ADVERTISEMENT

ഇന്ന് ലോക പേവിഷബാധ ദിനം

 ‘പേവിഷബാധ തുടച്ചുനീക്കാം, കൂട്ടായപ്രവർത്തനങ്ങളിലൂടെയും പ്രതിരോധകുത്തിവയ്‌പിലൂടെയും’/‘End Rabies: Collaborate, Vaccinate’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ പ്രമേയം. ഓരോ പതിനഞ്ച് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന അതിമാരകമായ ജന്തുജന്യരോഗമാണ് റാബീസ് അഥവാ പേവിഷബാധ. പേവിഷബാധയ്ക്ക് കാരണം റാബ്ഡോ വൈറസ് കുടുംബത്തിലെ ലിസ റാബീസ്  എന്നയിനം ആര്‍എന്‍എ വൈറസുകളാണ്. വൈറസ് ബാധിച്ച   മൃഗങ്ങളുടെ കടിയോ മാന്തോ, അവയുടെ ഉമിനീർ മുറിവുകളിൽ പുരളുകയോ ചെയ്യുന്ന  സാഹചര്യങ്ങളിൽ   നമ്മുടെ ശരീരത്തിൽ കയറിക്കൂടി പെരുകാൻ  ഇടയുള്ള റാബീസ് വൈറസുകളെ കൃത്യമായ ഇടവേളകളിൽ എടുക്കുന്ന പ്രതിരോധകുത്തിവെയ്പ് വഴി നൂറുശതമാനം ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും. എന്നാൽ പേവിഷബാധ സംശയിക്കാവുന്ന മൃഗങ്ങളുമായി നേരിട്ട് സമ്പർക്കമുണ്ടായിട്ടും  പ്രതിരോധകുത്തിവയ്‌പ് കൃത്യമായി സ്വീകരിക്കുന്നതിൽ വരുത്തുന്ന വീഴ്ചയും ജാഗ്രതക്കുറവുമാണ് അപകടം വരുത്തിവയ്ക്കുന്നത്. വൈറസ് നാഡീവ്യൂഹത്തെയും മസ്തിഷ്കത്തെയും ഗുരുതരമായി ബാധിച്ച്, ഒടുവില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാല്‍ മരണം നൂറുശതമാനം ഉറപ്പ്.  രോഗം ബാധിച്ച് മരണമടയുന്ന പത്തില്‍ നാലുപേരും കുട്ടികളാണെന്നാണ് ലോകാരോഗ്യസംഘടനയുടെ നിരീക്ഷണം. ഇന്ത്യയില്‍ പ്രതിവര്‍ഷം 20000ൽപ്പരം ആളുകള്‍ പേവിഷബാധയേറ്റ് മരണമടയുന്നുണ്ടെന്നാണ് കണക്ക്.

എന്തുകൊണ്ട് സെപ്റ്റംബർ 28, പേവിഷബാധ ദിനം?

ഫ്രാൻസിലെ അൽസേസിലെ ജോസഫ് മെയ്‌സ്റ്റെർ എന്ന 9 വയസുള്ള കുട്ടിയെ പേപ്പട്ടി കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചത് 1885 ജൂലൈ നാലിനായിരുന്നു. പേവിഷബാധയേറ്റാൽ മരണം ഉറപ്പുള്ള കാലമാണത്, ഫലപ്രദമായ ശാസ്ത്രീയ ചികിത്സകൾ ഒന്നും ലഭ്യമല്ല. എന്നാൽ തന്റെ പിഞ്ചു മകനെ പേവിഷബാധയ്ക്ക് വിട്ടു നൽകാൻ അവന്റെ അമ്മ ഒരുക്കമല്ലായിരുന്നു. പേവിഷത്തിന് ചികിത്സ കണ്ടുപിടിക്കാൻ വർഷങ്ങളായി പരിശ്രമിക്കുന്നതായി താൻ കേട്ടറിഞ്ഞ ലൂയി പാസ്ചർ എന്ന ശാസ്ത്രജ്ഞനെ തേടി ആ അമ്മ പാരീസിലെത്തി. ലൂയി പാസ്ചർ  മൃഗങ്ങളിൽ മാത്രം പരീക്ഷിച്ച് വിജയിച്ച പേവിഷബാധ വാക്സിൻ തന്റെ മകനിൽ പരീക്ഷിക്കാൻ  അമ്മ അദ്ദേഹത്തിന് അനുമതി നൽകി. കാരണം മരണം ഉറപ്പായ ഒരു രോഗത്തിൽ നിന്നും തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി എന്ത് സാഹസത്തിനും തയാറായിരുന്നു. ആ അമ്മയുടെ ശുഭാപ്തിവിശ്വാസവും താൻ വികസിപ്പിച്ച വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാനുള്ള ലൂയി പാസ്ചറിന്റെ നിശ്ചയദാർഢ്യവും ഒരുമിച്ചതോടെ കാര്യങ്ങൾ  പിന്നെ വൈകിയില്ല.

1885 ജൂലൈ 6ന്, നായ കടിച്ച് ഏതാണ്ട് 60 മണിക്കൂറിനുശേഷം ലൂയി പാസ്ചർ താൻ വികസിപ്പിച്ച പേവിഷബാധ വാക്സിൻ ജോസഫ് മെയ്സ്റ്ററിന്റെ ശരീരത്തിൽ കുത്തിവച്ചു. റാബിസ് ബാധിച്ച മുയലുകളിലെ നാഡികളിൽനിന്നും ശേഖരിച്ച വീര്യം കുറഞ്ഞ വൈറസുകളായിരുന്നു ആ പ്രഥമ വാക്സിൻ. അടുത്ത 11 ദിവസങ്ങളിൽ 13 തവണ ഇതാവർത്തിച്ചു. ആ അമ്മയുടെ ശുഭചിന്തയും ലൂയി പാസ്റ്ററിന്റെ നിശ്ചയദാർഡ്യവും തെറ്റിയില്ല. ജോസഫ് മെയ്സ്റ്ററിന്റെ ശരീരത്തെ കീഴടക്കാൻ പേവിഷ വൈറസിന് കഴിഞ്ഞില്ല. മൂന്നുമാസത്തിനുശേഷം ടെസ്റ്റ് നടത്തിയപ്പോൾ ജോസഫ് മെയ്സ്റ്റർ പൂർണാരോഗ്യവനായിരുന്നു. 

പിന്നീട് പേവിഷചികിത്സയ്ക്കായി ലൂയി  പാസ്ചറെ തേടി നൂറുകണക്കിനാളുകൾ എത്തി. പേവിഷബാധക്ക് കാരണമായ റാബീസ് വൈറസിനു മേൽ ലൂയി പാസ്ചർ കൈവരിച്ച വാക്സിൻ വിജയം പിന്നീട് അനേകമനേകം വാക്സിൻ പരീക്ഷണങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും വഴിതുറന്നു. ഇന്ന് ഈ കോവിഡിനെതിരെ വാക്സിൻ വികസിപ്പിക്കാനായുള്ള പരിശ്രമങ്ങൾക്ക് പോലും ഊർജം പകരുന്നത് 1885ൽ ലൂയി പാസ്ചർ റാബീസ് വൈറസിനെ കീഴടക്കിയ ശാസ്ത്രജിഹ്വ തന്നെ. ജോസഫ് മെയ്സ്റ്റർ എന്ന കുട്ടി വളർന്നു വലുതായി ഒടുവിൽ ലൂയി പാസ്ചർ സ്ഥാപിച്ച പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൂക്ഷിപ്പുകാരനായിമാറിയത് ചരിത്രത്തിന്റെ മറ്റൊരു കൗതുകം. പേവിഷവാക്സിൻ ഉൾപ്പെടെ മനുഷ്യരാശിയെ നിർണായകമായി രീതിയിൽ സ്വാധീനിച്ച മറ്റനേകം കണ്ടെത്തലുകളും ലൂയി പാസ്ചറുടേതായുണ്ട്. ശാസ്ത്രലോകത്ത് നിർണായക സംഭാവനകൾ നൽകിയ ലൂയി പാസ്ചർ ലോകത്തോട് വിടപറഞ്ഞത് 1895 സെപ്റ്റംബർ 28 നായിരുന്നു, ആ ശാസ്ത്രപ്രതിഭയുടെ ചരമദിനത്തിന്റെ ഓർമപുതുക്കലാണ് ലോക പേവിഷബാധ ദിനം. അദ്ദേഹം ആദ്യമായി പേവിഷ വാക്‌സിൻ പരീക്ഷണം നടത്തിയ ജൂലൈ 6 ലോക ജന്തുജന്യരോഗദിനമായും ആചരിക്കുന്നു .

പേവിഷബാധ വളര്‍ത്തുമൃഗങ്ങളില്‍

നായ്ക്കളാണ് പേവിഷബാധയുടെ  പ്രധാന സ്രോതസെങ്കിലും കീരി, പെരുച്ചാഴി, കുറുക്കന്‍, കുറുനരി, കാട്ടുപൂച്ച തുടങ്ങിയ ജീവികളും രോഗാണുവാഹകരാവാന്‍ സാധ്യതയേറെയാണ്. റാബീസ് വൈറസ് ബാധയേറ്റ ജീവികളുടെ കടിയേല്‍ക്കുകയോ മാന്തേൽക്കുകയോ, ശരീരത്തിലെ മുറിവുകളില്‍ അവയുടെ ഉമിനീര്‍ പുരളുകയോ ചെയ്താല്‍ മനുഷ്യരെ മാത്രമല്ല നായ, പൂച്ച, പശു, ആട്, എരുമ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും രോഗം ബാധിക്കും. സംസ്ഥാനത്ത് പ്രതിവര്‍ഷം ഇരുനൂറിലധികം പശുക്കളുള്‍പ്പെടെ ആയിരത്തോളം വളര്‍ത്തുമൃഗങ്ങള്‍ പേവിഷബാധയേറ്റ് മരണപ്പെടുന്നുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ നിരീക്ഷണം.

രോഗാണുബാധയേറ്റാല്‍ സാധാരണ മൂന്ന് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ നായ്ക്കളിലും പൂച്ചകളിലും രോഗലക്ഷണങ്ങള്‍ പ്രകടമാവും. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാവാന്‍ എടുക്കുന്ന ഈ ഇന്‍കുബേഷന്‍ കാലം അപൂര്‍വമായി എട്ടു മാസം വരെ നീളാനുമിടയുണ്ട്. അക്രമണ സ്വഭാവത്തോടെ ക്രുദ്ധരൂപത്തിലോ, ക്രമേണയുള്ള ശരീരതളര്‍ച്ച കാണിക്കുന്ന തരത്തില്‍  മൂകരൂപത്തിലോ ആയിരിക്കും രോഗലക്ഷണങ്ങള്‍ പ്രകടമാവുക. പതിവിന് വിപരീതമായി യജമാനനെ അനുസരിക്കാതിരിക്കുന്നതും, വായില്‍നിന്ന് ഉമിനീര്‍ ഒലിപ്പിച്ച്  ലക്ഷ്യമില്ലാതെ  ഓടുന്നതും, കണ്ണില്‍ കാണുന്നതിനെയെല്ലാം കാരണമൊന്നുമില്ലാതെ കടിക്കുന്നതും ക്രുദ്ധരൂപത്തിലുള്ള പേവിഷബാധയുടെ സൂചനകളാണ്. നായ്ക്കളുടെ കണ്ണുകള്‍ ചുവക്കുകയും തൊണ്ടയിലെ പേശി മരവിപ്പ് മൂലം കുര വ്യത്യാസപ്പെടുകയും ചെയ്യും. 

ഉന്മേഷമില്ലായ്മ, തളര്‍ച്ച, ഇരുളടഞ്ഞ മൂലകളില്‍ ഒളിച്ചിരിക്കല്‍, കീഴ്ത്താടിയും നാവും തളര്‍വാതം പിടിപെട്ട് സാധാരണയില്‍ കവിഞ്ഞ് താഴേക്ക് തൂങ്ങല്‍, വേച്ചുവേച്ചുള്ള നടത്തം, വെള്ളം കുടിക്കാന്‍ ശ്രമിക്കുമെങ്കിലും അതിന് കഴിയാതിരിക്കല്‍, ശ്വസനതടസം എന്നിവയെല്ലാമാണ് മൂകരൂപത്തിലുള്ള പേവിഷബാധയുടെ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നതിനും 3-5 ദിവസം മുന്‍പ് മുതല്‍ ഉമിനീരില്‍ റാബീസ് വൈറസ് സാന്നിധ്യമുണ്ടാവും. രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ മരണമുറപ്പാണ്. 

പശുക്കളിലും, ആടുകളിലും രോഗം പ്രകടമാവാന്‍ രണ്ട് മുതല്‍ പന്ത്രണ്ട് ആഴ്ചവരെയെടുക്കും. വെപ്രാളം, വിഭ്രാന്തി, അക്രമിക്കാന്‍ ഓടിയടുക്കല്‍,  പേശികള്‍ വലിഞ്ഞുമുറുക്കി പ്രത്യേക ശബ്ദത്തില്‍ നീട്ടിയുള്ള തുടര്‍ച്ചയായ കരച്ചില്‍, കൈകാലുകള്‍ കൊണ്ട് തറയില്‍ മാന്തുകയും ചവിട്ടുകയും ചെയ്യല്‍, വായില്‍ നിന്ന് ഉമിനീര്‍ അമിതമായി പതഞ്ഞൊലിക്കല്‍, തീറ്റയിറക്കാനുള്ള പ്രയാസം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, കെട്ടിയ  കയറും കുറ്റിയും കടിച്ചുപറിയ്ക്കല്‍, പല്ലുകള്‍ കൂട്ടിയുരുമ്മല്‍, ഒടുവില്‍ കാലുകള്‍ക്ക് തളര്‍ച്ച ബാധിച്ച് വീഴല്‍ എന്നിവയെല്ലാം കന്നുകാലികളിലെ പേവിഷബാധ ലക്ഷണങ്ങളാണ്. പശുക്കളുടെ തുടര്‍ച്ചയായ കരച്ചില്‍ കാരണം മദിയുടെ ലക്ഷണമായും, തീറ്റയിറക്കാന്‍ പ്രയാസപ്പെടുന്നതിനാല്‍  അന്നനാളത്തിലെ  തടസമായും ക്ഷീരകര്‍ഷകര്‍ പശുക്കളിലെ പേവിഷബാധയെ പലപ്പോഴും  തെറ്റിദ്ധരിക്കാറുണ്ട്.  രോഗലക്ഷണങ്ങള്‍ പ്രകടമായതിന് മൂന്ന് മുതല്‍ ഏഴ് ദിവസത്തിനകം മരണം സംഭവിക്കും.

പേവിഷബാധ സംശയം തോന്നിയാല്‍ 

വളര്‍ത്തുമൃഗങ്ങള്‍ അകാരണമായി കടിക്കുകയോ പേവിഷബാധയേറ്റതായി സംശയം തോന്നുകയോ ചെയ്താല്‍  അവയെ സുരക്ഷിതമായ സ്ഥലത്ത് മാറ്റി പാര്‍പ്പിച്ച്  ആഹാരവും വെള്ളവും നല്‍കി പത്തു ദിവസം നിരീക്ഷിക്കണം. ഒരു കാരണവശാലും അവയെ ഉടനെ തല്ലിക്കൊല്ലാന്‍ പാടില്ല എന്നത് പ്രത്യേകം ഓര്‍ക്കണം. കാരണം രോഗമൂര്‍ധന്യത്തില്‍ മാത്രമേ രോഗം ശാസ്ത്രീയമായി  നിര്‍ണയിക്കാന്‍ തക്കരീതിയില്‍ വൈറസ് സാന്നിധ്യം തലച്ചോറില്‍ കാണപ്പെടുകയുള്ളൂ. രോഗം സംശയിക്കുന്ന മൃഗങ്ങളുടെ കടിയോ മാന്തലോ അവയുടെ ഉമിനീരുമായി ഏതെങ്കിലും തരത്തിലുള്ള സമ്പര്‍ക്കമോ ഉണ്ടായിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് മെഡിക്കൽ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം പ്രതിരോധ കുത്തിവയ്പ്പുകള്‍ ആരംഭിക്കണം. 

മാറ്റിപ്പാര്‍പ്പിച്ച വളര്‍ത്തുമൃഗങ്ങള്‍ക്ക് ഈ സമയത്തിനുള്ളില്‍  സ്വാഭാവിക മരണം സംഭവിച്ചാല്‍ രോഗം ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിനായി അടുത്തുള്ള രോഗനിര്‍ണയ കേന്ദ്രങ്ങളില്‍ എത്തിക്കണം. പ്രദേശത്തെ വെറ്ററിനറി സര്‍ജന്‍റെ കത്തും ഒപ്പം ഹാജരാക്കണം.  ചെറിയ മൃഗങ്ങളാണെങ്കില്‍  ശരീരം മുഴുവനും വലിയ മൃഗങ്ങളാണെങ്കില്‍  വിദഗ്ദ സഹായത്തോടെ തലമാത്രം അറുത്തു മാറ്റിയും പരിശോധനയ്ക്കായി അയയ്ക്കാം. മൃതശരീരം പ്രത്യേകം തെര്‍മോക്കോള്‍/മരപ്പെട്ടികളിലാക്കി ഐസ്‌പാക്ക് ഉപയോഗിച്ച് പൊതിഞ്ഞാണ് രോഗനിര്‍ണയ കേന്ദ്രങ്ങളിലേക്ക് അയക്കേണ്ടത്. അന്തരീക്ഷ ഊഷ്മാവില്‍ വൈറസുകള്‍ പെട്ടെന്ന് നിര്‍വീര്യമാവാനിടയുള്ളതിനാലാണ് ഐസില്‍ പൊതിയാന്‍ നിഷ്കര്‍ഷിക്കുന്നത്. പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ ശരീരം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണം.  ഉമിനീരടക്കമുള്ള  ശരീരസ്രവങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍  കൈയ്യുറകളും, മുഖാവരണവും, പാദരക്ഷകളും ധരിക്കണം. 

തലച്ചോറില്‍ വൈറസ് സാന്നിധ്യം പരിശോധിച്ചാണ്  പേവിഷബാധയുടെ  ശാസ്ത്രീയ  രോഗനിര്‍ണയം നടത്തുക. ഫ്ളൂറസെന്‍റ്  ആന്‍റിബോഡി ടെക്നിക്കിലൂടെയും (എഫ്എടി), നിഗ്രിബോഡി പരിശോധനയിലൂടെയും പേവിഷബാധ സ്ഥിരീകരിക്കാന്‍ കഴിയും. ഫ്ളൂറസെന്‍റ് ആന്‍റിബോഡി ടെക്നിക്ക്  പരിശോധന വഴി 95-98 ശതമാനം കൃത്യമായ പേവിഷബാധ നിര്‍ണയം സാധ്യമാവും. കാലപ്പഴക്കം മൂലം ചീഞ്ഞ് പോയ തലച്ചോറില്‍നിന്നു പോലും റാബീസ് വൈറസിനെ കണ്ടെത്തി രോഗനിര്‍ണയം നടത്താന്‍ എഫ്എടി  പരിശോധനയ്ക്കു സാധിക്കും. വയനാട്, തൃശ്ശൂര്‍ വെറ്ററിനറി കോളേജുകളിലും മൃഗസംരക്ഷണവകുപ്പിന്‍റെ  മേഖലാതലത്തിലും  സംസ്ഥാനതലത്തിലുള്ള മുഖ്യരോഗനിര്‍ണയ കേന്ദ്രങ്ങളിലും എഫ്എടി പരിശോധനയ്ക്ക് സൗകര്യമുണ്ട്. 

വളര്‍ത്തുമൃഗങ്ങള്‍ക്ക് കടിയേറ്റാല്‍

വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയേറ്റാല്‍ മുറിവേറ്റ ഭാഗം  ശുദ്ധജലത്തില്‍ സോപ്പുപയോഗിച്ച് നന്നായി  കഴുകി വൃത്തിയാക്കണം. ഒരു ശതമാനം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയും മുറിവുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാം.  ശേഷം മുറിവില്‍ പോവിഡോണ്‍ അയഡിന്‍ ലേപനം പുരട്ടണം. വൈറസിനെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിനും അയഡിന്‍ ലേപനത്തിലുണ്ട്. ശേഷം തുടര്‍ച്ചയായി അഞ്ച് പ്രതിരോധകുത്തിവയ്പുകൾ  കടിയേറ്റതിന്റെ 0, 3, 7, 14, 28 എന്നീ ദിവസങ്ങളില്‍ നല്‍കണം. പ്രതിരോധ കുത്തിവയ്പ്പുകള്‍ കൃത്യമായി മുന്‍കൂട്ടി എടുത്തിട്ടുള്ള  നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളാണെങ്കില്‍ 0, 3 ദിവസങ്ങളില്‍  രണ്ട് ബൂസ്റ്റര്‍  കുത്തിവയ്പ്പുകള്‍ നല്‍കിയാല്‍ മതിയാകും. 

റാബീസ് വൈറസുകള്‍ മുറിവില്‍നിന്നും നാഡികള്‍ വഴി സഞ്ചരിച്ച് തലച്ചോറിലെത്തിയാണ് രോഗമുണ്ടാക്കുന്നത് എന്നറിയാമല്ലോ. കഴുത്തിന്  മുകളില്‍ കടിയേറ്റാല്‍ മുറിവില്‍നിന്നു  വൈറസുകള്‍ വളരെ വേഗത്തില്‍ തലച്ചോറിലെത്തി രോഗമുണ്ടാക്കും. പശുക്കള്‍ക്കും ആടുകള്‍ക്കുമെല്ലാം കഴുത്തിന് മുകളില്‍ കടിയേല്‍ക്കാനാണ് കൂടുതല്‍ സാധ്യതയെന്നതിനാല്‍ പ്രത്യേകം ജാഗ്രത വേണം. പേവിഷബാധ സ്ഥിരീകരിച്ച പശുവിന്‍റെ പാല്‍ അറിയാതെ കുടിച്ച് പോയെന്ന് കരുതി പരിഭ്രാന്തരാവേണ്ടതില്ല. പാലില്‍ രോഗാണുക്കളുണ്ടെങ്കില്‍ തന്നെയും ചൂടാക്കുമ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍ നശിക്കും. 60 ഡിഗ്രി സെന്‍റിഗ്രേഡില്‍ ചൂടാക്കിയാല്‍  30 സെക്കന്റിനുള്ളില്‍ വൈറസുകള്‍ നശിച്ചുപോകും. 

വളർത്തുമൃഗങ്ങളിൽ പ്രതിരോധകുത്തിവയ്പ്പിന്‍റെ പ്രാധാന്യം

പേവിഷബാധയ്ക്കെതിരായ പ്രതിരോധകുത്തിവയ്പ്പുകള്‍ മുന്‍കൂറായി കൃത്യമായി എടുത്ത വളര്‍ത്തുമൃഗങ്ങളാണെങ്കില്‍ രോഗാണുവിനെതിരെ അവയുടെ ശരീരത്തില്‍ പ്രതിരോധശേഷിയുണ്ടാവും.  കടിയേറ്റതിനു ശേഷം വീണ്ടും ബൂസ്റ്റര്‍ കുത്തിവയ്പ് എടുക്കുമ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവയുടെ ശരീരത്തില്‍  ശക്തമായ പ്രതിരോധശേഷി രൂപപ്പെടുകയും രോഗാണുവിന്‍റെ ആക്രമണത്തെ പ്രതിരോധിക്കുകയും ചെയ്യും. മുന്‍കൂട്ടി കുത്തിവയ്പുകൾ  ഒന്നും എടുക്കാതെ കടിയേറ്റതിന് ശേഷം മാത്രമാണ് പ്രതിരോധകുത്തിവയ്പുകള്‍ നല്‍കുന്നതെങ്കില്‍ പ്രതിരോധശേഷി രൂപപ്പെടാന്‍  മൂന്നാഴ്ചയോളം സമയമെടുക്കും,  ഇത് രോഗസാധ്യത കൂട്ടും. 

പേവിഷബാധ പ്രതിരോധകുത്തിവയ്പ്പുകള്‍ കൃത്യമായി എടുത്ത അമ്മയില്‍നിന്നു കന്നിപ്പാല്‍ വഴി ലഭ്യമാവുന്ന ആന്‍റിബോഡികള്‍ ആദ്യ മൂന്ന് മാസം എത്തുന്നതു വരെ കുഞ്ഞുങ്ങളെ രോഗാണുക്കളില്‍ നിന്ന് സംരക്ഷിക്കും. വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മൂന്നു മാസം  (10-12  ആഴ്ച) പ്രായമെത്തുമ്പോള്‍  ആദ്യ പേവിഷബാധ  പ്രതിരോധകുത്തിവയ്പ് നല്‍കണം.  പിന്നീട് നാല് ആഴ്ചകള്‍ക്ക് ശേഷം (14-16   ആഴ്ച ) ബൂസ്റ്റര്‍ കുത്തിവയ്പ്പ് നല്‍കണം. തുടര്‍ന്ന് വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവയ്പ്പ് ആവര്‍ത്തിക്കണം. പൂര്‍ണ ആരോഗ്യമുള്ളപ്പോള്‍ മാത്രമേ പ്രതിരോധ കുത്തിവ‌യ്പുകള്‍  നല്‍കാന്‍ പാടുള്ളൂ. കുത്തിവയ്പ്പിന് ഒരാഴ്ച മുന്‍പ്  ആന്തര പരാദങ്ങള്‍ക്കെതിരായി മരുന്നുകള്‍ നല്‍കാന്‍ വിട്ടുപോവരുത്. പ്രതിരോധ കുത്തിവയ്പ് നല്‍കി മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ശരീരത്തില്‍ പ്രതിരോധശേഷി രൂപപ്പെടും.  

കോവിഡ് കാരണം പുറത്തൊന്നും പോവാതെ കൂടുതൽ സമയം വീട്ടിൽ തന്നെ ചെലവഴിക്കുന്നതിനാലും പഠനവും ജോലിയുമെല്ലാം അധികവും ഓൺലൈനിലേക്ക് മാറിയതിനാലും പലരും വിരസതയകറ്റാൻ ഓമനമൃഗങ്ങളെ വളർത്താനും പരിപാലിക്കാനും തുടങ്ങിയിട്ടുണ്ട്. മാനസികോല്ലാസത്തിന് ഓമനമൃഗങ്ങളുമായുള്ള സഹവാസം ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. എന്നാൽ, നമ്മുടെ അരുമകൾക്ക് കൃത്യമായ പ്രായത്തിൽ പേവിഷബാധ പ്രതിരോധ വാക്സിൻ നൽകി റാബീസ് വൈറസിൽനിന്ന് സുരക്ഷിതമാക്കാൻ മറക്കരുത്, നമ്മുടെ ആരോഗ്യസുരക്ഷയ്ക്കും അത് പ്രധാനമാണ്.

English summary: World Rabies Day 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com