വീട്ടില്‍ അയ്യപ്പന വളര്‍ത്തിയാല്‍ ഗുണങ്ങളേറെ, ഒട്ടേറെ അവസ്ഥകള്‍ക്ക് പ്രതിവിധി
Mail This Article
അധികം പരിചരണമോ ശ്രദ്ധയോ ആവശ്യമില്ലാതെ വീട്ടില്‍ വളര്‍ത്താന്‍ കഴിയുന്ന ഔഷധസസ്യമാണ് അയ്യപ്പന (Botanical name-Eupatorium triplinerve). നാഗവെറ്റില, ശിവമൂലി എന്നീ പേരുകളിലാണ് നമ്മുടെ നാട്ടില്‍ ഇത് അറിയപ്പെടുന്നത്. രണ്ടു തരത്തില്‍ ഈ സസ്യം കാണപ്പെടുന്നുണ്ട്, ചുവന്ന പൂക്കളോട് കൂടിയതും, പിങ്ക് പൂക്കള്‍ ഉള്ളതും. ചുവന്ന പൂവുള്ള ചെടിയുടെ ഇലയാണ് ഔഷധയോഗ്യം.
ചെറിയ രീതിയില്‍ എരിവും കയ്പ്പും ചേര്‍ന്നതാണ് ഇലയുടെ രുചി. പുറമേയുള്ള മുറിവുകള്‍ (external bleedings), കാലപ്പഴക്കമുള്ള മുറിവുകള്‍, പ്രമേഹ രോഗികളുടെ ഉണങ്ങാന്‍ താമസിക്കുന്ന മുറിവുകള്‍, ആയുധം കൊണ്ടുള്ള മുറിവുകള്‍ എന്നിവയ്ക്ക് 3 ഇലകള്‍ കൈ വെള്ളയില്‍ ഞെരടി നീര് ഇറ്റിക്കുകയും അതിനോടൊപ്പം തന്നെ 3 ഇലകള്‍ ചതച്ചു തുണിയില്‍വെച്ച് മുറിവില്‍ കെട്ടുകയും ചെയ്താല്‍ പെട്ടെന്ന് തന്നെ മുറിവ് കൂടിച്ചേരുകയും അണുവിമുക്തമാവുകയും ചെയ്യും.
ശരീരത്തിനുള്ളിലുള്ള മുറിവുകള്‍ (internal bleedings ) പ്രധാനമായും രക്തര്‍ശസ്സ് (bleeding piles) പ്രാരംഭാവസ്ഥയിലാണെങ്കില്‍ 7 ഇലകള്‍ 7 ദിവസം കഴിക്കുക. ശമനം ഇല്ലാത്ത അവസ്ഥയില്‍ 7 ഇലകള്‍, 3 ചുവന്നുള്ളി, ചെറിയ കഷണം പച്ചമഞ്ഞള്‍ എന്നിവ ചേര്‍ത്തരച്ചു വെറും വയറ്റില്‍ 21 ദിവസം സേവിക്കുക. പെട്ടന്ന് തന്നെ ശമനം കിട്ടിയാലും 21 ദിവസം തന്നെ ചെയ്യുക. പുറത്തേക്കു തള്ളി നില്‍ക്കുന്നുണ്ടെങ്കില്‍ 3 ഇല ചതച്ചു ചെറിയ കിഴി കെട്ടി അകത്തേക്ക് തള്ളിവയ്ക്കുക. ദിവസത്തില്‍ രണ്ടു നേരം പെരുവെലം, പെരിങ്ങലം അഥവാ ഒരുവേരന്‍ എന്നു അറിയപ്പെടുന്ന സസ്യം സമൂലം തിളപ്പിച്ച് ചൂടാറിയ വെള്ളത്തില്‍ ഉപ്പിട്ട് ഇരിക്കുന്നത് വളരെ അധികം ആശ്വാസം നല്കുന്നതാണ്.
ഭക്ഷണക്രമത്തില്‍ ധാരാളം നാരടങ്ങിയതും ഇലക്കറികളും ഉള്‍പ്പെടുത്തുക ധാരാളം വെള്ളം കുടിക്കുക. വറുത്തതും, ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഈ ദിവസങ്ങളില്‍ ഒഴിവാക്കുക. ദഹനക്കുറവിനും (indigestion ) വയറ്റില്‍നിന്നും പോകുന്നതിനുള്ള ബുദ്ധിമുട്ടിനും (constipation ) രണ്ട് ഇലകള്‍ വീതം 41 ദിവസം ചവച്ചരച്ച് കഴിക്കുക. ഇതിനാല്‍ തന്നെ ദഹനം ശരിയായി നടക്കുകയും അര്‍ശ്ശസിനെ അകറ്റി നിര്‍ത്താവുന്നതുമാണ്.
വായ്പുണ്ണിന് രണ്ട് ഇലകള്‍ ചവച്ചരച്ച് ഏഴു ദിവസം കഴിക്കുക. ദഹനം ശരിയായി നടക്കുകയും ചെറുകുടലിന് അകത്തുള്ള ബാക്ടീരിയകള്‍ (lactobacillus ) ധാരാളം ഉണ്ടായിരിക്കുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ വായ്പുണ്ണ് അകറ്റി നിര്‍ത്താവുന്നതാണ്. തൈരിലാണ് ഈ ബാക്റ്റീരിയകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നത്.
ചിലന്തി, തേള്‍, കടന്നല്‍, തേനീച്ച, പഴുതാര, കൊതുക് എന്നിവ കടിക്കുകയോ ദേഹത്ത് അരിക്കുകയോ ചെയ്താല്‍ ഉണ്ടാവുന്ന ചൊറിച്ചിലുകള്‍ക്ക് അയ്യപ്പനയുടെ ഇലയുടെ നീര് ഇറ്റിക്കുകയും ആവശ്യമെങ്കില്‍ രണ്ട് ഇല ചവച്ചരച്ച് സേവിക്കുകയും ചെയ്താല്‍ ആശ്വാസം ലഭിക്കും. ദന്തപ്പാലയുടെ വെളിച്ചെണ്ണ ഉണ്ടെങ്കില്‍ ചൊറിയുന്ന ഭാഗത്ത് പുരട്ടിയാലും മതി.
ഹൃദയാഘാതം മൂലം ബോധം പോകുന്ന അവസ്ഥയില്‍ പ്രാഥമിക ശുശ്രൂഷ എന്ന നിലയ്ക്ക് പെട്ടെന്ന് ലഭിക്കാന്‍ ഉണ്ടെങ്കില്‍ അയ്യപ്പനയുടെ രണ്ട് ഇല ഞെരടി മണപ്പിക്കുമ്പോള്‍ അബോധാവസ്ഥയില്‍നിന്നും ഉണരുമെന്ന് പറയപ്പെടുന്നു. എന്നിട്ടും ബോധം വീണ്ടെടുത്തിട്ടില്ലെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ CPR(Cardiac Pulmanary Resuscitation)ചെയ്യേണ്ടതാകുന്നു. നമ്മള്‍ ഓരോരുത്തരും നിര്‍ബന്ധമായും (CPR) കൊടുക്കേണ്ട വിധം അറിഞ്ഞിരിക്കണം. ആശുപത്രിയില്‍ എത്തുന്നതിനുള്ളില്‍ തന്നെ ബോധം തിരിച്ചെടുക്കാന്‍ ശ്രമിക്കുകയും വേണം. അല്ലാത്തപക്ഷം comma എന്ന അവസ്ഥയിലേക്ക് പോകാനുമുള്ള സാധ്യതകളും ഉണ്ട്.
അയ്യപ്പന എന്ന ഔഷധസസ്യത്തെ കൊണ്ടുള്ള പ്രധാനമായ ഉപയോഗങ്ങള്‍ മേല്‍പ്പറഞ്ഞവയാണ്. ഉള്ളിലേക്ക് സേവിക്കുമ്പോള്‍ 41 ദിവസത്തില്‍ കൂടുതലായി ഉള്ളിലേക്ക് സേവിക്കുന്നുണ്ടെങ്കില്‍ അടുത്തുള്ള ഏതെങ്കിലും സിദ്ധ അഥവാ ആയുര്‍വേദ ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരം മാത്രം ആയിരിക്കണം.
English summary: More info about medicinal plant ayyappana,