കന്നുക്കുട്ടികൾക്ക് പാലിനേക്കാൾ ഗുണമുള്ള സോയാപ്പാൽ, അതും വെറും 5 രൂപ ചെലവിൽ
Mail This Article
കന്നുകുട്ടിയുടെ ആദ്യ ആറു മാസക്കാലയളവിലെ, വിശേഷിച്ചും ആദ്യത്തെ 3–4 മാസത്തെ തീറ്റയും പരിചരണവുമാണ്, അത് മുതിർന്നു പശുവാകുമ്പോൾ പാലുൽപാദനശേഷി നിര്‍ണയിക്കുന്ന പ്രധാന ഘടകം. അതിനാൽ, ഈ കാലയളവിൽ പോഷകപ്രദവും സമീകൃതവുമായ തീറ്റക്രമം അനുവർത്തിക്കണം.
ആദ്യ മൂന്നു മാസം കന്നുകുട്ടിയുടെ പ്രധാന ആഹാരം അതിന്റെ തള്ളയുടെ പാലാണ്. എന്നാല്‍, കിടാവിനുള്ള പങ്കു കൂടി വില്‍ക്കാന്‍ കര്‍ഷകര്‍ നിർബന്ധിതരാകുന്ന അവസ്ഥയാണ് ഇന്നുള്ളത്.
ആവശ്യാനുസാരണം പാൽ, വിശേഷിച്ചും, ആദ്യത്തെ മൂന്നു മാസക്കാലയളവിലെങ്കിലും കൊടുത്തില്ലെങ്കിൽ, കന്നുകുട്ടിയുടെ വളർച്ച മുരടിക്കും. തുടര്‍ന്ന് പ്രായപൂർത്തിയാകുന്നതും ആദ്യ മദി ലക്ഷണം കാണിക്കുന്നതും ഗർഭധാരണവും പ്രസവവുമെല്ലാം വൈകുന്നു. ആയുഷ്ക്കാലം ചെന പിടിക്കാതെ വരുന്ന അവസ്ഥപോലും വന്നു ചേരാം.
ആവശ്യാനുസാരണം പാൽ കന്നുകുട്ടിക്കു കൊടുക്കുക മാത്രമാണ് ഇതിനു പരിഹാരം. കന്നുകുട്ടി പ്രസവിച്ചു വീണതിനു ശേഷമുള്ള ആദ്യ 1, 2, 3 മാസക്കാലയളവിൽ കുട്ടിയുടെ ശരീരഭാരത്തിന്റെ യഥാക്രമം 1/ 10, 1/ 15, 1/ 20 എന്ന തോതിൽ കുട്ടിക്ക് പാൽ കൊടുത്തിരിക്കണം. അതായത്, ഒരു മാസം പ്രായമുള്ള, 25 കിലോ ശരീരഭാരമുള്ള കന്നുകുട്ടിക്ക് അതിന്റെ പത്തിലൊന്നു (1/10) പാൽ; എന്നുവച്ചാൽ, 25/10 = 2.5 ലീറ്റർ പാൽ ഒരു ദിവസം കൊടുക്കേണ്ടതുണ്ട്. ഇത്രയും പാൽ നിലവിലെ സാഹചര്യത്തിൽ, കന്നുകുട്ടിക്കു കൊടുക്കാൻ ബുദ്ധിമുട്ടാണെന്നാണ് കർഷകരുടെ അഭിപ്രായം.
അപ്പോൾ എന്താണ് പ്രായോഗിക മാർഗം? ‘അമ്മയുടെ പാലിനു പകരം കൊടുക്കാൻ പറ്റുന്ന മറ്റെന്തുണ്ടീ ഭൂമിയിൽ?’ എന്ന ശാസ്ത്രത്തിന്റെ അന്വേഷണം ഇപ്പോൾ ചെന്നെത്തിയിരിക്കുന്നതു സോയാപ്പാലിലാണ്. പയര്‍വർഗത്തിൽപെട്ട സോയാബീൻ കുരുക്കൾ, വെള്ളത്തിലിട്ടു കുതിർത്ത്, മിക്സിയിലോ ഗ്രൈൻഡറിലോ ഇട്ട് അരച്ച്, അതിന്റെ പാൽ ഊറ്റിയെടുത്ത്, അരിപ്പയിൽ അരിച്ചതെടുത്തു കിട്ടുന്നതാണ് സോയാപ്പാൽ. ഇത് പോഷകസമൃദ്ധമാണ്. ധാരാളം മാംസ്യം (protein) അടങ്ങിയിട്ടുണ്ട് - അതും നല്ല ഗുണനിലവാരമുള്ള മാംസ്യം. പശുവിൻ പാലിൽ 3.4 ശതമാനം മാംസ്യം അടങ്ങിയിരിക്കുമ്പോൾ 4.2 ശതമാനം മാംസ്യമുണ്ട് സോയാപ്പാലിൽ. അതായത്, സാധാരണ പാലിനെ അപേക്ഷിച്ച് 24 ശതമാനത്തോളം കൂടുതൽ. മാംസ്യം കന്നുകുട്ടികളുടെ വളർച്ച ത്വരിതപ്പെടുത്തുന്നു. അണ്ഡാശയവും, ഗർഭപാത്രവും അടക്കമുള്ള പ്രത്യുൽപാദന അവയവങ്ങളുടെ വളർച്ച വേഗത്തിലാക്കുന്നതിനും അതുവഴി, കന്നുകുട്ടികൾ വേഗത്തിൽ മദിലക്ഷണം കാണിക്കുന്നതിനും സഹായകമായ ഐസോഫ്ലേവോൺസ് (isoflavones) എന്ന പദാർഥവും ധാരാളം ബി കോംപ്ലക്സ് വിറ്റാമിനുകളും സോയാപ്പാലിലുണ്ട്.
സാധാരണ പശുവിൻപാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയായ ‘ലാക്ടോസ്’, സോയാപ്പാലിൽ വളരെ കുറവാണ്. പശുവിൻപാലിൽ 4.7 ശതമാനം ലാക്ടോസ് ഉണ്ട്. അമ്മയുടെ പാൽ ധാരാളം കുടിക്കുന്ന കന്നുകുട്ടികളിൽ ഇങ്ങനെ ശരീരത്തിനുള്ളിലെത്തുന്ന ലാക്ടോസിനെ വിഘടിപ്പിക്കാനുള്ള ലാക്‌ടേയ്സ് ദീപനരസം (lactase enzyme), കുറവായതിനാൽ ചിലപ്പോൾ വയറിളക്കം വരാറുണ്ട്. സോയാപ്പാലിൽ ലാക്ടോസ് തുലോം കുറവായതിനാൽ, അത് കൊടുക്കുന്ന കുട്ടികൾക്ക് ഇത്തരത്തിലുള്ള വയറിളക്കം വരില്ല. കന്നുകുട്ടികളിൽ ദഹിക്കാൻ പ്രയാസമുള്ള ഖരവസ്തു (ഡ്രൈ മാറ്റർ), കൊഴുപ്പ് (ഫാറ്റ്) എന്നിവ പശുവിൻപാലിനെ അപേക്ഷിച്ചു സോയപ്പാലിൽ കുറവാണ്. പശുവിൻ പാലിൽ യഥാക്രമം 12, 4.5 ശതമാനം വീതം ഖരവസ്തു, കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുമ്പോൾ, സോയപ്പാലിൽ അത് യഥാക്രമം 7.25 ഉം, 1.8 ഉം ശതമാനം വീതമേയുള്ളുവെന്നതിനാൽ, ഇത്തരത്തിൽ ദഹനക്കേട് മൂലമുള്ള വയറ്റിളക്കവും സോയപ്പാൽ കുടിക്കുന്ന കന്നുകുട്ടികളിൽ ഉണ്ടാകാറില്ല.
ഇനി, സോയാപ്പാൽ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം:
- സോയാബീൻ കുരുക്കൾ നല്ലവണ്ണം കഴുകി വൃത്തിയാക്കി ഏകദേശം 18 മണിക്കൂറോളം (തലേന്നു വൈകിട്ട് മുതൽ പിറ്റേന്ന് രാവിലെ വരെ) പച്ചവെള്ളത്തിൽ ഇട്ടു കുതിർത്തു വയ്ക്കണം.
- കുരുക്കൾ അതിനു ശേഷം വെള്ളത്തിൽനിന്നെടുത്തു വെള്ളമൂറ്റി, ഒരു പാത്രത്തിലിട്ട് 98 ഡിഗ്രി ഊഷ്മാവിൽ 10 മിനിട്ടു നേരം വേവിക്കണം. പ്രഷർ കുക്കറിൽ വേവിക്കുന്നതാണ് ഏറ്റവും ഉത്തമം. പ്രഷർ കുക്കർ പാചകവാതകത്തിന്റെ സഹായത്താൽ ഗ്യാസ് സ്റ്റൗവിലോ പ്രഷർ കുക്കർ ഇല്ലെങ്കിൽ അടച്ചു വച്ച പാത്രത്തില്‍ ഗ്യാസ് സ്റ്റൗവിലോ ഇൻഡക്ഷൻ കുക്കറിലോ വച്ച് വേവിച്ചെടുക്കാം. 100 ഡിഗ്രി ഊഷ്മാവിലാണ് വെള്ളം തിളയ്ക്കുന്നത്. അപ്പോൾ, ഏകദേശം അതെ ഊഷ്മാവ് തന്നെയാണ് ഇതിനും വേണ്ടത്.
- വേവിച്ചെടുത്ത പദാർഥം ഒരു ഭാഗത്തിന് എട്ടു ഭാഗം വെള്ളം (1:8) എന്ന കണക്കിൽ നേർപ്പിച്ചെടുക്കണം. വെള്ളമൊഴിച്ചു നേർപ്പിച്ച ശേഷം നല്ലവണ്ണം ഇളക്കണം.
- അതിനു ശേഷം, ഈ വേവിച്ചു നേർപ്പിച്ച സോയാബീൻസ് ഒരു ഗ്രൈൻഡറിലോ മിക്സിയിലോ ഇട്ടു നല്ലവണ്ണം അരച്ചെടുക്കണം.
- ഗ്രൈൻഡറിനുള്ളിൽ നിന്നും അരച്ചു കിട്ടിയ ദ്രാവകം മസ്ലിൻ തുണി വിരിച്ച അരിപ്പയിൽ കൂടി അരിച്ചെടുക്കണം. ഇത്തരത്തിൽ, അരച്ചു കിട്ടുന്നതാണ് സോയാപ്പാൽ.
- ഇങ്ങനെ കിട്ടുന്ന സോയാപ്പാൽ 100 ഡിഗ്രി ഊഷ്മാവിൽ 15 മിനിട്ടു നേരം തിളപ്പിച്ചു കൂടെക്കൂടെ ഇളക്കിക്കൊണ്ടിരിക്കണം.
- അതിനു ശേഷം 40 ഡിഗ്രി ഊഷ്മാവിലേക്ക് (ചെറു ചൂട്) തണുപ്പിച്ചു സാധാരണ പശുവിൻ പാലുമായി കലർത്തി കന്നുകുട്ടികൾക്കു കൊടുക്കാം.
100 ഗ്രാം സോയാബീൻ കുരുവിൽനിന്ന് 800 മില്ലി സോയാപ്പാൽ ലഭിക്കും. ഒരു കിലോ സോയാബീനിന് 40 രൂപ കണക്കാക്കിയാൽ ഒരു ലീറ്റർ സോയാപ്പാലിന് വെറും 5 രൂപയേ വരുന്നുള്ളു. പശുവിൻപാൽ ലീറ്ററിന് 46 രൂപവരെ വിലയുണ്ടല്ലോ.
പശുവിൻപാലിന്റെ കൂടെ എത്ര മാത്രം സോയാപ്പാൽ ചേർക്കാനാവും? പൂക്കോട് വെറ്ററിനറി കോളേജിലെ അനിമൽ ന്യൂട്രീഷൻ വിഭാഗത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ 25–50 ശതമാനം സോയാപ്പാൽ പശുവിൻ പാലിനു പകരം നൽകാമെന്നും; 100 ശതമാനം തള്ളപ്പശുവിന്റെ പാൽ മാത്രം കുടിച്ച പശുക്കുട്ടികളുടെയത്രയും വളർച്ച ഇത്തരം സോയാപ്പാൽ ചേര്‍ത്ത പശുവിന്‍ പാല്‍ കൊടുത്ത കന്നുകുട്ടികൾക്കും ലഭിച്ചു എന്ന് കണ്ടെത്തുകയുണ്ടായി.
വളർച്ചയിൽ കുറവുണ്ടായില്ല എന്ന് മാത്രമല്ല; 25–50 ശതമാനം സോയാപ്പാൽ ചേര്‍ത്ത പശുവിന്‍ പാല്‍ കൊടുത്ത കന്നുകുട്ടികൾക്ക് 100 ശതമാനം പശുവിൻപാൽ ലഭിച്ചവയെക്കാൾ തീറ്റച്ചെലവ് യഥാക്രമം 34.11 , 54.11 ശതമാനം കുറവാണെന്നും കണ്ടെത്തി. അതായത്, പകുതി പകുതി (50 - 50) വീതം; സോയാപ്പാലും പശുവിൻപാലും കൊടുക്കുന്നതാണ് ഏറ്റവും ഉത്തമവും ലാഭകരവും എന്ന് ഈ പരീക്ഷണത്തിൽ കണ്ടു.
സോയാപ്പാൽ എത്ര കാലം കേടു കൂടാതെയിരിക്കും?
അരിച്ചെടുത്തതിനു ശേഷം ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചൂ സൂക്ഷിച്ചാൽ, 48 മണിക്കൂർ വരെ കേടു കൂടാതെയിരിക്കും. 100 ഡിഗ്രി ഉഷ്മാവിൽ ചൂടാക്കിയതിനു ശേഷം 40 ഡിഗ്രി ഉഷ്മാവിലേക്കു തണുപ്പിച്ചാൽ അര മണിക്കൂറിനുള്ളിൽ കന്നുകുട്ടിക്കു കൊടുത്തിരിക്കണം.
വിലാസം: അനിമൽ ന്യൂട്രീഷൻ വിഭാഗം, വെറ്ററിനറി കോളജ്, പൂക്കോട്, വയനാട്.
English summary: Soybeans and Soybean Byproducts for Dairy Cattle