ADVERTISEMENT

വേണ്ടത്ര സ്ഥലസൗകര്യമുണ്ടെങ്കിൽ മൂന്നിലൊരു ഭാഗം പഴവർഗങ്ങൾക്കും, മുരിങ്ങ, കറിവേപ്പ് മുതലായ ദീർഘകാല പച്ചക്കറികൾക്കുമായി നീക്കിവയ്ക്കാം. സ്ഥലലഭ്യതയനുസരിച്ച് ചാമ്പ, പേര,  വാഴ,  പപ്പായ, പൈനാപ്പിൾ, കാരംബോള, നെല്ലി, ചൈനീസ് ഓറഞ്ച്, നാരകം, വെസ്റ്റ് ഇന്ത്യൻ ചെറി, മൾബറി, ആത്തച്ച‌ ക്ക ഇനങ്ങൾ,  ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ പഴവര്‍ഗങ്ങള്‍ നടാം.  ചെറുമരങ്ങൾക്ക് ഇടവിളയായി ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, മാങ്ങായിഞ്ചി, കപ്പ,  കാച്ചിൽ, മധുരക്കിഴങ്ങ് എന്നിവയും കൃഷി ചെയ്താൽ പര മാവധി സ്ഥലവിനിയോഗമാകും.

ബാക്കി സ്ഥലം ചെറിയ പ്ലോട്ടുകളായി തിരിച്ച് മറ്റു പച്ചക്കറികൾ നടാം. പച്ചക്കറികൾ സീസണനുസരിച്ചു കൃഷി ചെയ്യാൻ ശ്രദ്ധിക്കണം. അമര, ചതുരപ്പയർ മുതലായവ ഇപ്പോൾ നട്ടാൽ ഡിസംബർ–ജനുവരി മാസങ്ങളിൽ പൂവിടും. കിഴങ്ങുവർഗങ്ങളും, ഇഞ്ചി, മഞ്ഞൾ എന്നിവയും വർഷകാലാരംഭത്തിലാണ് നടേണ്ടത്. ഒക്ടോബർ–നവംബർ മാസങ്ങൾ തക്കാളി, കാബേജ്, കോളിഫ്ലവർ, സാലഡ് വെള്ളരി, വള്ളിപ്പയർ, പടവലം, തണ്ണിമത്തൻ, വെള്ളരി എന്നിവയുടെ കൃഷിക്ക് യോജ്യമാണ്. ജനുവരി–ഫെബ്രുവരി മാസത്തിൽ വേ‌നൽവിളകളായ ചുവന്ന ചീര, പയർ, കണിവെള്ളരി, മത്തൻ, കുമ്പളം എന്നിവയാണ് നടേണ്ടത്.‌ ഏപ്രിൽ–മേയ് മാസങ്ങളിൽ വെണ്ട, പയർ, മുളക്, വഴുതന, മത്തൻ, കുമ്പളം, പച്ചച്ചീര, പാവൽ എന്നിവ നട്ടാൽ ഓഗസ്റ്റ്–സെപ്റ്റംബർ കാലങ്ങളിൽ വിളവെടുക്കാം. 

പയറും ചീരയും വർഷം മുഴുവൻ കൃഷി ചെയ്യാമെങ്കിലും മഴക്കാലത്ത് മഴമറയ്ക്കുള്ളിൽ കൃഷി ചെയ്യുന്നതാണ് ഉചിതം. അമര, ചതുരപ്പയർ തുടങ്ങിയവ മഴക്കാലത്താണ് നടേണ്ടതെങ്കിലും കുറ്റി അമര വർഷം മുഴുവൻ നടാം. വഴുതന, മുളക്, വെണ്ട എന്നിവ മേയ്–ജൂൺ  മാസങ്ങളിൽ നടുന്നതാണ് നല്ലത്.  ഒരു സ്ഥലത്ത് ഒരേ വിളകൾ തുടർച്ചയായി നടുന്നത് ഒഴിവാക്കണം.

മധുരച്ചീര, കോവൽ, ബസല്ല ചീര, പാഷൻഫ്രൂട്ട്, വള്ളി അമര, ആകാശവെള്ളരി, കോവൽ, പീച്ചിൽ എന്നിവകൊണ്ട് ജൈവവേലിയുണ്ടാക്കിയാൽ പരമാവധി സ്ഥലവിനിയോഗം ഉറപ്പാക്കാം, ഒപ്പം തോട്ടത്തിനു സംരക്ഷണവും. ബസല്ല (വള്ളിച്ചീര) കവാടത്തിൽ ആർച്ച് രൂപത്തിൽ  നടാം.  അതിരുകളിൽ മുരിങ്ങ, കറിവേപ്പ്, അഗത്തിച്ചീര, സൗഹൃദച്ചീര എന്നിവ നടാം.

ബൊഗൈന്‍വില്ല, കരിനൊച്ചി, കറ്റാർവാഴ, എരുക്ക്, ആടലോടകം, പനിക്കൂർക്ക, ആത്ത, കിരിയാത്ത്, പപ്പായ എന്നിവയിലേതെങ്കിലുമൊക്കെ അടുക്കളത്തോട്ടത്തിലുണ്ടെങ്കിൽ സ്വന്തമായി ജൈവ കീടനാശിനി ഉണ്ടാക്കാം. ഐസ്ക്രീം ഫ്ലവര്‍, തിരുഹൃദയപ്പൂവ്, ജട്രോഫ തുടങ്ങിയവ തേനീച്ചയെ ആകർഷിച്ച് വിളവ് വർധിപ്പിക്കും. ഒന്നോ രണ്ടോ തേനീച്ചപ്പെട്ടികള്‍ സ്ഥാപിച്ചാൽ പച്ചക്കറികൾക്കൊപ്പം തേനും ലഭിക്കും.

കിളികളെ ആകർഷിക്കുന്ന കിളിഞാവൽ, മൾബറി, പഞ്ചാരപ്പഴം  എന്നിവയുടെ സാന്നിധ്യം കീടശല്യം കുറയും. തുളസി, ജമന്തി, ബന്തി, പെപ്പർമിന്റ്, ആവണക്ക്, വാടാമുല്ല, ചോളം, രാമച്ചം തുടങ്ങിയവ കീട ങ്ങളുടെ ആക്രമണം കുറയ്ക്കാൻ സഹായിക്കുന്ന ചെടികളാണ്. 

വെള്ളക്കെട്ടുള്ള പ്രദേശത്ത്  തഴുതാമയും പുളിയാറിലയും പുതിനയും ചങ്ങലംപര ണ്ടയും പോലുള്ള ഔഷധച്ചെടികളും നടാം.  മണിത്തക്കാളി, അടതാപ്പ്, വിവിധ ചീരവർഗങ്ങൾ എന്നിവയും നിങ്ങളുെട അടുക്കളത്തോട്ടത്തെ വ്യത്യസ്തമാക്കും. 

വിത്തുപാകൽ / തൈ നടീൽ

ചീര, വഴുതന, മുളക്, തക്കാളി, കാബേജ്, ക്വാളിഫ്ലവർ എന്നിവ പാകി പറിച്ചുനടേണ്ടതാണ്. വിത്ത് പാകാൻ ചട്ടികളോ പഴയ പ്ലാസ്റ്റിക് ബേസിനുകളോ പ്രോട്രേകളോ ഉപയോഗിക്കാം. മണൽ, വെർമി കമ്പോസ്റ്റ്, മണ്ണ്, ചാണകപ്പൊടി എന്നിവ തുല്യ അളവിൽ ചേർത്ത്  ഇതിനായുള്ള മിശ്രിതമുണ്ടാക്കാം.  ഉറുമ്പെടുക്കാതിരിക്കാൻ പരന്ന പാത്രത്തിൽ വെള്ളം നിറച്ച് ചട്ടി ഇറക്കിവച്ചാൽ മതി. നിലത്തു ചെറിയ തടങ്ങളെടുത്ത് വരിയായി വിത്ത് പാകി മുളപ്പിക്കുന്ന രീതിയുമുണ്ട്.  റവ, മണൽ എന്നിവയുമായി വിത്തു ചേർത്തു തടത്തിൽ വിതച്ചാലും മതി.

ഗുണമേന്മയുള്ള വിത്തോ തൈകളോ മാത്രമേ  ഉപയോഗിക്കാവൂ. സർക്കാർ ഫാമുകൾ, കേരള കാർഷിക സർവകലാശാല, കൃഷിഭവൻ, വിഎഫ്പിസികെ എന്നിവിടങ്ങളിൽനിന്നു വാങ്ങാം.  അംഗീകാരമുള്ള സ്വകാര്യസ്ഥാപനങ്ങളെയും ആശ്രയിക്കാം. വിത്ത് പായ്ക്കറ്റുകൾ വാങ്ങുമ്പോൾ സൂക്ഷിപ്പുകാലാവധി നോക്കി വാങ്ങണം.  

പരിപാലനമുറകൾ

ജൈവവളങ്ങൾ മാത്രം നല്‍കി വീട്ടാവശ്യത്തിനുള്ള പച്ചക്കറിക്കൃഷി ചെയ്യാനാവും. ചാണകം, കോഴിവളം, ആട്ടിൻകാഷ്ഠം, മണ്ണിരക്കമ്പോസ്റ്റ്, പലതരം പിണ്ണാക്കുകൾ, കളവളം, മീന്‍ വളം, ജൈവവളക്കൂട്ടുകളായ ജീവാമൃതം, പഞ്ചഗവ്യം എന്നിവ ഉപയോഗിക്കാം. മത്തിക്കഷായം ഓരോ ആഴ്ചയും 5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ നേർപ്പിച്ചു നൽകാം. കളകളും ജൈവകീടനാശിനി സസ്യങ്ങളും അരിഞ്ഞ് വെള്ളത്തിലിട്ട് ചാണകവും കഞ്ഞിവെള്ളവും ശർക്കരയും പുളിയും ഉപ്പുമെല്ലാം ചേർത്ത് രണ്ടാഴ്ചയ്ക്കു ശേഷം ചെടികൾക്കു തളിച്ചാൽ വളർച്ചവേഗവും  കീടപ്രതിരോധശേഷിയും കൂടും.  

English summary: How to Choose What Crops to Grow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com