ADVERTISEMENT

ഒരലർച്ചയോടെ മഹേന്ദ്രൻ ജീപ്പിന്റെ ഡോർ വലിച്ചു തുറന്ന് പുറത്തേക്ക് വീണു. കഴുത്തിൽ ചുറ്റിയ പാമ്പിനെ വലിച്ചെറിയാനുള്ള ശ്രമത്തിലായിരുന്നു അവൻ. അലറിക്കൊണ്ട് മഹേന്ദ്രൻ തറയിലെ മഴവെള്ളത്തിലൂടെ ഉരുണ്ടു. മഹേന്ദ്രന്റെ അലർച്ചയും ബഹളവും കേട്ട് സെക്യൂരിറ്റിക്കാർ ഓടി വരുന്നുണ്ടായിരുന്നു. അവർ ഓടി വന്നപ്പോൾ കണ്ടത് വിചിത്രമായ ഒരു കാഴ്ച ആയിരുന്നു. ജീപ്പിനടുത്ത് തറയിൽ മഴവെള്ളത്തിൽ കിടന്നുരുളുന്ന മഹേന്ദ്രൻ.

"സാറേ ... " സെക്യൂരിറ്റിക്കാർ മഹേന്ദ്രനെ പിടിച്ചു പൊക്കി.

"എന്താ... സാറേ എന്തു പറ്റി?"

"പാമ്പ്... പാമ്പ് "

തന്റെ കഴുത്തിൽ പിടിച്ചുകൊണ്ട് മഹേന്ദ്രൻ അലറി. സെക്യൂരിറ്റിക്കാരും ആദ്യം ഭയന്നു പോയി.

"പാമ്പോ ... എവിടെ?"

"എന്റെ കഴുത്തിൽ ചുറ്റി." മഹേന്ദ്രൻ വീണ്ടും കുതറി.

സെക്യൂരിറ്റിക്കാർ പരസ്പരം നോക്കി.

"എന്റെ സാറേ... ഇവിടെ പാമ്പും ചേമ്പും ഒന്നുമില്ല. സാറ് വെള്ളമടിച്ച് പാമ്പ് ആയതു കൊണ്ട് തോന്നുന്നതാ.. " മഹേന്ദ്രൻ ഞെട്ടിപ്പിടഞ്ഞ് തന്റെ ശരീരത്തിലേക്ക് നോക്കി.

"ഞാൻ... ഞാൻ കണ്ടത് ആണല്ലോ "

"എന്റെ പൊന്നു സാറേ " സെക്യൂരിക്കാർ ചിരിച്ചു.

"കള്ള് ഓവറായാൽ ഇങ്ങനെ മായക്കാഴ്ചകൾ ഒക്കെ കാണും. ഇന്നിപ്പം പാമ്പ് കൊത്താൻ വന്നതല്ലേ കണ്ടുള്ളു. നാളെ ചിലപ്പോ ആന കുത്താൻ വരുന്നതായി കാണും. വല്ല സുന്ദരിമാരേം സങ്കൽപിച്ച് കിടന്ന് ഉറങ്ങാൻ നോക്ക്"

മഹേന്ദ്രന് വല്ലാത്ത കുറച്ചിൽ അനുഭവപ്പെട്ടു. സെക്യൂരിറ്റിക്കാരുടെ മുഖത്ത് നോക്കാതെയാണ് ഒരു വിധം മുറിയിലേക്ക് നടന്നത്.

ലിഫ്റ്റിൽ കയറുമ്പോഴും ശരീരത്തിലെ വിറയൽ മാറിയിരുന്നില്ല. ഒരു വിധം മുറിയിൽ എത്തി. ബെഡ്ഡിലേക്ക് ഇരുന്നു. താൻ കണ്ടത് സ്വപ്നം അല്ലായിരുന്നു എന്ന് മഹേന്ദ്രന് ഉറപ്പായിരുന്നു. തനുജ പറഞ്ഞതു പോലെ നാഗയക്ഷി കളി തുടങ്ങിയോ? ഒരു നിമിഷം മഹേന്ദ്രൻ കണ്ണുകൾ അടച്ചിരുന്നു.

ഇല്ല... എന്തു വന്നാലും പിന്നോട്ട് ഇല്ല. നൂറ് കോടിയാണ് മുമ്പിൽ. ഈ സമയം ശക്തിയേറിയ വെളിച്ചമുള്ള ടോർച്ചകളുമായി സെക്യൂരിറ്റിക്കാർ ഹോട്ടലിന്റെ പരിസരം പരിശോധിക്കുകയായിരുന്നു. മഹേന്ദ്രൻ പാമ്പിനെ കണ്ടു എന്നു പറഞ്ഞത് പൂർണ്ണമായി അവർ തള്ളിക്കളഞ്ഞിരുന്നില്ല.

ടോർച്ച് വെട്ടത്തിൽ സെക്യൂരിക്കാർ വിചിത്രമായ ഒരു കാഴ്ച കണ്ടു. തറയിൽ വീതിയേറിയ ഒരു പാമ്പ് കിടന്നതിന്റെ പാട്.

സെക്യൂരിറ്റിക്കാർ ഭീതിയോടെ ആ പാടിനു മീതെ കൂടി ടോർച്ച് മിന്നിച്ച് പോയി. ഇരുപതടി നീളമുള്ള ഒരു പാമ്പ് മണ്ണിൽ കിടന്നതിന്റെ പാട് !

അതിന്റെ പത്തിക്ക് ഒരു മുറത്തിന്റെ വീതി ഉണ്ടായിരുന്നു. സെക്യൂരിറ്റിക്കാർ ഭീതിയോടെ പിന്നോട്ട് ചുവടുകൾ വച്ചു.

അടുത്ത മഴ തുടങ്ങി. മഴവെള്ളം ഇരുവശത്തു നിന്നും ഇരച്ചു വന്ന് നനഞ്ഞ മണലിലെ പാമ്പിന്റെ പാട് മായ്ച്ചു കളഞ്ഞു.

*****    ******    ******    ******

പിറ്റേന്ന് രാവിലെ. കുമ്പളം കായൽ. 

ഇടിമിന്നൽ പോലെ നാല് പൊലീസ് ജീപ്പുകൾ പാഞ്ഞു വന്നു നിന്നു. ജീപ്പിന്റെ ചക്രങ്ങൾ നനഞ്ഞ പുല്ലിനു മീതെ കൂടി നിരങ്ങിപ്പോയി. വേറെ പൊലീസുകാരും നാട്ടുകാരും അവിടെ നിൽപ്പുണ്ടായിരുന്നു. ചാനലുകളുടെ വാഹനങ്ങളുമുണ്ട്.

കപ്പിത്താന്റെ വാൻ കരയിൽ ഇട്ടിരുന്ന ഒരു ജെസിബിയിലേക്ക് വലിച്ച് കെട്ടിയിരുന്നു. കപ്പിത്താന്റെ മൃതശരീരം എടുത്ത് കരയിൽ കിടത്തിയിരുന്നു. എസിപി ആൻറണി അലക്സ് തേവയ്ക്കൻ ഇറങ്ങി.

"തേവയ്ക്കൻ സാറ് വരുന്നു" എസ്ഐ ഹനീഫ സിഐ മുരളിയെ നോക്കി. സിഐ മുരളി നേരെ എസിപിക്ക് മുമ്പിൽ വന്ന് അറ്റൻഷനായി.

"എന്താ മുരളീ കേസ്"

എസിപി തേവയ്ക്കൻ സിഐ മുരളിയെ നോക്കി.

"ഇറ്റ്സ് എ ക്ലീൻ കേസ് ഓഫ് മർഡർ സാർ''

മുരളി കപ്പിത്താന്റെ ബോഡിക്ക് നേരെ ഒന്നു നോക്കി.

"കൊന്ന് കൊണ്ടു വന്ന് വാനിലാക്കി തള്ളിയതാ "

"എനി ക്ലൂ"

"സർ.. ഈ വാനിന് ഒപ്പം ഒരു ജീപ്പ് കൂടി അരൂർ പാലം കടന്നതായി സിസി ടിവി ഫുട്ടേജിൽ കാണുന്നുണ്ട്.

മഹീന്ദ്രയുടെ എസ്‌യുവിയായ ഥാർ ആണെന്ന് കരുതുന്നു."

"ഗുഡ്. ബോഡി തിരിച്ചറിഞ്ഞോ?"

"ഇല്ല "

"അതിനുള്ള ഏർപ്പാടുകൾ ചെയ്യ്. മീഡിയയുടെ സപ്പോർട്ട് കൂടി തേടിക്കോ. പിന്നെ, ആ വണ്ടി ട്രെയ്സ് ചെയ്യ്. ട്രാഫിക്ക് കൺട്രോളിന് വീഡിയോ ഫുട്ടേജുകൾ കൊട്"

"സർ''

"അപ്ഡേറ്റ് മീ "

പറഞ്ഞിട്ട് എസിപി തേവയ്ക്കൻ തിരിഞ്ഞു.

******    ******     *******    ******    ******

നാഗത്താൻ കാവ്.

ആയില്യം പൂജയ്ക്ക് പിറ്റേന്ന് പതിവു പോലെ നാഗരാജാവിനും നാഗയക്ഷിയമ്മയ്ക്കും നൂറും പാലും സമർപ്പിക്കാൻ എത്തിയതായിരുന്നു വാസുകി. മഞ്ഞൾപ്പൊടിയും പാലും വിഗ്രഹങ്ങൾക്ക് മുമ്പിൽ സമർപ്പിച്ച് വാസുകി നിവരുകയായിരുന്നു. പൊടുന്നനെ തറ കുലുങ്ങി. നാഗത്താൻ കാവിലെ വൃക്ഷങ്ങൾ കൊടുങ്കാറ്റിൽ ആടിയുലഞ്ഞു. ചെറു മരങ്ങൾ കാറ്റിൽ പറന്നു പോയി. അടുത്ത നിമിഷം നാഗത്തറ പിളർന്നു കൊണ്ട് അഞ്ചു തലയുള്ള ഒരു കൂറ്റൻ സ്വർണ്ണ നാഗം ഉയർന്നു വന്നു.

നാൽപത് അടിയോളം ഉയരത്തിൽ ശീഷനാഗം പത്തി വിരിച്ചു നിന്നു. നാഗത്താൻ കാവ് സൂര്യപ്രകാശം കിട്ടാതെ ഇരുട്ടിലാണ്ടു പോയി.

ശീഷ നാഗത്തിന്റെ സ്വർണ്ണ നിറമുള്ള ഉടലിന്റെ തിളക്കവും അഞ്ച് തലയിലെയും പത്തു വട്ടക്കണ്ണുകളുടെ വൈഡൂര്യം പോലത്തെ തിളക്കവും ആയിരുന്നു കാവിൽ. ശീഷ നാഗത്തിന്റെ സീൽക്കാരത്തിൽ കാവ് കൊടുങ്കാറ്റ് പിടിച്ചതു പോലെ വിറച്ചു. മരത്തലപ്പുകളിൽ തീയ് ചിതറി.

"നാഗയക്ഷിയമ്മേ....." വാസുകി വിറച്ച് കൊണ്ട് അലറി. നാഗയക്ഷിയുടെ അഞ്ച് തലയുള്ള സ്വർണ്ണപ്പത്തി വാസുകിക്ക് നേരെ താഴ്ന്നു വന്നു.

(തുടരും )