തനൂജയെ ബലി നൽകാൻ മഹേന്ദ്രൻ; രക്ഷിക്കാൻ ചെമ്പരത്തി...
Mail This Article
മഹേന്ദ്രൻ ഭയന്ന് വിന്ധ്യാവലിയെ നോക്കി. ''അവറ്റകളെ എങ്ങനെങ്കിലും ഒന്നു തിരിച്ചയക്ക്".
''പേടിക്കണ്ട...ആ വാതിലിനപ്പുറത്തേയ്ക്ക് അവ വരില്ല. നിലവറ ക്ഷേത്രത്തിന്റെ സൂക്ഷിപ്പുകാരാണവർ. അവകാശമില്ലാത്തവർ ക്ഷേത്രത്തിൽ കടന്നതറിഞ്ഞ് വന്നതാണ്. വന്നതു പോലെ തന്നെ നിങ്ങൾ തിരിച്ചു പോയാൽ അവ ഉപദ്രവിക്കില്ല. എത്രയും വേഗം പോകാൻ നോക്ക്. അവ വഴി മാറിത്തരും".
വിന്ധ്യാവലി മഹേന്ദ്രനെ നോക്കി.
"നമുക്കു വേഗം പോകാം സാർ.എനിക്ക് പേടിയാവുന്നു."
മാരി പേടിയോടെ മഹേന്ദ്രന്റെ കൈയ്യിൽ പിടിച്ചു.
മാരിയുടെ കൈ കുടഞ്ഞെറിഞ്ഞു കൊണ്ട് മഹേന്ദ്രൻ വിന്ധ്യാവലിയെ നോക്കി. "ഈ സ്വർണ്ണവിഗ്രഹവുമായേ മഹേന്ദ്രൻ പോകൂ....അതിനു വേണ്ടി എന്തും ഞാൻ ചെയ്യും. ആരെയും കൊല്ലും. എന്നെ സഹായിച്ചില്ലെങ്കിൽ നീയും നിന്റെ അപ്പനും പിന്നെ ഈ നിൽക്കുന്ന മാരിയും എല്ലാം ഇവിടെ... ഈ നിലവറ ക്ഷേത്രത്തിനുള്ളിൽ ചത്തുവീഴും.''
" ആരെയൊക്കെ കൊന്നാലും നാഗങ്ങൾ കാവൽ നിൽക്കുന്ന ഈ വിഗ്രഹം നിങ്ങൾക്ക് കിട്ടില്ല. ഈ കാടിന്റെ മാത്രമല്ല ഈ നാടിന്റെയും സംരക്ഷകനാണിത്.നാഗലോകം മുഴുവൻ കാവൽ നിൽക്കുന്ന ഈ മൂർത്തിയെ കടത്തിക്കൊണ്ടുപോകാൻ വന്നവരെല്ലാം ഈ കാട്ടിൽ തന്നെ ചത്തു മണ്ണടിഞ്ഞിട്ടുണ്ട്.'' വിന്ധ്യാവലി മഹേന്ദ്രനെ നോക്കി.
''നീ ... നീ വിചാരിച്ചാൽ ഈ പാമ്പുകളെ ആട്ടി ഓടിച്ചിട്ട് ഈ വിഗ്രഹവുമായി എനിക്ക് പോകാൻ പറ്റും. അല്ലെങ്കിൽ എല്ലാവരും ഇതിനുള്ളിൽ കിടന്ന് മരിക്കും.'' മഹേന്ദ്രൻ വിന്ധ്യാവലിയുടെ കണ്ണുകളിലേയ്ക്ക് നോക്കി.
ആത്മനിന്ദ കലർന്ന ഒരു ചിരി വിന്ധ്യാവലിയുടെ മുഖത്തുണ്ടായി. ''ഞാൻ വിചാരിച്ചാൽ ഇനി ഒന്നും നടക്കില്ല. പാരമ്പര്യമായി പകർന്നു കിട്ടിയ സിദ്ധികളെല്ലാം സ്വന്തം പ്രവർത്തി മൂലം കൈവിട്ടു കളഞ്ഞവളാ ഞാൻ. ഇനി ഞാൻ ഏതൊരു സാധാരണ സ്ത്രീയെയും പോലെ മാത്രമായിരിക്കും.നാഗബന്ധനം ഇനി ഒരിക്കൽ കൂടി ആവർത്തിക്കാൻ പോലും എനിക്ക് കഴിയില്ല. ഇന്നലെ വരെ എന്റെ ആജ്ഞ അനുസരിച്ചിരുന്ന നാഗങ്ങൾ തന്നെ എന്റെ ജീവനും എടുക്കും.'' വിന്ധ്യാവലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവൾ തറയിലേയ്ക്ക് ഇരുന്നു. തറയിൽ ബോധമില്ലാതെ കിടന്നിരുന്ന നാഗരാജൻ ഒന്നു തിരിഞ്ഞു കിടന്നു.
"സാറേ .... ഇനി നിന്നാൽ നമ്മളിവിടെ കിടന്ന് ചാവും. നമുക്ക് പോകാം" മാരി മഹേന്ദ്രനെ നോക്കി.
മഹേന്ദ്രൻ തിരിഞ്ഞ് രൂക്ഷമായി മാരിയെ ഒന്നു നോക്കിയിട്ട് വിന്ധ്യാവലിയുടെ അടുത്തേയ്ക്ക് ഇരുന്നു.
"നീ കരയണ്ട.... ഈ വിഗ്രഹവുമായി ഞാൻ നാട്ടിലേയ്ക്ക് പോകുന്നത് ഒറ്റയ്ക്കല്ല. ഒപ്പം നീയും ഉണ്ടാവും. നമുക്ക് അവിടെ സന്തോഷത്തോടെ ജീവിക്കാം. എന്തെങ്കിലും ഒരു വഴി പറഞ്ഞു താ..."
പതിയെ കണ്ണു തുടച്ചു കൊണ്ട് വിന്ധ്യാവലി മഹേന്ദ്രനെ നോക്കി.
''ഒരു വഴിയുണ്ട്...പക്ഷേ.. അതിന് ഒരു കന്യക വേണം. ഉദയത്തിനു മുമ്പായി ഒരു കന്യകയെ ഇവിടെ എത്തിച്ച് കരിനാഗത്തിന് സമർപ്പിച്ചാൽ ഈ വിഗ്രഹം കൊണ്ടു പോകാം. കൊണ്ടുവരുന്നത് കന്യകയെ അല്ലെങ്കിൽ പിന്നെ ഈ നിലവറയിൽ ഉള്ള ആരും പുറം ലോകം കാണില്ല."
'' ഇത്രേയുള്ളോ... വെരി സിമ്പിൾ.. എത്ര കന്യകമാരെ വേണമെങ്കിലും മഹേന്ദ്രൻ ഇവിടെ എത്തിക്കും. നീ ആ പാമ്പുകളെ ഒന്ന് മാറ്റി നിർത്ത്.ഞാനും മാരിയും കൂടി പോയിട്ടു വരാം.'' മഹേന്ദ്രൻ വിന്ധ്യാവലിയെ നോക്കി.
''ഒരാൾക്കു മാത്രമേ ഇപ്പോൾ പുറത്തു പോകാൻ പറ്റൂ....ഒന്നിൽ കൂടുതൽ ആളുകൾ ഇറങ്ങിയാൽ നിലവറ വാതിൽ അടയും. പിന്നീട് ഒരിക്കലും തുറക്കാൻ പറ്റില്ല.''
''എന്നാൽ ഞാൻ പോകാം സാർ. പോയിട്ട് സാറിന്റെ കൂട്ടുകാരെ കൊണ്ടു വരാം.'' മാരി ധൃതിയിൽ മുൻപോട്ടു വന്നു .
''അതു വേണ്ട മാരീ... നീ ഇവിടെ ഇരിക്ക്.ഞാൻ പോയിട്ട് വേഗം വരാം.'' മഹേന്ദ്രൻ വാതിലിനു നേരേ ചെന്നു.
രണ്ടു സൈഡിലേക്കും മാറി നാഗങ്ങൾ വഴി ഒരുക്കി കൊടുത്തു.
*******
ഈ സമയം കാടിനുള്ളിലെ കുടിലിൽ ഗാഢനിദ്രയിലായിരുന്ന തനുജ പിടഞ്ഞുണർന്നു. ഒരു ഗുഹയ്ക്കുള്ളിൽ ആയിരക്കണക്കിന് നാഗങ്ങളാൽ ചുറ്റപ്പെട്ട് പ്രാണനു വേണ്ടി പിടയുന്നത് സ്വപ്നത്തിൽ കണ്ടാണ് തനുജ ഉണർന്നത്. ശരീരം വിയർപ്പിൽ മുങ്ങിയിരുന്നു.
തൊണ്ട വറ്റിവരണ്ടു.പേടിയോടെ തനുജ ചുറ്റും നോക്കി. എല്ലാവരും കിടന്നുറങ്ങുന്നു. വെള്ളം എടുക്കാനായി എഴുന്നേറ്റ തനുജ ഞെട്ടിവിറച്ചു.അഞ്ചു തലയുള്ള കരിനാഗം ഫണം വിരിച്ച് നിൽക്കുന്നു. പെട്ടെന്ന് തനുജ കഴുത്തിൽ കിടന്ന ഏലസിൽ പിടിച്ചു കൊണ്ട് ഗരുഡപഞ്ചാക്ഷരീ മന്ത്രം ചൊല്ലാൻ തുടങ്ങി. കരിനാഗം പത്തി താഴ്ത്തി. കുടിലിന്റെ വാതിൽ തുറന്ന് ചെമ്പരത്തി അകത്തേയ്ക്ക് വന്നു.
തനുജയെ പിടിച്ചു വലിച്ചുകൊണ്ട് ചെമ്പരത്തി വെളിയിലേയ്ക്ക് ഇറങ്ങി. പിന്നാലെ കരിനാഗവും.
ഇതൊന്നുമറിയാതെ മറ്റുള്ളവർ ഗാഡനിദ്രയിലായിരുന്നു. ഒരു അഭ്യാസിയെപ്പോലെ തനുജയുമായി ചെമ്പരത്തി കാട്ടിനുള്ളിലൂടെ പാഞ്ഞു.
അവർക്ക് വഴികാട്ടിയായി കരിനാഗവും.
''നിങ്ങളിത് എന്താ കാണിക്കുന്നത്? എന്നെ എവിടെ കൊണ്ടു പോകുവാ?'' കിതച്ചു കൊണ്ട് തനുജ ചെമ്പരത്തിയെ നോക്കി.
''ഒക്കെ പറയാം. ഇപ്പോ അതിനുള്ള സമയമില്ല.നിന്റെ ജീവൻ അപകടത്തിലാ. നിന്നെ രക്ഷിക്കുക എന്നതാണ് ഇപ്പോ എന്റെ ലക്ഷ്യം."
പറഞ്ഞു കൊണ്ട് ചെമ്പരത്തി തനൂജയുമായി മുൻപോട്ടു കുതിച്ചു .
*******
പെൺകുട്ടികൾ ഉറങ്ങുന്ന കുടിലിനു മുമ്പിൽ എത്തിയ മഹേന്ദ്രൻ വാതിൽ തുറന്നു കിടക്കുന്നതു കണ്ട് ഒന്നു പകച്ചു.
ധൃതിയിൽ വാതിൽക്കലേയ്ക്ക് വന്ന് വിളിച്ചു.
''തനൂജേ... എടീ... "
അകത്തു നിന്നും ഒരു മറുപടിയും ഉണ്ടായില്ല.
"തനൂജേ....''
വിളിച്ചു കൊണ്ട് മഹേന്ദ്രൻ അകത്തേയ്ക്ക് കയറി.
(തുടരും)