ADVERTISEMENT

സൈബീരിയൻ ഹസ്കി എന്ന നായ ഇനം കേരളത്തിൽ എത്തിയിട്ട് നാളേറെയായി. വെളുപ്പും കറുപ്പ്/ബ്രൗൺ നിറത്തില്‍ ഇടതൂർന്ന രോമങ്ങളുള്ള സൈബീരിയൻ ഹസ്കി ആരെയും ആകർഷിക്കും. നീല അല്ലെങ്കിൽ ബ്രൗൺ അല്ലെങ്കിൽ ഈ രണ്ടു നിറങ്ങളിലും കാണപ്പെടുന്ന (odd eye) കണ്ണുകളും മാസ്ക് ധരിച്ചതുപോലുള്ള മുഖവും ഈ ഇനത്തിന്റെ സൗന്ദര്യമാണ്. റഷ്യൻ പ്രവിശ്യയായ സൈബീരിയയിൽ ഉരുത്തിരിഞ്ഞതുകൊണ്ടാണ് സൈബീരിയൻ ഹസ്കി എന്നു പേരു വന്നത്. 

anju-husky-2

ചെന്നായയുടെ രൂപമുള്ള ഇവർ കായികക്ഷമതയിലും ബുദ്ധികൂർമതയിലും മുൻപിലാണ്. പരിചയമില്ലാത്തവരോടും മറ്റു നായ്ക്കളോടും ആക്രമണ സ്വഭാവം കാണിക്കുന്ന പ്രകൃതമല്ല. കുറച്ചു സ്ഥലത്തും അനായാസം വളർത്താം. അതുകൊണ്ടുതന്നെ ഫ്ലാറ്റുകളിലും വളർത്താം. എന്നാൽ, വ്യായാമം ആവശ്യമാണ്. കുരയ്ക്കുന്ന സ്വഭാവം കുറവാണ്. എന്നാൽ, ഉടമയോടുള്ള ഇഷ്ടം പ്രകടിപ്പിക്കാൻ പ്രത്യേക രീതിയിൽ ശബ്ദമുണ്ടാക്കും. കഴിവതും ഉടമയോട് ഒപ്പമായിരിക്കുന്നതാണ് ഇഷ്ടം.  

രോമാവൃതമായ ശരീരമാണെങ്കിലും വൃത്തിയിൽ ഏറെ ശ്രദ്ധയുള്ളവരാണ്. ‘സെൽഫ് ക്ലീനിങ്’ ആണ് ഇവരുടെ സവിശേഷത. ഈ വൃത്തിയാക്കൽ സ്വഭാവം കാരണം ശരീരത്തിനു ദുർഗന്ധം കുറവാണ്. കുളി വല്ലപ്പോഴും മതി. മഞ്ഞുപ്രദേശങ്ങളിൽ ചെറിയ വസ്തുക്കൾ വലിക്കാനും മറ്റും ഇവയെ  ഉപയോഗിക്കുന്നുണ്ട്. തണുപ്പു കാലാവസ്ഥയിൽ ജീവിച്ചിരുന്ന ഇവർ ഇന്ന് ഉഷ്ണകാലാവസ്ഥയോടും പൊരുത്തപ്പെട്ടുതുടങ്ങി. എങ്കിലും ചൂട് അധികമില്ലാത്ത അന്തരീക്ഷത്തിൽ വളർത്തുന്നതാണു നല്ലത്. 

അഞ്ജുവും ടിയയും ടെസയും നായ്ക്കൾക്കൊപ്പം
അഞ്ജുവും ടിയയും ടെസയും നായ്ക്കൾക്കൊപ്പം

അഞ്ജുവിനു ഹസ്കി മികച്ച കംബാനിയന്‍

സൈബീരിയൻ ഹസ്കി നായ്ക്കളുടെ ഭംഗിയും സ്വഭാവവും കണ്ട് ഇഷ്ടപ്പെട്ടാണ് 2019ൽ അഞ്ജു തെരേസ ഒരു നായ്ക്കുട്ടിയെ വാങ്ങിയത്. തുടക്കം റോട്ട്‌വെയ്‌ലറിലായിരുന്നെങ്കിലും ഇന്ന് എറണാകുളം കറുകുറ്റി പൈനാടത്ത് വീട്ടിൽ 6 സൈബീരിയൻ ഹസ്കികളുണ്ട്. ഒപ്പം 2 റോട്ട്‌വെയ്‌ലറുകളും. കോളജ് അധ്യാപികയിൽനിന്ന് അരുമപരിപാലകയിലേക്ക് ചുവടുമാറിയ അഞ്ജു ഇതിലൂടെ മികച്ച വരുമാനവും നേടുന്നുണ്ട്. കേരളത്തിൽ ചൂടു കൂടിയ കാലാവസ്ഥയാണെങ്കിലും ഈ ഇനം നായ്ക്കളെ അനായാസം വളർത്താമെന്ന് അഞ്ജു. ഉഷ്ണകാലത്ത് ഫാനോ കൂളറോ വച്ചു നൽകാം. വെള്ളം ധാരാളം കുടിക്കുന്നതിനാൽ എപ്പോഴും ശുദ്ധജലം ഉറപ്പാക്കണം. ഒരു ഗാർഡ് ഡോഗ് എന്ന രീതിയിൽ ഇവയെ വളർത്താൻ കഴിയില്ല. എന്നാൽ, മികച്ച കംബാനിയൻ നായയാണ്. രോമക്കാരായതുകൊണ്ടുതന്നെ ദിവസവും ചീകിയൊരുക്കുന്നതു നന്ന്. പൊതുവേ ദുർഗന്ധമില്ലാത്ത ശരീരമായതുകൊണ്ടുതന്നെ വല്ലപ്പോഴും മാത്രമാണ് കുളിപ്പിക്കുക. വർഷത്തിൽ ഒരു തവണ രോമം പൊഴിക്കാറുണ്ട്. 

ഭക്ഷണത്തോട് അമിതാവേശമുള്ളവരല്ല സൈബീരിയൻ ഹസ്കികൾ. അതുകൊണ്ടുതന്നെ ഒരുപാട് കഴിക്കുന്ന പ്രകൃതവുമല്ല. രണ്ടു നേരമായിട്ടാണ് തന്റെ നായ്ക്കൾക്ക് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നതെന്ന് അഞ്ജു. ചോറിനൊപ്പം ചിക്കൻ, ചിക്കൻ പാർട്സ്, മത്തി പോലുള്ളത് ചേർത്താണ് നൽകുക. കൂടാതെ വൈറ്റമിൻ, ധാതുലവണങ്ങൾ എന്നിവയും നൽകാറുണ്ട്. 

anju-husky-3
ചാർളി എന്ന നായയ്‌ക്കൊപ്പം ടെസയും ടിയയും

നായ്ക്കളെ അരുമയായി വളര്‍ത്തുന്നതിനൊപ്പം കുഞ്ഞുങ്ങളുടെ വിൽപനയിലൂടെ മികച്ച വരുമാനം നേടാനും അഞ്ജുവിനു സാധിക്കുന്നു. 6 നായ്ക്കളിൽ അഞ്ചും പെണ്ണ്. ഒരു പ്രസവത്തിൽ 4–6 കുട്ടികളെ ലഭിക്കും. 15 ദിവസം അമ്മയുടെ പാൽ കുടിച്ച് അമ്മയ്ക്കൊപ്പമായിരിക്കും കുഞ്ഞുങ്ങൾ കഴിയുക. 15 ദിവസം പ്രായമാകുമ്പോൾ കുഞ്ഞുങ്ങളുടെ തൂക്കം നോക്കി ആദ്യ വിരമരുന്നു നൽകും. തുടർന്ന് 2–3 ദിവസം കഴിയുമ്പോൾ നായ്ക്കുട്ടികൾക്കുള്ള തീറ്റ കുറുക്കു രൂപത്തിൽ ചെറിയ തോതിൽ നൽകിത്തുടങ്ങും. അമ്മയുടെ പാലിനൊപ്പം സാന്ദ്രിത തീറ്റയും ലഭിക്കുന്നതിനാൽ കുട്ടികൾക്ക് നല്ല വളർച്ചയും ആരോഗ്യവും ഉണ്ടായിരിക്കും. 45 ദിവസം പ്രായമാകുമ്പോൾ മൾട്ടി കംപോണന്റ് വാക്സീൻ കൂടി നൽകിയശേഷമാണ് വിൽപന. കേരളത്തിന് അകത്തും പുറത്തുമായി 20 സൈബീരിയൻ ഹസ്കി നായ്ക്കുട്ടികളെ ഇതുവരെ വിൽക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അ‍ഞ്ജു. ഭർത്താവ് ലിജോയും മക്കളായ ടെസയും ടിയയും അഞ്ജുവിന്റെ നായക്കമ്പത്തിന് ഒപ്പമുണ്ട്.

ഫോൺ: 8891834039

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com