മഴയില്ലെങ്കിലും ഇവിടെ വിളവ് നൂറു മേനി, അറിയാം കർണാടകയിലെ ഹുൻഗുണ്ടിലെ വിശേഷങ്ങൾ
Mail This Article
ആണ്ടിൽ രണ്ടു മാസം മാത്രം മഴ. അതു തന്നെ കിട്ടിയാലായി. ഒത്തുകിട്ടുന്ന മഴ പ്രയോജനപ്പെടുത്തി ഹ്രസ്വകാലവിളകൾ കൃഷി ചെയ്തു ജീവിക്കുന്ന കർഷകരുടെ നാട്– അതാണ് കർണാടകത്തിലെ ബാഗൽകോട്ട് ജില്ലയിലെ ഹുൻഗുണ്ട്. ഒക്ടോബറിൽ മഴ കിട്ടിയ ശേഷമുള്ള റാബി വിളയാണ് ഇവിടെ പ്രധാനം. ഖരീഫ് സീസണിലാവട്ടെ, ലോട്ടറിയടിച്ചതുപോലെ അൽപം മഴ കിട്ടിയാൽ 100 ദിവസം മൂപ്പുള്ള കടല കൃഷി ചെയ്താലായി. പരിമിതമായി ജലം കിട്ടുന്ന ആ സീസണിലെ വിളവും പരിമിതമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. കൃഷി ആദായകരമല്ലാത്ത നാട്ടിൽനിന്നു മറ്റു തൊഴിലുകൾ തേടി നഗരത്തിലേക്കു ചേക്കേറുന്നവരുടെ എണ്ണം ഏറിവരികയായിരുന്നു. എന്നാൽ രണ്ടുവർഷമായി ഇവിടെ കാര്യങ്ങൾ മാറിത്തുടങ്ങി. രണ്ടു സീസണിലുമായി 10 മാസവും ഇപ്പോൾ ഇവിടെ കൃഷിയുണ്ട്. കാലാവസ്ഥാമാറ്റം മൂലം മഴ ലഭിച്ചതല്ല കാരണം. സാങ്കേതികവിദ്യയുടെ മികവിൽ കൃഷിയിടത്തിൽ വെള്ളമെത്തിയതുമൂലമാണ് ഹുൻഗുണ്ടിലെ കൃഷി പച്ചപിടിക്കുന്നത്. കർണാടക സർക്കാർ ഉടമസ്ഥതയിലുള്ള കൃഷ്ണഭാഗ്യ ജലനിഗം ലിമിറ്റഡ്, ഇസ്രായേൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പാക്കിയ രാംഥൽ സൂക്ഷ്മജലസേചന പദ്ധതിയാണ് ഹുൻഗുഡിൽ വെള്ളമെത്തിച്ചത്. വർഷത്തിലേറെക്കാലവും തരിശായിക്കിടന്ന ഇവിടുത്തെ കൃഷിയിടങ്ങളിൽ നിന്ന് ഇപ്പോൾ ടൺകണക്കിനു ഭക്ഷ്യോൽപന്നങ്ങൾ വിപണിയിലെത്തുന്നു.
അണക്കെട്ടിൽ നിന്നു കൃഷിയിടത്തിൽ വെള്ളമെത്തിക്കുന്നതിനായി കനാലുകളുണ്ടാക്കുന്ന രീതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിനായി ഒട്ടേറെ ജലസേചനപദ്ധതികൾ നാം ആരംഭിച്ചു. പല പദ്ധതികൾക്കും പൂർത്തിയാക്കാൻ ഉദ്ദേശിച്ചതിന്റെ നാലും അഞ്ചും ഇരട്ടി കാലതാമസമുണ്ടായി. നിർമാണച്ചെലവ് പല മടങ്ങായിട്ടും പൂർത്തിയാകാത്ത പദ്ധതികളുമുണ്ട്. പൂർത്തിയായ പദ്ധതികളിൽനിന്ന് വേണ്ടത്ര ജലം വേണ്ട സമയത്ത് നൽകാനാവാതെ വരുന്നതും ഒഴുകിയെത്തുന്ന വെള്ളം ശരിയായി വിനയോഗിക്കപ്പെടാത്തതുമൊക്കെ നമുക്ക് പുത്തരിയല്ല. ചോർച്ചയായും മോഷണമായും നീരാവിയായുമൊക്കെ നഷ്ടപ്പെടുന്ന വെള്ളത്തിന്റെ പകുതിയെങ്കിലും കൃഷിയിടത്തിൽ എത്തിയാൽ ഭാഗ്യം. ആവശ്യത്തിലേറെ വെള്ളം കിട്ടുന്ന ചില ഭാഗങ്ങളിൽ വെള്ളം ധൂർത്തടിക്കുമ്പോൾ മറ്റിടങ്ങളിൽ വെള്ളമില്ലാതെ നാമമാത്രമായാവും നന. എന്നാലിതാ , വരൾച്ചയുടെയും കാലാവസ്ഥാമാറ്റത്തിന്റെയും ഇക്കാലത്ത് ജലസേചന പദ്ധതികൾ എങ്ങനെയായിരിക്കണമെന്നു കാണിച്ചുതരുന്നു രാംഥൽ.
ഓരോ വിളയുടെയും വേരുപടലംവരെ കൃത്യമായ തോതിൽ വെള്ളമെത്തിക്കുന്ന ഈ പദ്ധതി നടപ്പാക്കാൻ വേണ്ടിവന്നത് 24 മാസങ്ങൾ മാത്രം. ചെലവ് 380 കോടി രൂപ. കേവലം 5.5 ടിഎംസി വെള്ളം കൊണ്ട് 25000 ഹെക്ടറിലെ വിളകൾക്കു നന നൽകുന്ന ഈ പദ്ധതി കാർഷിക ഏഷ്യയിലെ ഏറ്റവും വലിയ കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിയായി ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. നാരായൺപൂർ തടാകത്തിലെ വെള്ളം കനാലിലൂടെ അതതു പ്രദേശത്തെത്തിക്കുന്നത് കർണാടക സർക്കാരിന്റെ ജലസേചനവകുപ്പാണ്. തുടർന്ന് അൽപംപോലും പാഴാക്കാതെ ജലം കൃഷിയിടങ്ങളിലെത്തിക്കാനുള്ള പദ്ധതി രണ്ടു ഭാഗമായാണ് നടപ്പാക്കിയത്. കിഴക്കു ഭാഗത്തെ 12300 ഹെക്ടർ ജയിൻ ഇറിഗേഷൻ കമ്പനിക്കും പടിഞ്ഞാറുഭാഗത്തെ11700 ഹെക്ടർ നെറ്റാഫേം കമ്പനിക്കും. ഓരോ കമ്പനിയും പ്രത്യേകം പമ്പുഹൗസും വിതരണശൃംഖലയും സ്ഥാപിച്ചു.
ജയിൻ ഇറിഗേഷന്റെ ചുമതലയിലുള്ള മറോളിലെ കൃഷിസ്ഥലങ്ങളാണ് പദ്ധതി കണ്ടു മനസ്സിലാക്കുന്നതിനായി സന്ദർശിച്ചത്. കനാലിലൂടെ എത്തുന്ന വെള്ളം വിശാലമായ കുളത്തിൽ സംഭരിക്കുന്നു. ഈ കുളത്തോടു ചേർന്നാണ് പദ്ധതിയുടെ ഹൃദയമെന്നു വിശേഷിപ്പിക്കാവുന്ന പമ്പ് ഹൗസ്. കൃഷിയിടത്തിലെ സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം പ്രവർത്തനം ക്രമീകരിക്കുന്ന ഇന്റർനെറ്റ് അധിഷ്ഠിതവും കംപ്യൂട്ടർ നിയന്ത്രിതവുമായ പമ്പ്ഹൗസാണിത്. മണിക്കൂറിൽ പതിനായിരം ഘനമീറ്ററിലധികം ജലം തള്ളാൻ കഴിയുന്ന 20 പമ്പുകൾ ഇവിടുണ്ട്. കൂടാതെ സ്റ്റാൻഡ് ബൈ പമ്പുമുണ്ടാവും. കമ്പനിയുടെ ചുമതലയിലുള്ള 12,500 ഹെക്ടർ കൃഷിയിടങ്ങളെ 4 മേഖലകളായി തിരിച്ചാണ് ജലവിതരണം. ഒരു മേഖല വീണ്ടും 129 ബ്ലോക്കുകളായും 28 സൊസൈറ്റികളായും തിരിച്ചിരിക്കുന്നു. ഓരോ സൊസൈറ്റിക്കു കീഴിലും 400–450 ഹെക്ടർ കൃഷിയിടമുണ്ടാവും .
ഓരോ കൃഷിയിടത്തിലേക്കുമുള്ള ജലപ്രവാഹം നിയന്ത്രിക്കുന്നതിനു പ്രത്യേക വിദൂരനിയന്ത്രിത വാൽവുകളുണ്ട്. ഇന്റർനെറ്റ് സാങ്കേതികവിദ്യയിലൂടെ നിയന്ത്രിക്കപ്പെടുന്ന വാൽവുകളാണ് രാംഥൽ പദ്ധതിയുടെ സവിശേഷത. പമ്പ് ഹൗസിലിരുന്ന് ഈ വാൽവുകൾ തുറക്കാനാവും. നിശ്ചിത സമയത്തു മാത്രമായിരിക്കും പമ്പിങ്. അനുവദിച്ച സമയത്തു മാത്രം വാൽവുകൾ തുറക്കാൻ പമ്പ് ഹൗസിലിരുന്നു കമാൻഡ് നൽകുകയേ വേണ്ടൂ. വാൽവ് തുറക്കുന്ന സമയത്ത് നനയ്ക്കാൻ കൃഷിക്കാരൻ ആഗ്രഹിക്കുന്നില്ലെങ്കിലോ? കൃഷിയിടത്തിന്റെ സാഹചര്യമനുസരിച്ച് ജലപ്രവാഹം തടയാനായി കൃഷിയിടത്തിൽ തന്നെ മറ്റൊരു വാൽവുമുണ്ട്. ആവശ്യത്തിലധികം നന നൽകാതിരിക്കാൻ ഇതു കൃഷിക്കാരനെ സഹായിക്കുന്നു. എന്നാൽ ജലപ്രവാഹം തടയാനല്ലാതെ തുറക്കാൻ കൃഷിക്കാർക്കു സാധിക്കില്ല. ഇപ്രകാരം കൃഷിയിടത്തിലെത്തുന്ന വെള്ളം ലാറ്ററൽ പൈപ്പുകളിലൂടെയും ഡ്രിപ് ലൈനുകളിലൂടെയും എമിറ്ററുകളിലെത്തുന്നു. അതുവഴി ഓരോ വിളയുടെയും വേരുപടലത്തിലേക്കും.
എല്ലാ കൃഷിയിടങ്ങളിലും ഡ്രിപ് ലൈനുകൾ തമ്മിലുള്ള അകലം 1.5 മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഈ അകലത്തിനു യോജിച്ച വിളകൾ മാത്രമേ കൃഷി ചെയ്യാനാവൂ. പമ്പ് ഹൗസിനടുത്തുള്ള കൃഷിയിടത്തിലും കിലോമീറ്ററുകൾ അകലെയുള്ള കൃഷിയിടത്തിലും ഒരേ തോതിലാവും വെള്ളമെത്തുക. അതിനു യോജിച്ച വിധത്തിൽ വിതരണശൃംഖലയിലെ മർദം ക്രമീകരിക്കാൻ പ്രത്യേക സംവിധാനമുണ്ട്. ഏതെങ്കിലും കൃഷിയിടത്തിൽ ബ്ലോക്ക് മൂലമോ മറ്റ് തകരാറുകൾ മൂലമോ ജലവിതരണം തടസ്സപ്പെട്ടാൽ എവിടെയാണ് പ്രശ്നമെന്നു കൃത്യമായി കണ്ടെത്താൻ പമ്പ് ഓപ്പറേറ്റർക്കു സാധിക്കും. സെൻസറുകളും വയർലെസ് സൗകര്യവുമൊക്കെ പ്രയോജനപ്പെടുത്തുന്ന ഒരു തരം ഐഒടി ( ഇന്റർനെറ്റ് ഓഫ് തിങ്സ്) സാങ്കേതികവിദ്യ തന്നെ. സവിശേഷമായ രണ്ടു ഫിൽറ്ററുകളിലൂടെ കടന്നാണ് പമ്പിൽനിന്നുമുള്ള ജലം വിതരണശൃംഖലയിലെത്തുന്നത്. ഈ ഫിൽറ്ററുകൾക്ക് സ്വയം ശുചിയാക്കാൻ സാധിക്കും. പൊതുശൃംഖലയിൽനിന്ന് കൃഷിയടത്തിലേക്കു കടക്കുമ്പോഴും വെള്ളം വീണ്ടും അരിക്കുന്നു. ഇക്കാരണത്താൽ തന്നെ കരടുമൂലമോ മറ്റോ തുള്ളിനന സംവിധാനത്തിൽ തടസ്സമുണ്ടാക്കാൻ തീരെ സാധ്യതയില്ല. കൃഷിയിടങ്ങളിലെ അരിപ്പയോടു ചേർന്നു വെള്ളത്തിൽ വളം ചേർക്കാനുള്ള ഫെർട്ടിഗേഷൻ സംവിധാനമുണ്ട്. കുഴലുകളിൽ അടിയാനിടയുള്ള മാലിന്യം വിഘടിപ്പിക്കാൻ കഴിയുന്ന വിധത്തിൽ അമ്ലസ്വഭാവമുള്ള വളങ്ങളാണ് രാംഥൽ പദ്ധതിയിൽ ഉപയോഗിക്കുന്നത്.
അഞ്ചുവർഷത്തേക്ക് പദ്ധതിയുടെ മേൽനോട്ടം ജയിൻ, നെറ്റാഫേം കമ്പനികളുടെ ചുമതലയിലായിരിക്കും. ഇക്കാലത്ത് വെള്ളത്തിനു പണം നൽകേണ്ടതില്ല. തുടർന്ന് കൃഷിക്കാർ അംഗങ്ങളായുള്ള വാട്ടർ യൂസേഴ്സ് അസോസിയേഷനുകൾ തുള്ളനന ശൃംഖലയുടെ മേൽനോട്ടവും പരിപാലനവും ഏറ്റെടുക്കും. പരിപാലനച്ചെലവിനായി കൃഷിക്കാർ അസോസിയേഷനു വരിസംഖ്യ നൽകേണ്ടിവരും. സ്വകാര്യകമ്പനികളും സർക്കാരും സംയുക്തമായി കാര്യക്ഷമതയോടെ നടപ്പാക്കിയ ഈ സംരംഭം പൊതു– സ്വകാര്യ പങ്കാളിത്ത(പിപിപി) പദ്ധതികൾക്കുള്ള മികച്ച മാതൃക തന്നെ.
വിളവൈവിധ്യമേറി, ഒപ്പം ആദായസാധ്യതയും
രാംഥൽ പദ്ധതിയുടെ ഗുണഭോക്താക്കളിലൊരാളായ ഗിരിഗൗഡയ്ക്ക് അഞ്ചേക്കർ കൃഷിയിടമാണുള്ളത്. മൂന്നു വർഷം മുമ്പുവരെ ഒക്ടോബറിലെ മഴയെ ആശ്രയിച്ചുള്ള കറിക്കടല കൃഷിയായിരുന്നു ഏക വരുമാനം. എന്നാൽ ഇപ്പോൾ പച്ചമുളകും ചോളവുമുൾപ്പെടെ വിവിധ വിളകൾ മാറിമാറി കൃഷി ചെയ്യുന്നു. കഴിഞ്ഞ ഖരിഫ് സീസണിൽ കടലക്കൃഷി ചെയ്തപ്പോൾ വിളവ് കൂടിയതിനു കാരണം തുള്ളിനനയും ഫെർട്ടിഗേഷനുമാണെന്നതിൽ അദ്ദേഹത്തിനു സംശയമില്ല. മുൻകാലങ്ങളിൽ ഏക്കറിനു 5–6 ക്വിന്റൽ കിട്ടിയിരുന്ന കടല ഇത്തവണ എട്ടു ക്വിന്റൽ കിട്ടി. ഇപ്പോൾ പച്ചമുളകാണ് കൃഷി. വിളവെടുപ്പ് ആരംഭിക്കുന്നതേയുള്ളൂ. സഹകൃഷിക്കാരായ പല കർഷകർക്കും സമാനമായ അനുഭവങ്ങളാണ് പറയാനുള്ളത്. കൃഷിക്കാരുടെ ജീവിതനിലവാരം ക്രമേണ ഉയരുന്നതും പ്രകടമാണെന്ന് ജയിൻ ഇറിഗേഷൻ സീനിയർ അഗ്രോണമിസ്റ്റ് പ്രഭാകർ ചൂണ്ടിക്കാട്ടി. ഏക്കറിനു പരമാവധി 12 ലക്ഷം രൂപ വിലയുണ്ടായിരുന്ന കൃഷിയിടങ്ങൾക്ക് ഇപ്പോൾ 20 ലക്ഷം രൂപയാണ് ചോദിക്കുന്നത്.
മൂന്നു നേട്ടങ്ങളാണ് മറോളിലെ കൃഷിക്കാർ ചൂണ്ടിക്കാട്ടിയത്. 2–3 മാസം മാത്രമായിരുന്ന കൃഷിക്കാലം 10 മാസം വരെ നീട്ടാൻ സാധിച്ചു. വ്യത്യസ്തവിളകൾ കൃഷി ചെയ്യാൻ അവസരം ലഭിക്കുന്നതുമൂലം വിപണിയിൽ പ്രിയമുള്ളവ തെരഞ്ഞെടുക്കാനാവുന്നു. നിലവിലുള്ളതിലും ഉയർന്ന ഉൽപാദനക്ഷമത കിട്ടുന്നു. കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യം ഇവിടെ യാഥാർഥ്യമായിക്കഴിഞ്ഞെന്നാണ് പ്രഭാകറുടെ അഭിപ്രായം. തുള്ളിനന സംവിധാനം സ്ഥാപിച്ചു നൽകുന്നതിനപ്പുറം അതിൽനിന്ന് പ്രയോജനമെടുക്കാനുള്ള പരിശീലനവും നൽകുന്നതിനാലാണിത്. ഡ്രിപ് ലൈനുകൾ തമ്മിലുള്ള ഒന്നര മീറ്റർ ഇടയകലത്തിലാവും ഈ വിളകളെല്ലാം കൃഷി ചെയ്യുന്നത്. ഇതിനാവശ്യമായ കൃഷിരീതികൾ തയാറാക്കിയത് ജയിൻ ഇറിഗേഷൻ ചീഫ് അഗ്രോണമിസ്റ്റും വൈസ് പ്രസിഡൻറുമായ ഡോ പി.സോമനാണ്. ഏകദേശം 23 വിളകൾ ഇവിടുത്തെ തുള്ളിനന സംവിധാനം പ്രയോജനപ്പെടുത്തി കൃഷി ചെയ്യാനാകുമെന്ന് ഡോ.സോമൻ ചൂണ്ടിക്കാട്ടി.കൃഷിക്കാർ അംഗങ്ങളായുള്ള വാട്ടർ അസോസിയേഷനുകളുടെ പൊതു വേദിയുണ്ടാക്കി ഈ മേഖലയിലെ ഉൽപന്നങ്ങൾ പ്രത്യേക ബ്രാൻഡായി വിപണിയിലെത്തിക്കാനുള്ള ശ്രമവും നടന്നുവരുന്നു.