ആളുകൾ മാനാഭിമാനം നോക്കാതെ സകല നിയന്ത്രണങ്ങളും വിട്ട് കൈ നീട്ടിത്തുടങ്ങി
Mail This Article
സ്വിഫ്റ്റ് ഡിസയർ കാറിന്റെ ഡിക്കിയിൽ റംബുട്ടാനോ ചിപ്സോ പച്ചക്കപ്പയോ പൈനാപ്പിളോ കൊണ്ടുവന്നു റോഡ് സൈസിൽനിന്ന് വിൽക്കുന്നത് തമാശയല്ല.
കഴിഞ്ഞ മാർച്ചിന് മുൻപ് വരെ സാധാരണപോലെ ആ കാറും ഓടിച്ചു പോയി സ്വന്തം തൊഴിലോ ബിസിനസോ ചെയ്തിരുന്ന ആ മനുഷ്യൻ, ഇതുപോലെയൊരു ഗതികേട് ഉണ്ടാവുമെന്ന് സ്വപ്നം പോലും കാണാതിരുന്ന ആ മനുഷ്യൻ അതിജീവനത്തിനായി ചെയ്യുന്ന ഒരു അറ്റകൈ പ്രയോഗമാണത്.
ഒരു സ്ഥലക്കച്ചവടവുമായി രണ്ടാഴ്ചയായി നടക്കുകയാണ് ഞാൻ. എന്ന് പറഞ്ഞാൽ എവിടെങ്കിലും കുറച്ചു ഭൂമി വാങ്ങണം. വിൽക്കാൻ ഇഷ്ടം പോലെ ആളുകൾ. അതു മാത്രമല്ല, കച്ചവടത്തിനായി പലതരം ബ്രോക്കർമാർ.
കഴിഞ്ഞ ദിവസം വന്ന ബ്രോക്കർ ബസ് ഡ്രൈവറായിരുന്നു. അയാൾക്ക് ആറു മാസമായി പണിയില്ല. കുടുംബം പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നയാൾ തുറന്നു പറഞ്ഞു. ഞാൻ സ്ഥലം വാങ്ങാൻ നടക്കുന്നുവെന്നറിഞ്ഞ് എന്നെ വിളിച്ചു കുറെ സ്ഥലങ്ങൾ കൊണ്ടുപോയി കാണിച്ചു. കൂടെ സഹായിയായിട്ടു വന്നത് ബാറിൽ പണി ചെയ്തിരുന്ന വേറൊരുത്തൻ.
ഇവരൊന്നും ബ്രോക്കർമാരേയല്ല, ഒരു ബ്രോക്കർക്ക് വേണ്ട യാതൊരു സ്കില്ലും ഇവർക്കില്ല. അവസാനം ഇവരെ സ്ഥലക്കച്ചവടത്തിന്റെ കളികൾ അങ്ങോട്ട് പഠിപ്പിച്ചു കൊടുക്കേണ്ടിവന്നു.
ആളുകൾ മാനാഭിമാനമൊന്നും നോക്കാതെ സകല നിയന്ത്രണങ്ങളും വിട്ട് കൈ നീട്ടിത്തുടങ്ങി. അതിനിടയിൽ നടത്തുന്ന അവസാന ശ്രമങ്ങളാണ് വഴിയോര കച്ചവടങ്ങൾ. അതു പൂട്ടിക്കാൻ ഇപ്പോൾ പോലീസും ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വലിയ ഉത്സാഹം കാണിക്കുന്നുണ്ട്.
കച്ചവടമില്ലാതെ തുറന്നിരിക്കുന്ന കടകളിൽ ഒറ്റയ്ക്കിരിക്കുന്നവരെയും ഒറ്റയ്ക്ക് എസിയിട്ട കാറ് ഓടിച്ചു പോകുന്നവരെയും മാസ്കില്ല എന്ന പേരിൽ ഫൈനടിപ്പിക്കുന്നു. ശരിക്കും കൊറോണ പ്രതിരോധമാണോ ഇത്?
അങ്ങനെയല്ലെങ്കിൽ അതിജീവനത്തിനായുള്ള ജനങ്ങളുടെ പോരാട്ടത്തിന് സർക്കാരിന്റെ സഹായമുണ്ടാവണം.
English summary: After Covid Problems in Kerala