വയനാട്ടിലെത്തിയത് പ്രമേഹ ചികിത്സയ്ക്ക്; ഇന്ന് 110 പശുക്കളും 1200 ലീറ്റർ പാലുമുള്ള ഡെയറി ഫാം ഉടമ
Mail This Article
പ്രമേഹരോഗത്തിന്റെ ചികിത്സാർഥമാണ് ഇരിഞ്ഞാലക്കുട സ്വദേശിയായ എം.വി.മോഹൻദാസ് വയനാട്ടിലെത്തിയത്. പത്തു വർഷം മുൻപുള്ള ആ വരവിലൂടെ വയനാട്ടിൽ സ്ഥലം വാങ്ങി ഒരു ഡെയറി ഫാം തുടങ്ങാൻ അദ്ദേഹം തീരുമാനിച്ചു. ഡെയറി ഫാമിങ്ങിനു അനുയോജ്യമായ കാലാവസ്ഥയായിരുന്നു വയനാട്ടിലുണ്ടായിരുന്നത്. ഇരിഞ്ഞാലക്കുടയിൽ 15 വർഷമായി പശുവളർത്തലുണ്ടായിരുന്നത് ക്രമേണ അവസാനിപ്പിച്ച് പൂർണമായും വയനാടുകാരനായി മാറി അദ്ദേഹം. 110 പശുക്കളും പ്രതിദിനം 1200 ലീറ്റർ പാലും ഉൽപാദിപ്പിക്കുന്ന മഹേശ്വരി ഡെയറി ഫാം സുൽത്താൻ ബത്തേരിക്കു സമീപം നായ്ക്കട്ടിയിലാണ് സ്ഥിതിചെയ്യുന്നത്.
വയനാട്ടിലെ കാലാവസ്ഥയ്ക്ക് വലിയ മാറ്റം വന്നിട്ടുണ്ടെന്ന് മോഹൻദാസ്. പത്തു വർഷം മുൻപുള്ള കാലാവസ്ഥയല്ല ഇപ്പോഴുള്ളത്. ഇവിടുത്തെ ഫാം പ്രവർത്തനം തുടങ്ങിയപ്പോളും നാട്ടിൽ ഫാം നിലനിർത്തിയിരുന്നു. എന്നാൽ രണ്ടു ഫാമുകളും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് വന്നപ്പോൾ നാട്ടിലെ പശുക്കളെയൊക്കെ ഒഴിവാക്കി ശ്രദ്ധ പൂർണമായും വയനാട്ടിലേക്കാക്കി. 110 പശുക്കളിൽ 75-80 പശുക്കളാണ് എപ്പോഴും കറവയിലുള്ളത്. പ്രതിദിനം 1200 ലീറ്ററോളം പാലും ഉൽപാദിപ്പിക്കുന്നു. സുൽത്താൻ ബത്തേരി ക്ഷീരസംഘത്തിലാണ് പാൽ അളക്കുക. ഇത്രയേറെ പാലുൽപാദിപ്പിക്കുന്നുണ്ടെങ്കിലും പാൽ സ്വന്തമായി വിൽക്കാറില്ല. അതിനുള്ള ധൈര്യം പോരെന്ന് മോഹൻദാസ് പറയുന്നു. കാരണം, സൂക്ഷിപ്പുകാലാവധി കുറഞ്ഞ ഒരു ഭക്ഷ്യോൽപന്നമാണ് പാൽ. അതുകൊണ്ടുതന്നെ കൈകാര്യം ചെയ്യാൻ അതീവ ശ്രദ്ധ വേണം. അതിനാലാണ് അത്തരത്തിലൊരു ബിസിനസിലേക്ക് തിരിയാത്തത്. എന്നാൽ ചാണകത്തിൽനിന്ന് അധിക വരുമനമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു.
ചാണകം മൂല്യവർധന നടത്തി ഒരു ജൈവവളം നിർമിക്കാനുള്ള യൂണിറ്റിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഉൽപന്നം ബ്രാൻഡ് ചെയ്ത് വിൽക്കാനാണ് തീരുമാനം. തൊഴുത്തിലെ ചാണകവും മൂത്രവും സംയോജിപ്പിച്ചശേഷം അതിൽനിന്ന് ജലാശം നീക്കം ചെയ്ത് ഇതിലേക്ക് ആറോളം കൂട്ടുകൾക്കൂടി ചേർത്താണ് ജൈവവളം നിർമിക്കുക. വൈകാതെതന്നെ ഇത് വിപണിയിലെത്തും.
പുല്ലും ചോളവും
പുലർച്ചെ രണ്ടിനും ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് കറവ. പെല്ലെറ്റ് തീറ്റയ്ക്കു പുറമേ പല്ല് അല്ലെങ്കിൽ ചോളത്തണ്ട് ആണ് നൽകുക. ഫാമിനോടു ചേർന്നുതന്നെ പുൽക്കൃഷിയുണ്ട്. ആവശ്യമായ സാഹചര്യങ്ങളിൽ കർണാടകയിൽനിന്ന് ചോളത്തണ്ട് എത്തിക്കും. കർണാടക സർക്കാർ ചോളത്തണ്ട് നീക്കത്തിന് ഏർപ്പെടുത്തിയ നിരോധനം കർഷകരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചിരിക്കുന്നതെന്ന് മോഹൻദാസ് പറയുന്നു. വയനാട്ടിലെ ഒട്ടുമിക്ക ക്ഷീരകർഷകരും ആശ്രയിക്കുന്നത് ഈ ചോളത്തണ്ടിനെയാണ്. നിരോധനം മൂലം വയനാട്ടിലെ ക്ഷീരകർഷകരും കർണാടകയിലെ ചോളക്കർഷകരുമാണ് പ്രതിസന്ധിയിലായത്.
ഫോൺ: 9656146344