ADVERTISEMENT

"എന്താടീ.."

മഹേന്ദ്രന് ആദ്യം ഒന്നും മനസ്സിലായില്ല. തനുജ വിരൽ ചൂണ്ടിയിടത്ത് മഹേന്ദ്രൻ കണ്ടത് പുകമഞ്ഞ് മാത്രം. അടുത്ത നിമിഷം കാറ്റ് ആഞ്ഞു വീശി. ഇപ്പോൾ എല്ലാവരും വ്യക്തമായി കണ്ടു.

പുഴക്കരയിലെ തോണിയിൽ ചെമ്പട്ട് പുതച്ചിരിക്കുന്ന ഒരു സ്ത്രീ. അവരുടെ മുഖത്തിന്റെ പാതിഭാഗവും ചുവന്ന കുങ്കുമം പൂശിയിരുന്നു.

"വാ... വാ'' അവർ കൈ നീട്ടി മഹേന്ദ്രനെയും കൂട്ടരെയും വിളിച്ചു.

"പാമ്പ് പിടിക്കാതെ മൂർഖൻ ചാൽ കടക്കണ്ടെ. വാ..." മഹേന്ദ്രനും കൂട്ടരും ഒന്നു പകച്ചു.

"മഹീ.. " സച്ചിൻ മഹേന്ദ്രന്റെ തൊട്ടു പിന്നിലെത്തി.

"മുമ്പോട്ട് പോവണ്ട. ആ സ്ത്രീയെ കാണുമ്പോൾ തന്നെ അറിയാം എന്തോ കുഴപ്പം ഉണ്ടെന്ന്. ഇങ്ങനെ ഒരാളെ കുറിച്ച് വാസുകിയോ കപ്പിത്താനോ പറഞ്ഞിട്ടുമില്ല" മഹേന്ദ്രനും ഒന്ന് അറച്ചു നിന്നു. സച്ചിൻ പറയുന്നതിൽ കാര്യമുണ്ടെന്ന് മഹേന്ദ്രനും തോന്നി.

"മഹീ..." അടുത്ത നിമിഷം തനുജ മുമ്പോട്ട് വന്നു. അവളുടെ കൈയിൽ ആദ്യ വരവിൽ വാസുകി സമ്മാനിച്ച നാഗദന്തി വേര് ഉണ്ടായിരുന്നു.

"ഞാനൊന്ന് നോക്കട്ടെ" തനുജ നാഗദന്തി വേരുമായി മുമ്പോട്ട് ചെന്നതും പൊടുന്നനെ ഒരു കാറ്റ് വീശി. മേഘങ്ങൾ ഇറുന്നു വീണതു പോലെ പുഴക്കരയിൽ മൂടൽമഞ്ഞ് നിറഞ്ഞു. ഒന്നു രണ്ടു നിമിഷത്തേക്ക് എല്ലാവരുടെയും കാഴ്ച മങ്ങിപ്പോയി. ഒരു കാറ്റ് കൂടി വീശി. പുഴക്കരയിലെ ദൃശ്യം തെളിഞ്ഞു. അവിടേക്ക് നോക്കിയ എല്ലാവരും അമ്പരന്നു പോയി. പുഴക്കരയിൽ തോണി മാത്രം.

അതിൽ ആരുമില്ല.

"പരീക്ഷണങ്ങൾ തുടങ്ങുകയാണ്...'' തനുജ മുഖം തിരിച്ച് മഹിയെ നോക്കി.

"മഹീ... ഞാൻ വീണ്ടും പറയുന്നു"

"മിണ്ടരുത്... നീ '' മഹേന്ദ്രന്റെ പല്ലുകൾ ഞെരിഞ്ഞു.

"ഈ വനത്തിൽ നിന്ന് എനിക്ക് തിരിച്ചു പോക്ക് രണ്ടേ രണ്ട് രീതിയിലാ. ഒന്നെങ്കിൽ, കോടീശ്വരൻ ആയിട്ട്... അല്ലെങ്കിൽ ശവം ആയിട്ട്... " പിന്നെ, തനുജ ഒന്നും മിണ്ടിയില്ല.

എല്ലാവരും പുഴക്കരയിൽ എത്തി. ഓരോരുത്തരായി തോണിയിലേക്ക് കയറി.

"സൂക്ഷിക്കണം"

മഹേന്ദ്രൻ എല്ലാവരെയും നോക്കി. പിന്നെ, പതിയെ തോണിയുടെ തുഴ കൈയിലെടുത്തു. തോണി പതിയെ മൂർഖൻ ചാലിലേക്ക് ഇറങ്ങി.

******    ******    ******     *******     ******

ഇടിമിന്നൽ പോലെ രണ്ട് ലാൻഡ് റോവർ വാനുകൾ എയർപോർട്ട് റോഡിലൂടെ പാഞ്ഞു വന്ന് മാരിയറ്റ് ഹോട്ടലിന്റെ പോർച്ചിലേക്ക് കയറി നിന്നു. വയലിൻ കേയ്സുകൾ ചുമലിൽ ഇട്ടു കൊണ്ട് നാലു പേർ ഇറങ്ങി. അബ്ദുള്ള കാത്ത് നിൽപ്പുണ്ടായിരുന്നു.

"വരൂ" അബ്ദുള്ള അവരെയും കൂട്ടി ലിഫ്റ്റിൽ കയറി മുകളിലേക്ക് പോയി. വിശാലമായ സ്യൂട്ടിന്റെ ലോബിയിൽ കബനീ ദേവി കാത്തിരിപ്പുണ്ടായിരുന്നു.

"ദുബൈ ടീം"

കബനീ ദേവീ അവരെ നോക്കി പുഞ്ചിരിച്ചു.

"നിങ്ങൾ ഇപ്പോൾ തന്നെ ജാനകിക്കാട് കയറുകയല്ലേ "

"യെസ് മാഡം''

"സൂക്ഷിക്കണം"

"പാമ്പുകളെ ഞങ്ങൾക്ക് പേടിയില്ല മാഡം. ഡെസേർട്ടുകളിലെ അണലികളെ പേടിയില്ല... പിന്നല്ലേ..." നേതാവ് എന്നു തോന്നിച്ച ആൾ ചിരിച്ചു.

"നിങ്ങൾ കരുതുന്ന പോലെ അല്ല ജാനകിക്കാട് " കബനീ ദേവി എണീറ്റു.

"നാഗദൈവങ്ങളുടെ അനുഗ്രഹം ഇല്ലാത്ത ഒരാൾക്കും ആ വിഗ്രഹത്തിന്റെ അടുത്ത് ചെല്ലാൻ ആവില്ല. ഇപ്പോൾ ആ കുട്ടികളുടെ കൂട്ടത്തിൽ അങ്ങനെ ഒരാളുണ്ട്... "

കബനീ ദേവി ഒന്നു നിർത്തി.

"തനുജ. അവളെ മുമ്പിൽ നിർത്തിൽ നിലവറ ക്ഷേത്രം വരെ ഒരു പരിക്കും കൂടാതെ അവർക്ക് ചെല്ലാൻ ആവും. ബാക്കിയൊക്കെ ഭ്രാന്തു പിടിച്ച ആ പയ്യൻ ചെയ്തോളും. മഹേന്ദ്രൻ." കബനീ ദേവി ഒന്നു ചിരിച്ചു.

"നൂറ് കോടിയുടെ മഹത്തായ സ്വപ്നത്തിലാ അവൻ "

"ഞങ്ങൾ'' ദുബൈ ടീം എണീറ്റു.

"ചെല്ല്." കബനീ ദേവി മനോഹരമായി പുഞ്ചിരിച്ചു.

"നിങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും അബ്ദുള്ള ചെയ്യും. സൂക്ഷിച്ച് വേണം ഓപ്പറേഷൻ. ആ പിള്ളേരിൽ ഒരാൾ പോലും ഇനി ജീവനോടെ വേണ്ട" കബനീ ദേവി അവസാന വാക്ക് പോലെ പറഞ്ഞു.

"ശരി മാഡം" ദുബൈ ടീം എണീറ്റു. അവർ വാതിലിനു പുറത്ത് കടന്നു.

"അബ്ദുള്ള " കബനീ ദേവി വിളിച്ചു.

"മഹേന്ദ്രനും കൂട്ടരും നമ്മുടെ സർവൈലൻസിൽ തന്നെ ആയിരിക്കണം. ഈ വന്നിരിക്കുന്ന ദുബൈ ടീമിനെ വരെ വെട്ടിക്കാൻ കഴിവുള്ളവനാ അവൻ "

"എനിക്ക് അറിയാം മാഡം" അബ്ദുള്ള തല കുലുക്കി കൊണ്ട് തിരിഞ്ഞു.

******     ********     ********    *******    ******

വാസുകിയുടെ ഏറുമാടത്തിന് താഴെ എത്തി മഹേന്ദ്രനും കൂട്ടരും നിന്നു. കുറച്ച് ആദിവാസികൾ അവിടെ കൂടി നിൽപ്പുണ്ടായിരുന്നു.

ദൂരെ എരിയുന്ന ഒരു ചിത.

"വാസുകി അയ്യ... സത്തു പോയിട്ടാങ്കേ.."

ആദിവാസികളിൽ ഒരാൾ മഹേന്ദ്രനെ വിഷമത്തോടെ നോക്കി. എല്ലാവരും ഞെട്ടിപ്പോയി. വാസുകി മരിച്ചെന്ന്.

ദൂരെ എരിയുന്ന ചിത വാസുകിയുടേതാണം. അത് എരിയുന്നത് തങ്ങളുടെ നെഞ്ചിൽ ആണെന്ന് തനുജയ്ക്ക് തോന്നി.

" ഈ നാഗയക്ഷിയുടെ നിലവറ ക്ഷേത്രം ... " ഫയാസ് ആദിവാസികളെ നോക്കി.

ആദിവാസികളുടെ കണ്ണിൽ ഒരു ഭയപ്പാട് ഉണ്ടായി. പരസ്പരം നോക്കിയിട്ട് അവർ പിന്നാക്കം വലിഞ്ഞു കളഞ്ഞു. ഒരു യുവതി മാത്രം അവിടെ നിന്നു.

"എന്താ നിന്റെ പേര്?" ശ്രേയ അവളെ നോക്കി.

"ചെമ്പരത്തി"

"നിലവറ ക്ഷേത്രം നീ കാണിച്ച് തരുമോ ഞങ്ങൾക്ക് ?"

"തരാം" ചെമ്പരത്തി ശബ്ദമില്ലാതെ ചിരിച്ചു. അവളുടെ കൂർത്ത ഉളിപ്പല്ലുകളുടെ തിളക്കം മഹേന്ദ്രനും കൂട്ടരും കണ്ടില്ല.

"വാ ..."

ചെമ്പരത്തി കാണിച്ച വഴിയിലൂടെ അവർ ഉൾക്കാട്ടിലേക്ക് കയറി. ചുറ്റും ഇരുൾ പരന്ന് തുടങ്ങിയിരുന്നു. പന്ത്രണ്ട് കിലോമീറ്ററോളം വനത്തിലൂടെയുള്ള യാത്ര. ദൂരെ മൈതാനം പോലെയുള്ള ഒരു സ്ഥലം കണ്ടു.

"അതാണ് സ്ഥലം..." ചെമ്പരത്തി മഹേന്ദ്രനെയും കൂട്ടരെയും നോക്കി. മൈതാനത്തിന്റെ ചില ഭാഗങ്ങളിൽ തീ എരിയുന്നുണ്ട്.

"അതാണോ?" തനുജ അമ്പരപ്പോടെ ചെമ്പരത്തിയെ നോക്കി.

"പോയി നോക്കു" ചെമ്പരത്തി വീണ്ടും ചിരിച്ചു.

മഹേന്ദ്രനും കൂട്ടരും ഒന്നറച്ചിട്ട് മുമ്പോട്ട് നടന്നു. വിശാലമായ മൈതാനത്തിന്റെ നടുവിൽ എത്തി അവർ. ഒരു ചുടലപ്പറമ്പിൽ ആണ് തങ്ങൾ എന്ന് അവർക്ക് തോന്നി. പക്ഷേ, ആരും കാണാത്ത ഒരു കാഴ്ച തനുജ കണ്ടു. വളരെ വിചിത്രമായ ഒരു കാഴ്ച!

(തുടരും...)