നായ വാലാട്ടുന്നത് സ്നേഹം കൊണ്ടോ? അറിഞ്ഞിരിക്കാം നായ്ക്കളുടെ ശരീരഭാഷ
Mail This Article
നായയുടെ വികാരപ്രകടനങ്ങള്‍ പലതരത്തിലാകാം. ശബ്ദത്തിലൂടെ മാത്രമല്ല, ശരീരഭാഷയിലൂടെയും അവ നമ്മോട് പലതും പറയുന്നു. നായയുടെ ഒരു പ്രധാന ആശയവിനിമയമാർഗമാണ് വാലാട്ടൽ. വ്യത്യസ്‌ത തരത്തിലുള്ള വാലാട്ടലുകൾ സൂചിപ്പിക്കുന്നത് എന്തൊക്കെയെന്നു നോക്കാം
സന്തോഷവും സൗഹൃദവും
ശാന്തമായ ചലനങ്ങളോടെ, അയഞ്ഞതും വിശാലവുമായി വാലാട്ടുന്നത് പൊതുവേ സന്തോഷത്തെയും സൗഹൃദത്തെയും സൂചിപ്പിക്കുന്നു. പലപ്പോഴും ശാന്തമായ ശരീരഭാവം കളിക്കാനുള്ള താല്‍പര്യം സൂചിപ്പിക്കുന്നു.
ആവേശം
വാൽ പാതി ഉയർത്തി വേഗത്തിൽ വാൽ ചലിപ്പിക്കുന്നത് ആവേശത്തെ സൂചിപ്പിക്കുന്നു. ഉടമയെ അഭിവാദ്യം ചെയ്യുമ്പോഴോ നടത്തം അല്ലെങ്കിൽ ആസ്വാദ്യകരമായ എന്തെങ്കിലും പ്രതീക്ഷിക്കുമ്പോഴോ ഇതു കാണാം. ചാടുക, കുരയ്ക്കുക എന്നിങ്ങനെ ആവേശത്തിന്റെ മറ്റ് അടയാളങ്ങളും നായ കാണിച്ചേക്കാം.
ഉത്കണ്ഠ, കീഴടങ്ങല്‍
വാൽ താഴ്ത്തിപ്പിടിച്ച്, സാവധാനം ആട്ടുന്നത് ഉത്കണ്ഠയെയോ വിധേയത്വത്തെയോ സൂചിപ്പിക്കുന്നു. കണ്ണിൽ നോക്കുന്നത് ഒഴിവാക്കുക, ശരീരം താഴ്ത്തുക, അല്ലെങ്കിൽ കാലുകൾക്കിടയിൽ വാൽ തിരുകുക തുടങ്ങിയവ കീഴടങ്ങൽ സൂചിപ്പിക്കുന്നു.
ജാഗ്രത, പ്രക്ഷുബ്ധം
വാൽ ഉയർത്തി ബലമായി ആട്ടുന്നത് താൻ ജാഗരൂകനോ പ്രകോപിതനോ ആണെന്നതിന്റെ സൂചനയാണ്. ഭീഷണി നേരിടുമ്പോഴോ സ്വയം ശക്തനെന്ന് ഉറപ്പിക്കേണ്ടിവരുമ്പോഴോ ഇതുണ്ടാകാം. പിരിമുറുക്കമുള്ള ശരീരം, ഉയർന്ന കുഞ്ചിരോമങ്ങൾ, കണ്ണിലേക്ക് സൂക്ഷിച്ചു നോക്കൽ എന്നിവയും ഒപ്പമുണ്ടാകും.
അരക്ഷിതം, അനിശ്ചിതത്വം
വാൽ പാതി ഉയർത്തി വളരെ പതുക്കെ ആട്ടുന്നത് സാഹചര്യത്തെക്കുറിച്ച് നായയ്ക്ക് ഉറപ്പില്ല അല്ലെങ്കിൽ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു എന്നതിന്റെ സൂചനയായി കാണാം. സാഹചര്യവും ആളുകളുടെയോ മറ്റു മൃഗങ്ങളുടെയോ പെരുമാറ്റവും വിലയിരുത്തി പ്രതികരണരീതി തീരുമാനിക്കുന്നതിന്റെ സൂചനയുമാകാം.
ആക്രമണാത്മകം
ഉയർന്നതും വേഗത്തിലുള്ളതുമായ വാലാട്ടൽ ചിലപ്പോൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അതു സന്തോഷത്തേക്കാൾ ആക്രമണത്വരയെ ആവാം സൂചിപ്പിക്കുന്നത്. ഇത്തരം വാലാട്ടൽ പലപ്പോഴും കർക്കശമാണ്. മുറുമുറുപ്പ്, പല്ലുകൾ പുറത്തു കാണിക്കൽ, ദേഷ്യം പ്രകടിപ്പിക്കുന്ന ശരീരഭാവം എന്നിവ ഒപ്പമുണ്ടാകും.