ADVERTISEMENT

വളത്തിനു മുയലും പ്രാവും! വളത്തിനു പശുക്കളെയും ആടുകളെയുമൊക്കെ വളർ‌ത്തുന്നത് കേട്ടിട്ടുണ്ടെങ്കിലും പച്ചക്കറിക്കൃഷിക്കുവേണ്ടി മുയലുകളെയും പ്രാവുകളെയും വളർത്തുന്നത് അത്ര കേട്ടുകേൾവിയില്ലാത്ത രീതിയാണ്. എന്നാൽ സ്ഥലപരിമിതിയുള്ളവർക്ക് ചുരുങ്ങിയ സ്ഥലത്ത് കുറഞ്ഞ പരിചരണത്തിൽ മികച്ച മാംസം ഉൽപാദിപ്പിക്കുകയും ഒപ്പം പച്ചക്കറിക്കൃഷിയും ചെയ്യാമെന്നു പറയുകയാണ് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ സ്വദേശിയായ കാട്ടാത്തിയേൽ സനിൽ ജോസഫ്. ഒന്നര പതിറ്റാണ്ടിലേറെയായി പച്ചക്കറിക്കൃഷി മേഖലയിലുള്ള സനിൽ സീസൺ അനുസരിച്ച് വിവിധ പച്ചക്കറികൾ കൃഷി ചെയ്യുന്നു.

sanil
sanil

ഒരു അഭ്യുദയകാംക്ഷിയുടെ ഒരേക്കർ സ്ഥലത്താണ് സനിലിന്റെ പച്ചക്കറിക്കൃഷി. പടവലം, മത്തൻ, വെണ്ട, വെള്ളരി, വഴുതന, കോവൽ, പീച്ചിൽ എന്നിവയാണ് ഇപ്പോൾ വിളവിലുള്ളത്. ഒപ്പം കപ്പയും കൃഷി ചെയ്തിരിക്കുന്നു. സ്വന്തമായുള്ള 20 സെന്റിൽ വീടിനോടു ചേർന്ന് വാഴ, ചേന, പാവൽ, സ്നോ വൈറ്റ് കുക്കുംബർ എന്നിവയും കൃഷി ചെയ്യുന്നു.

നിത്യവരുമാനത്തിന് പച്ചക്കറി

കപ്പ, ചേന പോലുള്ള വിളകൾക്ക് മുൻപ് പ്രാധാന്യം നൽകിയിരുന്ന സനിൽ ഏതാനും വർഷങ്ങളായി പച്ചക്കറിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിത്യവരുമാനത്തിന് പച്ചക്കറികൾ തന്നെയാണ് നല്ലതെന്നു തിരിച്ചറിഞ്ഞതോടെയാണ് ഈ ചുവടുമാറ്റം. എന്നാൽ, കപ്പയും ചേനയുമൊന്നും ഒഴിവാക്കിയിട്ടുമില്ല. 

sanil-3
വിളവെടുത്ത പച്ചക്കറികളുമായി സനിൽ

കിറ്റ് ആയി വിൽപന

കൃഷി ചെയ്യുന്ന സ്ഥലത്തിന് ചുറ്റുമായി അൻപതോളം സ്ഥിരം ഉപഭോക്താക്കൾ തനിക്കുണ്ടെന്ന് സനിൽ. ഒന്നിടവിട്ട ദിവസങ്ങളിലാണ് പച്ചക്കറി വിളവെടുപ്പ്. ഇത് കിറ്റ് ആയി ആവശ്യക്കാരുടെ വീടുകളിൽ എത്തിച്ചു നൽകുന്നു. മത്തങ്ങയുടെ ഒരു കഷണം, വെള്ളരിക്ക, പടവലങ്ങ, പീച്ചിൽ, വെണ്ടയ്ക്ക, കോവയ്ക്ക, വഴുതനങ്ങ എന്നിവ എല്ലാംകൂടി ഏകദേശം മൂന്നു കിലോയോളം വരുന്ന കിറ്റായിട്ടാണ് വിൽപന. കിറ്റൊന്നിന് 100 രൂപ. ഇത് സ്ഥിരവിലയാണ്. ഇപ്പോൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ കുറഞ്ഞത് 10 കിറ്റെങ്കിലും വിൽക്കാൻ സാധിക്കുന്നുണ്ട്. പച്ചക്കറികൾ കൂടുതലുള്ള സമയത്ത് 30 കിറ്റുകൾ വരെ വിൽക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സനിൽ. ഇത്തരത്തിലുള്ള പച്ചക്കറി വിൽപനയിലൂടെ മാസം കുറഞ്ഞത് 20,000 രൂപ നേടാൻ കഴിയുന്നുണ്ടെന്നും സനിൽ പറയുന്നു.

400 മൂട് കപ്പയും പച്ചക്കറികൾക്കൊപ്പം കൃഷി ചെയ്യുന്നുണ്ട്. ഇത്തവണ മഴ കൂടുതലായതിനാൽ കപ്പയെല്ലാം ചെരിഞ്ഞു പോവുകയും തണ്ടുകളിൽ കൂടുതൽ മുളകൾ വന്ന് വിളവ് കുറയുകയും ചെയ്തെന്ന് സനിൽ. എങ്കിലും തരക്കേടില്ലാത്ത വിളവും വിലയുമുണ്ട്. ഇപ്പോൾ മറ്റു കൃഷിയിടങ്ങളിൽ കപ്പയുടെ സീസൺ അല്ല എന്നതുകൊണ്ടുതന്നെ ഡിമാൻഡും ഉണ്ട്. പ്രദേശവാസികൾക്ക് ശനിയാഴ്ച തോറുമാണ് കപ്പ വിൽപന. അതുപോലെ ഷാപ്പുകളിലും കപ്പ വിൽക്കുന്നുണ്ട്. കിലോയ്ക്ക് 30 രൂപ ലഭിക്കുന്നുണ്ടെന്ന് സനിൽ.

sanil-4
സ്നോ വൈറ്റ് കുക്കുംബർ

കൃഷിയിൽ ലാഭം മാത്രമല്ല

കൃഷി എപ്പോഴും ലാഭം തരുമെന്നു പറയാൻ കഴിയില്ല. കാലാവസ്ഥയും രോഗങ്ങളുമൊക്കെ വില്ലനായി വരാം. ഇക്കഴിഞ്ഞ ജനുവരിയിൽ തണ്ണിമത്തൻ കൃഷി ചെയ്തപ്പോൾ 10,000 രൂപയുടെ നഷ്ഠമാണുണ്ടായത്. ചൂട് കൂടുതലായതിനാൽ തൈകൾ കരിഞ്ഞുപോയി. ചെലവാക്കിയ തുക കൂടാതെ തന്റെ അധ്വാനവും വെറുതെയായിയെന്ന് സനിൽ പറയുന്നു. എന്നാൽ അന്ന് തണ്ണിമത്തനുവേണ്ടി ഒരുക്കിയ മണ്ണിൽത്തന്നെയാണ് ഇപ്പോൾ മത്തൻ വളരുന്നതും മികച്ച വിളവ് നൽകുന്നതും. 

മുയലും പ്രാവും പിന്നെ പച്ചക്കറിയും

സ്വന്തമായുള്ള 20 സെന്റിൽ വീടിനോടു ചേർന്നാണ് മുയൽ വളർത്തൽ. അടച്ചുറപ്പുള്ള ഷെഡിൽ ചെറു കൂടുകളിലായി മുയലുകളെ പാർപ്പിച്ചിരിക്കുന്നു. വൈറ്റ് ജയന്റ്, സോവിയറ്റ് ചിഞ്ചില ഇനങ്ങളിലായി അൻപതോളം മുയലുകൾ ഇവിടെയുണ്ട്. മാസം 15–20 മുയലുകളെ ഇറച്ചിയാവശ്യത്തിനായി ലഭിക്കുന്നുണ്ടെന്ന് സനിൽ. കൂടാതെ ദിവസം 3–4 കിലോ കാഷ്ഠവും ലഭിക്കുന്നുണ്ട്. ഇത് പച്ചക്കറികൾക്ക് വളമായി ഉപയോഗിക്കുന്നു. വർഷങ്ങൾ മുൻപ് വിപണിയുണ്ടായിരുന്ന കാലത്ത് തുടങ്ങിയ പ്രാവു വളർത്തൽ സനിൽ ഇപ്പോഴും തുടരുന്നു. അന്നത്തെയത്ര വിലയും ഡിമാൻഡും ഇപ്പോഴില്ലെങ്കിലും ചെറിയ വരുമാനം പ്രാവുകളിൽനിന്ന് ലഭിക്കുന്നുണ്ട്. ഇവയുടെ കാഷ്ഠം കൃഷിക്ക് മികച്ചതെന്ന് സനിൽ. നൈട്രജന്റെയും ഫോസ്ഫറസിന്റെയും അളവ് കൂടുതലുള്ളതിനാൽ പ്രാവുകളുടെ കാഷ്ഠവും പച്ചക്കറിക്ക് മികച്ച വളവമാണെന്നും സനിൽ. പ്രാവുകളുടെ ഭക്ഷണത്തിന്റെ ബാക്കി കഴിച്ച് ഏതാനും കോഴികളും വളരുന്നു.

ഫോൺ: 9947550635

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com