പടക്കം പൊട്ടി തലയുടെ ഒരു വശം തകർന്ന് നിൽക്കുന്ന ഒരു കൂറ്റൻ ഒറ്റയാൻ പന്നി; ഒരു വെടിയിൽ ഒതുങ്ങില്ല
Mail This Article
പത്രത്തിലെ ചരമക്കോളത്തിലിരുന്ന് മത്തൻ ചേട്ടൻ ചിരിച്ചു. ‘ഞാൻ പറഞ്ഞ കാര്യങ്ങൾ ഓർക്കുന്നില്ലേ? അനുഭവസ്ഥർ പറഞ്ഞാൽ കേൾക്കണം? മനസ്സിലുണ്ടാവണം’. ആ ചിത്രം ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയെയും സംസാരത്തെയും ഓർമിപ്പിക്കുകയായിരുന്നു.
ആൾ മലയോര കർഷകനായിരുന്നു. മണ്ണിനോടും കാട്ടു മൃഗങ്ങളോടും പട വെട്ടി പൊന്നുവിളയിച്ച ആൾ. കക്ഷിയുടെ സ്ഥലത്തിന്റെ അതിരിനടുത്തുപോലും കാട്ടുമൃഗങ്ങൾ ചെല്ലാൻ ഭയപ്പെട്ടിരുന്നു. വേട്ടയാടിയും വിരട്ടിയോടിച്ചും ആ മലയോരത്ത് നെഞ്ചു വിരിച്ചു നിന്നയാളാണ്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കളിക്കുന്നതിനിടെയുണ്ടായ കലഹത്തിൽ, പ്രധാന അധ്യാപകന്റെ മകനെ റബർ മരത്തിന്റെ വേരു പറിച്ചെടുത്തു അടിച്ച ഗുരുതര കുറ്റത്തിന് രക്ഷിതാവിനെ കൂട്ടി വരാൻ പറഞ്ഞപ്പോൾ വിദ്യാഭ്യാസത്തിന് സുല്ലിട്ട് കൃഷിയിലേക്ക് പൂർണമായി തിരിഞ്ഞ ആൾ.
പിന്നെ ആ ജീവിതം പോരാട്ടത്തിന്റെതായി. കൃഷിയുമായി മലയോരത്ത് ജീവിതം തളച്ചിടുകയായിരുന്നു.
കാൻസർ ബാധിച്ച് ഗുരുതര നിലയിൽ ആണെന്നറിഞ്ഞപ്പോൾ ഞാൻ കാണാൻ പോയിരുന്നു.
രോഗത്തിന്റെ തീവ്ര വേദനയിലും അദ്ദേഹം പതറുന്നുണ്ടായിരുന്നില്ല. എന്നെക്കണ്ടപ്പോൾ, കൈ ഉയർത്തി ചിരിച്ചു. വേദന കുറയാനുള്ള കുത്തിവയ്പിന്റെ മയക്കം വിട്ടതേയുള്ളൂ. എന്തു പറയണം എന്നറിയാതെ ഞാൻ നിന്നപ്പോൾ അദ്ദേഹം പറഞ്ഞു തുടങ്ങി. സംസാരം ഒടുവിൽ അവസാനിച്ചത് മലയോരത്തെ കാട്ടുമൃഗശല്യത്തെക്കുറിച്ചായിരുന്നു. കർഷകന്റെ ആവശ്യങ്ങളെ അവഗണിക്കുന്നതിനെപ്പറ്റിയായിരുന്നു.
കാട്ടുപന്നിയെ നേരിട്ട നെഞ്ചുറപ്പ്
അവധിക്കാലത്ത് പിതാവിന്റെ കൃഷിയിടത്തിൽ, ജോലിക്കാർക്കൊപ്പം ഞാനും പോകുമായിരുന്നു. അവിടെ, അവരോടൊപ്പം താമസിച്ച്, അവരുടെ കഥകളൊക്കെ കേട്ടായിരുന്നു ഒഴിവുകാലം ചെലവഴിക്കുന്നത്. ഞങ്ങളുടെ സ്ഥലത്തിനോട് ചേർന്നായിരുന്നു മത്തൻ ചേട്ടന്റെ സ്ഥലവും. അങ്ങനെ ഒരുദിവസം രാവിലെ, ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിനടുത്തുനിന്ന് ആരുടെയോ ഒരു കൂവൽ കേട്ടു. മലകളിൽ താമസിക്കുന്നവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കൂവി വിളിച്ചാണ് സാന്നിധ്യം അറിയിക്കുന്നത്. സഹായം ചോദിക്കാനും മുന്നറിയിപ്പ് നൽകാനും കൂവി വിളിക്കും.
ആരോ സഹായം ചോദിച്ചു വിളിക്കുന്നതായി ഞങ്ങൾക്ക് തോന്നി. കുരുമുളക് മെതിക്കുകയായിരുന്ന (കുരുമുളക് ചരടിൽനിന്ന് വേർതിരിക്കുന്ന) ജോലിക്കാരോട് നോക്കി വരാമെന്നു പറഞ്ഞ് ഞാൻ പുറത്തിറങ്ങി കൂവൽ കേട്ട ഭാഗത്തേക്ക് നോക്കി തിരിച്ചു കൂവി. താഴത്തെ ചെരിവിൽ നിന്നാണ്. അയൽക്കാരൻ മത്തൻ ചേട്ടനാണ്. എന്തോ ആവശ്യമുണ്ട്. ഞാൻ വേഗം അവിടേക്ക് നടന്നു. അവിടെ കണ്ട കാഴ്ച...
പടക്കം പൊട്ടി തലയുടെ ഒരു വശം തകർന്ന് നിൽക്കുന്ന ഒരു കൂറ്റൻ ഒറ്റയാൻ പന്നി, അത് ഓടാൻ പറ്റാത്ത അത്ര അവശനാണ്. അതിനെ പോകാൻ വിടാതെ തടഞ്ഞുനിർത്തിയിരിക്കുകയാണ് മത്തൻ ചേട്ടൻ. ഞാൻ ഭയന്നുപോയി. എന്റെ കാലുകൾ വിറച്ചു... ‘നീ പോയി ഒരു മഴുവെടുത്തു കൊണ്ടു വാ... ഇവനെ വിടാൻ പറ്റില്ല.’
ഞാൻ തിരികെ ഓടി, വീട്ടിൽ ചെന്ന് മഴുവും ജോലിക്കാരെയും കൂട്ടി തിരികെയെത്തി. കൈകളിൽ സ്വയരക്ഷയ്ക്ക് വാക്കത്തിയും കരുതി. ഞങ്ങൾ, കുറച്ച് അകലെയായി നിലയുറപ്പിച്ചു. ഉയർത്തിയ മഴുവുമായി മത്തൻ ചേട്ടൻ പന്നിയുടെ നേരെ നീങ്ങി. ഒരൊറ്റ അടി... അടുത്ത നിമിഷം... മുറിവേറ്റ് നിൽക്കുന്ന പന്നി മത്തൻ ചേട്ടനെ തട്ടിയെറിഞ്ഞു. ചേട്ടന്റെ ഉടുമുണ്ട് ആകാശത്ത് പാറുന്നതും ചേട്ടൻ താഴോട്ട് ഉരുണ്ടുപോകുന്നതും കണ്ട ഞങ്ങൾ ഭയത്തോടെ സമീപത്തെ മരത്തിന്റെ മുകളിലേക്കു പാഞ്ഞു കയറി.
ഓടാൻ പറ്റാത്ത പന്നി അവിടെ തന്നെയിരുന്ന് മുക്രയിട്ടു... താഴെ വീണ മത്തൻ ചേട്ടന്റെ ‘ചുരുളി’ പ്രയോഗങ്ങൾ അവിടെയെല്ലാം മുഴങ്ങി. ആൾ തെറിച്ചു വീണത് ഒരു മൺകൂനയിലായിരുന്നു. അതിനാൽ ഒന്നും പറ്റിയില്ല.
കാര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട ഞാൻ അക്കരെയുള്ള വീട്ടിൽ ചെന്നു തോക്കുമായി വരാൻ കൂടെയുണ്ടായിരുന്ന ആളെ പറഞ്ഞു വിട്ടു. ആൾ തോക്കിനായി പാഞ്ഞു.
കാട്ടുപന്നിക്ക് ഇത്തിരി അകലമിട്ട് ഞങ്ങൾ കാവലിരുന്നു. തോക്ക് കൊണ്ടുവന്ന ഉടനെ അതു വാങ്ങി നിറച്ച് മത്തൻ ചേട്ടൻ പന്നിയെ വെടിവച്ചു. വെടികൊണ്ടിട്ടും അവൻ ചത്തില്ല. പിന്നെ, ചേട്ടൻ മഴുവെടുത്ത് കർമം പൂർത്തിയാക്കി.ഇന്നും അതോർക്കുമ്പോൾ കാലിൽ നിന്ന് അറിയാതെ ഒരു തരിപ്പ് കയറും.‘നീ ആ ഒറ്റയാൻ പന്നിയെ തട്ടിയ സംഭവം ഓർക്കുന്നില്ലേ’
അവസാനമായി കണ്ടപ്പോഴും മത്തൻ ചേട്ടൻ ചോദിച്ചിരുന്നു.
എങ്ങനെ മറക്കും. പിന്നെ, സംസാരം കാട്ടുപന്നി നിയന്ത്രണ നടപടികളെക്കുറിച്ചായി.
കാട്ടു പന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചതുകൊണ്ട് ഒരു കാര്യവും ഇല്ല. പുസ്തകത്തിലും കടലാസിലും പറയുന്നതുപോലല്ല കാര്യങ്ങൾ. അനുഭവമുള്ളവർ പറയുന്നതു കേൾക്കണം, അതനുസരിച്ച് കാര്യങ്ങൾ നടപ്പാക്കണം. ഇപ്പോൾ നടപ്പാക്കുന്നത് വെറും കണ്ണിൽ പൊടിയിടൽ ആണ്. പ്രായോഗികമായി ചെയ്യേണ്ട ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. ഒടുവിൽ കണ്ടപ്പോൾ ചേട്ടൻ പറഞ്ഞ വാക്കുകൾ മനസ്സിൽ തെളിയുന്നു.
കാട്ടു പന്നികൾ പെറ്റു പെരുകുന്നു
നമ്മുടെ നാട്ടിൽ അല്ല, കാട്ടിൽ ഏറ്റവും പെറ്റു പെരുകുന്ന വന്യജീവി കാട്ടുപന്നിയാണ്. മലയോര കർഷകർ ഇവയെ പലവിധത്തിൽ നിയന്ത്രിച്ചിരുന്നു. കെണിവച്ചും പടക്കം വച്ചും കുരുക്ക് വച്ചും കാട്ടു പന്നികളെ നിയന്ത്രിച്ചിരുന്ന കർഷകരുടെ കൈകൾ വന്യജീവി സംരക്ഷണ നിയമത്തിലൂടെ പൂട്ടി. ഫലമോ ഇവ പെറ്റു പെരുകി. ഇപ്പോൾ കാട്ടിൽ തീറ്റയുടെ ലഭ്യത കുറഞ്ഞതിനെത്തുടർന്ന് കാട്ടുപന്നി ശല്യം നാട്ടിലായി. മലയോര ഗ്രാമങ്ങൾ വിട്ട്, നഗരങ്ങളിൽ വരെ ഇപ്പോൾ അവ സ്വൈര വിഹാരം നടത്തുന്നു. ഒരു പ്രസവത്തിൽ കുറഞ്ഞത് പന്ത്രണ്ട് കുഞ്ഞുങ്ങൾ വരെ പന്നികൾക്ക് ഉണ്ടാകും. പന്നി പെറ്റുപെരുകുന്നതുപോലെ എന്നൊരു പ്രയോഗം തന്നെ മലയാളത്തിലുണ്ട്. അത്രയ്ക്കും വേഗത്തിലാണ് ഇവ പെറ്റുപെരുകുന്നത്. കാര്യമായ രോഗങ്ങളൊന്നും ഇവയെ ബാധിക്കാറില്ല. മാലിന്യകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഇവയുടെ മേച്ചിൽപ്പുറമാണ്. വിദേശ രാജ്യങ്ങളിൽ ഒക്കെ ഇവയുടെ വർധന കർശനമായി തടയുന്നുണ്ട്. സംസ്ഥാനത്താകട്ടെ അതിനുള്ള പ്രാരംഭ നീക്കം പോലുമില്ല.
വിനാശകാരി, അക്രമണകാരി
കാട്ടുപന്നി അത്യന്തം വിനാശകാരിയാണ്. അതിലെ ഒറ്റയാൻ മനുഷ്യജീവനു തന്നെ ഭീഷണിയാണ്. അതുപോലെ കുഞ്ഞുങ്ങളുമായി നടക്കുന്ന തള്ളപ്പന്നിയും മനുഷ്യനെ ആക്രമിക്കും. കാട്ടുപന്നിയുടെ ആക്രമണത്തിൽ സംസ്ഥാനത്ത് ഒട്ടേറെ പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. പലർക്കും മാരകമായി പരുക്കേറ്റിട്ടുണ്ട്. പുലർച്ചെ ജോലിക്കു പോകുന്നവരും തോട്ടങ്ങളിൽ ടാപ്പിങ്ങിനു പോകുന്നവരുമാണ് കാട്ടുപന്നികളുടെ ആക്രമണത്തിന് വിധേയരാകാറുള്ളത്. ഏതാനും വർഷങ്ങൾക്കു മുൻപ് പാലക്കാട് ജില്ലയിലെ ആനമൂളിയിൽ ഒരു വൈദികൻ പന്നിയുടെ ആക്രമണത്തിൽ മരിച്ചിരുന്നു. ചത്തുവെന്നു കരുതി, കിണറ്റിൽ വീണ കാട്ടുപന്നിയെ നീക്കം ചെയ്യാൻ ഇറങ്ങിയ വൈദികനെ പന്നി ആക്രമിക്കുകയായിരുന്നു. കാട്ടുപന്നിയുടെ ആക്രമണത്തിന് ചില പ്രത്യേകതകളുണ്ട്. അതിവേഗം മനുഷ്യന് നേരെ കുതിച്ചെത്തുന്ന കാട്ടുപന്നി ഞൊടിയിടയിൽ കാലുകൾക്കിടയിലുടെ പായും. ആ പാച്ചിലിൽ മുഖമുയർത്തി തേറ്റ(നീണ്ട പല്ല്)കൊണ്ട് തുടയിൽ ആഴത്തിൽ മുറിവേൽപിക്കും. ആക്രമണത്തിന് ഇരയായ ആൾ വീണുപോകും. ഒറ്റയാനാണെങ്കിൽ വീണു കിടക്കുന്ന ആളെ വീണ്ടും ആക്രമിക്കും. ആഴത്തിൽ മുറിവേറ്റയാൾ യഥാസമയം ചികിത്സ കിട്ടിയില്ലെങ്കിൽ രക്തം വാർന്നു മരിക്കും. മലയോരങ്ങളിൽ യഥാസമയം ചികിത്സ കിട്ടുക പ്രയാസമാണ്. പലരുടെയും മരണം ഇങ്ങനെയാണ്. പാഞ്ഞുവരുന്ന കാട്ടു പന്നിയുടെ ആക്രമണത്തിൽനിന്ന് രക്ഷപെടാൻ ചാടി അടുത്തുള്ള മരത്തിൽ കയറുകയാണ് ഏറ്റവും സുരക്ഷിതം.
പന്നിയെ വെടിവയ്ക്കുക വെല്ലുവിളി
ക്ഷുദ്ര ജീവികളായി വനം വകുപ്പ് പ്രഖ്യാപിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുവാദമുണ്ട്. എന്നാൽ, പന്നികളെ വെടിവയ്ക്കൽ അത്ര എളുപ്പമല്ല. കുതിച്ചു പാഞ്ഞു നടക്കുന്ന പന്നി വെടിവയ്ക്കാൻ പാകത്തിൽ വേട്ടക്കാരനു മുന്നിൽ നിൽക്കില്ല. തലയ്ക്ക് വെടിയേറ്റില്ലെങ്കിൽ പന്നി ചാകുകയും ഇല്ല. മുറിവേറ്റ പന്നി തിരിച്ച് ആക്രമിക്കാനും സാധ്യത ഉണ്ട്. അറിയാവുന്ന വേട്ടക്കാരൻ സുരക്ഷിത സ്ഥലത്തു നിന്നേ പന്നിയേ വെടിവയ്ക്കൂ. വേട്ടക്കാരൻ സുരക്ഷിത സ്ഥാനത്ത് അല്ലെങ്കിൽ ചിലപ്പോൾ പന്നി തിരിച്ച് ആക്രമിക്കുകയും ചെയ്യും. തലയ്ക്ക് അല്ലെങ്കിൽ ഒരു വെടിക്ക് പന്നി ചാകുകയും ഇല്ല.
‘വെടികൊണ്ട പന്നിയെപ്പോലെ ’ എന്ന പ്രയോഗം ഒക്കെ അങ്ങനെ ഉണ്ടായതാണ്. ആദ്യകാലങ്ങളിൽ കാട്ടുപന്നിയെ കെണിവച്ച് പിടികൂടുകയാണ് ചെയ്തിരുന്നത്. ഇതിനായി പന്നി വരുന്ന വഴികളിൽ കമ്പികൊണ്ട് കുരുക്ക് തയാറാക്കി വയ്ക്കും. ഇതിൽ കുരുങ്ങി പന്നി ചാകും. വലിയ കുഴി കുത്തി അതിൽ വീപ്പ ഇറക്കി വച്ച് വെള്ളം നിറച്ചു വയ്ക്കുന്ന രീതിയുമുണ്ടായിരുന്നു. വെള്ളത്തിൽ തല കുത്തി വീണ് പന്നി ജീവൻ വെടിയും. തീറ്റ വെച്ച് പടക്കം കെട്ടി വയ്ക്കുന്ന രീതിയും പണ്ട് ഉണ്ടായിരുന്നു. തീറ്റ എടുക്കുന്ന പന്നിയുടെ വായ സ്ഫോടനത്തിൽ തകരും. പന്നിപ്പടക്കം കെട്ടാൻ അറിയാവുന്നവർക്കേ ഇത് ചെയ്യാനാവൂ. വളരെ അപകടം പിടിച്ചതാണ് ഇത്. പന്നിപ്പടക്കം ശത്രുവിന് നേരെ പ്രയോഗിച്ച സംഭവങ്ങളും ജീവനൊടുക്കാൻ ഉപയോഗിച്ച സംഭവങ്ങളും മലയോര ഗ്രാമങ്ങളുടെ ഓർമകളിലുണ്ട്.
വിളകളുടെ അന്തകൻ
കർഷകരെ സംബന്ധിച്ച് ഏറ്റവും നാശം വിതയ്ക്കുന്ന കാട്ടുമൃഗമാണ് കാട്ടുപന്നി. കിഴങ്ങുവർഗ കൃഷിയുടെ അന്തകരാണ് ഇവറ്റകൾ. ക്ഷുദ്രജീവി എന്ന പദം തീർത്തും ഇവർക്കു ചേരും. കപ്പ, ചേമ്പ്, ചേന, കിഴങ്ങ് എന്നീ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ അവ നിലം പരിശാക്കും. കൂട്ടമായാവും മിക്കവാറും വരവ്. പൊടിപോലും ബാക്കി വയ്ക്കില്ല. കൃഷിയിടം ഉഴുതു മറിച്ച അവസ്ഥയിലാക്കും. റബർതൈകൾ കുത്തി മറിക്കും. തെങ്ങിൻ തൈകളുടെ ചുവട് തുരക്കും. വാഴയുടെ, കൈതയുടെ(പൈനാപ്പിൾ) കൂമ്പ് അകത്താക്കും. ചുവട് കുത്തിമറിക്കും. കർഷകരുടെ ഒരു വർഷത്തെ അധ്വാനം ഒക്കെ ഒരൊറ്റ രാത്രികൊണ്ട് കാട്ടുപന്നികൾ ഇല്ലാതാക്കും. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും പ്ലാസ്റ്റിക് ഷീറ്റ് കൃഷിയിടത്തിനു ചുറ്റും വലിച്ചുകെട്ടിയും കാട്ടുപന്നികളെ തുരത്തിയിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് ഈ പ്രതിരോധമാർഗങ്ങളെ അതിജീവിക്കാൻ കാട്ടുപന്നികൾക്ക് കഴിയുന്നു. വെളിച്ചം കണ്ടാലും ശബ്ദം കേട്ടാലും ഇപ്പോൾ കാട്ടുപന്നികൾക്ക് ഭയമില്ല. മലയോര പാതകളിൽ ഇരു ചക്രവാഹനക്കാർക്ക് കാട്ടുപന്നികൾ ഭീഷണിയാണ്. പൊടുന്നനെ റോഡിന് കുറുകെ ചാടും.
കാർഷിക മേഖലയിൽ കുടിയിറക്കം
കാട്ടുപന്നിയെ എലിയെപ്പോലെ കർഷകശത്രുവായി കണ്ട് നടപടികൾ എടുക്കേണ്ട സമയം വൈകി. ഇത്തരം നടപടികൾ വൈകും തോറും നമ്മുടെ മലയോര കൃഷിയിടങ്ങൾ വെറും ഭൂമിയായി മാറുകയാണ്. കേരളത്തിന് ഭക്ഷ്യ സമൃദ്ധി ഒരുക്കിയ മലയോര മേഖലയിലെ കൃഷിയിടങ്ങളിൽ കർഷകർ കൃഷി മതിയാക്കുകയാണ്. ഇഞ്ചി,മഞ്ഞൾ,കപ്പ,കിഴങ്ങ്, പയർ വർഗങ്ങൾ, വാഴ, പച്ചക്കറികൾ ഒക്കെ സമൃദ്ധമായി വിളഞ്ഞിരുന്ന ഈ മേഖലകളിൽ ഇപ്പോൾ ഒരുതരം മരവിപ്പാണ്. പല കർഷകരും അടുത്ത തലമുറയെ സ്വന്തം കർമമേഖലയിൽനിന്ന് അകറ്റിനിർത്തുന്നു. അനുഭവങ്ങൾ അവരെ അതിന് നിർബന്ധിതരാക്കുന്നു. മാതാപിതാക്കളുടെ ദുരിതം കാണുന്ന മക്കളും മലയോരമേഖലയെ കൈവിടുകയാണ്. പത്തു വർഷം മുൻപ് ചെറിയ രീതിയിൽ തുടങ്ങിയ ഈ കൊഴിഞ്ഞുപോക്ക് ഇപ്പോൾ തീവ്രമാണ്. രാഷ്ട്രീയ വിവാദങ്ങളിൽ അഭിരമിക്കുന്ന മലയാളിക്ക് സംസ്ഥാനത്തിന്റെ കാർഷിക മേഖലയെ ദീർഘ ദൃഷ്ടിയോടെ കാണുവൻ എവിടെ സമയം?
English summary: Wild Boar Problems in Kerala