ADVERTISEMENT

ചേനയും ചേമ്പും കിഴങ്ങും കാച്ചിലുമൊക്കെ ഇടവിളയായും തനിവിളയായും കൃഷിയിറക്കാന്‍ കാലമായി. ധാന്യവിളക്കൃഷിക്കു വലിയ തോതിൽ വെള്ളം വേണം. നടുതലക്കൃഷിക്കു വളരെ കുറച്ചു വെള്ളം മതി. അതിനാല്‍ ഏഷ്യൻ രാജ്യങ്ങളിലെ ജനങ്ങളോടു ധാന്യഭക്ഷണ ശീലങ്ങളിൽനിന്നു കിഴങ്ങുവിള ഭക്ഷണ ശീലത്തിലേക്കു മാറാന്‍ ഐക്യരാഷ്ട്ര സംഘടന ആഹ്വാനം ചെയ്യുന്നു.  

planting-time-3

ചേന

ചേനക്കാലം രണ്ടുണ്ട്. മകരത്തിൽ നട്ടു കർക്കടകത്തിൽ വിളവെടുക്കുന്നതും കുംഭത്തിൽ നട്ടു തുലാമാസത്തിൽ വിളവെടുക്കുന്നതും. ‘കുംഭച്ചേന കുടംപോലെ’ എന്നൊരു ചൊല്ലു പോലുമുണ്ട്. ‘ചേനത്തണ്ടും ചെറുപയറും’ സ്വാദിഷ്ഠമായ  കൂട്ടുകറിയായിരുന്നു നമുക്ക്. ചേനവിത്തു മുളയ്ക്കുമ്പോൾ പ്രധാന മുകുളത്തിനൊപ്പം വരുന്ന ഇളം മറുതണ്ടു മുറിച്ചെടുത്താണു ചേനത്തണ്ടുകറിയുണ്ടാക്കുന്നത്.  

ചേനത്തടത്തിനു വലിയ ആഴം പാടില്ല. രണ്ടരയടി ചുറ്റളവിൽ മുക്കാൽ അടി ആഴത്തിലാണു തടം എടുക്കേണ്ടത്. തടമെടുത്തു 100–200 ഗ്രാം ഡോളോമൈറ്റ്/ കുമ്മായമിട്ടു മണ്ണുമായി കൂട്ടിച്ചേർത്ത് ഒരാഴ്ച നനച്ച ശേഷം കംപോസ്റ്റ്/ ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും ചേർത്തിളക്കി ചേനവിത്തു നടാം.

ട്രൈക്കോഡെർമ/ കംപോസ്റ്റ് ഇടുന്നതു ചേനയ്ക്കു വരാവുന്ന കരിക്കൻ, അഴുകൽ, വാട്ടരോഗങ്ങളെ നിയന്ത്രിക്കുന്നതിനു സഹായകരം. 90 കിലോ ഉണങ്ങിപ്പൊടിച്ച ചാണകവും, 10 കിലോ വേപ്പിൻ‌പിണ്ണാക്കും നന്നായി നനച്ചിളക്കിയതിലേക്ക് ഒരു കിലോ ട്രൈക്കോഡെർമ കൾച്ചർ വിതറി നന കൊടുത്തു തണലിൽ രണ്ടാഴ്ച മുതൽ ഒരു മാസം വരെ സൂക്ഷിച്ചാൽ ട്രൈക്കോഡെർമ കംപോസ്റ്റ് തയാര്‍. 

അര കിലോ മുതൽ ഒരു കിലോ വരെ തൂക്കമുള്ള ചേനവിത്തുകൾ നടാൻ ഉപയോഗിച്ചാൽ വലിയ ചേന വിളവെടുക്കാം. ഇക്കാലത്ത് ആനച്ചേനയ്ക്കു വലിയ പ്രിയമില്ല. ഒന്നുരണ്ടു കിലോ തൂക്കമുള്ള ചെറുചേനയാണു വിപണിക്കു പ്രിയം. അതിന് 100–150 ഗ്രാം തൂക്കമുള്ള ചേനപ്പൂളുകൾ (കഷണങ്ങൾ) നട്ടാൽ മതി. ഇത്തരം നടീലിനു ‘മിനിസെറ്റ്’ എന്നാണു പറയുക. ചെറുപൂളുകൾ പാകിപ്പറിച്ചും നേരിട്ടു നട്ടും കൃഷി ചെയ്യാം.

വിത്തിനെടുക്കുന്ന ചേനയ്ക്കു 2മാസമെങ്കിലും പഴക്കമുണ്ടാവണം. വിളവെടുത്തു 2 മാസം വരെ ചേനമുകു ളങ്ങൾ നിദ്രാവസ്ഥയിലായിരിക്കും. ചേനയുടെ ഒരു മുകുളമെങ്കിലും കിട്ടത്തക്ക വിധം പൂളുകളായി (കഷണ ങ്ങൾ) മുറിച്ചെടുക്കാം. പൂളുകളുടെ തൂക്കം: വലിയ ചേന കിട്ടാൻ വലിയ തൂക്കമുള്ള പൂളും, ചെറിയ ചേന കിട്ടാൻ ചെറിയ തൂക്കമുള്ള പൂളുകളും മുറിച്ചെടുക്കാം. ചേനപ്പൂളുകൾ ചാണകക്കുഴമ്പിൽ മുക്കി 4–5 ദിവസം തണലിൽ ഉണക്കി വേണം നടേണ്ടത്.  രോഗ–കീടങ്ങളെ നിയന്ത്രിക്കാനും ഈ രീതി നന്ന്.

വലിയ ചേനപ്പൂളുകൾ: 3കിലോ തൂക്കമുള്ള വിത്തുചേനയിൽനിന്ന് 3–4 പൂളുകൾ കിട്ടുമ്പോൾ ‘മിനി സെറ്റ്’ രീതിയിൽ 25–30 പൂളുകൾവരെ മുറിച്ചെടുക്കാമെന്നതിനാല്‍ ചേനവിത്തു കുറച്ചു മതി. 

അടിവളമിട്ടു നട്ട ചേനയ്ക്കു പുതയിട്ട് (കരിയിലകൊണ്ട്) ഒന്നര മാസത്തിനുശേഷം ആദ്യ വളമിട്ടു മണ്ണടുപ്പിക്കണം. മുഴുവൻ ഫോസ്ഫറസ് വളവും ശുപാർശയുടെ പകുതി നൈട്രജൻ, പൊട്ടാഷ് വളങ്ങളും നൽകണം. രണ്ടര മാസം കഴിഞ്ഞ് ഒരിക്കൽക്കൂടി മണ്ണടുപ്പിക്കുമ്പോൾ ബാക്കി നൈട്രജൻ, പൊട്ടാഷ് വളങ്ങളും നൽക ണം. രണ്ടര മാസം കഴിഞ്ഞ് ഒരിക്കൽകൂടി മണ്ണടുപ്പിക്കുമ്പോൾ ബാക്കി നൈട്രജൻ, പൊട്ടാഷ് വളങ്ങളും നൽ കുന്നതോടെ  പണി കഴിഞ്ഞു. 8–9 മാസംകൊണ്ടു വിളവെടുപ്പു നടത്താം. (ചേനയിനങ്ങളും വള ശുപാർശയും പട്ടികയായി ചുവടെ).

planting-time

ചേമ്പുകൃഷി

ചേമ്പുകൾ മൂന്നു തരം. വലുപ്പമുള്ള വെട്ടുചേമ്പ് (പാൽച്ചേമ്പ്), ചെറുചേമ്പ്, ചീരച്ചേമ്പ് (ചെടിച്ചേമ്പ്).  ഇവയുടെ നാടൻ ഇനങ്ങളും  ഗവേഷണകേന്ദ്രങ്ങൾ കണ്ടെത്തിയ മേൽത്തരം ഇനങ്ങളുമുണ്ട്. ചീരച്ചേമ്പ്  പച്ചക്കറി പോലെ ഇലയും തണ്ടും തോരൻ (വടക്കേ മലബാറിലെ ഉപ്പേരി) വയ്ക്കാനും മറ്റു കറികൾക്കും ഉപയോഗിച്ചു വരുന്നു. ചീരച്ചേമ്പിനു കിഴങ്ങുകൾ ഉണ്ടാവില്ല. ചേമ്പിന്റെ ഇളം തണ്ടും ഇലയും വച്ചുള്ള ‘താളുകറി’ സ്വാദി ഷ്ഠമാണ്. വലിയ ചേമ്പിന്റെയും ചെറുചേമ്പിന്റെയും ഇളംതലയും തണ്ടും ഇങ്ങനെ ഉപയോഗിക്കാം. ചിലയി നങ്ങൾക്കു ചൊറിച്ചിൽ ഉണ്ടാവും. കാത്സ്യം ഓക്സലേറ്റിന്റെ സാന്നിധ്യമാണ് കാരണം. അതൊഴിവാക്കാൻ വാളൻപുളി ചേർത്താൽ മതി.

planting-time-2

മീനം ഒടുവിൽ മേടം ആദ്യമാണ് വെട്ടുചേമ്പിന്റെ കൃഷിക്കാലം. തുലാച്ചേമ്പ് എന്നാല്‍ ചെറുചേമ്പാണ്. ഇതു മേടപ്പത്തിനു നട്ടു കന്നി–തുലാം മാസത്തിൽ വിളവെടുക്കുന്നു.  നനയ്ക്കാമെങ്കിൽ ചേമ്പ് ഏതു കാലത്തും കൃഷി ചെയ്യാം.

വെട്ടുചേമ്പ്/ പാൽച്ചേമ്പ് തടത്തിന് ഒന്നരയടി ആഴവും ചുറ്റളവും ഉണ്ടാവണം. നടീൽവസ്തുവായി ‘തടയും’ വിത്തും ഉപയോഗിക്കാം. തടയാണെങ്കിൽ 100 ഗ്രാം തൂക്കമുള്ള പൂളുകൾ (കഷണങ്ങൾ) ആക്കി ചാണകക്കുഴ മ്പിൽ മുക്കി 3–4 ദിവസം തണലിൽ ഉണക്കിയിട്ടാണ് നടേണ്ടത്. വിത്താണെങ്കിൽ ഇടത്തരം വലുപ്പമുള്ളവ തി രഞ്ഞെടുത്തു നടുക. നീലച്ചേമ്പ്, വെള്ളച്ചേമ്പ്, മാറാൻ ചേമ്പ് എന്നിങ്ങനെ നാടൻ  ഇനങ്ങളാണ് കൃഷി ചെ യ്തുവരുന്നത്. മീനം–മേടം മാസത്തിൽ നട്ടാൽ ധനു–മകരത്തിൽ വിളവെടുക്കാം.

തടമെടുത്ത് ആദ്യം ചെയ്യേണ്ടത് തടത്തിലെ മേൽമണ്ണുമായി 100–200 ഗ്രാം ഡോളോമൈറ്റ്/ കുമ്മായം ചേർത്ത് ഒരാഴ്ച നനച്ചിടുകയാണ്. അതിനു ശേഷം 3–4 കിലോ കംപോസ്റ്റ്/ ഉണങ്ങിപ്പൊടിഞ്ഞ കാലിവളം എന്നിവ കൂടി കൂട്ടിക്കലർത്തിയിട്ടു വേണം വിത്തുകൾ/ തടകൾ നടേണ്ടത്. നട്ട വിത്തുകൾ മുളച്ചു വന്നു 2മാസം, 4 മാ സം, 6മാസം വീതം വളങ്ങൾ ഇട്ടു മണ്ണടുപ്പിച്ചുകൊണ്ടിരിക്കണം. 8–9മാസമെത്തുമ്പോൾ ഇലകൾ മഞ്ഞളി ച്ചു തുടങ്ങും. അവ ചവിട്ടിയൊടിച്ചു 2 മാസം ഇട്ടാൽ കിഴങ്ങുകൾ നന്നായി മുഴുത്തു കിട്ടും.

ചെറുചേമ്പിന്റെയും തടയും വിത്തുകളും നടീൽവസ്തുക്കളാണ്. 25–30 ഗ്രാം തൂക്കമുള്ള നടീൽവസ്തു ഉപ യോഗിക്കാം. പറമ്പ് ആഴത്തിൽ കിളച്ചു വാരങ്ങൾ (ഏരികൾ) എടുത്താണ് ചെറുചേമ്പു നടുന്നത്. വാരങ്ങളി ൽ അര മീറ്റർ അകലത്തിൽ വിത്തുകൾ നടണം. വാരങ്ങൾ കുമ്മായമിട്ടു കിളച്ചു നനച്ച് ഒരാഴ്ച കഴിഞ്ഞതിനു ശേഷം നല്ല അളവിൽ കംപോസ്റ്റ്/ ജൈവവളമിട്ട് ഇളക്കി യോജിപ്പിച്ച ശേഷമാവണം നടീൽ. നട്ട വാരങ്ങൾ കരിയിലകൾകൊണ്ടു നന്നായി പുതയിടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും. വിത്തു മുളച്ച് ഒരാ ഴ്ചയ്ക്കു ശേഷം ശുപാർശപ്രകാരമുള്ള മുഴുവൻ ഫോസ്ഫറസ് വളങ്ങളും (എല്ലുപൊടി/ രാജ്ഫോസ്) പകുതി വീതം നൈട്രജൻ, പൊട്ടാഷ് വളങ്ങളും നൽകണം.

ഒന്നര മാസമെത്തുമ്പോഴും രണ്ടര മാസമെത്തുമ്പോഴും വളം ചേർത്തു മണ്ണടുപ്പിച്ചു കൊടുക്കണം. ഇടയ്ക്കി ടെ കടുത്ത വേനലിൽ ഒന്നുരണ്ടാഴ്ച കൂടുമ്പോൾ നനച്ചു കൊടുക്കുന്നതു വിളവ് കൂട്ടും.  നട്ട് അഞ്ചാറു മാസ മാകുമ്പോൾ ഇലകൾ മഞ്ഞളിച്ചു തുടങ്ങുന്നതാണു മൂപ്പെത്തലിന്റെ ലക്ഷണം. ആ സമയം ഇലകൾ ചവിട്ടി മടക്കി (ഒന്നു രണ്ടു പച്ചനിറമുള്ള ഇലകൾ മാത്രം നിർത്തിയിട്ട്) ഇടുന്നതു കിഴങ്ങുകൾക്കു തൂക്കം കൂട്ടും.

നനകിഴങ്ങ്/ ചെറുകിഴങ്ങ്

മകര മാസത്തിലാണ് നനകിഴങ്ങും ചെറുകിഴങ്ങും കൃഷി തുടങ്ങുക. നാലു തടങ്ങൾ അടുത്തടുത്തായി ചതുര ത്തിൽ എടുത്ത് അതിൽ വിത്തിട്ടു ചേനയ്ക്കു ചെയ്യുംപോലെ ചാണകപ്പൊടി/ കംപോസ്റ്റ് കരിയിലയുമിട്ടു  മ ണ്ണിട്ടു ചവിട്ടി ഉറപ്പിച്ചാൽ പിന്നെ വള്ളി വീശിത്തുടങ്ങിയാൽ താങ്ങുകാൽ മുക്കാലിപോലെയാക്കി അതിൽ പ ടർത്തുന്നതാണു പതിവ്.  കമുകിൻചുവട്ടിലും പാഴ്മരച്ചുവട്ടിലും കിഴങ്ങു നട്ട് അവയിലേക്കു പടർത്തുകയും ചെയ്യാറുണ്ട്.  മകരത്തിൽ നട്ടു കന്നിയിൽ വിളവെടുക്കാം.  

കാച്ചിൽ (കാപത്ത്)

ധനുമാസത്തിൽ കാച്ചിൽ കൃഷി ആരംഭിക്കും. ഒരു മീറ്റർ ആഴത്തിലും അര മീറ്റർ വീതിയിലുമുള്ള കുഴികളാണ് വേണ്ടത്. ആദ്യം ഒരു കുഴിയിൽ മുക്കാൽ ഭാഗം മേൽമണ്ണിട്ട് അതിൽ അര കിലോ ഡോളോമൈറ്റ്/ കുമ്മാ യം ഇട്ട് നനച്ച് 10 ദിവസം കഴിഞ്ഞു കരിയില, പച്ചിലവളം, ചാണകം, ഗോമൂത്രം എന്നിവ നിറച്ചു കുംഭമാസം വരെ ഇടുന്നു. കുംഭത്തിൽ കുഴി വെട്ടിയിളക്കി കൂമ്പലാക്കി (കൂനയാക്കി) വയ്ക്കും. അതിലേക്ക് 200 ഗ്രാം മുതൽ മുകളിലേക്കു തൂക്കമുള്ള കാച്ചിൽ പൂളുകൾ (കഷണങ്ങൾ) ചാണകപ്പാലിൽ മുക്കി 3–4 ദിവസം തണലിൽ ഉണക്കിയ ശേഷമാണ് നടുന്നത്. കാച്ചിലിന്റെ നടീൽവസ്തുവായി കാച്ചിൽ വള്ളികളിൽ ഉണ്ടാവുന്ന ‘കിഴ യ്ക്ക’ എന്ന കായും ഉപയോഗിച്ചു വരുന്നു. 

ആനച്ചേനയ്ക്കെന്നപോലെ ആനക്കാച്ചിലിനും വിപണിയിൽ പ്രിയം കുറവാണ്. ഒന്നുരണ്ടു കിലോ തൂക്കമുള്ള ചെറുകാച്ചിൽ വിൽക്കാൻ എളുപ്പം. അതിനായി  ‘മിനിസെറ്റ്’ രീതി കാച്ചിലിനും ഉപയോഗപ്പെടുത്താം. ഈ രീതിക്ക് 30 ഗ്രാം കാച്ചിൽ പൂളുകൾ മതി. കാച്ചിൽ നീളത്തിൽ മുറിച്ചു പരമാവധി പുറംതൊലി വരത്തക്ക വിധം കഷണങ്ങളാക്കി ചെറു തവാരണകളിൽ പാകി മുളപ്പിച്ചാണ് മിനിസെറ്റ് കൃഷി. മുളപ്പിച്ച തൈകൾ പറിച്ചു നടാം. ചെറിയ കാച്ചിലിനു ചെറിയ കുഴികൾ– അര മീറ്റർ– മതി.

കാച്ചിൽ നട്ടാൽ ഉടൻ നന്നായി നനച്ചുകൊടുക്കണം. പിന്നീടു 10 ദിവസത്തിലൊരിക്കൽ വീതം നന. 20–25 ദിവസമെത്തുമ്പോൾ ഇട കിളച്ചു താങ്ങുകാൽ കുത്തി ‘ഏറ്റം കെട്ടാം.’ 30–ാം ദിവസം പടർത്തി വിടാം. ഒരു മുഴം ‘കാച്ചിലിന് ഒൻപതു മുഴം ഏറ്റം’ എന്നാണ് കണക്ക്. എത്ര ഉയരത്തിലേക്കു പടർത്തുന്നുവോ അത്രയും വലി യ കാച്ചിൽ ഉണ്ടാവുമത്രേ. കാച്ചിൽ വള്ളികൾ പാഴ്മരങ്ങളിലും കവുങ്ങുകളിലും പടർത്തി വിടുന്നതും പതിവു രീതി. 8–9 മാസം കൊണ്ടു കാച്ചിൽ വിളവെടുക്കാം.

വള്ളിവീശാത്ത കുറ്റിക്കാച്ചിൽ   

വള്ളിവീശാത്ത കുറ്റിക്കാച്ചിൽ ഇനം ശ്രീധന്യ തിരുവനന്തപുരം കേന്ദ്ര കിഴങ്ങു ഗവേഷണകേന്ദ്രത്തിന്റെ കണ്ടെത്തലാണ്. ഈയിനം ഗ്രോബാഗിലും പറമ്പിലും കൃഷി ചെയ്തു ഹെക്ടറിന് 20 ടൺ വരെ വിളവെടുക്കാം.

കുറിപ്പ്: വളപ്രയോഗങ്ങൾ മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിൽ മാത്രം നടത്തുക. മുകളിലെ വള ശുപാർശ പോഷകമൂലകങ്ങളുടെ അളവാണ്. 

English summary: How to Dig Yam Beds and Plant Yams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com