നീലക്കൽ മലയിലേക്കുള്ള യാത്രയിൽ ആര് കൊല്ലപ്പെടും?
Mail This Article
"സാറേ.. " മാരി വിറച്ചു പോയി. കടിച്ചു വലിച്ചു കൊണ്ടിരുന്ന കോഴിക്കാൽ പിടിവിട്ട് പാറപ്പുറത്തേക്ക് വീണു.
"സാറ്... സാറ് എന്നതാ പറഞ്ഞത്?"
"നമ്മുക്ക് നീലക്കൽ മല വരെ പോവാം എന്ന് ."
"സാറേ... തമാശ പറയല്ലേ " മാരി ബ്രാണ്ടിക്കുപ്പി എടുത്ത് വായിലേക്ക് ചെരിച്ചു.
"കാര്യമില്ലാതെ നീലക്കൽ മല കയറിയവരൊന്നും തിരിച്ച് വന്നിട്ടില്ല"
"ഞങ്ങക്ക് കുറച്ച് കാര്യം ഉണ്ടെന്ന് കരുതിക്കോ മാരീ...." സച്ചിൻ ചിരിച്ചു.
"പറഞ്ഞില്ലേ ... നാഗബന്ധനം പഠിക്കാൻ ... " ഫയാസും മുമ്പോട്ടാഞ്ഞിരുന്നു.
"സാറേ... സാറൊക്കെ... സാറൊക്കെ അത് പഠിക്കുന്നത് എന്തിനാ?" മാരിയുടെ സ്വരത്തിൽ വിറയൽ ഉണ്ടായിരുന്നു.
"ചുമ്മാ.. " മഹേന്ദ്രൻ ചിരിച്ചു.
"ചുമ്മാതൊന്നുമല്ല... സാറിന്റെയൊക്കെ ലക്ഷ്യം വേറെ ഏതാണ്ടാ "
"ലക്ഷ്യം പറഞ്ഞാൽ മാരി കൂടെ നിൽക്കുമോ..?" മഹേന്ദ്രൻ മാരിയുടെ കണ്ണുകളിലേക്ക് നോക്കി.
"നിന്നാൽ മാരിക്ക് ഗുണമുണ്ട്" ഫയാസ് പ്രോത്സാഹിപ്പിച്ചു.
"പറയ് മാരീ.. " ശ്രേയയും ഫാത്തിമയും മാരിയെ നോക്കി.
തനുജ മാത്രം മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു.
"കൂടെ നിന്നാൽ....? " മാരി മഹേന്ദ്രന്റെ കണ്ണുകളിലേക്ക് നോക്കി.
"അങ്ങനെ ചോദിക്ക്... " മഹേന്ദ്രൻ ആവേശത്തിലായി.
"മാരിക്ക് ഗുണം ഉണ്ടാവും. ചെറിയ ഗുണം അല്ല. ലക്ഷങ്ങളുടെ ഗുണം."
"ലച്ചമാ ..." മാരിയുടെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു.
"അതെ ലക്ഷം'' സച്ചിൻ മുമ്പോട്ട് ആഞ്ഞിരുന്നു.
"പക്ഷേ, ഞങ്ങളെ സുരക്ഷിതരായി നീലക്കൽ മലയിൽ എത്തിക്കണം. നാഗബന്ധനത്തിന്റെ രഹസ്യം എങ്ങനെങ്കിലും ചോർത്തി എടുക്കണം. എങ്കിൽ മാരിക്ക് പത്തു ലക്ഷം രൂപ തരും"
മാരിക്ക് തന്റെ തല കറങ്ങുന്നത് പോലെ തോന്നി.
"കഴിക്ക് " ഒരു കോഴിക്കാൽ കൂടി എടുത്ത് മഹേന്ദ്രൻ നീട്ടി.
"ഇവിടീ പാമ്പും കാട്ടിൽ കിടന്ന് ജീവിതം തീർക്കാതെ മാരി നാട്ടിലേക്ക് പോര്. അവിടെ വന്ന് നല്ലൊരു സുന്ദരിപ്പെണ്ണിനേം കെട്ടി സുഖമായി ജീവിക്ക്. മാരിക്ക് ഒരു ജോലിയും ഞങ്ങൾ അവിടെ റെഡിയാക്കി തരാം." വിശ്വാസം വരാത്തതു പോലെ മാരി മഹേന്ദ്രനെ തുറിച്ച് നോക്കി.
"സത്യമാ മാരീ... " ഫയാസ് മാരിയുടെ ചുമലിൽ അമർത്തിപ്പിടിച്ചു.
"നീ കൂടെ നിൽക്ക് ..."
"അങ്ങനെ ഏതു ദിവസവും നീലക്കൽ മല കയറാൻ ആവില്ല " മാരി കോഴിക്കാൽ ഒന്നുകൂടി കടിച്ചു വലിച്ചു.
"പിന്നെ... ഏതു ദിവസം പോവണം?" മഹേന്ദ്രൻ ഉത്സാഹത്തോടെ മുമ്പോട്ട് ആഞ്ഞിരുന്നു.
"വെളുത്ത വാവിന് " മാരിയുടെ ബോധത്തെ മദ്യം ഏതാണ്ട് പൂർണ്ണമായി കീഴടക്കി കഴിഞ്ഞിരുന്നു.
"വെളുത്ത വാവ് ദിവസം നാഗദന്തി പൂവുകൾ വിരിയും. സർപ്പങ്ങൾ പത്തി മടക്കി മയങ്ങുന്ന രാത്രി കൂടിയാണ് അത്.
അന്നു വേണം നീലക്കൽ മല കയറാൻ."
"ഇനി എന്നാ വെളുത്ത വാവ്?" സച്ചിൻ ആവേശത്തോടെ മാരിയെ നോക്കി.
"അത്..."
മാരി കൈവിരലുകൾ മടക്കിയും നിവർത്തിയും ഒന്ന് ആലോചിച്ചു. പിന്നെ, ആവേശത്തോടെ തല തിരിച്ചു.
"നാളെ... നാളെയാ വെളുത്ത വാവ്"
"അടിപൊളി'' മഹേന്ദ്രൻ കൈയടിച്ചു.
"അപ്പോൾ നാളെത്തന്നെ നമ്മൾ നീലക്കൽ മല കയറുന്നു "
"എനിക്ക് പറഞ്ഞ കാശ് തരണം" മാരിയുടെ നാവ് കുഴഞ്ഞു തുടങ്ങിയിരുന്നു.
"പറഞ്ഞതിൽ കൂടുതൽ നിനക്ക് തരും" മഹേന്ദ്രൻ മാരിയുടെ ചുമലിൽ അമർത്തിപ്പിടിച്ചു.
"നീ കുടിക്കെടാ ..."
മഹേന്ദ്രൻ ബ്രാണ്ടിക്കുപ്പി എടുത്ത് മാരിക്ക് നേരെ നീട്ടി. മാരി അതു വാങ്ങി വായിലേക്ക് കമഴ്ത്തി. മഹേന്ദ്രൻ തല തിരിച്ച് എല്ലാവരെയും നോക്കി.
"അപ്പോൾ നാളെ രാത്രി നീലക്കൽമലയ്ക്ക് പുറപ്പെടുന്നു"
"ഒറ്റ രാത്രി കൊണ്ട് നാഗബന്ധനം പഠിക്കാനാവുമോ മഹീ..." ശ്രേയ മഹേന്ദ്രനെ നോക്കി.
"പഠിക്കാൻ കഴിഞ്ഞെന്നു വരില്ല. പക്ഷേ, അത് അറിയാവുന്ന ആളെ പൊക്കിക്കൊണ്ട് വരാൻ കഴിയും. വിന്ധ്യാ വലിയെ..."
മഹേന്ദ്രന്റെ കണ്ണുകളിൽ അപകടകരമായ ഒരു തിളക്കം ഉണ്ടായി. തനുജ ആദ്യം കാണുന്നത് പോലെ മഹേന്ദ്രനെ തുറിച്ച് നോക്കി.
നിറഞ്ഞ ഭീതി ആയിരുന്നു തനുജയുടെ കണ്ണുകളിൽ.
***** ****** ****** ****** ******
മാരിയറ്റ് ഹോട്ടലിൽ കബനീ ദേവിക്ക് മുമ്പിലായിരുന്നു എസിപി ആന്റണി അലക്സ് തേവയ്ക്കൻ. രണ്ടായിരത്തിന്റെ നോട്ടുകെട്ടുകൾ നിറച്ച ഒരു ചെറിയ ബ്രീഫ് കേയ്സ് കബനീദേവി ആൻറണിയുടെ മുമ്പിലേക്ക് തുറന്നു വച്ചു.
"ഓഫിസർ..,." കബനീ ദേവി വിളിച്ചു.
"ഇത് അമ്പത്. കപ്പിത്താൻ ഉൾപ്പെടുന്ന കോൺട്രവേഴ്സിയിൽ എന്നെ പെടുത്താതിരിക്കുന്നതിന്... പിന്നെ... " കബനീ ദേവി ഒന്നു നിർത്തി.
"കൊച്ചിയിലെ എന്റെ മിഷന് എന്നെ സഹായിച്ചാൽ... ഇനിയും ഇതു പോലത്തെ പണം നിറച്ച പെട്ടികൾ മുമ്പിൽ വരും.. "
ആൻറണി അലക്സ് തേവയ്ക്കന്റെ കണ്ണുകളിൽ ഒരു ചിരി ഉണ്ടായി.
"സാർ... മറുപടി ഒന്നും പറഞ്ഞില്ല" കബനീ ദേവി ആൻറണിയെ നോക്കി.
"അധികാരവും പണവും സൗന്ദര്യവും ഉള്ള സ്ത്രീകളെ എനിക്ക് ഇഷ്ടമാ." ബ്രീഫ് കേയ്സ് അടച്ചു കൊണ്ട് ആൻറണി അലക്സ് തേവയ്ക്കൻ എണീറ്റു.
"കൂടെയുണ്ട് ഞാൻ. എന്തു വേണം എന്ന് മാഡം പറഞ്ഞാൽ മതി... "
"താങ്ക്സ് "
കമ്പനീ ദേവിയുടെ ചെഞ്ചോര ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
***** ****** ****** ****** ******
പിറ്റേന്നത്തെ വെളുത്ത വാവ് രാത്രി. ഒൻപതു മണി കഴിഞ്ഞു. മാരിയുടെ നേതൃത്വത്തിൽ മഹേന്ദ്രനും കൂട്ടരും നീലക്കൽ മല കയറാൻ ഒരുങ്ങുകയായിരുന്നു. നാഗദന്തി പൂക്കൾ വിരിഞ്ഞു തുടങ്ങി.
"പോവാം " മഹേന്ദ്രൻ എല്ലാവരെയും നോക്കി.
"ഓക്കെ.. " ഫയാസും സച്ചിനും പെൺകുട്ടികളും നടന്നു തുടങ്ങി.
ഏറ്റവും പിന്നിൽ ആയിരുന്നു മഹേന്ദ്രൻ. പെൺകുട്ടികളുടെ മീതെ ആയിരുന്നു മഹേന്ദ്രന്റെ കണ്ണുകൾ. മൂന്നു കന്യകമാർ.
'ഇതിൽ... ഒരാൾ തിരികെ മല ഇറങ്ങില്ല..' മഹേന്ദ്രൻ മനസ്സിൽ ഉറപ്പിച്ചു.
ഇതേ സമയം...
കുടിലിൽ ഉറക്കത്തിലായിരുന്ന ചെമ്പരത്തി ഞെട്ടി ഉണർന്നു. ചെമ്പരത്തിയുടെ മിഴികൾ വൈരപ്പൊടി വീണതു പോലെ ഒന്നു മിന്നി. കോമ്പല്ലുകൾ വജ്രം പോലെ ഒന്നു തിളങ്ങി. ചെമ്പരത്തി കുടിലിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.
പിന്നെ, മഹേന്ദ്രനും കൂട്ടരും പോയ ദിശയിലേക്ക് നോക്കി. മഹേന്ദ്രനും കൂട്ടരും നീലക്കൽ മലയുടെ അടിവാരത്ത് എത്തി.
പെട്ടെന്നാണ് അതു സംഭവിച്ചത്....
(തുടരും...)