നീണ്ടു വളരാൻ പടവലത്തിന് കല്ല്! ചെയ്യേണ്ടത് ഒരേയൊരു കാര്യം
Mail This Article
പടവലം നീണ്ടു വരണമെങ്കിൽ കായുടെ തുമ്പിൽ ചെറിയ കല്ലു കെട്ടിയിടണം എന്നു കേൾക്കുന്നു. ശരിയാണോ? - ശ്രീകുമാർ, മണ്ണാർക്കാട്, പാലക്കാട്
പടവലം നീണ്ടു വരുന്നതിന് കായയുടെ അഗ്രഭാഗത്തു കല്ല് കെട്ടിയിടേണ്ടതില്ല. കേട്ടുകേൾവി വച്ച് പലരും ചെറിയ കായ ആകുമ്പോഴേക്കും തുമ്പിൽ കല്ലു കെട്ടിയിടും. തുടർന്ന് ആ ഭാഗം ചീയുന്നതായി കാണാം. പടവലം നീണ്ടു വരുന്നത് അതിന്റെ ജനിതക സവിശേഷതകൊണ്ടാണ്. 5–6 അടി നീളം വയ്ക്കുന്ന കൗമുദി ഇനവും, മൂന്നരയടി നീളമെത്തുന്ന മനുശ്രീയും ഒരടി നീളമുള്ള ബേബിയുമെല്ലാം പ്രകടിപ്പിക്കുന്നത് അതത് ഇനത്തിന്റെ ജനിതക ഗുണമാണ്. അതല്ലെങ്കിൽ ഒരടി വലുപ്പം വയ്ക്കുന്ന ഇനം നട്ട് അഗ്രഭാഗത്ത് കല്ലു കെട്ടിയിട്ട് നാലോ അഞ്ചോ അടി നീളമാക്കിയാൽ മതിയല്ലോ? കായീച്ചയാക്രമണ മൂലം പടവലം വളഞ്ഞു പുളഞ്ഞു വളരാറുണ്ട്. കായീച്ച കുത്തിയ ഭാഗം വളഞ്ഞു വരും. ഇതൊഴിവാക്കാൻ കായ് ആകുന്നതോടെ തോട്ടത്തിൽ ഫിറമോൺ കെണി വയ്ക്കുക.