ADVERTISEMENT

കാട്ടുപന്നിശല്യത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ സംസ്ഥാനത്ത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. താൽക്കാലികമായ തലയൂരലുകൾ അല്ലാതെ ഒരിക്കലും ഒരിടത്തും പ്രശ്നം പരിഹരിച്ചിട്ടുമില്ല. സ്വന്തം മണ്ണിൽ സ്വൈരമായി ജീവിക്കുമോ അതോ കാട്ടുപന്നിയുടെ കുത്തുകൊണ്ട് ചാവുമോ എന്നു പേടിച്ചാണ് ഒട്ടേറെ കർഷക കുടുംബങ്ങൾ കഴിയുന്നത്. 

ശല്യജീവിയായി പ്രഖ്യാപിച്ച് കാട്ടുപന്നിയെ കൊല്ലാൻ വനം വകുപ്പ് മുൻപ് താൽക്കാലിക അനുവാദം കൊടുത്തപ്പോൾ അനുബന്ധമായി ചേർത്തിരുന്ന ഉപാധികൾ സംബന്ധിച്ച് വ്യാപക വിമർശനങ്ങൾ ഉയരുകയുണ്ടായി. പന്നി നിലയുറപ്പിച്ച അക്ഷാംശവും രേഖാംശവും മുതൽ കാലാവസ്ഥ ഇരുണ്ടതോ തെളിഞ്ഞതോ എന്നുവരെ വിലയിരുത്തി വേണം വെടിവയ്ക്കാനെന്നായതോടെ അവയെ കൊല്ലുക അസാധ്യമായി.  നടപ്പാക്കാവുന്ന തരത്തിലൊരു ഉത്തരവുണ്ടായത് കഴിഞ്ഞ വർഷമാണ്; കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകി 2022 മേയ് 31ന് പുതിയ ഉത്തരവ് വന്നു. ഈ അനുമതിയുടെ കാലാവധി  ഈയിടെ ഒരു വർഷത്തേക്കു കൂടി നീട്ടിയിട്ടുണ്ട്.  ഓണററി ലൈഫ് വാർഡൻമാരായി വനം വകുപ്പ് നിശ്ചയിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, കോർപറേഷൻ മേയർമാർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർക്ക് കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാൻ അധികാരം നൽകുന്നതാണ് മേൽപ്പറഞ്ഞ ഉത്തരവ്.

പക്ഷേ, അധികാരം കിട്ടിയിട്ടെന്തു കാര്യം? പന്നി ഒന്നിന് സർക്കാർ പ്രഖ്യാപിച്ച 1000 രൂപ പ്രതിഫലം എന്നെങ്കിലും കിട്ടുമോ എന്ന് ഉറപ്പില്ലാതെ, പന്നി കുത്തിപ്പരുക്കേൽക്കാനുള്ള സാധ്യതകളെ ഭയക്കാതെ, എത്ര ദൂരെയുള്ള കൃഷിയിടത്തിലും (മിക്കവാറും സ്വന്തം കയ്യിൽനിന്ന് പണം ചെലവിട്ട്) യഥാസമയമെത്തി പന്നിയെ വെടിവച്ചു വീഴ്ത്താൻ എത്ര പേർ തയാറാവും? ‘അടിയന്‍ ലച്ചിപ്പോം’ എന്നു പറഞ്ഞാൽ പോരാ, ശാസ്ത്രീയമായ ഷൂട്ടിങ് അറിഞ്ഞിരിക്കണം, ആവശ്യമായ ലൈസൻസ് ഉണ്ടാവണം, കയ്യിലിരിക്കുന്ന ആയുധം  ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനുള്ള പക്വത വേണം, എല്ലാറ്റിലുമുപരി കർഷകരെ സഹായിക്കാനുള്ള മനസ്സും സൗകര്യവുമുണ്ടാവണം. ഈ ഗണത്തിൽപെടുന്ന ഷൂട്ടർമാർ കേരളത്തിൽ നന്നേ കുറവ്. ഈ സാഹചര്യത്തിലാണ് മലപ്പുറം മഞ്ചേരി സ്വദേശി കെ.പി.ഷാനും സംഘവും മലയോര കർഷകർക്ക്  ആശ്വാസമായി മാറുന്നത്.  

ദുരിതജീവിതങ്ങൾ

വിപുലമായ ബിസിനസും തോട്ടങ്ങളുമുള്ള ഷാനിനും ഒപ്പമുള്ള മറ്റു ഷൂട്ടർമാർക്കും വാസ്തവത്തിൽ, കാൽക്കാശിന്റെ മെച്ചമില്ലാത്ത കാട്ടുപന്നിവേട്ടയ്ക്കു പോകേണ്ട കാര്യമില്ല. എങ്കിലും മലയോര മേഖലയിലെ കർഷകരുടെ ജീവിതദുരിതങ്ങൾ കേൾക്കുമ്പോൾ തോക്കെടുത്തു പോകുമെന്ന് ഷാൻ. മക്കളുടെ പഠിത്തം, വിവാഹം, വീടുപണി തുടങ്ങി പല പല ആവശ്യങ്ങൾക്കുള്ള പണം മുന്നിൽക്കണ്ടാണ് ഓരോ കർഷകനും കൃഷിയിറക്കുന്നത്. ഈ പ്രതീക്ഷകളെയാണ് ഓർക്കാപ്പുറത്ത് കാട്ടുപന്നികൾ ചവിട്ടിമെതിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ചങ്കു തകർന്നു വിളിക്കുന്ന ഒട്ടേറെ കർഷകരുണ്ടെന്ന് ഷാൻ. പന്നിവേട്ടയ്ക്കിടെ പല തവണ പരുക്കു പറ്റിയിട്ടും ഷാനും, സംഘത്തിലെ മുതിർന്ന ഷൂട്ടറും റിട്ടയേർഡ് ബിഡിഒയുമായ അലി നെല്ലേങ്കരയുമെല്ലാം വനാതിർത്തികളിലെ കൃഷിയിടങ്ങളിലേക്കു പോകാൻ മനസ്സുവയ്ക്കുന്നത് ഈ കർഷക ദുരിതം നിത്യേന അറിയുന്നതുകൊണ്ടുതന്നെ. 

wild-boar-3
അലി നെല്ലേങ്കര, ഷാൻ

മൂന്നു വിഭാഗങ്ങൾക്കാണ് നിലവിൽ തോക്കു ലൈസൻസ് കിട്ടുക; ജീവനു ഭീഷണിയുള്ളവര്‍ക്ക്, കായിക വിനോദത്തിന്, വിളസംരക്ഷണത്തിന്. ഇതിൽ വനാതിർത്തികളിലുള്ള കൃഷിയിടങ്ങളിലെ വിളസംരക്ഷണത്തിനായി നിലവിൽ സംസ്ഥാനത്ത് തോക്കനുമതി നൽകുന്നില്ലെന്ന് ഷാൻ. പാരമ്പര്യമായി തോക്കു ലൈസൻസുള്ളവരും കായികവിനോദത്തിനായി ലൈസൻസ് എടുത്തവരുമായി പത്തിലേറെപ്പേർ ഉൾക്കൊള്ളുന്നതാണ് ഷാനിന്റെ ഷൂട്ടർ സംഘം. കൂട്ടത്തിൽ ഷാൻ ആകട്ടെ, യുകെ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ ഹണ്ടിങ് വിനോദങ്ങളിൽ പങ്കെടുക്കുന്ന ആളുമാണ്. വിനോദം എന്ന നിലയ്ക്കുള്ള ഷൂട്ടിങ് കമ്പം തന്നെയാണ് കാട്ടുപന്നി വേട്ടയ്ക്കിറങ്ങാൻ തുടക്കത്തിൽ സംഘത്തിനെ പ്രചോദിപ്പിച്ച ഘടകം. എന്നാൽ കർഷകരുടെ ദുരിതം കണ്ടുതുടങ്ങിയതോടെ അതൊരു സാമൂഹിക ദൗത്യമായി മാറി.

wild-boar
ഷാനും സംഘവും

നായ്ക്കളെക്കൂട്ടി നായാട്ട്

പരിശീലനം നേടിയ ബൽജിയൻ മലിന്വയും ലാബ് ക്രോസും തനിനാടനും ഉൾപ്പെടെയുള്ള നായ്ക്കളുമുണ്ട് സംഘത്തിനൊപ്പം. കൃഷിയിടത്തിലും കുറ്റിക്കാടുകളിലുമെല്ലാം ഒളിച്ചിരിക്കുന്ന പന്നിക്കൂട്ടത്തെ മണം പിടിച്ചു കണ്ടെത്താൻ വിദഗ്ധരാണ് ഈ നായ്ക്കൾ. ഇവ ലക്ഷ്യസ്ഥാനത്തെത്തി നിർത്താതെ കുരച്ച് പന്നിക്കൂട്ടത്തെ പുറത്തു ചാടിക്കും. ചിതറിയോടുന്ന പന്നികൾ ഷൂട്ടർമാരുടെ വെടിയുണ്ടയ്ക്ക് ഇരയാകും. 12 ബോർ ഇനത്തിൽപ്പെട്ട തോക്കാണ് കാട്ടുപന്നിയെ കൊല്ലാൻ  ഉപയോഗിക്കുന്നതെന്ന് ഷാൻ. ചിലപ്പോള്‍  റൈഫിളും പ്രയോഗിക്കും. വടക്കൻ കേരളത്തിൽ ഏതാണ്ട് എല്ലാ ജില്ലകളിൽനിന്നും കാട്ടുപന്നിയെ കൊല്ലാൻ വിളി വരാറുണ്ടെന്ന് ഷാൻ. പലപ്പോഴും വാഹനച്ചെലവോ, ഭക്ഷണമോപോലും ലഭിച്ചില്ലെന്നു വരും. കയ്യിൽനിന്ന് പതിനായിരങ്ങൾ ചെലവായ അവസരങ്ങളുമുണ്ട് എങ്കിലും സാധ്യമായ ഇടങ്ങളിലെല്ലാം പോകാൻ ശ്രമിക്കും. 

ഉത്തരവിറങ്ങി ഒരു വർഷത്തിനിടെ സംസ്ഥാനത്ത് ആകെ മൂവായിരത്തോളം കാട്ടുപന്നികളെ വെടിവച്ചു കൊന്നു എന്നാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗിക കണക്കുകളോ അതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളോ ഒന്നും പുറത്തു വന്നിട്ടില്ല. ഇതുതന്നെയാണ് യഥാർഥ പ്രശ്നമെന്നു ഷാൻ. കേരളത്തിലെ കാട്ടുപന്നികളുടെ യഥാർഥ എണ്ണമോ പന്നിശല്യം കൂടുതലുള്ള പ്രദേശങ്ങൾ തിരിച്ചുള്ള കണക്കോ  ആരുടെ പക്കലുമില്ല. ആദ്യം വേണ്ടത് കൃത്യമായ സ്ഥിതിവിവരക്കണക്കുകളെന്ന് ഷാൻ. അതനുസരിച്ചുള്ള നിയന്ത്രിത ഉന്മൂലനമാണ് അഭികാമ്യം. കാട്ടുപന്നിയെ കൊല്ലുന്നവർക്ക് 1000 രൂപ തദ്ദേശവകുപ്പ് മുഖേന നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിന്റെ  ഉത്തരവു വന്നിട്ടില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും കർഷകരെ കരുതി നിരന്തരം തോക്കെടുക്കുന്നു ഷാനും അലിയും ഉൾപ്പെടെയുള്ള ഷൂട്ടർ സംഘം.

wild-boar-2

കാട്ടുപന്നിയെ കാട്ടിലാക്കാം

കഴിഞ്ഞ ഒരു കൊല്ലത്തിനിടയിൽ സംസ്ഥാനത്തെ കൃഷിയിടങ്ങളിൽ ഷാനും സംഘവും വെടിവച്ചിട്ടത് 473 കാട്ടുപന്നികളെ. ഇതിൽ വിശ്രമമില്ലാതെ രാവും പകലും നീണ്ട ദൗത്യങ്ങളുണ്ട്. അടുത്ത കാലത്ത് പാലക്കാട് ഒറ്റപ്പാലത്ത് 20 മണിക്കൂർ നീണ്ട ഓപ്പറേഷനിൽ 91 കാട്ടുപന്നികളെയാണ് വെടിവച്ചിട്ടത്. എന്നിട്ടും ഷാൻ പറയുന്നു: ‘ഇത്തരം ഒറ്റപ്പെട്ട കൊന്നൊടുക്കൽകൊണ്ടു തീരില്ല കാട്ടുപന്നിശല്യം.  ഒറ്റ പ്രസവത്തിൽ പത്തും പതിനഞ്ചും കുഞ്ഞുങ്ങളുമായി വർഷം രണ്ടു തവണയെങ്കിലും പെറ്റു പെരുകുന്ന കാട്ടുപന്നിക്കൂട്ടത്തിൽനിന്ന് മുന്നൂറോ നാനൂറോ എണ്ണത്തിനെ കൊന്നിട്ട് എന്തു കാര്യം?’ 

കേരളത്തില്‍ ഇന്നുള്ളത്  വാസ്തവത്തിൽ കാട്ടുപന്നികൾ അല്ല, നാട്ടുപന്നികളെന്ന് ഷാൻ. ഇവ ഉൾക്കാടു വിട്ട് വനാതിർത്തികളിലും കൃഷിയിടങ്ങളിലും കൂട്ടമായി തമ്പടിച്ചിരിക്കുകയാണ്. സമീപ വർഷങ്ങളിൽ കാട്ടുപന്നി, കാട്ടാന, കുരങ്ങ്, മുയൽ, മുള്ളൻപന്നി എന്നിവയുടെയെല്ലാം എണ്ണം പെരുകിയിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള  നിയന്ത്രിത കൊന്നൊടുക്കൽ തന്നെ പരിഹാരമെന്നു ഷാൻ. അതിനു പക്ഷേ, ഒറ്റപ്പെട്ട വേട്ടകൾ പോരാ. പരിശീലനം സിദ്ധിച്ച ഷൂട്ടർമാർ ഉൾപ്പെടുന്ന സ്ഥിരം ടാസ്ക് ഫോഴ്സും ആക്‌ഷനും വേണം. ഇതിനായി കേരളത്തിലുള്ള ഷൂട്ടർമാരെയെല്ലാം കണ്ടെത്തി സംഘടിപ്പിക്കണം. മറ്റു പല സംസ്ഥാനങ്ങളിലും നടക്കുന്നതുപോലെ വർഷത്തിൽ നിശ്ചിത മാസങ്ങളിൽ വേട്ട നടക്കണം. ഈ രീതി കൃത്യമായി പിന്തുടർന്നാൽ 5 വർഷംകൊണ്ട് കാട്ടുപന്നിശല്യം ഏതാണ്ട് പൂർണമായും പരിഹരിക്കാനാകുമെന്ന് ഷാൻ പറയുന്നു. കാട്ടാനശല്യത്തിന്റെ കാര്യത്തിൽ, പ്രശ്നക്കാരായ ആനകളെ പിടിച്ച് മെരുക്കി ലേലം ചെയ്ത് നാട്ടാനകളാക്കിക്കൂടെ എന്നും ഷാൻ ചോദിക്കുന്നു. കേരളത്തിൽ ആനയെ വാങ്ങാൻ താൽപര്യമുള്ളവര്‍ ഒട്ടേറെയുണ്ട്.

പല വിദേശ രാജ്യങ്ങളിലും അവലംബിക്കുന്ന കാട്ടിറച്ചി വിൽപനയോട് ഷാനിനു യോജിപ്പില്ല. മറ്റു രാജ്യ ങ്ങളിലെ സ്ഥിതിയല്ല ഇന്ത്യയിൽ. വർഷത്തിൽ നിശ്ചിത മാസങ്ങളിൽ നിയന്ത്രിത വേട്ടയും കാട്ടിറച്ചി വിൽപനയും നിയമപരമായി നടക്കുന്ന രാജ്യങ്ങളിലെല്ലാംതന്നെ ജനസംഖ്യ വളരെക്കുറവാണ്. എന്നാൽ നമ്മുടെ നാട്ടില്‍ അത് അനധികൃത വേട്ടയ്ക്കു വഴിവയ്ക്കും. അതേസമയം വേട്ടയാടിപ്പിടിക്കുന്ന കാട്ടുപന്നികളെ ഇറച്ചിയാക്കി മൃഗശാലയിലേക്കു ഭക്ഷണമായി നൽകുന്നത് ആലോചിക്കാവുന്നതല്ലേ എന്നും ഷാൻ ചോദിക്കുന്നു. 

ഫോൺ: 9747601603

English summary: Wild Boar Hunting Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com