ADVERTISEMENT

ലോക തേനീച്ച ദിനം ഏപ്രില്‍ 20ന് എത്തുമ്പോള്‍ തേനിറ്റു വീഴുന്ന മധുരത്തിന്റെ തിരക്കിലാണു മാവേലിക്കര കല്ലിമേലുള്ള തേനീച്ച പാര്‍ക്കും തേന്‍ സംസ്‌കരണ കേന്ദ്രവും. ഹോര്‍ടികോര്‍പ് വകയായി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച തേനീച്ച പാര്‍ക്ക് രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ ശുദ്ധമായ തേന്‍ വാങ്ങാനും തേനീച്ച കൃഷി മനസിലാക്കാനും താല്‍പര്യക്കാരെത്തുന്ന പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു. പ്രവേശന കവാടം കഴിഞ്ഞാല്‍ ഏറെ ആകര്‍ഷിക്കുന്നതു ജലാശയത്തിനു സമീപത്തെ പച്ചക്കുന്നില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂവില്‍ തേന്‍ നുകരുന്ന വലിയൊരു തേനീച്ചയുടെ ശില്‍പ്പമാണ്. അതിനു ചുറ്റും തേനീച്ച പെട്ടികളും വിശാലമായ ഉദ്യാനവും.

തേനീച്ചയ്ക്കു വേണ്ടി കമ്മല്‍ ചെടിയും റബര്‍കപ്പച്ചെടിയും  

പ്രകൃതി മാറിയാലും തേനീച്ചയ്ക്കു തേന്‍ നുകരാനുള്ള സൗകര്യമാണു പാര്‍ക്കിലുള്ളത്. മഴക്കാലത്തും വേനല്‍ക്കാലത്തും തേനും പൂമ്പൊടിയും ഉല്‍പ്പാദിപ്പിക്കുന്ന ചെടികളാണു തേനീച്ചയ്ക്ക് ആവശ്യം. തേനും പൂമ്പൊടിയും ശേഖരിക്കുന്നതിനു തേനീച്ചകള്‍ക്കു സഹായകമാകുന്ന വിധത്തില്‍ ഒരുക്കിയിരിക്കുന്ന പാര്‍ക്കില്‍ ആന്റിഗണ്‍, റബര്‍കപ്പ, കമ്മല്‍ ചെടി, ആയുര്‍വേദ സസ്യങ്ങളായ തുളസി, കറ്റാര്‍വാഴ, ആടലോടകം, വേപ്പ്, വിവിധ ഫലവൃക്ഷങ്ങള്‍ എന്നിവയാണു പ്രധാനമായും നട്ടുവളര്‍ത്തിയിരിക്കുന്നത്. 

ദിവസം 300 കിലോ തേന്‍ സംസ്‌കരിക്കുന്ന പ്ലാന്റ് 

പാര്‍ക്കിനോടു ചേര്‍ന്നു നവീകരിച്ച തേനീച്ച വളര്‍ത്തല്‍ പരിശീലന കേന്ദ്രം, തേന്‍ സംസ്‌കരണ പ്ലാന്റ് എന്നിവയാണുള്ളത്. പ്രതിദിനം 300 കിലോ തേന്‍ ശേഖരിച്ചു സംസ്‌കരിക്കാന്‍ കഴിയുന്ന തേന്‍ സംസ്‌കരണ യൂണിറ്റാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. 14 ജില്ലകളിലും ഇവിടെ നിന്നുള്ള പരിശീലകരെത്തി പരിശീലനം നല്‍കുന്നുണ്ട്. 40 പേരുള്‍പ്പെടുന്നതാണ് ഒരു യൂണിറ്റ്. പരിശീലനം ലഭിക്കുന്നവര്‍ക്ക് 40% സബ്സിഡിയില്‍ തേന്‍ എടുപ്പ് യന്ത്രം, പുകയന്ത്രം, മുഖാവരണം തുടങ്ങിയവ നല്‍കും. തേനീച്ച കൃഷി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വിളിക്കാം. 9400985260

honey

രണ്ടര വര്‍ഷം കൊണ്ട് 62 ടണ്‍ അമൃത് ഹണി 

2018 ഡിസംബര്‍ 20നാണു കല്ലിമേല്‍ തേനീച്ച വളര്‍ത്തല്‍ കേന്ദ്രത്തില്‍ തേനീച്ച പാര്‍ക്കും വിശാലമായ തേന്‍ സംസ്‌കരണ കേന്ദ്രവും തുടങ്ങിയത്. രണ്ടര വര്‍ഷക്കാലത്തിനുള്ളില്‍ 62 ടണ്‍ തേന്‍ തേനീച്ച കര്‍ഷകരില്‍ നിന്നു ശേഖരിച്ചു സംസ്‌കരിച്ചാണ് 'അമൃത് ഹണി' എന്ന പേരില്‍ വിപണിയിലെത്തിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ആദിവാസി മേഖലയില്‍ വില്‍പ്പന നടത്താന്‍ സാധിക്കാതിരുന്ന തേന്‍ ഹോര്‍ടികോര്‍പ് നേരിട്ടെത്തി ശേഖരിച്ചു. അച്ചന്‍കോവില്‍, നിലമ്പൂര്‍, റാന്നി, ആതിരപ്പള്ളി, വാഴച്ചാല്‍ എന്നീ ആദിവാസി മേഖലകളില്‍ നിന്നു മാത്രം 4000 കിലോ തേന്‍ ശേഖരിച്ചു. ഇവിടെ നിന്നും തേനീച്ച കൃഷിയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ച കര്‍ഷകര്‍ക്ക് ആവശ്യമെങ്കില്‍ തേന്‍ സംസ്‌കരിച്ചു നല്‍കുന്നതിനും സൗകര്യമുണ്ട്. ഇപ്രകാരം കിലോയ്ക്ക് 13 രൂപ നിരക്കില്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ 46000 കിലോ തേന്‍ കര്‍ഷകര്‍ക്കു സംസ്‌കരിച്ചു നല്‍കി. 

''തേനില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന്റെ ഭാഗമായി ഇഞ്ചി, വെളുത്തുള്ളി, ചക്ക, മാങ്ങ എന്നിവ തേനില്‍ സംസ്‌കരിക്കുന്ന സാങ്കേതിക വിദ്യ കല്ലിമേല്‍ തേനീച്ച വളര്‍ത്തല്‍ കേന്ദ്രത്തിലുണ്ട്. 1995ല്‍ ആണു ഹോര്‍ട്ടി കോര്‍പ് ജില്ലാ കൃഷിത്തോട്ടത്തില്‍ പാട്ടത്തിനെടുത്ത 3 ഏക്കര്‍ സ്ഥലത്തു തേനീച്ച വളര്‍ത്തല്‍ പരിശീലന കേന്ദ്രം ആരംഭിച്ചത്. ഇപ്പോള്‍ ശുദ്ധമായ തേന്‍ ആവശ്യക്കാര്‍ക്ക് ലഭിക്കുന്ന പ്രധാനകേന്ദ്രമായി കല്ലിമേല്‍ മാറിയിരിക്കുന്നു. അഗ്മാര്‍ക്കുള്ള അമൃത് ഹണി കിലോയ്ക്ക് 380 രൂപക്ക് ലഭിക്കും.'' - ജെ.സജീവ്, മാനേജിങ് ഡയറക്ടര്‍, ഹോര്‍ടി കോര്‍പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com