലായിരുന്നു. ഇവിടുത്തെ കാലാവസ്ഥയായും തീറ്റയായും അവ പൊരുത്തപ്പെടുന്നില്ല. ഒരു കറവക്കാലത്തിനുവേണ്ടി മാത്രം വലിയ തുക നൽകി പശുക്കളെ വാങ്ങുന്നത് ശരിയല്ല. പുറത്തുനിന്ന് കൊണ്ടുവന്ന് അ‍ഞ്ചും ആറും പ്രസവിച്ച പശുക്കൾ കേരളത്തിൽ വളരെ ചുരുക്കം ചില ഫാമുകളിൽ മാത്രമേയുള്ളൂവെന്നും സിനോജ് പറയുന്നു. രണ്ടോ മൂന്നോ പ്രസവത്തോടെ പശുക്കൾ നശിക്കുകയാണ്. എന്നാൽ, നമ്മുടെ സ്വന്തം ഫാമിൽ ജനിച്ചു വളരുന്ന പശുക്കിടാക്കളെ നല്ല രീതിയിൽ വളർത്തിയെടുത്താൽ അത് ഫാമിന് മുതൽക്കൂട്ടാകുമെന്നു മാത്രമല്ല രോഗങ്ങൾ കുറവായിരിക്കും. അൽപം കാത്തിരിക്കേണ്ടി വരുമെങ്കിലും അതാണ് നേട്ടം.

ഫാമിലുണ്ടാകുന്ന എല്ലാ കിടാക്കളെയും വളർത്തുന്നതിനോട് സിനോജിന് യോജിപ്പില്ല. ജനിക്കുന്ന നല്ല പശുക്കുട്ടികളെ, അവയുടെ ആരോഗ്യവും വളർച്ചയും അമ്മയുടെ പാലും കാളയുടെ ഗുണവുമെല്ലാം നോക്കി ഫാമിൽ നിലനിർത്തണം. നമുക്ക് പരിപാലിക്കാൻ കഴിയുന്ന എണ്ണം മാത്രമേ ഇത്തരത്തിൽ ഫാമിൽ നിലനിർത്താവൂ. വലിയ പശുക്കൾക്ക് നൽകുന്ന തീറ്റയ്ക്കൊപ്പം ആവശ്യാനുസരണം സാന്ദ്രിത തീറ്റയും നൽകിയാൽ അവയെ നല്ല പശുക്കളാക്കി മാറ്റാവുന്നതേയുള്ളൂ. ചെലവുകളായിക്കോട്ടെ പശുക്കളുടെ തീറ്റച്ചെലവിനൊപ്പം അങ്ങ് നടന്നുപൊയ്ക്കോള്ളും. ഒരു പശുവിനെ വാങ്ങിക്കുന്നതുപോലെ ഒരുമിച്ച് ഒരു തുക മുടക്കേണ്ടി വരില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ലക്ഷം കൊടുത്താൽ പോലും നല്ല പശുവിനെ കിട്ടാനില്ലാത്ത അവസ്ഥയാണ്. നമ്മുടെ തൊഴുത്തിൽ കിടാവിനെ വളർത്തിയെടുക്കുമ്പോൾ 60000നു മുകളിൽ ചെലവാകുമെങ്കിലും ഒരുമിച്ച് ഒരു തുക എടുക്കേണ്ടി വരുന്നില്ല എന്നതാണ് നേട്ടം. ഇപ്പോൾ തന്റെ കൈവശമുള്ള 7 പശുക്കളിൽ ആറെണ്ണവും തന്റെ തൊഴുത്തിൽ ജനിച്ചതാണെന്ന് സിനോജ് പറയുന്നു. ഇപ്പോൾ കറവയിലുള്ള നാലു പശുക്കൾക്ക് 20 ലീറ്ററിനു മുകളിലാണ് ഉൽപാദനം. 

തന്റെ പശുക്കൾക്ക് അത്യാവശ്യ പ്രഥമ ചികിത്സ നൽകാൻ അറിവുള്ളവരായിരിക്കണം കർഷകനെന്ന് സിനോജ് പറയും. കാരണം, പലപ്പോഴും ഡോക്ടർമാരുടെ സേവനം ലഭിക്കാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങൾ ഏറെയുള്ള നാടാണ് നമ്മുടെത്. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങളും മറ്റും തിരിച്ചറിയാൻ കർഷകൻ പഠിച്ചിരിക്കണം. ഫാം വിജയകരമായി മുൻപോട്ടു പോകണമെങ്കിൽ ഉടമയ്ക്ക് ഫാമിലെ കാര്യങ്ങളിൽ വ്യക്തമായ അറിവുണ്ടാകണമെന്നും സിനോജ്.

ഫോൺ: 95446 83613

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com