വാളൻപുളിയും മാവിൻചുനയുടെ മണം വിതറുന്ന കണ്ണിമാങ്ങയും ചക്കയും: കുംഭമാസത്തിലെ വിശേഷവിഭവങ്ങളേക്കുറിച്ച് അറിയാം
Mail This Article
കുംഭത്തിന് കാപ്പിപ്പൂവിന്റെ സുഖദസുഗന്ധമാണ്. വൃശ്ചികം, ധനുമാസങ്ങൾ പാലപ്പൂവിന്റെ മാദകഗന്ധം പരത്തുമ്പോൾ പവിഴവർണമുള്ള കാപ്പിക്കുരുവിന്റെ വിളവെടുപ്പുകാലം. പൊരിവെയിലിൽ ഒരാഴ്ച തിരിച്ചും മറിച്ചുമിട്ടുണക്കി ചാക്കിൽ നിറയ്ക്കുന്ന കാപ്പിക്കുരു പിന്നെ ഒരു വർഷം പത്തായത്തിൽ നെടുനിദ്രയിലാകും. പഴകിയ കുരുവിനു രുചിയേറും. പുതിയ കുരു പൊടിച്ചാൽ പച്ച ചുവയ്ക്കുമത്രേ. പണ്ട് തടിയുരലുകളിലിട്ടാണ് കാപ്പിക്കുരുവിന്റെ തോൽ കളയുക. ഇതിനെ ‘അവയ്ക്കുക’ എന്നാണു പറയുക. ഈ തൊലി വെറുതെ കളയില്ല. ഇതോടൊപ്പം തകരക്കുരു, മല്ലി ഇവ ചേർത്ത് ചട്ടിയിൽ വറുത്തു പൊടിച്ച് തൊലിക്കാപ്പിയുണ്ടാക്കും. ഇതു തീർന്നശേഷമേ അരിക്കാപ്പി പൊടിക്കുകയുള്ളൂ.
അൽപം നെയ്യും പഞ്ചസാരയും ചേർത്തു വറുത്തെടുക്കുന്ന കാപ്പിയരി കല്ലുരലിൽ പൊടിച്ച് അരിച്ചെടുത്ത് ഭദ്രമായി അടച്ചു സൂക്ഷിക്കും. ഉരലിൽ ശേഷിക്കുന്ന തരിക്കാപ്പിയാകും തൊലിക്കാപ്പിക്കു പിന്നാലെ പാനീയമാക്കുന്നത്. ഫൈൻ പൗഡർ പിന്നീട്. ഇതിൽ പാലൊഴിച്ചും അല്ലാതെയും ഉപയോഗിച്ചിരുന്നു.
Read also: നാടൻ വിഭവങ്ങൾക്കു വിപണി കണ്ടെത്തി വീട്ടമ്മ: മാസം 50,000 രൂപ വരുമാനം
നേരത്തേ പൊട്ടിയാൽ നേരത്തേ പൊട്ടിക്കാം എന്നൊരു ചൊല്ലുണ്ട്. രണ്ടു പൊട്ടലിനും രണ്ട് അർഥമാണ്. ആദ്യത്തെ പൊട്ടൽ കായ് പിടിക്കുന്നതും രണ്ടാം പൊട്ടൽ കായ് പറിക്കുന്നതുമാണ്. നാട്ടിൻപുറങ്ങളിൽ സമൃദ്ധമായി വിളയുന്ന പുളിങ്ങ അല്ലെങ്കിൽ വാളൻപുളിയാണ് ഇവിടെ ‘പൊട്ടൽ.’ രസപ്പുളിയെന്നും സാമ്പാർ പുളിയെന്നും പേരുള്ള വാളൻപുളി നേരത്തേ പൂവണിഞ്ഞാൽ മകരം കുംഭമാസങ്ങളിൽ വിളവെടുക്കാം. പച്ചപ്പുളിയിൽനിന്നു പഴുപ്പൻ പുളിയിലേക്കു നീങ്ങുന്ന പുളിങ്ങയാണു ചെനപഴം. ഇതിന്റെ രുചി പറയാവതല്ല.
കൊഴിഞ്ഞും പാതി, ഉലുത്തീം പാതി എന്നാണ് പുളിയെപ്പറ്റി പറയുക. പൊരിവെയിലിൽ ഉണങ്ങിക്കൊഴിയുന്ന പുളി പനമ്പായകളിൽ ആദ്യം ശേഖരിക്കും. പിന്നാലെ മരമുകളിൽ കയറി ശിഖരങ്ങൾ കുലുക്കി ബാക്കിയും വീഴ്ത്തും. പുളിമരക്കൊമ്പുകൾ അങ്ങനെയിങ്ങനെയൊന്നും ഒടിയാത്തതിനാൽ പണിക്കാർക്ക് എന്ത് അഭ്യാസവും കാട്ടി പുളി പറിക്കാം. പിടിച്ചാൽ പുളിക്കൊമ്പു പിടിക്കണമെന്നാണല്ലോ. പറിച്ചെടുത്ത പുളി മൂന്നാംനാൾ വെയിലത്തിടും. പിന്നെ തോടുപൊട്ടിച്ച് കുരുനീക്കി എണ്ണയും ഉപ്പും ചേർത്തുരുട്ടി ഭരണികളിലാക്കും. ഒരു വർഷത്തേക്കുള്ള സാമ്പാർ, ചമ്മന്തി, രസം എന്നിവയ്ക്കുള്ള ‘വഹ’ റെഡി.
Read also: നാടൻ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് രുചിയേറും സ്ക്വാഷ് നിർമിക്കാം, വീട്ടിൽത്തന്നെ
തിളങ്ങുന്ന തവിട്ടുനിറത്തിൽ, ചതുരവടിവാർന്ന പുളിങ്കുരു നാട്ടുഭക്ഷണത്തിന്റെ ഭാഗമായിരുന്നു. നിലമുഴുന്ന കാളകൾക്ക് കരുത്തിന് പുളിമ്പൊടി അത്യാവശ്യമാണ്. എന്നാൽ, ഇതിലൊരു ഭാഗം വീട്ടുകാരും അകത്താക്കും. പരന്ന മൺചട്ടിയിൽ പുളിങ്കുരു വറുത്തെടുത്ത് ഉരലിലിട്ടു പൊടിച്ച് പുറത്തെ തോടു നീക്കി അൽപം ഉപ്പു തളിച്ചശേഷം തേങ്ങാപ്പൂളും കൂട്ടിയാണ് ഈ കട്ടിഭക്ഷണം നാലുമണിക്കാപ്പിക്കൊപ്പം വിളമ്പുന്നത്.
ചക്കയ്ക്കു വിഐപി പരിവേഷമാണ് കുംഭത്തിൽ. ഗ്രാമങ്ങളിൽ വിളഞ്ഞ ചക്കകൾ അങ്ങുമിങ്ങുമായി ഒന്നോ രണ്ടോ മാത്രം. പ്ലാവുടമ അത് അയൽക്കാർക്കുകൂടി പകുത്തു നൽകുന്നു. അതിനാൽ തോരനിലും അവിയലിലും മെഴുക്കുപുരട്ടിയിലുമൊക്കെ ചക്കച്ചുളയും ചക്കക്കുരുവും കാണും. പുഴുക്കുണ്ടാക്കിയും പഴുപ്പിച്ചും വറുത്തും ലാവിഷ് ആകാൻ ഇനിയും വാരങ്ങൾ കഴിയണം. അതുവരെ ഉള്ളതുകൊണ്ടോണം ഘോഷിക്കാം.
കണ്ണിമാങ്ങാപ്രിയർക്ക് ഇനി കല്ലൻ ഭരണികൾ കഴുകിത്തുടയ്ക്കാം. മാവിൻച്ചുനയുടെ മണം ഗ്രാമങ്ങളിൽ പടർന്നു തുടങ്ങുകയായി. എള്ളെണ്ണ തേച്ച് ഉള്ളു തുടച്ച ഭരണികളിൽ പരലുപ്പ് ബേസ് ഇട്ട് അവയിലേക്കു നിലം തൊടാതെ പറിച്ചെടുത്ത കണ്ണിമാങ്ങ കുലകളിൽ നിന്നടർത്തി കറയോടെ നിരത്തുന്നു. ഓരോ അടുക്കിൻമേലും ഉപ്പു വിതറും. ഇപ്രകാരം നിറച്ച ഭരണികളുടെ വായ എള്ളെണ്ണയിൽ മുക്കിയ തുണികൊണ്ടു കെട്ടി അടപ്പിട്ട് പത്തായത്തിലേക്കു നീക്കും. നിലം തൊട്ട മാങ്ങകൾ കഴുകിത്തുടച്ചാണ് ഭരണികളിൽ നിറയ്ക്കുക. പഴുത്ത കാന്താരി മുളകും കൂട്ടിനുണ്ടാവും. വിഷുക്കാലമെത്തുമ്പോഴേ ഭരണികൾ പുറത്തെടുക്കൂ. അവയിൽനിന്ന് ആവശ്യത്തിനുള്ളതെടുത്ത് ചെറുപാത്രങ്ങളിൽ നിറയ്ക്കുന്നു.
ചേമ്പും ചേനയും കാച്ചിലും കിഴങ്ങുമൊക്കെ മണ്ണിലാഴ്ത്തുന്ന കാലമാണ് കുംഭം. കളപ്പുരയിൽനിന്നു ചെറുകഷണങ്ങളായി മുറിച്ച് തടങ്ങളിലേക്കു മാറ്റുമ്പോൾ അടുക്കളകളിൽ വിഭവസമൃദ്ധി. ആകൃതിയൊപ്പിച്ച് കിഴങ്ങുവിളകൾ മുറിക്കുമ്പോൾ വെട്ടുപൂളുകൾ ഇഷ്ടംപോലെ. ഇവ കൊണ്ട് അസ്ത്രം മുതൽ ഉപ്പേരി വരെ ഉണ്ടാക്കാൻ വീട്ടമ്മമാർക്ക് ഉത്സാഹം തന്നെ. തന്മൂലം ഗ്രാമീണർ കഞ്ഞിക്കു പ്രാധാന്യം കൊടുക്കുന്നു. കാച്ചിൽ, പുഴുക്ക്, ചേനത്തോരൻ, ചേമ്പ് അവിയൽ തുടങ്ങി തീയലും കൂട്ടുകറിയും വരെ കുംഭമൊരുക്കുന്നു. കുപ്പയിലും പൊന്നു വിളയിക്കുന്ന കുംഭമഴ വിളകൾക്കും വീടുകൾക്കും കുളിരുപകരാനെത്തും. കുംഭമൊരു വമ്പൻ തന്നെ.