ADVERTISEMENT

ജലാശയങ്ങളും കായലും കടലിനോടു ചേർന്നു കിടക്കുന്ന പൊഴികളും മറ്റും  മത്സ്യക്കൃഷിക്കു വിനിയോഗിച്ചാൽ നമുക്കു സുരക്ഷിത മത്സ്യലഭ്യത ഉറപ്പുവരുത്താം. സംരംഭകര്‍ക്കു നല്ല വരുമാനവും നേടാം. ഒരു വിജയകഥ

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിൽ കൂടുമത്സ്യക്കൃഷി നടത്താൻ കൃഷിവിജ്ഞാനകേന്ദ്രം  കർഷകസംഘത്തെ തിരയുമ്പോഴാണ്  ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള മത്സ്യകർഷക കൂട്ടായ്മയെ പരിചയപ്പെടുന്നതും അതിനവർ സമ്മതം മൂളുന്നതും.

ജലാശയത്തിന്റെ ആഴം മൂന്നു മീറ്ററിൽ കൂടുതൽ വേണമെന്നാണ് ഈ സാങ്കേതികവിദ്യ നിഷ്കർഷിക്കുന്നത്. കെവികെയിലെ വിദഗ്ധർ കൂടു സ്ഥാപിക്കാനുള്ള സ്ഥലവും അനു യോജ്യമായ മറ്റു ഘടകങ്ങളും ബാലചന്ദ്രന്റെ വീടിനടുത്തു തന്നെ കണ്ടെത്തി. വീട് കായലിനരികിലായതുകൊണ്ട് കൂടിനു സുരക്ഷിതത്വം ഉറപ്പാക്കാനും കഴിഞ്ഞു. കൂടു നിർമിക്കാനുള്ള സാമഗ്രികൾ കെവികെ നല്‍കി. ഒപ്പം പരിശീലനവും നൽകി. എറണാകുളം ജില്ലാ കൃഷിവിജ്ഞാനകേന്ദ്രം പരിശീലിപ്പിച്ച മത്സ്യ കർമസേനാംഗങ്ങളെ കൂടു നിർമാണം ഏൽപിച്ചു. ബാലചന്ദ്രനും കൂട്ടരും വലനെയ്ത്തിൽ പരിചയസമ്പന്നരായതുകൊണ്ട് കൂടു നിർമിക്കാൻ ഒപ്പം കൂടി. 4 x4 മീറ്റർ അളവിലുള്ള ഒരു ചട്ടക്കൂട് ജിഐ പൈപ്പ് കൊണ്ടുണ്ടാക്കി അതിൽ 3 അടുക്കുകളായി വിവിധ അളവിലുള്ള വലകൾ ഘടിപ്പിച്ചു. ഏറ്റവും ഉള്ളിൽ 16 മി.മീ. കണ്ണിയകലമുള്ള വലയും തൊട്ടുപുറത്ത് 20 മി.മീ. കണ്ണിയകലമുള്ള രണ്ടാമത്തെ വലയും ഏറ്റവും പുറത്ത് 50 മി.മീ. കണ്ണിയകലമുള്ള മൂന്നാമത്തെ വലയും ഇട്ടു. ഭക്ഷ്യയോഗ്യമല്ലാത്ത കളമത്സ്യങ്ങൾ അകത്തു കയറാതിരിക്കാനും അകത്തുള്ളവ പുറത്തേക്കു കടക്കാതിരിക്കാനുമാണ് വ്യത്യസ്ത അളവിലുള്ള മൂന്നു വലകളിടുന്നത്. വല പിടിപ്പിച്ച ചട്ടക്കൂട് ബാരലുകളുടെ പുറത്തുവച്ചു ജലാശയത്തിൽ പൊങ്ങിക്കിടക്കും വിധം ക്രമീകരിച്ചു. വലകൾ രണ്ടു മീറ്ററെങ്കിലും താഴ്ചയിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുകയും കൂടിന്റെ അടിഭാഗം തറയിൽനിന്ന് അര മീറ്റർ ഉയരത്തിലെങ്കിലും തൂങ്ങിക്കിടക്കുകയും വേണം. ഇതിനാണ് കൂടു വയ്ക്കുന്ന സ്ഥലത്തു ജലാശയത്തിന് 3 മീറ്ററെങ്കിലും ആഴം വേണമെന്നു നിഷ്കർഷിക്കുന്നത്. അങ്ങനെ നിർമിച്ച കൂട് കായലിൽ സ്ഥാപിച്ചു. കൂട്ടിനുള്ളിൽ നല്ല മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. 

cage-fish-farming-1
വിളവെടുപ്പ്

യോജിച്ച മത്സ്യങ്ങൾ

പരസ്പരം ഭക്ഷിക്കുന്നതും ആക്രമിക്കുന്നതുമായ മത്സ്യവർഗങ്ങളെ ഒരു കൂട്ടിലിട്ടു വളർത്തരുത് എന്നുള്ളതുകൊണ്ടും 6–8 മാസത്തിനുള്ളിൽ വിപണനത്തിനു പാകമാകുന്ന, വളർച്ചനിരക്കു കൂടുതലുള്ള മത്സ്യങ്ങളെയാണു തിരഞ്ഞെടുക്കേണ്ടതെന്നുള്ളതുകൊണ്ടും കരിമീൻകുഞ്ഞുങ്ങളെയാണ് വളർത്തിയത്.

എന്തു തീറ്റ

കൂട്ടിൽ നിക്ഷേപിച്ച മത്സ്യങ്ങൾക്കു 16 മണിക്കൂറിനുശേഷം തിരി (Pellet) രൂപത്തിലുള്ള, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന സമീകൃത തീറ്റയാണു കൊടുത്തു തുടങ്ങിയത്. മത്സ്യം വിരല്‍ വലുപ്പത്തിലെത്തുന്നതു വരെ 1.2 മി.മീ. വലുപ്പമുള്ള തീറ്റയും കൈപ്പത്തിയുടെ പാതി വലുപ്പമെത്തുന്നതുവരെ 2 മി.മീ. വലുപ്പ മുള്ള തീറ്റയും കൈപ്പത്തി വലുപ്പമെത്തുമ്പോൾ 3 മി.മീ. വലുപ്പമുള്ള തീറ്റയും നൽകി. അങ്ങനെ മുടങ്ങാതെ ദിവസവും രണ്ടു നേരം വീതം  വിളവെടുപ്പിന് ഒരു ദിവസം മുമ്പുവരെ തീറ്റ നൽകി.

കൂടു പരിപാലനം

വലകൾ കടിച്ചു മുറിക്കുന്ന തുരപ്പനെലിയെപ്പോലുള്ള ശത്രുക്കളുടെ ഉപദ്രവം തടയാൻ നന്നെ പാടുപെടേണ്ടി വന്നു. മത്സ്യങ്ങൾ തിന്നു ബാക്കി വന്ന തീറ്റ കൂട്ടിൽ അടിഞ്ഞു കൂടുമ്പോൾ അവ എടുക്കാനാണ് എലികൾ വന്നത്. മാത്രമല്ല, വലകളിൽ പായൽ, ചെളി, കല്ലുമ്മേക്കായ എന്നിവ അടിഞ്ഞുകൂടി വലക്കണ്ണികൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു. ആവശ്യാനുസരണം തീറ്റ നൽകിയും ഇടയ്ക്കിടെ ബ്രഷ് ഉപയോഗിച്ചു വലകൾ വൃത്തിയാക്കിയും ഈ പ്രശ്നങ്ങൾ പരിഹരിച്ചു.

വിളവെടുപ്പ്

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പത്താം മാസം വിളവെടുപ്പു നടന്നു. കൂടിന്റെ വല ജലാശയത്തിൽനിന്നു പൊക്കിയെടുത്തപ്പോൾ തന്നെ പിടയ്ക്കുന്ന കരിമീനുകൾ കൗതുകക്കാഴ്ചയായിരുന്നു. 200 ഗ്രാം മുതൽ 400 ഗ്രാം വരെ തൂക്കമുള്ള മത്സ്യങ്ങൾ അതിലുണ്ടായിരുന്നു. പിടയ്ക്കുന്ന മത്സ്യങ്ങളെ കൈയിലെടുത്തുകൊണ്ട് ഇത്രയും വലിയവയെ മുൻപു മത്സ്യബന്ധനത്തിനു പോയപ്പോൾ വളരെ അപൂർവം മാത്രമേ കിട്ടിയുള്ളൂ എന്നും ഇനിയും ഇതുപോലുള്ള കുറെ കൂടുകൾ സ്ഥാപിക്കുമെന്നും ബാലചന്ദ്രൻ ആവേശത്തോടെ പറഞ്ഞു. ഒരു കൂടിനു നിർമാണ, പരിചരണ, തീറ്റച്ചെലവുൾപ്പെടെ ഏകദേശം 5000 രൂപ വാർഷിക ചെലവു വരുമ്പോൾ ഏറ്റവും കുറഞ്ഞത് 200 ഗ്രാം തൂക്കമുള്ള  മത്സ്യം വിളവെടുത്താൽ 30,000 മുതൽ 35,000 രൂപ വരെ ലാഭം ഉണ്ടാക്കാൻ കഴിയുമെന്നാണ് അവരുടെ അനുഭവം.

വിളവെടുപ്പിൽ പങ്കെടുത്ത മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റും കൂടുതൽ കർഷകരിലേക്ക് ഈ കൃഷി വ്യാപിപ്പിക്കുന്നതിനായി 10 ലക്ഷം രൂപയുടെ പദ്ധതി അപ്പോൾ തന്നെ പ്രഖ്യാപിക്കുകയും 2019–20ൽ അത് ആറാട്ടുപുഴയിൽ നടപ്പാക്കുകയും ചെയ്തു. നിലവിൽ ആറാട്ടുപുഴ പഞ്ചായത്തിൽ എട്ട് അംഗങ്ങളുള്ള  പുരുഷ സ്വയംസഹായ സംഘം ഇത്തരത്തിലു ള്ള 12 കൂടുകൾ സ്ഥാപിച്ചു കൂടുമത്സ്യക്കൃഷി നടത്തിവരികയാണ്. ഒരു കൂട്ടിൽ 1000 കുഞ്ഞുങ്ങൾ എന്ന നിരക്കിൽ 12,000 കരിമീൻ കുഞ്ഞുങ്ങളെയാണു നിക്ഷേപിച്ചിരിക്കുന്നത്. 6 വർഷം വരെ ഈടുനിൽക്കുന്ന ഇത്തരം കൂടുകളിൽ ഒരേ വലുപ്പത്തിലുള്ള മത്സ്യങ്ങളെ വിപണിയിലെ വിലയനുസരിച്ച് ആവശ്യാനുസരണം വിള വെടുക്കാമെന്നത് ഇതിന്റെ മെച്ചം.  

നമുക്കു ലഭ്യമായ ജലാശയങ്ങളും കായലും കടലിനോടു ചേർന്നു കിടക്കുന്ന പൊഴികളുമെല്ലാം മത്സ്യക്കൃ ഷിക്കു വിനിയോഗിച്ചാൽ നമുക്കു വിഷമയമായ മത്സ്യം ഒഴിവാക്കി സുരക്ഷിത മത്സ്യലഭ്യത ഉറപ്പുവരുത്താം. ഒപ്പം സംരംഭകര്‍ക്കു നല്ല വരുമാനവും നേടാം. 

വിലാസം: കൃഷിവിജ്ഞാനകേന്ദ്രം ആലപ്പുഴ. ഫോണ്‍: 9447790268, 0479 2959268, 0479 2449268 

English summary: Cage Fish Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com