ADVERTISEMENT

‘‘കുറെക്കാലം മുൻപാണ്. വാഹന വർക് ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്യുന്നു.  തുച്ഛമായ വേതനം. കുറെക്കൂടി നല്ല  വരുമാനം ഉറപ്പാക്കാൻ മറ്റെന്തെങ്കിലും വഴിയുണ്ടോ എന്നു തിരയുന്ന കാലം. അന്നൊരിക്കൽ ഗുരുവായൂരിലെത്തി കണ്ണനു മുന്നിൽ മനസ്സുരുകി പ്രാർഥിച്ചു. തൊഴുതിറങ്ങുമ്പോൾ വടക്കേനടയിൽനിന്നൊരു താമരയിതൾ കയ്യിലെത്തി. അതൊരു കൃഷിസന്ദേശമാണെന്നു മനസ്സു പറഞ്ഞു. അന്ന് എടപ്പാൾ പ്രദേശത്താരും താമരയൊരു  കൃഷിയിനമായി കണ്ടിട്ടില്ല. എന്നാൽ 10 –15 കിലോമീറ്റർ വടക്കു മാറി, മലപ്പുറം ജില്ലയിൽതന്നെ തിരുനാവായ ഭാഗത്ത് വലിയ തോതിൽ കൃഷിയുണ്ട്. അവിടെനിന്നു നടീൽവസ്തു കിട്ടുമോ എന്നന്വേഷിച്ചു. അവർ പക്ഷേ താമരവള്ളിക്കു ചോദിച്ചത് താങ്ങാനാവാത്ത വില.  എന്തു ചെയ്യണം എന്നറിയാതെ ഏതാനും മാസങ്ങൾ...’’ ഇളവെയിലേറ്റു തുടുത്ത പൂമൊട്ടുകൾ നിറഞ്ഞ താമരക്കായലിലേക്കു നോക്കിനിന്ന് ഇന്നത്തെ ലാഭക്കൃഷിയുടെ അന്നത്തെ അനിശ്ചിതത്വം സുധാകരൻ ഓർത്തെടുത്തു.

വൈകാതെ തിരുനാവായയിലെ കൃഷിക്കാർ എടപ്പാളിലും വിശാലമായൊരു കോൾപ്പാടത്തിന്റെ പാതി പാട്ടത്തിനെടുത്ത് താമരക്കൃഷി തുടങ്ങി. രണ്ടു കൊല്ലത്തിനകം ബാക്കി പകുതിയിലേക്കും തമരവള്ളികൾ തലനീട്ടിത്തുടങ്ങി. കാത്തുനില്‍ക്കാതെ, താമരവള്ളികൾ പടർന്നു കയറിയ ബാക്കി പകുതി പാട്ടത്തിനെടുത്തു കൃഷിക്കിറങ്ങി സുധാകരനും സുരേഷും സുദർശനനും ചേർന്ന മൂവർസംഘം. ഇന്ന് ഇരുപത്തഞ്ചോളം ഏക്കര്‍ വരും ഇവരുടെ താമരക്കൃഷി. 12,000 പൂക്കൾവരെ ഒറ്റ ദിവസം വിളവെടുത്ത അനുഭവമുണ്ടെന്നു സുധാകരൻ. വിപണിയും വിശാലമായി. ഉൽപാദിപ്പിക്കുന്ന പൂക്കളിൽ നല്ല പങ്കും വിൽക്കുന്നത്, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും വടക്ക്–കിഴക്കൻ സംസ്ഥാനങ്ങളിലും. വിശേഷാവസരങ്ങളിൽ പൂവൊന്നിന് 10–12 രൂപ വരെ വില ഉയരും. അതല്ലെങ്കിൽ 5–7 രൂപ. 

lotus-cultivation-2
താമരപ്പാടത്തിനരികെ കൃഷിക്കാരായ സുദർശനൻ, സുധാകരൻ, സുരേഷ് എന്നിവർ. ഒപ്പം, താമരമൊട്ടുകൾ വിളവെടുക്കുന്ന മൊയ്തീനും

വിപണി വിശാലം

വാണിജ്യക്കൃഷിവിള എന്ന നിലയ്ക്ക് താമരയുടെ വരുമാനസാധ്യത അധികമാരും ശ്രദ്ധിച്ചിട്ടില്ല എന്നു സുധാകരൻ. കൃഷിവകുപ്പ് തീരെ ശ്രദ്ധിച്ചിട്ടില്ല. താമരക്കൃഷിക്ക് അനുകൂലമായ പ്രദേശങ്ങൾ കുറവാണെന്നത് ഒരു കാരണംതന്നെ.  എന്നാല്‍ ക്ഷേത്രാവശ്യങ്ങളില്‍ മാത്രം ഒതുങ്ങി നിൽക്കുന്നതാണ് താമരയുടെ വിപണിയെന്ന തെറ്റിദ്ധാരണയാണ് പ്രധാന കാരണം. വടക്കേ ഇന്ത്യയില്‍  ഉത്സവകാലങ്ങളിൽ താമരപ്പൂവിന് വലിയ ഡിമാൻഡുണ്ട്. വീടുകളിലെ പൂജാമുറിയിലേക്ക് നിത്യവും ഒറ്റ പൂവിന് 30–40 രൂപ നൽകി വാങ്ങുന്ന ഉപഭോക്താക്കൾ ഏറെയുണ്ട് അവിടെ.

lotus-cultivation-1
താമരമൊട്ടുകൾ

നവരാത്രി, ദീപാവലി, വരലക്ഷ്മീപൂജ, ബംഗാളിലെ കാളീപൂജ എന്നിവയെല്ലാം താമരപ്പൂക്കൾക്കു വൻപ്രിയമുള്ള കാലമാണ്. ഇക്കാലങ്ങളിൽ വടക്കേ ഇന്ത്യയിൽനിന്നു വ്യാപാരികൾ നേരിട്ടു തന്റെ  വീട്ടിലെത്താറുണ്ടെന്നു സുധാകരൻ. ശബരിമല മണ്ഡലകാലത്ത് കേരളത്തിലും താമരപ്പൂവിപണി സജീവമാണ്.  സീസൺ പിന്നിട്ടാലും ക്ഷേത്രാവശ്യങ്ങൾക്കായി നിത്യവും പൂക്കൾ ആവശ്യമുണ്ട്. മോഹവില ലഭിക്കില്ലെന്നു മാത്രം. ചുരുക്കത്തിൽ, റോസും ലില്യംസും കാർനേഷനും ജെർബെറയും മുല്ലയും പോലെ വാണിജ്യമൂല്യമുള്ള പൂവു തന്നെ  ഇന്നു താമര. 

വാസ്തവത്തിൽ  താമരപ്പൂവല്ല, മൊട്ടാണ് വിളവെടുക്കുന്നത്. വിടർന്നാൽ ഡിമാൻഡ് ഇല്ല. പിറ്റേന്നു വിടരുന്ന മൊട്ടുകൾ നോക്കി തലേന്നു വിളവെടുക്കുന്നു. പറിച്ചെടുത്താൽ പിന്നെ താമരമൊട്ടുകൾ വിടരില്ല. 4–5 ദിവസം പുതുമ ചോരാതെ ഈ മൊട്ടുകൾ സൂക്ഷിക്കാനുമാകും. പൂജയ്ക്കും മാലകെട്ടാനുമെല്ലാം ആവശ്യം ചെന്താമരമൊട്ടുകൾ തന്നെ. 

പച്ചക്കറികളുടെ കാര്യത്തിലെന്നതുപോലെ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും താമരവിപണി കയ്യടക്കിയിരിക്കുന്നത് തമിഴ്നാടാണ്. നാഗർകോവിൽ മേഖലയിലാണ് കൃഷി ഏറെയും. കൃഷിക്ക് കൂടുതൽ യോജ്യവും ഈ പ്രദേശം തന്നെ. 10 സെന്റിൽനിന്ന് 500 പൂക്കൾ വരെ ലഭിക്കുന്ന കൃഷിയിടങ്ങൾ അവിടെയുണ്ടെന്നു സുധാകരൻ. കേരളത്തിലെ  മിക്ക ക്ഷേത്രങ്ങളിലേക്കും കാലങ്ങളായി പൂവെത്തുന്നതും ഇവിടെനിന്നുതന്നെ. കൃഷി തുടങ്ങിയ കാലത്തുനിന്ന് ഭിന്നമായി മലപ്പുറം ജില്ലയിലും  കൃഷിക്കാരുടെ എണ്ണം കൂടിയെന്നു സുദർശനൻ. വ്യാപാരികളുടെ എണ്ണവും ഏറി. മത്സരമേറിയെങ്കിലും വിപണിയും കൂടുതല്‍  വിശാലമായത് അനുകൂലഘടകം തന്നെ.

lotus-cultivation-3
താമരമൊട്ട് വിളവെടുക്കുന്നു

കൃഷിയിടം

ഉഷ്ണ–മിതശീതോഷ്ണ മേഖലകളിലുള്ള നിശ്ചല ജലാശയങ്ങളാണ് താമരക്കൃഷിക്കു യോജ്യം. 2 മുതൽ 4–5 അടി വരെ താഴ്ചയുള്ള, നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ജലാശയങ്ങളിലാണ് താമര നന്നായി വളർന്ന് നിറയെ പൂക്കൾ നൽകുകയെന്നു സുരേഷ്. കോൾപാടങ്ങളും ആഴം കുറഞ്ഞ കുളങ്ങളു മെല്ലാം കൃഷിക്കു ചേരും. പാടത്ത് നെല്ലിനു പകരം താമര പരീക്ഷിക്കുന്നതിൽ തുടക്കത്തിൽ പലരും വിമർശനമുയർത്തിയെന്ന് സുധാകരൻ. എന്നാൽ പതിറ്റാണ്ടുകളായി നെൽക്കൃഷിയില്ലാതെ കുളവാഴയും മദ്യക്കുപ്പികളും നിറഞ്ഞ് പാഴായിക്കിടന്ന പാടങ്ങളിലാണ് ഇന്ന് താമരച്ചന്തം നിറയുന്നത്. കളിമണ്ണെടുത്ത കളമാണ് ഒരു കൃഷിയിടം. മാത്രമല്ല, നെൽകൃഷി സാധ്യമായ പാടങ്ങൾ പാട്ടത്തിനെടുത്ത് സുധാകരനും സു ഹൃത്തുക്കളും വിപുലമായിത്തന്നെ നെല്‍കൃഷി ചെയ്യുന്നുമുണ്ട്. മനുരത്ന ഇനം കൃഷി ചെയ്ത് വിത്തിനാ യി കേരള കാർഷിക സർവകലാശാലയ്ക്കു കൈമാറുകയും ചെയ്യുന്നു. 

മേടമാസത്തിൽ വിഷു കഴിഞ്ഞ് വെള്ളം വറ്റുന്നതോടെയാണ് താമരക്കൃഷിത്തുടക്കം. ട്രാക്ടർകൊണ്ട് കൃ ഷിയിടം ഉഴുതുമറിക്കും. മുൻ സീസണിൽ താമരക്കൃഷിയുണ്ടായിരുന്ന കൃഷിയിടമെങ്കിൽ കിഴങ്ങ് മണ്ണിനടിയിൽത്തന്നെ കാണും. പുതു കൃഷിയിടമെങ്കിൽ പത്തടി അകലത്തിൽ കിഴങ്ങുകൾ നടും. വളക്കൂറില്ലാത്ത മണ്ണെങ്കിൽ ചാണകം ചേർക്കും. വളം കൂടിപ്പോയാൽ ചെടികളുടെ കായികവളർച്ച കൂടുകയും പൂക്കൾ കുറയുകയും ചെയ്യും എന്ന ദോഷമുണ്ട്.   

lotus-cultivation-4

പുതുമഴയോടെ കിഴങ്ങുകൾ മുളച്ചുയരും. താമരത്തണ്ടിന്റെ ഓരോ മുട്ടിൽനിന്നും ഇലയും അതിനൊപ്പം താമരമൊട്ടും ജലപ്പരപ്പിലെത്തും. നട്ട് 45–ാം ദിവസം വിളവെടുപ്പ് എന്നാണു കണക്ക്. തുടർന്ന് അടുത്ത വേനലെത്തും വരെ ഏറിയും കുറഞ്ഞും വിളവെടുപ്പു തുടരും. ചെറുവഞ്ചിയിൽ തുഴഞ്ഞെത്തിയാണ് മൊട്ടുകൾ ശേഖരിക്കുന്നത്. 

കൃഷിയിടം ഒരുക്കുന്നതുൾപ്പെടെ കൃഷിപ്പണികളിൽ നല്ല പങ്കും മൂവർ സംഘം തനിയെ ചെയ്യും. വിളവെടുക്കാനും കള നീക്കാനും അഴകിയ ഇലകൾ ഉൾപ്പെടെയുള്ള ചണ്ടികൾ വാരാനുമെല്ലാം തൊഴിലാളികൾ ആവശ്യമായി വരും. കൃഷിയിടം വൃത്തിയായി സൂക്ഷിച്ചെങ്കിൽ മാത്രമേ ചെടി ആരോഗ്യത്തോടെ വളർന്ന് കൈനിറയെ പൂക്കളും വരുമാനവും നൽകൂ. പൂജയ്ക്കുള്ള പൂക്കളായതുകൊണ്ടുതന്നെ കൃഷിയിലും പരിപാലനത്തിലും വിളവെടുപ്പിലും പായ്ക്കിങ്ങിലുമെല്ലാം വൃത്തിയും ശുദ്ധിയും ഉറപ്പാക്കാറുണ്ടെന്ന് മൂന്നു പേരും പറയുന്നു. 

വിത്തിട്ടാൽ വിളവെടുപ്പിനല്ലാതെ മുഴുവൻ സമയവും കൃഷിയിടത്തിൽ നില്‍ക്കേണ്ടതില്ല. അതുകൊണ്ടു തന്നെ സുധാകരനിപ്പോൾ സ്വന്തം വർക്‌ഷോപ്പുള്ളതുപോലെ മറ്റു രണ്ടു പേർക്കും ഇതര തൊഴിലുകളുണ്ട്. എങ്കിലും വർഷം 12 ലക്ഷം രൂപയോളം വരുമാനമേകുന്ന താമരയോടുതന്നെ മൂവർക്കും പ്രിയം.

ഫോൺ: 9995665855, 7907611239

English summary: Kerala Farmers Earns Rs 12 lakh Yearly From Lotus Cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com